പോക്കറ്റടിക്കുന്ന മാധ്യമധര്‍മ്മം

November 19, 2011 · Posted in Books, Pachakkuthira 

സാംസ്‌കാരിക കേരളം എന്നു നമ്മള്‍ അഭിനമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ അടുത്ത കുറച്ചു നാളുകളായി ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെക്കാളും സാംസ്‌കാരികമായി അധഃപതിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയാണ് മലയാളികള്‍ എന്ന് ഓരോ സംഭവങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു. ഗോവിന്ദച്ചാമിമാര്‍ നമ്മുടെ പെണ്‍കുട്ടികളെ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാം. സ്വന്തം സഹോദരിയുമായി യാത്ര ചെയ്താല്‍ സദാചാരപ്പോലീസ് ചമയുന്ന മാന്യമാരായ ഗോവിന്ദച്ചാമിമാര്‍ നമ്മെ ആക്രമിക്കാം. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാട്ടുകൂട്ടങ്ങള്‍ വിധിനടപ്പാക്കുന്ന വാര്‍ത്തകള്‍ നാം വായിക്കുമ്പോള്‍ അത്ഭുതപ്പെട്ടു നിന്നിരുന്നുവെങ്കില്‍ ഇന്ന് ഇത് നമ്മുടെ തൊട്ടടുത്ത് നടക്കുന്നു. സൗമ്യയുടെ കേസിനെ മലയാളികള്‍ നെഞ്ചിലേറ്റി നീതിപീഠത്തിലെത്തിച്ചുവെങ്കില്‍ അതേപോലെതന്നെ ചെയ്യാത്ത തെറ്റിന്  ക്രൂരമായ പീഡനം ഏറ്റുവാങ്ങി മരണത്തിന് കീഴടങ്ങിയ രഘു എന്ന പാവപ്പെട്ട ചെറുപ്പക്കാരന്റെ നിലവിളി നമ്മുടെ കാതുകളിലെത്താന്‍ വൈകി.നമ്മുടെ മുഖ്യധാരാ പത്രങ്ങള്‍പ്പോലും സത്യം മനസ്സിലാക്കാതെ കേട്ടുകേള്‍വിവച്ച് ഒരുവനെ പോക്കറ്റടിക്കാരനും സ്ത്രീപീഡകനുമാക്കുന്നു.

പത്രപ്രവര്‍ത്തനം ജീര്‍ണ്ണിക്കുന്നതിന്റെ ലക്ഷണങ്ങളാണു പലപ്പോഴും. സാമൂഹിക പ്രതിബദ്ധതയെപ്പറ്റി ചിന്തിക്കുകപോലുംചെയ്യാതെ വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുമ്പോള്‍ പത്രമാധ്യമങ്ങള്‍ കുറ്റവാളികളുടെ ശബ്ദംപേറുന്നു എന്നര്‍ത്ഥം. ഈയൊരവസ്ഥയുടെ ഏറ്റവും നികൃഷ്ടവും നിന്ദ്യവുമായ ശൈലിയാണ് 2011 ഒക്‌ടോബര്‍ പതിനൊന്നാം തീയതിയിലെ പത്രങ്ങളില്‍കാണപ്പെട്ട ‘പോക്കറ്റടിക്കാരനെ യാത്രക്കാര്‍ അടിച്ചുകൊന്നു’ എന്ന വിധിയെഴുത്തുമായി പലതരത്തില്‍ ‘ആഘോഷിക്കപ്പെട്ട’ വാര്‍ത്ത. തൃശൂര്‍-ചടയമംഗലം കെ.എസ്.ആര്‍.ടി.സി. ബസ്സിലെ യാത്രക്കാരനായ രഘുവിനെ ബസ്സിനകത്തുനിന്നു തുടങ്ങി പിന്നീട് പെരുമ്പാവൂര്‍ ബസ്സ്റ്റാന്റില്‍വച്ച് മൂന്നുപേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. രഘുവിനെ പരസ്യമായി തല്ലിക്കൊന്നവര്‍ രഘു പോക്കറ്റടിക്കാരനാണെന്ന് കണ്ടുനിന്നവരോടും പോലീസിനോടും മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞു. ഈ കൊടുംകുറ്റവാളികള്‍ പറഞ്ഞതത്രയും ഇവരെല്ലാവരും വിശ്വസിച്ചു. ഒട്ടേറെ ദൃക്‌സാക്ഷികള്‍ ഉണ്ടായിരിക്കാവുന്ന ഈ കൊലപാതകത്തെ, മലയാളത്തിലെ അച്ചടിമാധ്യമങ്ങള്‍ ”ഒരു പോക്കറ്റടിക്കാരനെ മിടുക്കന്മാരായ മൂന്നുപേര്‍ചേര്‍ന്ന് പൊതുസമൂഹം കാണ്‍കേ തല്ലിക്കൊന്ന് മാതൃകകാട്ടി”എന്നര്‍ത്ഥം വരുന്ന സദ്‌വാര്‍ത്തയാക്കി പിറ്റേദിവസം ലക്ഷക്കണക്കിനു വായനക്കാര്‍ക്ക് നല്കി! (അത്ഭുതമെന്നു പറയട്ടെ, ടെലിവിഷന്‍ ചാനലുകള്‍ ഈ വാര്‍ത്ത ശരിയായ രീതിയില്‍ത്തന്നെ അവതരിപ്പിച്ചു.)

