പെന്‍ഷന്‍ പ്രായം: ഉണ്ടവന്റെ പായും ഉണ്ണാത്തവന്റെ ഇലയും

March 20, 2012 · Posted in Authors, Books 

ഒടുവില്‍ മാണിസാര്‍ പണിപറ്റിച്ചു..പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന്റെ ഗുണദോഷവശങ്ങള്‍ പലതും നമ്മള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. ഉണ്ടവന്റെ പായാണോ ഉണ്ണാത്തവന്റെ ഇലയാണോ അത്യാവശ്യം എന്ന ചോദ്യത്തിന് ഇലതന്നെയെന്നാണ് ഉത്തരം . കേരളത്തിലെ ജനങ്ങള്‍ ഈ വാര്‍ത്ത എത്രമാത്രം ഗൗരവത്തോടെ ഉള്‍ക്കൊണ്ടു എന്നകാര്യം ഇപ്പോഴും സംശയമാണ്.ജോലിയില്‍ കയറുന്നതുവരെ പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെ എതിര്‍ക്കുകയും ജോലിയില്‍ കയറിക്കഴിഞ്ഞാല്‍ കൂട്ടുന്നതിനെ അനുകൂലിക്കുകയും ചെയ്യുന്നതിന് വലിയ രാഷ്ട്രീയബോധമൊന്നും വേണ്ട. സ്വാര്‍ത്ഥമായ ചില താല്‍പര്യങ്ങള്‍ മാത്രം മതി. ഇത്രവേഗം മാറിപ്പോകുന്നതാണോ നമ്മുടെ ലോകവീക്ഷണം?

.
.

സുതാര്യഭരണം എന്നു കൊട്ടിഘോഷിക്കുന്ന യു.ഡി.എഫ്. സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നടപടി അതീവരഹസ്യമാക്കിവച്ചു. 2011 ആഗസ്റ്റ് 16-ാം തീയതി പുറത്തിറക്കിയ സര്‍ക്കുലര്‍ അതീവരഹസ്യസ്വഭാവമുള്ളതായിരുന്നു. ഒന്നും മറച്ചുവെക്കാനില്ലാത്ത ഒരു സര്‍ക്കാര്‍ എന്തുകൊണ്ട് ഇത് മറച്ചുവെച്ചു? യു.ഡി.എഫിന്റെ മാനിഫെസ്റ്റോവിലോ നൂറിനപരിപാടിയിലോ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല. ഒരു രാഷ്ട്രീയനയമായി അവര്‍ ഈ കാര്യം മുന്‍കൂട്ടി പറഞ്ഞിട്ടേയില്ല. മാത്രവുമല്ല, റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയിരിക്കുകയുമാണ്. കാലാവധി നീട്ടുന്നതല്ല, കാലതാമസമില്ലാതെ നിയമനം നടത്തുന്നതിലാണ് ശുഷ്‌കാന്തി കാണിക്കേണ്ടത്. വകുപ്പുതലവന്മാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നില്ല. ഉദ്യോഗാര്‍ത്ഥികള്‍ അവരെ കണ്ട് പ്രസാദിപ്പിച്ചാല്‍ മാത്രമേ ചിലപ്പോഴെങ്കിലും അവര്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ തയ്യാറാവുന്നുള്ളൂ. റാങ്കുലിസ്റ്റിന്റെ കാലാവധി നീട്ടിയതുവഴി ഈ വര്‍ഷം കാര്യമായി നിയമനമൊന്നും നടക്കാനിടയില്ല. 2012-ല്‍ 43,000 ജീവനക്കാര്‍ പിരിഞ്ഞുപോവും. ഇത്തരമൊരവസ്ഥയില്‍ , പുതിയ നിയമനങ്ങള്‍ നടപ്പാകാതിരിക്കുകയും പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുകകൂടി ചെയ്യുമ്പോള്‍ യുവജനങ്ങള്‍ സമരമാര്‍ഗ്ഗത്തിലേക്കു തിരിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ

ധനകാര്യമന്ത്രിയുടെ യോഗത്തില്‍ സര്‍വീസ് സംഘടനകള്‍ കൈക്കൊണ്ട രീതി വിചിത്രമാണ്. കല്യാണത്തിന് മനസ്സമ്മതം ചോദിക്കുന്നതുപോലുള്ള ശൈലിയാണ് ധനമന്ത്രി അവലംബിച്ചത്. പെന്‍ഷന്‍പ്രായം കൂട്ടാന്‍ സമ്മതമാണോ, എല്ലാവര്‍ക്കും സമ്മതം. ആര്‍ജ്ജവമുള്ള സര്‍വ്വീസ് സംഘടനകളുടെ വക്താക്കള്‍ അങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്. ഉദ്യോഗസ്ഥവിഭാഗത്തിന്റെ കേവലമായ സാമ്പത്തികതാല്‍പര്യങ്ങളും സ്വാര്‍ത്ഥതാല്‍പര്യങ്ങളും മാത്രം പരിഗണിക്കുകയല്ല സര്‍വ്വീസ് സംഘടനകളുടെ പണി. കുറച്ചുകൂടി വിശാലമായ സാമൂഹികകാഴ്ചപ്പാട് അവര്‍ ഓരോ തീരുമാനമെടുക്കുമ്പോഴും കാണിക്കാന്‍ തയ്യാറാവേണ്ടതല്ലേ?

