അമ്മ വേഷങ്ങളിലൂടെ സിനിമ പ്രേമികളുടെ ഹൃദയം കവര്‍ന്ന പ്രമുഖ ബോളിവുഡ് നടി റീമ ലാഗൂ അന്തരിച്ചു

reema-lagoo

പ്രമുഖ ബോളിവുഡ് നടി റീമ ലാഗൂ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.15-ന് ആയിരുന്നു അന്ത്യം. 59-കാരിയായ നടി മുംബെയിലെ കോകിലബെന്‍ ധീരൂഭായ് അംബാനി ആശുപത്രിയില്‍ ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ചികിത്സയിലായിരുന്നു.

മേനെ പ്യാര്‍ കിയാ, ആഷിഖി, സാജന്‍, ഹം ആപ്‌കെ ഹെ കോന്‍, കുച്ച് കുച്ച് ഹോത്ത ഹെ, ഹം സാത്ത് സാത്ത് ഹെ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ അമ്മ വേഷങ്ങളിലൂടെ സിനിമ പ്രേമികളുടെ ഹൃദയം കവര്‍ന്ന റീമ, മറാത്തി നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്.

ഗുരീന്ദര്‍ ബാദ്ബാദെ എന്നായിരുന്നു യഥാര്‍ത്ഥ പേര്. പ്രമുഖ മറാത്തി നാടക നടിയായിരുന്ന മന്ദാകിനി ബാദ്ബാദെയുടെ മകളായിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ അഭിനയരംഗത്ത് സജീവമായിരുന്നു. തുടര്‍ന്ന് ഹിന്ദി, മറാത്തി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു.

ഹിന്ദി സിനിമകളില്‍ അമ്മ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് അവര്‍ പ്രേക്ഷക ശ്രദ്ധ നേടാന്‍ തുടങ്ങിയത്. ജൂഹി ചൗള നായികയായ ഖയാമത്ത് സെ ഖയാമത്ത് തക് ആയിരുന്നു ഇത്തരത്തില്‍ ശ്രദ്ധേയമായ ആദ്യ ചിത്രം.

ശ്രീമാന്‍ ശ്രീമതി, തു തു മേന്‍ മേന്‍ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലൂടെയും അവര്‍ പ്രേക്ഷക ഹൃദയം കവര്‍ന്നു. മറാത്തി നടനായ വിവേക് ലാഗൂവിനെ വിവാഹം കഴിച്ചെങ്കിലും പിന്നീട് വേര്‍പ്പിരിഞ്ഞു. ഒരു പുത്രിയുണ്ട്.

Categories: LATEST NEWS