ഒക്‌ടോബര്‍ 11-ാം തീയതി പ്രമുഖ പത്രങ്ങളുടെയെല്ലാം വാര്‍ത്തകളില്‍ ഈ പറഞ്ഞ കൊലപാതകത്തെ സംബന്ധിച്ച തലവാചകം ഒരേ ശൈലിയിലായിരുന്നു. ഒരു ജനതയില്‍ നിലപാട് രൂപപ്പെടുത്തുന്ന പത്രഭീമന്മാരുടെ തെറ്റായ സന്ദേശങ്ങള്‍ എവിടൊക്കെ എത്തിച്ചേര്‍ന്നിരിക്കാം? ഒരു തിരുത്തല്‍ വാര്‍ത്തയിലോ, ഒരു ഖേദപ്രകടനത്തിലോ ഇതിനു ശാശ്വതമായ പരിഹാരം സാധിക്കുമെന്നു കരുതാനാവുമോ? നിരപരാധിയായ ഒരു മനുഷ്യന്‍ ലക്ഷക്കണക്കിനു മലയാളികളുടെ മനസ്സിലേക്കു പോക്കറ്റടിക്കാരനായി സ്ഥാനംപിടിക്കുവാനിടയാവുക എന്നതു ശിക്ഷാര്‍ഹമായ ഒരു ക്രിമിനല്‍ കുറ്റമല്ലേ? ജനകീയബോധവത്കരണത്തിന്റെ മുഖ്യധാരയായ പത്രങ്ങള്‍ ഇങ്ങനെ പെരുമാറാമോ? ഈ സംഭവത്തില്‍ ആരാണ് യഥാര്‍ത്ഥ കുറ്റവാളി? മനുഷ്യത്വമില്ലാതെയായതു മലയാളി പൊതുസമൂഹത്തിനോ അതോ അവരുടെ ബോധമണ്ഡലത്തെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിനോ?

