എം ഗോവിന്ദന്റെ ചിന്തകള്‍ വീണ്ടും സജീവമാകുന്നു..

March 19, 2011 · Posted in Books 

ആധുനികസാഹിത്യത്തെയും പ്രത്യയശാസ്ത്രങ്ങളെയും ആര്‍ജവത്തോടെ നിരീക്ഷിക്കുകയും ധിഷണാപരമായി അവയോടു പ്രതികരിക്കുകയും ചെയ്ത ചിന്തകനായിരുന്നു എം.ഗോവിന്ദന്‍. എഴുത്തിന്റെ ലക്ഷ്യങ്ങളെ എന്നും പ്രശ്‌നവല്‍ക്കരിച്ചിട്ടുള്ള സ്വതന്ത്ര്യപ്രഖ്യാപനങ്ങളായിരുന്നു ആ ചിന്തകള്‍. പൂജാവിഗ്രഹങ്ങളും പൂജാരിമാരും ഭക്തന്‍മാരും ചേര്‍ന്ന ലോകം സ്വര്‍ഗത്തിലേക്കുള്ള പാതയൊരുക്കുമെന്ന്് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളെ ഗോവിന്ദന്‍ സംശയിക്കുകയും മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍കൊണ്ട് നേരിടുകയും ചെയ്തു. ‘ആരുടെ ചേരിയില്‍’ എന്ന് ചോദിച്ചു വിരട്ടുന്നവരോട അദ്ദേഹം മനുഷ്യന്റെ ചേരിയില്‍ എന്ന് പ്രതിവദിച്ചു.

 ഗോവിന്ദന്റെ പവിത്രസംഘം എന്ന് ആരാധകരെക്കൊണ്ടും ‘ഗോവിന്ദന്റെ പ്രതിലോമപാഠശാല’  എന്ന് ‘വിപഌവപക്ഷ’ ബദ്ധരായ ബുദ്ധിജീവികളെക്കൊണ്ടും പറയിപ്പിച്ച എഴുത്തുകാരും കലാകാരന്‍മാരും അടങ്ങിയ കൂട്ടം ‌ഗോവിന്ദനു ചുറ്റുമു്ണ്ടായിരുന്നു.ആധുനിക കവികളില്‍ ശ്രദ്ധേയരായ പലരും പവിത്രസംഘത്തിലൂടെ പിച്ചവച്ചു വളര്‍ന്നവരായിരുന്നു. തനിച്ച് തന്റെ കാലടിവച്ചുനടന്ന ഗോവിന്ദന്‍ ഏകാന്തദന്തഗോപുരത്തില്‍ വാഴുകയായിരുന്നില്ല്. ജനങ്ങളുമായി ബന്ധപ്പെടാത്ത കലാകാരന്‍ അപൂര്‍ണ്ണനാണ് എന്ന് വിശ്വസിച്ച ഗോവിന്ദന്‍ എക്കാലവും മനുഷ്യരുടെ കൂടെയായിരുന്നു.

 മനുഷ്യന്‍ ഇന്നോളം സൃഷ്ടിച്ചതൊക്കെയും സ്വാതന്ത്ര്യത്തിന്റെ സ്മാരകങ്ങളായി നമ്മുടെ മുന്നിലുണ്ട്. സ്ഥാപനങ്ങളായിത്തീര്‍ന്ന അവയെ പുണര്‍ന്നുകഴിഞ്ഞുകൂടുന്ന്തിലല്ല, അവ സൃഷ്ടിച്ച മനുഷ്യന്റെ സര്‍ഗാത്മകതയെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നതിലാണ് സ്വാതന്ത്ര്യത്തിന്റെ അഥവാ മാനുഷികതയുടെ മുദ്രയുള്ളത്. എം ഗോവിന്ദന്‍ സാക്ഷാത്കരിച്ചത് ഇതുതന്നെയാണ്. തന്റെ കലയെ മണ്ണുമായും മനുഷ്യനുമായും ബന്ധിപ്പിച്ച കലാകാരന്‍കൂടിയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലം മലയാളികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എം ഗോവിന്ദന്റെ മൗലികചിന്തകളെ ക്രോഡീകരിച്ച് ‘പുതിയമനുഷ്യന്‍ പുതിയലോകം’ എന്ന ഉപന്യാസസമാഹാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഊര്‍ജസ്വലമായ മാനവികശാഠ്യം ഈ രചനകളിലെല്ലാം തെളിയുന്നുണ്ട്. മലയാളസാഹിത്യമണ്ഡലത്തിനു മുതല്‍ക്കൂട്ടായ ഈ പുസ്തകം എഡിറ്റു ചെയ്തിരിക്കുന്നത് സി.എല്‍ ജോര്‍ജാണ്.

പുസ്തക പ്രകാശനം.

 എം. ഗോവിന്ദന്‍ എന്ന വ്യക്തിയേയും ഊര്‍ജസ്വലമായ ഒരു കാലത്തെയും പ്രകാശിപ്പിക്കുന്ന എം ഗോവിന്ദന്റെ ഉപന്യാസ സമാഹാരം ‘പുതിയമനുഷ്യന്‍ പുതിയലോകം’ ശ്രീ സി. രാധാകൃഷ്ണന്‍ ശ്രീ കെ.സി. നാരായണനു നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു. 2011 മാര്‍ച്ച് 26 ശനിയാഴ്ച വൈകിട്ട് 5.30ന് കേരള സാഹിത്യ അക്കാദമി വൈലോപ്പള്ളി ഹാളില്‍ നടക്കുന്ന ഈ ചടങ്ങില്‍ സാഹിത്യ സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. പുതിയ മനുഷ്യന്‍ പുതിയലോകം പ്രകാശനചടങ്ങിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും താങ്കളേയും സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

Related Posts