ആ മെഹ്ഫില്‍ ഇനിയില്ല…ആത്മാവിനെ സ്പര്‍ശിക്കുന്ന ആ നാദവും

October 10, 2011 · Posted in Books 

    ആത്മാവിനോട് ചേരുന്ന ആ ശബ്ദം ഇനിയില്ല. ഭാരതത്തിന്റെ ഗസല്‍ രാജാവ് എന്നറിയപ്പെട്ടിരുന്ന ജഗജീത് സിംഗ് ഇന്ന് പുലര്‍ച്ചേ വിടവാങ്ങി. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. ഹിന്ദി, ഉര്‍ദു, പഞ്ചാബി, നേപ്പാളി ഭാഷകളിലായി ആയിരക്കണക്കിനു ഗസലുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. പാക്കിസ്ഥാനി ഗസല്‍ ചക്രവര്‍ത്തിമാര്‍ ഇന്ത്യന്‍ മെഹ്ഫിലുകള്‍ അടക്കിവാഴുന്ന കാലത്താണ് ജഗ്ജീത് സിംഗ് രംഗപ്രവേശം ചെയ്യുന്നത്. ആ മാസ്മരിക ശബ്ദം അതിവേഗം ഗസല്‍ ആസ്വാദകരെ കീഴ്‌പ്പെടുത്തി. തന്റെ ശബ്ദം സിനിമാ സംഗീതത്തിന് വാടകയ്ക്കു നല്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഗസലുകള്‍ 60ല്‍പ്പരം ചിത്രങ്ങളില്‍ അതേപോലെതന്നെ ഉപയോഗിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത നിരൂപകനായ ശ്രീ. രവി മേനോന്‍ ജഗ്ജീത് സിംഗിനെ അനുസ്മരിക്കുന്നു..

‘സിനിമാപ്പാട്ടുകാരനാകാന്‍ മോഹിച്ച് ഒടുവില്‍ ഗസലിന്റെ ബാദുഷയായി മാറിയ കഥയാണ് ജഗ്ജിത്‌സിങ്ങിന്റേത്. പഴയ രജപുത്താനയിലെ ശ്രീഗംഗാനഗര്‍ എന്ന കൊച്ചുഗ്രാമത്തില്‍ ചെലവഴിച്ച ബാല്യമാണ് തന്നിലെ സംഗീതപ്രേമം തേച്ചുമിനുക്കിയെടുത്തതെന്ന് ജഗ്ജിത് പറയും. ജഗ്‌മോഹന്‍സിങ്-അതായിരുന്നു ജഗ്ജിത്തിന്റെ യഥാര്‍ഥ പേര്. ജന്മഗ്രാമത്തിലെ നാംധാരി സിക്ക് ഗുരുജിയാണ് ജഗ്‌മോഹന് ജഗ്ജിത് എന്ന പേരു നല്‍കിയത്. കുട്ടിക്കാലത്ത് മുഹമ്മദ് റഫിയുടെ ആരാധകനായിരുന്നു ജഗ്ജിത്.
ആദ്യമായി പൊതുവേദിയില്‍ പാടുന്നത് ഒന്‍പതില്‍ പഠിക്കുമ്പോഴാണ്. ഒരു പഞ്ചാബി വാരികയില്‍ വായിച്ച കവിത ഭൈരവി രാഗത്തില്‍ ചിട്ടപ്പെടുത്തി ഗ്രാമത്തിലെ കവിസദസ്സില്‍ അവതരിപ്പിക്കുകയായിരുന്നു ജഗ്ജിത്. പാട്ട് പാടിത്തീര്‍ന്നപ്പോള്‍ സ്റ്റേജില്‍ നാണയത്തുട്ടുകള്‍ വന്നുവീണു. ഇനിയും പാടണമെന്നായിരുന്നു സദസ്സിന്റെ ആവശ്യം. റഫി സാഹിബിന്റെ ‘ഓ ദുനിയാ കേ രഖ്‌വാലേ’ എന്ന ഗാനം പാടിത്തീര്‍ന്നപ്പോള്‍ ലഭിച്ച കാതടിപ്പിക്കുന്ന കയ്യടി ഇന്നുമുണ്ട് ജഗ്ജിത്തിന്റെ ഓര്‍മയില്‍.