കേരളത്തില്‍മാത്രം, കേന്ദ്രസര്‍ക്കാര്‍ തസ്തികയില്‍ കാല്‍ലക്ഷത്തോളം വെട്ടിച്ചുരുക്കിക്കഴിഞ്ഞു. ഇത്തരത്തില്‍ അവസരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍, ഉള്ള സാധ്യകള്‍പോലും പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതോടെ ഇല്ലാതാകും. യുവജനങ്ങളെ അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടുന്ന ഒരു സ്ഥിതി ഉണ്ടായിത്തീരുകയും ചെയ്യും. ഐ.ടി. മേഖലയില്‍ വമ്പന്‍ സാധ്യതകളുള്ള അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ അവരുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കി പരിമിതപ്പെടുത്തുന്നതോടെ ഇന്ത്യയിലേക്ക് തൊഴിലില്ലാത്തവരുടെ ഒരു തിരിച്ചുവരവുണ്ടാവുകയും ചെയ്യും.

സര്‍ക്കാര്‍ സര്‍വീസിലുള്ള ബാബുജിമാര്‍ക്കും വെള്ളാനകള്‍ക്കും തടിച്ചുകൊഴുക്കാനും ഖജനാവ് കൈയിട്ടുവാരാനും  ഒരു വര്‍ഷംകൂടി പതിച്ചുനല്കുന്നതിനെ ശുദ്ധ അസംബന്ധമെന്ന് യുവജനസംഘടനകള്‍ വിശേഷിപ്പിക്കുന്നു. പ്രായമായവരുടെ അനുഭവവും പരിചയവും ഭരണത്തിലും അധ്യാപനത്തിലും ഉപയോഗിക്കാമെന്നത് കപടനാട്യം മാത്രമാണെന്നാണ് അവരുടെ പക്ഷം. യഥാര്‍ത്ഥത്തില്‍ 55-ല്‍ റിട്ടയര്‍ ചെയ്യുന്നതിനുമുമ്പുതന്നെ അതിനുള്ള മാനസികമായ തയ്യാറെടുപ്പിലായിരിക്കും മിക്കവരും. രണ്ടു മൂന്നു വര്‍ഷം തുടരുന്ന ഈ തയ്യാറെടുപ്പു സമയം ഒട്ടും സൃഷ്ടിപരവുമല്ല. എങ്ങനെയെങ്കിലും ചെയ്യാനുള്ള പണിചെയ്ത് ചിലതൊക്കെ ചെയ്‌തെന്നു വരുത്തി എടുക്കാവുന്നത്ര അവധികളെടുത്ത് കാലക്ഷേപം ചെയ്യുന്നവരാണ് റിട്ടയര്‍മെന്റിനടുത്തെത്തിയ പലരും. മൂത്തുമുതുക്കനായ ഒരു ജീവനക്കാരനു കൊടുക്കുന്ന ശമ്പളംകൊണ്ട് ഏഴ് പുതിയ ചെറുപ്പക്കാര്‍ക്ക് ജോലി കൊടുക്കാന്‍ കഴിയുമല്ലോ എന്നു ചിന്തിക്കുന്നവരുമുണ്ട്.

