DCBOOKS
Malayalam News Literature Website

മനു എസ്. പിള്ളയുടെ റിബല്‍ സുല്‍ത്താന്‍സിന്റെ പുസ്തകപ്രകാശനം ബംഗളൂരുവില്‍

തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഐതിഹാസിക കഥ പറഞ്ഞ ദന്തസിംഹാസനത്തിന് ശേഷം മനു എസ്. പിള്ള രചിക്കുന്ന പുതിയ കൃതി റിബല്‍ സുല്‍ത്താന്‍സ്: ദി ഡെക്കാണ്‍ ഫ്രം ഖില്‍ജി ടു ശിവജി പുറത്തിറങ്ങുന്നു. ഇന്ത്യയുടെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥയും മലയാളിയുമായ നിരുപമ റാവുവാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ജൂലൈ അഞ്ചിന് ബംഗളൂരുവിലെ ഗ്യാലറി ജിയിലാണ് പ്രകാശന ചടങ്ങ് നടക്കുന്നത്.

സാഹിത്യ അക്കാദമി യുവപുരസ്‌കാര ജേതാവായ മനു എസ്. പിള്ളയുടെ രണ്ടാമത്തെ കൃതിയാണ് റിബല്‍ സുല്‍ത്താന്‍സ്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെ നീണ്ട ദക്ഷിണേന്ത്യയുടെ ചരിത്രമാണ് ഈ കൃതിക്ക് വിഷയമാകുന്നത്. ദക്ഷിണേന്ത്യയുടെ പില്‍ക്കാലചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ച സംഭവങ്ങള്‍, വ്യക്തികള്‍, അടയാളങ്ങള്‍ എന്നിവയാണ് ഏഴ് അധ്യായങ്ങളിലായി വിവരിക്കുന്നത്. ദില്ലി അടക്കിവാണ അലാവുദ്ദീന്‍ ഖില്‍ജി മുതല്‍ മറാത്തയുടെ വീരനായകനായിരുന്ന ശിവജി വരെ കൃതിയില്‍ പ്രത്യക്ഷപ്പെടുന്നു.

2016-ല്‍ പ്രസിദ്ധീകരിച്ച മനു എസ്. പിള്ളയുടെ ആദ്യ കൃതി ഐവറി ത്രോണ്‍-ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ് ട്രാവന്‍കൂര്‍ ഏറെ പ്രശംസകള്‍ നേടിയിരുന്നു. ഏറെ നാളത്തെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം പ്രസിദ്ധീകരിച്ച ഈ കൃതിയുടെ മലയാളം പരിഭാഷയായ ദന്തസിംഹാസനം ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.