മൂന്നുവര്‍ഷത്തിനുശേഷം ശ്രീഗംഗാനഗര്‍ കോളേജില്‍വെച്ച് സ്റ്റേജ് പരിപാടിക്കിടെ പ്യാസയിലെ ആ പ്രശസ്തമായ റഫി ഹിറ്റ്-യേ ദുനിയാ അഗര്‍ മില്‍ഭി ജായേ-പാടിക്കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത് മറ്റൊരു മറക്കാനാവാത്ത അനുഭവം. ഹാള്‍ ഇരുട്ടില്‍ മുങ്ങിയെങ്കിലും ബാറ്ററിയില്‍ പ്രവര്‍ത്തിച്ചിരുന്ന മൈക്ക് ഓഫായില്ല. കൂരിരുട്ടിലൂടെ ഒഴുകിവന്ന ജഗ്ജിത്തിന്റെ അഗാധ ഗാംഭീര്യമാര്‍ന്ന ശബ്ദം ഗൃഹാതുരമായ ഓര്‍മയാണ് ഗംഗാനഗറിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക്.
റഫിയില്‍നിന്ന് തലത്ത് മെഹ്മൂദിലേക്കും മദന്‍മോഹനിലേക്കും ജഗ്ജിത് യാത്രയാകുന്നു. തലത്തിനെപ്പോലെ പ്രണയം വഴിഞ്ഞൊഴുകുന്ന ഗാനങ്ങള്‍ പാടുന്ന ഒരു സിനിമാപ്പാട്ടുകാരനാവാന്‍ ജഗ്ജിത് മോഹിച്ചു. പക്ഷേ, മകന്‍ ഐ.എ.എസ്സുകാരനായി കാണാന്‍ ആഗ്രഹിച്ച പിതാവിന് അതെങ്ങനെ ദഹിക്കാന്‍? സിനിമ മതവിരുദ്ധമാണെന്ന വിശ്വാസക്കാരനായിരുന്നു അമര്‍സിങ്.
പക്ഷേ, ജഗ്ജിത്തിന്റെ മനസ്സ് ബോളിവുഡില്‍ തന്നെയായിരുന്നു. സ്വാഭാവികമായും പഠനത്തില്‍ ശ്രദ്ധ കുറഞ്ഞു. ഡി.എ.വി. കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ 1965 മാര്‍ച്ചില്‍ ജഗ്ജിത് മുംബൈയിലേക്ക് വെച്ചുപിടിക്കുന്നു. ഐതിഹാസികമായ ഒരു യാത്രയുടെ തുടക്കം.
വി.ടി. സ്റ്റേഷനടുത്തുള്ള ഒരു വാടകവീട്ടിലായിരുന്നു ആദ്യം താമസം. ജലന്ധറില്‍നിന്ന് സുഹൃത്ത് ഹര്‍ദമാന്‍സിങ് മാസാമാസം എത്തിച്ചുകൊടുത്ത 150 രൂപകൊണ്ടുവേണം ജീവിതം കഴിയാന്‍. അതും നിലച്ചതോടെ പ്രശ്‌നം രൂക്ഷമായി. വാടകവീട്ടില്‍നിന്ന് ഇറക്കിവിടുന്നത് അങ്ങനെയാണ്. അഗ്രിപദയിലെ ഷേര്‍-എ-പഞ്ചാബ് ഹോസ്റ്റലായി അടുത്ത ആശ്രയം. തുച്ഛമായ വാടകയെയുള്ളൂ അവിടെ.
”കിടക്ക മുഴുവന്‍ മൂട്ട. കൊതുകിന്റെ ശല്യം വേറെ. ഒരു ദിവസം കാലത്ത് എഴുന്നേറ്റത് പെരുവിരലില്‍ കുത്തിത്തുളയ്ക്കുന്ന വേദനയുമായാണ്. നോക്കുമ്പോള്‍ വിരലിന്റെ തൊലി അപ്പടി അപ്രത്യക്ഷമായിരിക്കുന്നു. തലേന്നു രാത്രി ഏതോ വിരുതന്‍ എലി ഒപ്പിച്ച വേലയാണ്.”