നമ്മുടെ സര്‍വീസ് സംഘടനകളും അധ്യാപകരും ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യമിതാണ്: എന്തുകൊണ്ടാണ് 55-നുശേഷം ഒരു വര്‍ഷംപോലും നമ്മുടെ ജീവനക്കാരും അധ്യാപകരും ആ സീറ്റിലിരിക്കരുതെന്ന് വിദ്യാര്‍ത്ഥികളും യുവജനങ്ങളും ജീവനക്കാരല്ലാത്ത സാധാരണക്കാരും ആഗ്രഹിച്ചുപോകുന്നത്? പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതുകൊണ്ട് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ സാമ്പത്തികനേട്ടം ഉണ്ടാകുന്നു എന്നതിലെ അസ്വാസ്ഥ്യം മാത്രമല്ല അത്. 55-നുശേഷം ‘താങ്കളുടെ സേവനം’ ആവശ്യമില്ല എന്ന പ്രഖ്യാപനംകൂടി അതിലില്ലേ? തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ അവസരം നഷ്ടപ്പെടുന്നു എന്നു മാത്രമായിരിക്കുമോ ഈ പ്രതിഷേധങ്ങളുടെ കാരണം. സര്‍ക്കാര്‍ സംവിധാനങ്ങളും അതുണ്ടാക്കുന്ന കഷ്ടപ്പാടുകളും നിശ്ശബ്ദം സഹിച്ചു പോരുന്നവരുടെ പ്രതിഷേധംകൂടി അതിലില്ലേ? കൈക്കൂലിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കാലതാമസവും വെറുത്ത ഒരു ജനതയുടെ നിശ്ശബ്ദവും എന്നാല്‍ ശക്തവുമായ പ്രതികരണമല്ലേ ഇത്.
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമല്ലാത്ത, തൊഴില്‍രഹിതരും കൂലിപ്പണിക്കാരും സ്വകാര്യ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവരുമായ മഹാഭൂരിപക്ഷം ജനങ്ങളുടെ ജോലിസാധ്യതയോ ജോലി സ്ഥിരതയോ വേതനവ്യവസ്ഥകളോ തൊഴില്‍ സാഹചര്യങ്ങളോ പെന്‍ഷന്‍ പ്രായമോ പെന്‍ഷന്‍ ആനുകൂല്യങ്ങളോ ഒക്കെ ഒരു ചര്‍ച്ചാവിഷയം പോലുമാകാതെ പോകുന്ന ഒരു സമൂഹമാണിത്. പല കാര്യങ്ങള്‍കൊണ്ട് സ്ഥിരതയോ സുരക്ഷയോ ഇല്ലാത്ത ഈ മനുഷ്യരുടെ കാര്യം ആരു പരിഗണിക്കും?

ആജീവനാന്ത സുരക്ഷയാണ് സര്‍ക്കാര്‍ ജീവനക്കാരന്റെ യോഗം. മനുഷ്യര്‍ക്ക് സുരക്ഷിതത്വം കൂടുമ്പോള്‍ അവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ വ്യതിയാനങ്ങള്‍ വരും. സര്‍ക്കാര്‍ നല്കുന്ന സുരക്ഷിതത്വത്തിനു പുറമേ സര്‍വീസ് സംഘടനകള്‍ നല്കുന്ന സുരക്ഷിതത്വം കൂടിയാകുമ്പോള്‍ വന്ന വഴിയും നില്ക്കുന്ന മണ്ണും ജനസേവകരെന്ന ബോധവും സ്വാഭാവികമായി വലിയൊരളവോളംജീവനക്കാര്‍ക്കും നഷ്ടപ്പെടുന്നു. ജീവനക്കാര്‍ക്കുള്ള അതിരുകളില്ലാത്ത സുരക്ഷിതത്വം അതു ലഭിക്കാത്ത മനുഷ്യരുടെ വെറുപ്പിനു കാരണമാകുന്നില്ലേ? ദീര്‍ഘകാല അവധിയെടുക്കാന്‍ ജീവനക്കാര്‍ക്ക് സര്‍ക്കാരനുവദിക്കുന്ന സൗകര്യങ്ങള്‍പോലും അതിരുകടന്നതാണെന്ന് പറയുന്നവരുണ്ട്. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞ് സൗകര്യപൂര്‍വ്വം അവധിയെടുത്ത് കൂടുതല്‍ സാമ്പത്തികനേട്ടമുണ്ടാക്കാന്‍ സ്വകാര്യമേഖലയിലോ വിദേശകമ്പനികളിലോ സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലോ ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. ഭാഗ്യാന്വേഷണങ്ങളും ധനസമ്പാദനവും കഴിഞ്ഞ് തിരികെ വന്നാലും പഴയ ജോലിയോ ആനുകൂല്യങ്ങളോ വീണ്ടെടുക്കാം. സ്വകാര്യമേഖലയില്‍ ഇതൊക്കെ സ്വപ്‌നം കാണാനാകുമോ? ആശങ്കകളും അനിശ്ചിതത്വങ്ങളും മാത്രം കൈമുതലായ മഹാഭൂരിപക്ഷത്തിന്റെ അപ്രീതികള്‍ക്ക് ഇനിയുമേറെ കാരണം നിരത്തേണ്ടതില്ല.

പെന്‍ഷന്‍പ്രായം ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്നതിനെപ്പറ്റിയല്ല മറിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെപ്പറ്റിയാണ്, അതിന്റെ സാധ്യതകളെപ്പറ്റിയാണ് നാമാലോചിക്കേണ്ടത്. നിലവിലുള്ള ഒഴിവുകള്‍ കണ്ടെത്തി താമസംവിനാ അവ നികത്തി യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്കി തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ആദ്യം വേണ്ടത്.

Related Posts