മലയാളസിനിമയെ ‘രായപ്പന്‍ ‘മാര്‍ക്ക് കാഴ്ചവെയ്ക്കണോ?

November 3, 2011 · Posted in Uncategorized 

കഴിഞ്ഞ എട്ടു പതിറ്റാണ്ടുകാലത്തിലേറെയായി മലയാളസിനിമ പറഞ്ഞുകൊണ്ടി
രിക്കുന്ന കഥകള്‍ക്കു സാരമായ മാറ്റമുണ്ടോ? അതോ, സാങ്കേതികവും രൂപപരവുമായ ഉപരിതലമാറ്റങ്ങള്‍ മാത്രമാണോ കാലാകാലങ്ങളില്‍ അതില്‍ പ്രത്യക്ഷപ്പെടുന്നത്?ഒരു സാമൂഹ്യലോകം എന്ന നിലയ്ക്ക് ഒരുപക്ഷേ, മലയാളസിനിമ ഏറ്റവും വൈവിദ്ധ്യപൂര്‍ണ്ണമായിരുന്നത് അതിന്റെ ആദ്യദശകങ്ങളിലായിരിക്കും. ഉത്പാദനം, വിതരണം, വിപണനം, പ്രദര്‍ശനം–പുതിയ പരീക്ഷണങ്ങള്‍ ആവശ്യപ്പെടുന്നു. ഈ വെല്ലുവിളികളെ നമുക്ക് ഏറ്റെടുക്കാനാവുന്നില്ല എങ്കില്‍ മലയാളവും മറ്റു പല സിനിമകളെയുംപോലെ ഒരു “പ്രാദേശിക’ സിനിമയായി ഒതുങ്ങുവാനാണ് സാദ്ധ്യത.ഇവയെയൊന്നും ഭാവനാത്മകമായി ഉള്‍ക്കൊള്ളാനാവാതെ താരാധിപത്യം, “കഥയില്ലായ്മ’ തുടങ്ങിയ ഒഴികഴിവുകള്‍ക്കു പിന്നില്‍ അഭയം തേടുന്ന ഒന്നാണ് സമകാലിക മലയാളസിനിമ. സര്‍ഗ്ഗാത്മകതയ്‌ക്കോ ആശയങ്ങള്‍ക്കോ മുന്‍തൂക്കമില്ലാത്ത, പ്രേക്ഷകരോടു ബഹുമാനമില്ലാത്ത (പ്രേക്ഷകര്‍ക്കും ബഹുമാനമില്ലാത്ത), പുതിയ പരീക്ഷണങ്ങള്‍ക്കു തയ്യാറില്ലാത്ത, ഒരു സിനിമയെ കാത്തിരിക്കുന്നത് മറ്റു പല പ്രാദേശിക സിനിമകളുടെയും കാര്യത്തില്‍ സംഭവിച്ചതുതന്നെയാവാം.  ഒരു പ്രദേശം/സംസ്‌കാരം മൊത്തമായി പുറത്തുനിന്നു വരുന്ന സിനിമകളുടെ ഒരു പ്രേക്ഷകവിപണിമാത്രമായിത്തീരുന്ന അവസ്ഥ. അതായത് മലയാളിയെ പിടിച്ചിരുത്തുന്ന രീതിയിലുള്ള മലയാളചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ നമ്മുടെ വ്യവസായത്തിനു കഴിയാത്ത അവസ്ഥ.