താമസിച്ചിരുന്ന ഹോസ്റ്റലിനു തൊട്ടടുത്താണ് പ്രശസ്തമായ ഗേലോഡ്‌സ് റസ്റ്റോറന്റ്. ഹോട്ടലിനു മുന്നില്‍ സായാഹ്നങ്ങളില്‍ വെളുത്ത സ്യൂട്ട് ധരിച്ച് ഒരു സുമുഖന്‍ നില്‍ക്കുന്നതു കാണാം-സംഗീതസംവിധായകന്‍ ജയ്കിഷന്‍. ശ്രദ്ധയാകര്‍ഷിക്കാന്‍വേണ്ടി അദ്ദേഹത്തിന്റെ മുന്നിലൂടെ നടന്നുനോക്കിയിട്ടുണ്ട് ജഗ്ജിത്. ആരു ശ്രദ്ധിക്കാന്‍!
മുംബൈയില്‍വെച്ച് ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട എച്ച്.എം.വി.യിലെ ജിമ്മി നരൂലയാണ് ജഗ്ജിത്തിലെ ഗായകന്റെ കഴിവുകള്‍ ആദ്യമായി തിരിച്ചറിയുന്നത്. ഈ സൗഹൃദത്തിന്റെ പിന്‍ബലത്തില്‍ ജഗ്ജിത് എച്ച്.എം.വി.യില്‍ ഒരു ശബ്ദപരിശോധനയ്ക്ക് ഹാജരാകുന്നു. ഓഡിഷന്‍ ടെസ്റ്റ് ജയിച്ച ജഗ്ജിത്തിന് ഒരു ഇ.പി. (Extended Play) റെക്കോര്‍ഡില്‍ പാടാന്‍ അവസരം നല്‍കുന്നതും ജിമ്മിതന്നെ. റെക്കോര്‍ഡിന്റെ ഒരുവശത്ത് ജഗ്ജിത്തിന്റെ രണ്ടു ഗസല്‍. മറുവശത്ത് സുരേഷ് രാജവംശിയുടെ ഒരു ഗസലും. സി.കെ. ചൗഹാന്റെതായിരുന്നു സംഗീതം.

പാട്ടുകള്‍ ആലേഖനം ചെയ്തുകഴിഞ്ഞപ്പോള്‍ ഒരു പ്രശ്‌നം. റെക്കോര്‍ഡ് ജാക്കറ്റിന്റെ പുറംചട്ടയില്‍ ഗായകന്റെ പടം വേണം. തലപ്പാവും താടിയുമായി അസ്സല്‍ സര്‍ദാര്‍ജി ലുക്കാണ് അന്ന് ജഗ്ജിത്തിന്. ഗായകനായി ബോളിവുഡില്‍ അംഗീകാരം നേടാന്‍ ഈ പ്രതിച്ഛായ ഒട്ടും സഹായകമാവില്ലെന്ന് ജഗ്ജിത്തിന് തോന്നി. അങ്ങനെയാണ് ആ കടുത്ത തീരുമാനം കൈക്കൊള്ളുന്നത്. ശുദ്ധ സിക്ക് മതവിശ്വാസിയായ പിതാവിനോട് മനസ്സില്‍ മാപ്പുപറഞ്ഞ് ചര്‍ച്ച്‌ഗേറ്റിലെ റിറ്റ്‌സ് ഹോട്ടലിനടുത്തുള്ള സല്യൂണിലേക്ക് നടക്കുന്നു ജഗ്ജിത്.റെക്കോര്‍ഡ് പുറത്തിറങ്ങിയെങ്കിലും സിനിമയില്‍ പാടാന്‍ ക്ഷണമൊന്നും ലഭിച്ചില്ല. പക്ഷേ, ഒരു ഗുണമുണ്ടായി. ഗായകനെന്ന നിലയില്‍ കുടുംബസദസ്സുകളിലും കല്യാണപ്പാര്‍ട്ടികളിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. രാജ്കപൂര്‍, രാജേന്ദ്രകുമാര്‍, മദന്‍മോഹന്‍ തുടങ്ങിയവരുടെയൊക്കെ വീടുകളിലെ വാരാന്ത്യസദസ്സുകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ജഗ്ജിത്. ”പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തുന്ന സിനിമാക്കാര്‍ എന്റെ പാട്ടുകള്‍ കേട്ട് അഭിനന്ദിക്കാറുണ്ടായിരുന്നു. അടുത്ത സിനിമയില്‍ അവസരം വാഗ്ദാനംചെയ്തവരും ഏറെ. പക്ഷേ, എല്ലാം പാഴ്‌വാക്കുകളായിരുന്നു.” ജഗ്ജിത് ഓര്‍ക്കുന്നു.
