ഓരോ കാലവും ഉപനിഷത്തിനെ വായിക്കുന്നു

November 28, 2011 · Posted in Authors, Books 

 ‘യൂറോപ്പിലെ എല്ലാ തത്ത്വജ്ഞാനത്തെക്കാളും മഹത്തരമാണ് ഉപനിഷദ്ദര്‍ശനം. ആധുനിക ശാസ്ത്രത്തിന്റെ ഏത് ഉപദര്‍ശനങ്ങളോടും ഇണങ്ങിപ്പോകാന്‍ അതിനു സാധിക്കും’. നോബേല്‍ സമ്മാനജേതാവായ ഫ്രഞ്ച് സാഹിത്യകാരന്‍ റൊമെയ്ന്‍ റോളണ്ട് ഭാരതത്തിന്റെ അക്ഷയജ്യോതിസ്സിനെക്കുറിച്ച് പറഞ്ഞ വാക്യങ്ങളാണിത്. ഉപനിഷത്തുക്കള്‍ കേവലം മതഗ്രന്ഥങ്ങളല്ല. അതില്‍ പ്രകൃതിയുടെയും മനുഷ്യന്റെയും നിനല്‍പിനെക്കുറിച്ചുള്ള സംവാദങ്ങളും പ്രകൃതിയുടെ നിയാമകനായ ഈശ്വരനെ താത്ത്വികമായി വിശദീകരിച്ച് ബോധ്യപ്പെടുത്തുന്ന ചര്‍ച്ചകളുമാണ്. ഉപനിഷത്തുക്കളെ എണ്ണത്തെ സംബന്ധിച്ച് വൈവിദ്ധ്യമാര്‍ന്ന അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്തുക്കളായി കരുതുന്നത് പത്തെണ്ണത്തിനെയാണ്. ഭാഷാശൈലികൊണ്ടും ആഖ്യാനരീതികൊണ്ടും ഏറ്റവും പഴക്കം ചെന്നവയും വേദകാലത്തിനോടടുത്തുനില്‍ക്കുന്നവയുമാണ് ‘ദശോപനിഷത്തുക്കള്‍’ എന്നു പ്രസിദ്ധമായിരിക്കുന്ന പ്രാചീന പത്ത് ഉപനിഷത്തുക്കള്‍.

വേദവാങ്മയത്തിന്റെ വിപുലമായ അര്‍ഥവ്യാഖ്യാനം നടത്തിയ വൈദികഋഷികളാണ് ഉപനിഷത്തുക്കളുടെ രചയിതാക്കള്‍.ഋഷിവാടങ്ങളിലെ ഗുരുകുലങ്ങളില്‍ നടന്ന വേദമന്ത്രചര്‍ച്ചകളുടെ സമാഹാരമാണ് ഈ അനശ്വരഗ്രന്ഥങ്ങള്‍. സമസ്ത ജീവിതപ്രശ്‌നങ്ങളും ഉപനിഷത്തുക്കള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ വിവധ ആചാര്യന്‍മാര്‍ ഉപനിഷത്തുക്കള്‍ക്ക് കാലോചിതമായ വ്യാഖ്യാനം നടത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട പേരാണ് ശ്രീ ശങ്കരാചാര്യരുടേത്. ഭാരതത്തിന്റെ സാംസ്‌കാരിക നവോദ്ഥാനം ലക്ഷ്യമിട്ട് ശങ്കരാചാര്യര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായിരുന്നു അദ്ദേഹത്തിന്റെ ദശോപനിഷത് ഭാഷ്യരചന.

ദശോപനിഷത്തുക്കള്‍

ഈശാവാസ്യോപനിഷത്ത്
     കേനോപനിഷത്ത്
    കഠോപനിഷത്ത്
    പ്രശ്‌നോപനിഷത്ത്
    മുണ്ഡകോപനിഷത്ത്
    മാണ്ഡൂക്യോപനിഷത്ത്
    തൈത്തിരിയോപനിഷത്ത്
    ഐതരേയോപനിഷത്ത്
    ഛാന്ദോഗ്യോപനിഷത്ത്
    ബൃഹദാരണ്യോകോപനിഷത്ത്