ഇത്തരം സന്ദര്‍ഭങ്ങളില്‍ , തങ്ങള്‍ ചെയ്തിരിക്കുന്ന കൊടും മനുഷ്യത്വരാഹിത്യം ഒരിക്കലും ഈ പത്രങ്ങള്‍ ചര്‍ച്ചചെയ്യില്ല. മറിച്ച് പറഞ്ഞുപോയതിന്റെ കൊടുംവിഷപ്പാടു മറക്കാന്‍ കണ്ണീരില്‍ മുക്കിയ തുടര്‍വാര്‍ത്തകളും വാര്‍ത്തയിലെ സംഭവത്തിന് ഉത്തരവാദികളെന്നു മലയാളിസമൂഹത്തെ ആകമാനം ചൂണ്ടിക്കാട്ടി പറയുന്ന വരികളും ആയിരിക്കും പുറത്തുവരിക. അപ്രകാരംതന്നെയാണ് വന്നിരിക്കുന്നതും. ഇതു സമൂഹത്തെ മൊത്തത്തില്‍ ഗുണ്ടായിസത്തിലേക്ക് തള്ളിവിടുന്ന സെന്‍സേഷണലിസത്തിന്റെ നെഗറ്റീവ് വശമാണ്. കുറ്റം പൊതുസമൂഹത്തിന്റേതു മാത്രമല്ല. മറിച്ച്, നികൃഷ്ടമായ ഒരു കൊലപാതകത്തിന് ‘വിശിഷ്ടമായ’ ഒരു കാരണം നല്കി പരസ്യപ്പെടുത്തിയ വാര്‍ത്താറിപ്പോര്‍ട്ടിങ്ങിന്റേതാണ്. അതു നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.ഇത്തരം സാഹചര്യത്തില്‍ തികച്ചും ജനകീയവും ഇരയാക്കപ്പെടുന്നവരുടെ ശബ്ദമുള്‍ക്കൊള്ളുന്നതുമായ ഒരു ബദല്‍സ്വരം അനിവാര്യമാണ്. ഇതു പലപ്പോഴും നിരാശാജനകമാംവിധം തിരസ്‌കരിക്കപ്പെട്ടേക്കാമെങ്കിലും പ്രതികരണം അനിവാര്യമാണ്. ആവര്‍ത്തിക്കപ്പെടുന്ന അടിസ്ഥാനമില്ലാത്ത വാര്‍ത്തകളുടെ ആവര്‍ത്തനം മൂലം, വായനക്കാരുടെ മനോനില മാധ്യമങ്ങളെ അവിശ്വസിക്കുകയും നിരാകരിക്കുകയും വെറുക്കുകയും ചെയ്യുന്നവിധത്തില്‍ വളര്‍ന്നേക്കാമെന്നാണു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലേതുള്‍പ്പെടെയുള്ള ചില സംവാദങ്ങളില്‍നിന്നു വ്യക്തമാകുന്നത്.

കൊലപാതകത്തിന്റെ
ദുര്‍വ്യാഖ്യാനം

2011 ഒക്‌ടോബര്‍ പതിനൊന്നാം തീയതി പുറത്തിറങ്ങിയ പ്രമുഖ പത്രങ്ങളിലെ വാര്‍ത്തകള്‍ രഘു എന്ന യുവാവിന്റെ കൊലപാതകത്തേക്കാള്‍ പോക്കറ്റടി എന്ന ആരോപണത്തിനു പ്രാമുഖ്യം നല്കുന്നതായിരുന്നു. ‘മാതൃഭൂമി’ ദിനപത്രം ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്നു. ദിനപത്രത്തിന്റെ ഒന്നാംപേജില്‍ ഏറ്റവും താഴെയായി ആറു കോളം വലിയ തലക്കെട്ടുള്ള വാര്‍ത്ത ഇങ്ങനെയായിരുന്നു.

”ബസ്സില്‍ പോക്കറ്റടിച്ചയാളെ യാത്രക്കാര്‍ മര്‍ദിച്ചുകൊന്നു.”