ദേബപ്രസാദ് ദത്തയുടെ സ്റ്റുഡിയോയില്‍ ജിംഗിള്‍ പാടാന്‍ ചെല്ലുന്നതും ചിത്രയുടെ ‘ശത്രുത’ ഏറ്റുവാങ്ങുന്നതും ആ നാളുകളില്‍തന്നെ. ജഗ്ജിത്തിനും ചിത്രയ്ക്കും തിരക്കേറി. ഒരുമിച്ചുള്ള യാത്രകള്‍; റെക്കോര്‍ ഡിങ് സെഷനുകള്‍. താന്‍പോലുമറിയാതെ ജഗ്ജിത്തുമായി അടുക്കുകയായിരുന്നു ചിത്ര.
അടുപ്പം ദൃഢമാകാന്‍ മറ്റൊരു കാരണംകൂടിയുണ്ട്. ഭര്‍ത്താവ് ദത്തയുമായി അതിനകം അകന്നുതുടങ്ങിയിരുന്നു ചിത്ര. പതിന്നാലാംവയസ്സില്‍ ‘എട്ടും പൊട്ടുംതിരിയാത്ത’ പ്രായത്തില്‍ ദത്തയുടെ ഭാര്യയായി മുംബൈയിലേക്ക് പോന്ന ചിത്രയ്ക്ക് ഭര്‍ത്താവിന്റെ ജീവിതശൈലിയും സ്വഭാവവിശേഷങ്ങളുമായി പൊരുത്തപ്പെടാനായില്ല. മിക്കപ്പോഴും ഏകാന്തതയുടെ തുരുത്തിലായിരുന്നു ചിത്ര; ഒരു മകള്‍ ജനിച്ചുകഴിഞ്ഞിട്ടുപോലും ജഗ്ജിത് കടന്നുവന്നത് ഈ ഏകാന്തതയിലേക്കാണ്.
ദത്തയുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ജഗ്ജിത്തിന്റെയും ചിത്രയുടെയും വിവാഹം എന്നത് മറ്റൊരു കൗതുകം. വിവാഹത്തിനു മുന്‍പ് ദത്തയുടെ അനുമതി തേടി ജഗ്ജിത് വീട്ടില്‍ വന്ന കഥ ഓര്‍ത്തോര്‍ത്തു ചിരിച്ചിട്ടുണ്ടെന്ന് ചിത്ര പറയുന്നു.
തികച്ചും ലളിതമായിരുന്നു വിവാഹം. ആകെ ചെലവുവന്നത് 30 രൂപ മാത്രം. ”ഞങ്ങളുടെ തബലിസ്റ്റുകളില്‍ ഒരാള്‍ കൊളാബയിലെ ഒരു ക്ഷേത്രപരിസരത്താണ് താമസിച്ചിരുന്നത്. അയാളാണ് വിവാഹത്തിന് കാര്‍മികത്വം വഹിക്കാന്‍ പൂജാരിയെ ഏര്‍പ്പാടാക്കിയത്. മുഹൂര്‍ത്തമായപ്പോള്‍ സുഹൃത്ത് ഭൂവി (ഗായകന്‍ ഭൂപീന്ദര്‍സിങ്) വിവാഹമാല്യവും ഒരുപെട്ടി മധുരപലഹാരങ്ങളുമായി വന്നു. നാടകീയതയില്ല; റിഹേഴ്‌സലില്ല; കൊട്ടും കുരവയുമില്ല. രണ്ടേരണ്ടു മിനിറ്റില്‍ എല്ലാം കഴിഞ്ഞു.”
1971-ലാണ് വിവേകിന്റെ ജനനം. ജഗ്ജിത്-ചിത്രമാരുടെ ഭാഗ്യത്തിന്റെ ഗ്രാഫ് ഉയരുന്നതും അതോടെതന്നെ. ”അവന്‍ ജനിക്കുന്നകാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഞങ്ങള്‍. പ്രസവിച്ച് ഇരുപതാംനാള്‍ എനിക്ക് ജിംഗിള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സ്റ്റുഡിയോയില്‍ പോകേണ്ടിവന്നു.” ബാബു (വിവേകിന്റെ വിളിപ്പേര്)വിനെ ചുമലില്‍ ഉറക്കിക്കിടത്തി മൈക്കിനു മുന്നില്‍ നിന്നു പാടിയത് ചിത്രയുടെ ഓര്‍മകളിലുണ്ട്.
