എന്‍മകജെ, ബര്‍സ എന്നീ നോവലുകളുടെ ഇംഗ്ലിഷ് പരിഭാഷ പ്രകാശിപ്പിക്കുന്നു

book-releaseമലയാള സര്‍വ്വകലാശാല ആരംഭിച്ച പരിഭാഷാപദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഖതീജ മുംതാസിന്റെ ബര്‍സ, അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ (സ്വര്‍ഗ) എന്നീ കൃതികളുടെ ഇംഗ്ലിഷ് പരിഭാഷ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എം പി വീരേന്ദ്രകുമാര്‍ പ്രകാശിപ്പിക്കുന്നു.

മേയ് 11ന് വൈകിട്ട് 5ന് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന പുസ്തകപ്രകാശനചടങ്ങില്‍ ഖതീജ മുംതാസ്, അംബികാസുതന്‍ മാങ്ങാട് എന്നിവര്‍ക്കൊപ്പം പരിഭാഷകരായ പ്രൊഫ. കെ എം ഷെറീഫ്, ഡോ. ജെ ദേവിക എന്നിവരും പങ്കെടുക്കും. പി കെ പാറക്കടവ്, എം എ റഹ്മാന്‍ എന്നിവര്‍ പുസ്തകങ്ങളുടെ ആദ്യകോപ്പി ഏറ്റുവാങ്ങും.

മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ ജയകുമാര്‍ അദ്ധ്യക്ഷതവഹിക്കും. കണ്‍സള്‍ട്ടന്റ് മിനി കൃഷ്ണന്‍ പരിഭാഷാപദ്ധതി പരിചയപ്പെടുത്തും. പ്രൊഫ. കെ എം ഭരതന്‍ സ്വാഗതവും, ഡോ. ഇ രാധാകൃഷ്ണന്‍ നന്ദിയും പറയും.

ഇസ്ലാമില്‍ ഒരു സ്ത്രീക്ക് സഞ്ചരിക്കാവുന്ന ദൂരത്തിന് അതിരുകളില്ലെന്ന് സ്ഥാപിക്കുകയും, എന്നാല്‍ എത്ര ദൂരം സഞ്ചരിച്ചാലും അവള്‍ ഇസ്ലാമിന്റെ അതിരുകള്‍ക്കുള്ളില്‍ത്തന്നെയായിരിക്കുമെന്നും സ്ഥാപിക്കുന്ന നോവലാണ് ഡോ ഖതീജ മുംതാസിന്റെ ബര്‍സ. എന്നാല്‍ എന്‍ഡോസള്‍ഫാന്റെ വിഷക്കാറ്റില്‍ കരിഞ്ഞുപോയ എന്‍മകജെയിലെ ജനങ്ങളുടെ ദുരിതങ്ങളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വെളിപ്പെടുത്തുന്ന നോവലാണ് അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ. ഇത് സ്വര്‍ഗ എന്ന പേരിലാണ് ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം ചെയ്തത്.

Categories: LATEST EVENTS