ഉപനിഷത്തുക്കള്‍ ജീവിതത്തിന്റെ മാനേജ്‌മെന്റ് പുസ്തകങ്ങളാണ്. മനുഷ്യജീവിതത്തിന്റെ എല്ലാതുറകളിലും പെട്ടവര്‍ക്ക് നിത്യജീവിതത്തില്‍ പാലിക്കേണ്ട നിയമങ്ങളെയും മൂല്യങ്ങളെയും ദൃഷ്ടാന്തകഥകളിലൂടെയും മറ്റും അവ പഠിപ്പിച്ചുതരുന്നു. നമ്മുടെ കാലത്തിനു യോജിച്ച ഉത്തമ സെല്‍ഫ് ഹെല്‍പ് ഗ്രന്ഥങ്ങളാണവ. ഒരു ചിന്തകന്റെയോ ദാര്‍ശനികന്റെയോ മാത്രം ചിന്താസമാഹരമല്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഉപനിഷത്തുക്കള്‍ പഠിക്കാതെ ഭാരതീയചിന്തയുടെ തായ്‌വേരായ വേദങ്ങളിലേക്ക് കടക്കാനാവില്ല. കാരണം നമുക്ക് ഇന്നു ലഭിക്കുന്ന ഏറ്റവും പഴയ വേദവ്യാഖ്യാനങ്ങളാണവ.

ശങ്കരഭാഷ്യം ഉള്‍പ്പടെ 13ല്‍ കുറയാതെ വേദാന്ത സമ്പ്രദായ ഭാഷ്യങ്ങള്‍ നിലവിലുണ്ട്. ഇവയില്‍ രാമാനുജന്‍ , ഭാസ്‌കരന്‍ , മധ്വന്‍ , വല്ലഭന്‍ തുടങ്ങിയ ആചാര്യമാരുടേതും ഉള്‍പ്പെടുന്നു. ശങ്കരഭാഷ്യങ്ങള്‍ ഇന്നും പ്രമാണങ്ങളായി നിലനില്‍ക്കുന്നതും പില്‍ക്കാല ഭാഷ്യകാരന്‍മാര്‍ തങ്ങളുടെ വ്യാഖ്യാനത്തിന് ഉപോദ്ബലകമായി ആശ്രയിച്ചിട്ടുള്ളതുമാകുന്നു. മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഉപനിഷദ്ഭാഷ്യങ്ങളെല്ലാംതന്നെ ഇപ്പറഞ്ഞ വേദാന്തസമ്പ്രദായങ്ങള്‍ അനുസരിച്ചാണ് ഉണ്ടായിട്ടുള്ളത്.

പുതിയകാലത്തെ മനുഷ്യജീവിതത്തിനുവേണ്ട ഉപനിഷദ് വായനയാണ് യശ്ശശരീരനായ ആചാര്യ നരേന്ദ്രഭൂഷണ്‍ന്റെ ദശോപനിഷത്ത് ശ്രുതിപ്രിയാ ഭാഷ്യം. സാഹിത്യ – സാഹിത്യേതര വിഭാഗങ്ങളിലെ എക്കാലത്തെയും ഏറ്റവും മഹത്തായ  രചനകളും സമ്പൂര്‍ണ്ണ റഫറന്‍സ് മൂല്യമുള്ള ബൃഹദ്ഗ്രന്ഥങ്ങളും പ്രിപബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ കൈരളിക്കു സമ്മാനിച്ച ഡി സി ബുക്‌സ് ആദ്ധ്യാത്മികതയുടെയും പ്രപഞ്ചവിജ്ഞാനത്തിന്റെയും അനശ്വര രേഖയായ ഉപനിഷത്തുക്കള്‍ പ്രിപബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ വായനക്കാരിലെത്തിക്കുന്നു. ഇന്ത്യയുടെ പൗരാണിക ദര്‍ശനങ്ങളും ചിന്തകളും ലോകമെമ്പാടും പഠിക്കുകയും വിചിന്തനം ചെയ്യുകയും ചെയ്യുന്ന ഈ അവസരത്തില്‍ അവയുടെ ആണിക്കല്ലുകളായ ഉപനിഷത്ദ്ദര്‍ശനങ്ങള്‍ മലയാളിക്ക് മാതൃഭാഷയില്‍ വായിക്കാനും പഠിക്കാനും അറിയാനും ലഭിക്കുന്ന അപൂര്‍വ അവസരമാകും എന്ന കാര്യത്തില്‍ സംശയമില്ല.

Related Posts