പ്രശസ്തിയുടെ കൊടുമുടിയിലേക്കുള്ള ജഗ്ജിത്തിന്റെ യാത്ര തുടങ്ങുന്നത് 1976-ലാണ്. ‘ദ അണ്‍ഫൊര്‍ഗെറ്റബിള്‍സ്’ എന്ന ഗസല്‍ ആല്‍ബത്തിലൂടെ. ‘ബാത് നികലേഗി തോ ഫിര്‍ ദൂര്‍ തലക് ജായേഗി’, ‘രാത് ഭി നീന്ദ് ഭി കഹാനി ഭി’, ‘കിസി രഞ്ജിഷ് കോ’ തുടങ്ങി അണ്‍ഫൊര്‍ഗെറ്റബിള്‍സിലെ ഗാനങ്ങള്‍ ഒന്നൊഴിയാതെ ഹിറ്റായിരുന്നു. ജനപ്രീതിയില്‍ സിനിമാഗാനങ്ങളെപ്പോലും അതിശയിപ്പിച്ചു അവ. ഇന്ത്യയില്‍ ഒരു ഗസല്‍വിപ്ലവത്തിന് നാന്ദികുറിച്ച ആല്‍ബംകൂടിയായിരുന്നു ‘അണ്‍ഫൊര്‍ഗെറ്റബിള്‍സ്’ പിന്നീടങ്ങോട്ട് ചിത്രയോടൊത്തും അല്ലാതെയും ജഗ്ജിത് പുറത്തിറക്കിയ ആല്‍ബങ്ങള്‍ ഓരോന്നും വില്പനയില്‍ ചരിത്രം സൃഷ്ടിച്ചു. മൈല്‍ സ്റ്റോണ്‍, എക്സ്റ്റസീസ്, എ സൗണ്ട് അഫയര്‍, ബിയോണ്ട് ടൈം, സംവണ്‍ സംവേര്‍, ഹോപ്, ഫേസ്ടു ഫേസ്, മാരാസിം, ഡിഫറന്റ് സ്‌ട്രോക്‌സ്, ഫൊര്‍ഗറ്റ് മി നോട്ട്…’ഗുരു മന്യോ ഗ്രന്ഥ്’ ആണ് ഈ നിരയിലെ ഏറ്റവും പുതിയ ആല്‍ബം.

ബാത് നിക്‌ലേഗിയുടെ കഥ
‘ബാത് നിക്‌ലേഗി’ ആദ്യമായി കേട്ടത് ഓര്‍മയുണ്ട്. ഒരു പഠനയാത്രയുടെ ഭാഗമായി ഡല്‍ഹിയില്‍ ചെന്നപ്പോഴായിരുന്നു അത്. ഓള്‍ഡ് ഡല്‍ഹിയിലെ ഏറെ പഴക്കമുള്ള ഒരു റെസ്റ്റോറന്റിലെ ജൂക് ബോക്‌സില്‍നിന്ന് ആ നസ്ം (Nazm-പ്രാസത്തിലുള്ള ഉര്‍ദു കവിത) ആദ്യമായി കാതില്‍ വന്നുവീണപ്പോഴത്തെ അനുഭൂതി കാല്‍നൂറ്റാണ്ടിനുശേഷം ഇന്നും അത് കേള്‍ക്കുമ്പോള്‍ അനുഭവപ്പെടാറുണ്ട്. കഫീല്‍ ആസറിന്റെ കവിത തുളുമ്പുന്ന വരികളാണോ അതോ ജഗ്ജിത്തിന്റെ ഘനഗംഭീരമായ ശബ്ദമാണോ ആ ഗാനവുമായി എന്നെ അടുപ്പിച്ചത്? ഒരുപക്ഷേ, രണ്ടും ചേര്‍ന്നാകാം. തന്റെ മെഹ്ഫിലുകളില്‍ നിത്യഹരിതമായ ഈ ഗാനം പതിവായി ഉള്‍പ്പെടുത്താന്‍ ഇന്നും ശ്രദ്ധിക്കുന്നു ജഗ്ജിത്.
