നിറക്കൂട്ടുകളുടെ ലോകത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

October 21, 2011 · Posted in Authors, Books 

മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന സൗന്ദര്യബോധത്തിന്റെ ബഹിര്‍സ്ഫുരണമാണ് ചിത്രകല. ചിത്രാകലാപഠനം പുരാതനകാലം മുതല്‍ക്കേ വിവിധരീതിയില്‍ തുടര്‍ന്നുവരികയാണ്, ലോകപ്രശസ്ത ചിത്രാകാരന്‍മാര്‍ കേകരളത്തിലുണ്ടെങ്കിലും ചിത്രകലയിലും അനുബന്ധ വിഷയങ്ങളിലും പഠനത്തിനും പരിശീലനത്തിനും ഉതകുന്ന ഗ്രന്ഥങ്ങള്‍ പരിമിതം എന്നുതന്നെ പറയണം.

ഭാരതീയ ചിത്രകലയ്ക്കു സമ്പന്നവും ആഢ്യവുമായ ഒരു പാരമ്പര്യമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിത്രകല പരീക്ഷണ നിരീക്ഷണങ്ങള്‍ക്കും, ദേശകാലഭേദങ്ങള്‍ക്കും അനുസൃതമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. അഥര്‍വവേദത്തിന്റെ ഉപവേദമായ സ്ഥാപത്യത്തിനു മൂന്നു ഭാഗങ്ങള്‍ ഉള്ളതില്‍ ഒന്നാണ് ചിത്രകല. സംസ്‌കൃതത്തില്‍ ചിത്രകലാചര്‍ച്ച പല പ്രാമാണ്ിക ഗ്രന്ഥങ്ങളിലും വ്യാകീര്‍ണ്ണമായി കിടപ്പുണ്ടെങ്കിലും വിഷ്ണുധര്‍മ്മോത്തര പുരാണത്തിലാണ് സമഗ്രവും വിശദവുമായ ചിത്രകലാവിവരണം കാണുന്നത്. കേരളീയനായ ശ്രീകുമാരന്റെ ‘ ശില്പരത്‌ന’മെന്ന ഗ്രന്ഥത്തിലും ചിത്രകല സവിസ്തരം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഇതിലെ ഒരദ്ധ്യായം ‘ചിത്രലക്ഷണം’ എന്ന പേരില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ഭാരതത്തിലുണ്ടായിട്ടുള്ള അധിനിവേശങ്ങള്‍ കലയെയും ബാധിച്ചിട്ടുണ്ട്. പത്തൊന്‍പതാം ശതകത്തിന്റെ അന്ത്യഘട്ടത്തില്‍ കഴ്‌സണ്‍ പ്രഭുവിന്റെ പ്രേരണയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ബ്രിട്ടീഷ് ചിത്രകാരന്‍മാരുടെ കല പഠിക്കപ്പെടാന്‍ തുടങ്ങുന്നത്. ഈ താത്പര്യം, പൊതുവെ പറഞ്ഞാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മഹിമയെ വാഴ്ത്തുന്ന ഒന്നായാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ കലയുടെ ഭൂതകാലത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വര്‍ത്തമാനകാലത്തെ ബ്രിട്ടീഷ് സാന്നിധ്യത്തിന്റെ ന്യായീകരണമെന്ന നിലയിലാണ് കഴ്‌സണ്‍ പ്രഭു ഉപയോഗപ്പെടുത്തിയത്.

കോളനിഭരണത്ത്ിന് അവസാനമായതോടെ കലയെക്കുറിച്ചുള്ള പഠനങ്ങളുടെ ദിശമാറി. ഇരുപതാം ശതകത്തിന്റെ ആദ്യപകുതിയില്‍തന്നെ കലാചരിത്രാന്വേഷണം ദേശവാദപരമായ താത്പര്യങ്ങളെ കൂടുതല്‍ കൂടുതല്‍ അഭിസംബോധന ചെയ്യുവാന്‍ തുടങ്ങിയിരുന്നു. കേരളത്തിലെ ചിത്രകലയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഏറ്റവും ആദ്യം ഉദ്ധരിക്കുക രാജാരവിവര്‍മ്മയുടെ പേരായിരിക്കും. രാമാനന്ദ ചാറ്റര്‍ജിയെപ്പോലെയുള്ള നിരൂപകര്‍ ആധുനിക ഇന്ത്യന്‍ രാഷ്ട്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായി രാമവര്‍മ്മയെ വിലയിരുത്തുന്നുണ്ട്. പുതിയ യുറോപ്യന്‍ പഠനം വഴി ഇന്ത്യന്‍ തത്വചിന്തയ്ക്കും സാഹിത്യത്തിനും കൈവന്ന നേട്ടങ്ങള്‍ ചിത്രകലയില്‍ കൈവരിക്കാനായിരുന്നു രവിവര്‍മ്മയുടെ ശ്രമം.  ചിത്രകലയില്‍ അത്യന്തം നൂതനമായ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. യുറോപ്യന്‍ ചിത്രണസമ്പ്രദായം പഠിച്ച അദ്ദേഹമാണ് കാഴ്ചവട്ടം ഇന്ത്യന്‍ ചിത്രകലയിലേയ്ക്ക് കൊണ്ടുവന്നത്. എണ്ണച്ഛായം എന്ന പുതിയ മാധ്യമത്തെയും അദ്ദേഹം ഇന്ത്യയിലേക്ക് ആവിഷ്‌ക്കരിച്ചു.