പെരുമ്പാവൂര്‍ : ”കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ പോക്കറ്റടിച്ചയാള്‍ സഹയാത്രികരുടെ മര്‍ദ്ദനമേറ്റു മരിച്ചു. പാലക്കാട് പെരുവമ്പ് തങ്കയംവീട്ടില്‍ രഘു (40) ആണ് മരിച്ചത്. പെരുമ്പാവൂര്‍ കാരാട്ടുപള്ളിക്കരയിലെ പ്ലാസ്റ്റിക് മോള്‍ഡിങ് കമ്പനിയിലെ തൊഴിലാളിയാണ്. സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി സന്തോഷിനെയും തിരുവനന്തപുരം സ്വദേശി സതീഷിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച വൈകിട്ട് 7.30-ന് തൃശ്ശൂരില്‍നിന്നു ചടയമംഗലത്തേക്കുപോയ ബസ്സിലാണ് മൂവാറ്റുപുഴ സ്വദേശി സന്തോഷിന്റെ പതിനായിരംരൂപ പോക്കറ്റടിച്ചത്. സംശയം തോന്നി ഇയാളെ പിടികൂടി പരിശോധിച്ചപ്പോള്‍ പണം തിരികെ ലഭിച്ചു. ബസ്സില്‍വച്ചും തുടര്‍ന്ന് പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ഇറക്കിയശേഷവും ഇയാള്‍ക്കു മര്‍ദനമേറ്റതായി പോലീസ് പറഞ്ഞു. പോലീസെത്തി പെരുമ്പാവൂര്‍ താലൂക്ക് ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും ആള്‍ മരിച്ചു…” ഇങ്ങനെ പോകുന്നു വാര്‍ത്ത. (കോഴിക്കോട് എഡിഷന്‍)

എത്ര വ്യക്തമായിട്ടാണ് റിപ്പോര്‍ട്ടറും പത്രവും നേരിട്ടു കണ്ടതുപോലെ രേഖപ്പെടുത്തിയിരിക്കുന്നത്? കൊല്ലപ്പെട്ടയാളുടെ സമ്പൂര്‍ണകുടുംബവിവരങ്ങളും ജോലിസ്ഥലത്തെ വിലാസവുംവരെ ചേര്‍ത്തിട്ടുണ്ട്. ഒപ്പം ഇയാളുടെ മുഖം മാത്രം കാണിക്കുന്ന ഒരു ചിത്രവും. ‘പോക്കറ്റടിച്ചു’ എന്ന കാര്യത്തില്‍ യാതൊരു സംശയത്തിനുമിട നല്കുന്നില്ല പത്രം. ഹീനമായ ഒരു പോക്കറ്റടിശ്രമത്തെ ചെറുത്തതിനാണോ, അങ്ങനെ സ്വന്തം പോക്കറ്റില്‍ കിടന്ന പണം നഷ്ടപ്പെടാതിരിക്കുവാന്‍ പരിശ്രമിച്ചതിനാണോ ഇയാളെ തല്ലിക്കൊന്നതെന്ന് ഇന്നും വ്യക്തമല്ലെന്നോര്‍ക്കുക. ഈയൊരു സാധ്യതയെ പൂര്‍ണ്ണമായും മറച്ചുവച്ചുകൊണ്ടാണു വാര്‍ത്തയുടെ ആകെ രൂപം.