ഈ പ്രതിസന്ധിയെ പലരീതിയില്‍ നേരിടാന്‍ മലയാളസിനിമ ശ്രമിക്കുന്നുണ്ട്‌. ഒന്ന് ഒരു വ്യവസായം എന്ന രീതിയില്‍ സ്വയം അഴിച്ചുപണിയുവാന്‍ അതു തയാറായിട്ടില്ല എങ്കിലും പുതിയ വിപണികള്‍ തേടാനും സമകാലികമായ രൂപങ്ങള്‍ അന്വേഷിക്കാനും അതു ശ്രമിക്കുന്നതു കാണാം. ഉദാഹരണത്തിന്, സാമ്പ്രദായികമായ കഥപറച്ചില്‍ രീതികളെ തിരുത്തിക്കൊണ്ട്‌ അനവധി കഥകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ആഖ്യാനങ്ങള്‍ അടുത്തകാലത്തുണ്ടായി: അടൂര്‍ ഗോപാലകൃഷ്ണന്റെ നാലു പെണ്ണുങ്ങള്‍ , ഒരു പെണ്ണും ര്യുാണും, രഞ്ജിത്തിന്റെ കേരളകഫേ, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയവയും  ഒരേ പ്രമേയത്തിന്റെ പലയിഴകള്‍ ചേര്‍ക്കുന്ന ടി.വി. ചന്ദ്രന്റെ ഭൂമിമലയാളം വിജയകൃഷ്ണന്റെ ദലമര്‍മ്മരങ്ങള്‍ തുടങ്ങിയവയും സാമ്പ്രദായികമായ കഥനരീതികള്‍ക്കപ്പുറം പോകാനുള്ള ചില ശ്രമങ്ങളാണ്.

മലയാളിവിപണിയുടെ പരിമിതികളെ മലയാളസിനിമയ്ക്ക് ഒരു ദേശീയ-ആഗോളവിപണി സൃഷ്ടിക്കാനുള്ള ശ്രമമാണ് പഴശ്ശിരാജാ, ഉറുമി പോലുള്ള “വലിയ’ ചിത്രങ്ങള്‍ . എന്നാല്‍ തരാധിപത്യത്തിന്റെ സാമ്പദായിക ശീലങ്ങളെ ഉടച്ചുവാര്‍ത്തുകൊണ്ട് വമ്പന്‍ഹിറ്റുകളുടെ നിര നമുക്ക് സമ്മാനിക്കുന്ന പ്രധിഭാധനരായ എഴുത്തുകാരും സംവിധായകരും നമുക്കുണ്ടെന്ന് അടുത്തകാലത്ത് പുറത്തിറങ്ങിയ ചില ചിത്രങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി, പ്രവാസജീവിതത്തിന്റെ കയ്പ്പുനിറഞ്ഞ യാഥാര്‍ഥ്യങ്ങള്‍ അനുഭവിപ്പിച്ച കമലിന്റെ ഗദ്ദാമ്മ, രാജേഷ് പിള്ളയുടെ ട്രാഫിക്ക്, സമീര്‍ താഹിറിന്റെ ചാപ്പാക്കുരിശ്, ആഷിക്ക് അബുവിന്റെ  സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, രഞ്ചിത്തിന്റെ ഇന്ത്യന്‍ റുപ്പി തുടങ്ങിയ സിനിമകള്‍ .

പാണ്ടിസിനിമ എന്ന് തമിഴ് സിനിമയെ എന്നും കുറ്റം പറയുന്ന മലയാളികള്‍ സുബ്രമണ്യപുരം, വെയില്‍, നാടോടി, എങ്കെയും എപ്പോതും തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിനു നല്‍കിയ ഉണര്‍വ് കാണാതിരിക്കരുത്. മണ്ണിന്റെ മണമുള്ളതും വ്യത്യസ്തങ്ങളായ പ്രമേയമങ്ങളുമായും വരുന്ന അന്യഭാഷ ചിത്രങ്ങള്‍ നമ്മുടെ തീയേറ്ററുകളില്‍ ആവേശമായി മാറുമ്പോള്‍ തളരുന്നത് നമ്മുടെ സിനിമാ വ്യവസായമാണ്. അടുത്തിടെ റിലീസ് ചെയ്ത ഹിന്ദി ചിത്രമായ റാവണും, ഏഴാം അറിവും , വേലായുധവും ആദ്യനേടിയ കള്ക്ഷന്‍ മലയാളസിനിമയുടെ വിതരണക്കാരെ ഞെട്ടിച്ചുവെന്നാണറിയുന്നത്. ഇതിലുപരി സിനിമാഭാസം എന്നു വിളിക്കാവുന്ന സന്തോഷ്‌ പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും തീയേറ്ററുകളിലുണ്ടാക്കുന്ന തിരക്ക് നമ്മള്‍ കാണാതിരിക്കരുത്. ഉദയനാണു താരത്തില്‍ ശ്രീനിവാസന്‍ വെള്ളിത്തിരയില്‍ രൂപം കൊടുത്ത രായപ്പന്‍ എന്ന സരോജ്് കുമാര്‍ സന്തോഷ് പണ്ഡിറ്റിലൂടെ യാഥാര്‍ഥ്യമാവുകയാണോ!!

