സാഹിത്യസംഗമവും പുസ്തകപ്രകാശനവും

book-releasingസമകാലിക മലയാള സാഹിത്യത്തിലെ മുതിര്‍ന്ന കഥാകാരന്മാരും പുതുതലമുറയില്‍പ്പെട്ട എഴുത്തുകാരെയും ഒരുമിപ്പിച്ചുകൊണ്ട് സാഹിത്യസംഗമം സംഘടിപ്പിക്കുന്നു.

ഡി സി ബുക്‌സും കോഴിക്കോട് സാംസ്‌കാരികവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന കൂട്ടായ്മയ ഡിസംബര്‍ 22 ന് വൈകിട്ട് 5ന് കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ നടക്കും. ചടങ്ങില്‍ എം മുകുന്ദന്‍, സക്കറിയ, ടി ഡി രാമകൃഷ്ണന്‍, ഖദീജ മുംതാസ്, സുസ്‌മേഷ് ചന്ദ്രോത്ത്, ജയചന്ദ്രന്‍ എന്നിവരുടെ ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ഉണ്ടാകും.

എ കെ അബ്ദുള്‍ ഹക്കീം അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ എം സി അബ്ദുള്‍ നാസര്‍ കഥാപുസ്തകങ്ങള്‍ സദസ്സിന് പരിചയപ്പെടുത്തും. തുടര്‍ന്ന് എം മുകുന്ദന്റെ ഒട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥസമാഹാരം എഴുത്തുകാരിയും സാംസ്‌കാരികപ്രവര്‍ത്തകയുമായ സാറാജോസഫ് കഥാകൃത്ത് വി ആര്‍ സുധീഷിന് നല്‍കി പ്രകാശിപ്പിക്കും. സക്കറിയയുടെ തേന്‍ എന്ന കഥാസമാഹാരവും യഥാര്‍ത്ഥസംഭവകഥയുടെ അടിസ്ഥാനത്തില്‍ ടി ഡി രാമകൃഷ്ണന്‍ എഴുതിയ സിറാജുനിസ എന്ന പുസ്തകവും മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദനും പ്രകാശിപ്പിക്കും. പ്രശസ്ത സാിത്യകാരന്‍ പി കെ പാറക്കടവ്, കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ ചേര്‍ന്ന് പുസ്തകം സ്വീകരിക്കും.

പുതിയ തലമുറയിലെ എഴുത്തുകാരനായ സുസ്‌മേഷ് ചന്ദ്രോത്തിന്റെ നിത്യസമീല്‍ എന്ന കഥാസമാഹാരം ടി ഡി രാമകൃഷ്ണന്‍ എന്‍ പി ഹാഫിസ് മുഹമ്മദിന് നല്‍കിയും, ഖദീജ മുംതാസിന്റെ നീട്ടിയെഴുത്തുകള്‍ എന്ന നോവല്‍ സാറാജോസഫും പ്രകാശനം ചെയ്യും. ടി ഡി രാമകൃഷ്ണന്‍ പുസ്തകം സ്വീകരിക്കും. എം ഡി രാധിക നോവല്‍ പരിചയപ്പെടുത്തും.തുടര്‍ന്ന് ജയചന്ദ്രന്റെ മെയ്ന്‍കാംഫ് ഒരു നോവല്‍  കെ പി രാമനുണ്ണി മുസഫര്‍ അഹമ്മദിന് നല്‍കി പ്രകാശിപ്പിക്കും. ചടങ്ങില്‍ ഡി സി ബുക്‌സ് സിഇഒ രവി ഡീസീ, കെ വി ശശി എന്നിവര്‍ പങ്കെടുക്കും.