‘ബാത് നികലേഗി’ക്കു പിന്നില്‍ കൗതുകമുള്ള ഒരു ചരിത്രമുണ്ടെന്നറിഞ്ഞത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. എച്ച്.എം.വി. അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഭൂപീന്ദര്‍സിങ്ങിന് പാടാന്‍വേണ്ടി ജഗ്ജിത് ചിട്ടപ്പെടുത്തിയ ഗാനമാണത്. അന്ന് സിനിമാപ്പാട്ടുകാരനെന്ന നിലയില്‍ പ്രശസ്തനായിരുന്നു ഭൂപീന്ദര്‍. ജഗ്ജിത്താകട്ടെ സ്വപ്നങ്ങളുടെ ലോകത്തും. പാട്ട് ഭൂപീന്ദര്‍ പാടിക്കേട്ടപ്പോള്‍ പൂര്‍ണ തൃപ്തി തോന്നിയില്ല ജഗ്ജിത്തിന്. ഒരു ടേക്ക്കൂടി ആകാമെന്ന് ജഗ്ജിത് പറഞ്ഞപ്പോള്‍ ഭൂപീന്ദര്‍ ഇടഞ്ഞു. പാടാന്‍ വിസമ്മതിച്ച് ഇറങ്ങിപ്പോയ ഭൂപീന്ദര്‍ എച്ച്. എം.വി. അധികൃതരെ വിളിച്ച് തന്റെ നിലപാട് വ്യക്തമാക്കുന്നു. ”ഈ പ്രൊജക്ടില്‍ ഇനി ഞാനില്ല. എന്റെ പാട്ട് ജഗ്ജിത്തിന് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു.”
ജഗ്ജിത്തിനുണ്ടായ നിരാശ പറഞ്ഞറിയിക്കാനാവില്ല. അത്രയും ഇഷ്ടപ്പെട്ട് ചെയ്ത പാട്ടാണ്. കുറച്ചുകാലം കഴിഞ്ഞ് ‘സാഷ’ എന്ന പടത്തിന്റെ തിരക്കഥാകൃത്ത് അര്‍ജുന്‍ ദേവ് ജഗ്ജിത്തിനെ സമീപിക്കുന്നു. ബാത് നിക്‌ലേഗി സിനിമയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണം-അതാണാവശ്യം. പാട്ട് ജഗ്ജിത് തന്നെ പാടണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു അര്‍ജുന്‍ദേവിന്. പാട്ട് ജഗ്ജിത് പാടി റെക്കോര്‍ഡ് ചെയ്തുവെങ്കിലും വീണ്ടും വിധി ഇടപെടുന്നു. പടം ഇടയ്ക്കുവെച്ച് മുടങ്ങി. പാട്ടിന് ഇത്തവണയും മോക്ഷം ലഭിച്ചില്ല എന്നു ചുരുക്കം.
ഒന്നുരണ്ടു വര്‍ഷം കഴിഞ്ഞ് ‘അണ്‍ഫൊര്‍ഗെറ്റബിള്‍സ്’ എന്ന ആല്‍ബത്തിന്റെ ആശയം മനസ്സില്‍ രൂപപ്പെടുന്ന കാലത്തുതന്നെ ജഗ്ജിത് തീരുമാനിച്ചിരുന്നു ‘ബാത്‌നിക്‌ലേഗി’ അതിലുള്‍പ്പെടുത്തുമെന്ന്. ഇത്തവണ പാട്ടിന് ഭാഗ്യം തെളിഞ്ഞു. ആല്‍ബം പുറത്തിറങ്ങി മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും ‘ബാത്‌നിക്‌ലേഗി’യുടെ ജനപ്രീതിക്ക് തെല്ലുമില്ല മങ്ങല്‍.