സിനിമ ആളുകള്‍ കാണണമെങ്കില്‍ അതില്‍ വ്യത്യസ്തമായ പ്രതിപാദ്യ പ്രതിപാദന ചാരുത ഉണ്ടാവണം. രഞ്ചിത്തിനെയും ലാല്‍ജോസിനെയും സമീര്‍ താഹിറിനെയുംപോലുള്ള  യുവസംവിധായകര്‍ വിജയിക്കുന്നതിനുള്ള ഘടകം ഇവിടെയാണ്. മലയാള സിനിമയില്‍ യുവസാന്നിധ്യത്തിന്റെ തുടിപ്പുകളും തുടര്‍ച്ചകളും എത്തിത്തുടങ്ങിയിരിക്കുന്നു. മുഖ്യധാരാ ചിത്രങ്ങളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുന്ന മരവിപ്പ് അവസാനിച്ചിരിക്കുന്നു. ജീവിതത്തിന്റെ അറിയാക്കാഴ്ചകളും അനുഭവ സാക്ഷ്യങ്ങളുമായി പുതിയ മലയാള സിനിമ ദൃഢപ്രതീക്ഷയിലാണ്. ഈ മാറ്റം നമ്മള്‍ തുടേരേണ്ടതുണ്ട്. അല്ലെങ്കില്‍ സന്തോഷ് പണ്ഡിറ്റുമാര്‍ നമ്മുടെ സിനിമയെ ഭരിക്കുന്ന കാലം വിദൂരമല്ലെന്ന യാഥാര്‍ഥ്യം നാം അംഗീകരിക്കേണ്ടിവരും.

ഡി സി ബുക്‌സ് അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ന് താരത്തിളക്കം. സംവിധായകരായ കമല്‍ , ലാല്‍ജോസ്, എം ജി ശശി, സജിതാ മഠത്തില്‍ , എഴുത്തുകാരിയായ സാറാജോസഫ് എന്നിവര്‍ പങ്കെടുക്കുന്നു. ഗദ്ദാമ്മ, വെറുതെ ഒരു ഭാര്യ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിലൂടെ ശ്രദ്ധേയനായ കെ ഗിരീഷ്‌കുമാര്‍ , എല്‍സമ്മ എന്ന ആണ്‍കുട്ടിയെ വെള്ളിത്തിരയില്‍ കാഴ്ച്ചവെച്ച ആന്‍ അഗസ്റ്റിന്‍ , തിരക്കഥാകൃത്ത് എം സിന്ധുരാജ്, എന്നിവരും ഇന്ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തിന് മാറ്റുകൂട്ടും. ഗദ്ദാമ്മ, ആത്മകഥ, എല്‍സമ്മ എന്ന ആണ്‍കുട്ടി, ജാനകി എന്നീ ചിത്രങ്ങളുടെ പ്രകാശനം ഇന്ന് നടക്കും. ഏവരെയും അറിവിന്റെ മഹാമേളയിലേക്ക് സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.

Related Posts

  • No Related Post