‘മലയാള മനോരമ’ ചെയ്തതും മറ്റൊന്നല്ല. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിനു തലക്കെട്ടില്‍ സംഭവിച്ചത്ര പിഴവ് പക്ഷേ, വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ പറ്റിയില്ല. എങ്കിലും ഒരു പോക്കറ്റടിക്കാരനെ തല്ലിക്കൊല്ലാം എന്നൊരു സന്ദേശം ഈ റിപ്പോര്‍ട്ടിങ്ങിലും മുഴങ്ങുന്നുണ്ട്. വാര്‍ത്ത ഇങ്ങനെ:
”പോക്കറ്റടിച്ചയാളെ ബസ്സില്‍ യാത്രക്കാര്‍ മര്‍ദിച്ചുകൊന്നു.പെരുമ്പാവൂര്‍: ബസ്സില്‍ പോക്കറ്റടിച്ചെന്നാരോപിച്ചു യാത്രക്കാര്‍ മര്‍ദിച്ചയാള്‍ മരിച്ചു. പെരുമ്പാവൂര്‍ കാരാട്ടുപള്ളിക്കരയില്‍ പ്ലാസ്റ്റിക് മോള്‍ഡിങ് കമ്പനിയില്‍ ജോലിയെടുക്കുന്ന പാലക്കാട് പെരുവമ്പ് തങ്കയം വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ രഘു (37) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു യാത്രക്കാരനായ
സന്തോഷ്, പോലീസ് കോണ്‍സ്റ്റബിള്‍ സതീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സതീഷ് താന്‍ കെ. സുധാകരന്‍ എം.പി.യുടെ ഗണ്‍മാന്‍ആണെന്നാണു പോലീസിനോട് പറഞ്ഞിരിക്കുന്നത്…” എന്നിങ്ങനെ പോകുന്നു റിപ്പോര്‍ട്ട്.

മാധ്യമങ്ങളുടെ
ക്രിമിനല്‍വത്കരണം

പൊതുപ്രതികരണങ്ങള്‍ രൂപപ്പെട്ടുവരുന്ന ഘട്ടത്തില്‍ വാര്‍ത്തകള്‍ മുന്‍വിധിയോടെ പ്രത്യക്ഷപ്പെടുന്നതിന്റെ ദൂഷ്യവശങ്ങള്‍ ഭയാനകമാണ്. കൊലചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബം ഒരിക്കലും ഈ ആദ്യവാര്‍ത്തയുടെ പിടിയില്‍നിന്ന് മുക്തമാവുകയില്ല. അവരുടെ വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ ‘നാട്ടുകാര്‍ തല്ലിക്കൊന്ന പോക്കറ്റടിക്കാരന്റെ മക്കള്‍’ ആയി എന്നും തുടരും. സമൂഹത്തിന്റെ വാതിലുകള്‍ പലപ്പോഴും അവര്‍ക്കു മുന്നില്‍ അടയും. സാമൂഹിക സാഹചര്യത്തില്‍ വളരെ താഴ്ന്ന ഒരു സ്ഥിതിയില്‍ അവര്‍ നിലനില്ക്കും. മതിയായ സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അഭാവത്തില്‍ ഉന്നതസ്വാധീനമുള്ള പ്രതികള്‍ ആരോപണങ്ങളെ അതിജീവിച്ചേക്കും. ആ വേദനയും പേറി ദുരിതപൂര്‍ണ്ണമായി ജീവിക്കുവാനും മാത്രം മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അരവിന്ദും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഞ്ജുവും അവരുടെ മാതാവും എന്തു കുറ്റമാണ് ചെയ്തത്? രഘുവിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്യൂണിന്റെ പണികൊടുത്തതുകൊണ്ടു പരിഹരിക്കപ്പെടുന്ന മാനസികപ്രശ്‌നങ്ങളല്ലല്ലോ ഇതൊന്നും.രഘു മരിച്ചത് മാധ്യമങ്ങളുടെ കുറ്റമല്ല, തീര്‍ച്ച. എന്നാല്‍ മരണശേഷം അയാള്‍ക്കും ആ കുടുംബത്തിനും അര്‍ഹിക്കുന്ന ബഹുമാന്യത നഷ്ടപ്പെടുത്തിയത് മാധ്യമങ്ങളുടെ കുറ്റമാണ്. വാര്‍ത്താസൃഷ്ടിയുടെ ക്രിമിനല്‍വത്കരണമാണ്. ഇത്തരം ക്രൂരതകള്‍ക്ക് പരിഹാരം നിയമനടപടികളിലൂടെ സാധ്യവുമാണ്.

അഡ്വ. അനില്‍ ഐക്കര

പച്ചക്കുതിരയുടെ നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്നും

Related Posts