ഗസലിന്റെ അതുവരെ പരിചിതമായ ചട്ടക്കൂടില്‍നിന്ന് ബോധപൂര്‍വംതന്നെ അകല്‍ച്ച പാലിക്കുകയായിരുന്നു ജഗ്ജിത്. ചലച്ചിത്രേതര ഗാനങ്ങളാണെങ്കിലും അവയ്ക്ക് ചലച്ചിത്രഗാനങ്ങളുടെ സൗണ്ടിങ് വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സംഗീതസംവിധായകന്‍ ഖയാമിന്റെ സ്വാധീനം ഓര്‍ക്കസ്‌ട്രേഷനില്‍ ഉണ്ടായിരുന്നു എന്നു സമ്മതിക്കുന്നു. എങ്കിലും അത് അനുകരണമായിരുന്നില്ല. ആലാപനത്തില്‍ മനോധര്‍മപ്രകടനം കൊണ്ടുവന്നതോടൊപ്പം ഓര്‍ക്കസ്‌ട്രേഷന്‍ ആധുനികീകതരിക്കാനും ശ്രദ്ധിച്ചു. ഗിറ്റാര്‍, പിയാനോ, സാക്‌സഫോണ്‍, ഓര്‍ഗന്‍ എന്നിവയെല്ലാമുണ്ട് ആ ഗാനങ്ങളുടെ പിന്നണിയില്‍. ഗസലുകളുടെ പശ്ചാത്തലത്തില്‍ സിതാറും സാരംഗിയും മാത്രം കേട്ടുശീലിച്ചവര്‍ക്ക് അതൊരു പുതുമയായിരുന്നു-ജഗ്ജിത്തിന്റെ വാക്കുകള്‍.
‘അണ്‍ഫൊര്‍ഗെറ്റബിള്‍സ്’ ഒരു അശ്വമേധത്തിന്റെ തുടക്കമായിരുന്നു. പ്രശസ്തിയുടെ പാരമൃത്തിലേക്കുള്ള ആ യാത്രയ്ക്കിടെയായിരുന്നു ഇടിത്തീപോലെ വിവേകിന്റെ അപകടമരണം. അത് മറ്റൊരു യാത്രയുടെ തുടക്കമായി ജഗ്ജിത്തിനും ചിത്രയ്ക്കും. ജഗ്ജിത് പറയുന്നു: ”മനഃശാന്തിയുടെ തീരം തേടിയായിരുന്നു ഞങ്ങള്‍ ഇരുവരുടെയും യാത്രകള്‍. മാര്‍ഗങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നു മാത്രം. എന്റേത് സംഗീതവും ചിത്രയുടേത് ആത്മീയതയും.”

(ഈ മാസം പുറത്തിറങ്ങുന്ന ‘കഭീ കഭീ മേരേ ദില്‍ മേം’ എന്ന പുസ്തകത്തില്‍ ഈ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം കാണാം)

 സംഗീതത്തില്‍ ആഗോള വ്യാപകമായുണ്ടായ സാങ്കേതിക കുതിച്ചു ചാട്ടത്തോട് പുറംതിരിഞ്ഞു നില്ക്കാതെ  ഗസല്‍ സംഗീതത്തിലും പാശ്ചാത്തല സംഗീതത്തിലും അനുലോമമായ സമീപനം അദ്ദേഹം കൈക്കൊണ്ടു. ഹാര്‍മ്മോണിയവും സിത്താറും മാത്രം പശ്ച്ചാത്തലമായി കേട്ടു ശീലിച്ചവരുടെ മുന്നില്‍ സാക്‌സഫോണും, കീബോര്‍ഡും, ബേസ് ഗിറ്റാറും, വി എസ് റ്റി ഉപകരണങ്ങളുമെല്ലം ഉള്‍പ്പെടുന്ന കാലത്തിനു ചേരുന്ന ഒരു പുതിയ ഗസല്‍ ഭാവുകത്വം വളര്‍ത്തിയെടുത്തതില്‍ ജഗ്ജീത് സിംഗിന്റെ പങ്ക് നിസ്തുലമാണ്. ഇന്ത്യയില്‍ ആദ്യമായി മള്‍ട്ടി ട്രാക്ക് റെക്കോര്‍ഡിംഗ് സംവിധാനം വിജയകമായി ഉപയോഗിച്ചത് അദ്ദേഹമാണ്.  ഇന്ത്യന്‍ ഭജന്‍ ആല്‍ബങ്ങളില്‍ റെക്കോര്‍ഡു സൃഷ്ടിച്ച ഒന്നാണ് ‘മാ’. 2003ല്‍ രാഷ്ട്രം അദ്ദേഹത്തിന് പദ്മഭൂഷണ്‍ നല്കി ആദരിച്ചു.

ഗസല്‍ ചക്രവര്‍ത്തിക്ക് ഡി സി ബുക്‌സിന്റെ ആദരാഞ്ജലികള്‍

Related Posts