രവിവര്‍മ്മയുടെ ചിത്രങ്ങള്‍ ഒന്നുപോലും നേരില്‍ക്കാണാത്ത, അവയുടെ വികലമായ ഒലിയോഗ്രാഫുകള്‍ – അച്ചടി്‌കോപ്പികള്‍ മാത്രം മുന്‍നിര്‍ത്തിയാണ് ആനന്ദകുരസ്വാമിയെപ്പോലെയുള്ള കലാനിരൂപകര്‍ ആ ചിത്രങ്ങളിലെ കലാശൂന്യതയെയും ഭാവനാ ശൂന്യതയെയും പരിഹസിച്ചത്.  മഹത്തായ കലാകാരന്റെ മണ്ണില്‍ നിരവധി ചിത്രകലാ സ്‌കൂളുകളും കോളേജുകളും ഉണ്ടെങ്കിലും മലയാള ഭാഷയില്‍ ചിത്രകലയെ സംബന്ധിക്കുന്ന പുസ്തകങ്ങളുണ്ടായിട്ടില്ല എന്നത് ഒരു പരിമിതിയായിരുന്നു. ചിത്രകലാ വിദ്യാര്‍ഥികളുടെയും ചിത്രകലയെ സ്‌നേഹിക്കുന്നവരുടെയും നിരന്തരമായ അന്വേഷണങ്ങള്‍ക്ക് അറുതിയുണ്ടായത് ചിത്രകലയിലെ ആചാര്യനായ ശ്രീ ആര്‍ രവീന്ദ്രനാഥിന്റെ ‘ചിത്രകല ഒരു സമഗ്രപഠനം’ പുറ്ത്തുവന്നതോടെയാണ്. ഈ ഗ്രന്ഥത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഇപ്പോല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു കലാസൃഷ്ടിയുടെ ആസ്വാദനത്തി്‌ന് അല്ലെങ്കില്‍ നിര്‍മ്മാണത്തിന്  വെറും രചനാരീതികള്‍ മാത്രം അറിഞ്ഞാല്‍ മതിയാവില്ല. അതിന്റെ ചരിത്രപരവും സൗന്ദര്യപരവും കാലികമായ തുടര്‍ച്ചയും പ്രാധാന്യവും അറിയേണ്ടതും ആവശ്യമാണ്. ഈ നിലയില്‍ ഭാരതീയ ചിത്രകലയിലെ മാറിവരുന്ന പ്രവണതകള്‍, ലോക ചിത്രകല, ഇരുപതാം നൂറ്റാണ്ട്്്, ഇസങ്ങളും പ്രവണതകളും എന്നിവയെക്കുറിച്ചുള്ള വിവരണങ്ങള്‍ ചിത്രകാരന്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമാകുന്ന വിധത്തിലാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പൗരാണിക ഭാരതീയ ചിത്രകലാഗ്രന്ഥങ്ങളെക്കുറിച്ചും പ്രശസ്തരായ പാശ്ചാത്യ പൗരസ്ത്യ കേരളീയരുമായ ചിത്രകാരന്‍മാര്‍ എന്നിവരെക്കുറിച്ചും അറിയാനുള്ള പാഠങ്ങള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍, ചിത്രകലയെ സംബന്ധിച്ച് അനവധി കാര്യങ്ങള്‍ വിഷയത്തിനനുസരിച്ച് ചെറുതും വലുതുമായ പഠനങ്ങളിലൂടെ, അതിനനുയോജ്യമായ ഭാഷാപ്രയോഗത്തിലൂടെ ഒരുക്കപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം ചിത്രകലയെ സ്‌നേഹിക്കുന്ന എല്ലാവരും സ്വീകരിക്കും എന്നകാര്യത്തില്‍ സംശയമില്ല

Related Posts