അയ്യന്‍കാളി: ചോരവീണമണ്ണിലെ പൂമരം

August 28, 2013 · Posted in Books, Cultural 
അയ്യങ്കാളി

 മഹാത്മ അയ്യന്‍കാളിയുടെ നൂറാം ജന്‍മദിനമാണിന്ന്.  ഒരു ജീവചരിത്രഗ്ന്ഥത്തില്‍ ആവാഹിക്കാവുന്നതല്ല ആ കര്‍മ്മനിരതന്റെ ജീവിതം. . മറിച്ച് ജീവിതസമരത്തിന്റെ തീഷ്ണമുഖമാണ്. ഒരു സമുദായത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രസാക്ഷ്യമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പണിയാളുകളെ പടയാളികളാക്കി മാറ്റി സാമൂഹ്യപരിവര്‍ത്തനത്തിന്‌ പാതയൊരുക്കിയ ധീരദേശാഭിമാനി. മഹാത്മാ അയ്യന്‍കാളി. ഭ്രാന്താലയമെന്ന്‌ സ്വാമി വിവേകാനന്ദന്‌ കുറ്റപ്പെടുത്തേണ്ടി വന്ന സാമൂഹ്യാവസ്ഥയില്‍നിന്നും കേരളത്തെ തീര്‍ഥാലയമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ത്യാഗി. കേരളത്തിലെ പ്രത്യേകിച്ച്‌ തിരുവിതാംകൂറിലെ സാമൂഹ്യമാറ്റത്തിന്‌ ഊടും പാവും നെയ്ത ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികള്‍ക്കും ഒപ്പമാണ്‌ അയ്യന്‍കാളിയുടെയും സ്ഥാനം. മനുഷ്യവര്‍ഗത്തിനാകെ പ്രതീക്ഷാ മുകുളങ്ങള്‍ വിരിയിച്ച സൂര്യതേജസ്സുകളായ മൂന്നു പേരുടെയും ജന്മം കൊണ്ട്‌ പവിത്രമായ പ്രദേശങ്ങള്‍ കേവലം 50ല്‍ താഴെ കിലോമീറ്റര്‍ ചുറ്റളവിലാണ്‌.

നൂറ്റാണ്ടുകളായി അടിമത്തം പേറി അസമത്വങ്ങള്‍ അനുഭവിച്ച്‌ ജീവിച്ച ജനസാമാന്യത്തെ സമൂഹത്തോടൊപ്പം കൂട്ടിയിണക്കുവാന്‍ കാലത്തിന്റെ ഉള്‍വിളി ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിച്ച മഹാനായ അയ്യന്‍കാളിയാണ്‌ തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത്‌. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാന്‍ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളില്‍ അധഃസ്ഥിത വിഭാഗങ്ങളില്‍പ്പെട്ടവര്‍ പണിക്കിറങ്ങിയില്ല. തുടക്കത്തില്‍ സ്വയം കൃഷിയിറക്കി പിടിച്ചുനില്‍ക്കാന്‍ മാടമ്പിമാര്‍ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവില്‍ പ്രതികാരബുദ്ധിയോടെ അവര്‍ പാടങ്ങള്‍ തരിശിട്ടു.

തൊഴിലില്ലാതെ കര്‍ഷകത്തൊഴിലാളികള്‍ ദുരിതക്കയത്തിലായി. എന്നാല്‍ മാടമ്പിമാര്‍ക്കെതിരെയുള്ള സമരത്തില്‍നിന്നും പിന്‍വലിയാന്‍ അവര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ജന്മിമാര്‍ കീഴടങ്ങി. തൊഴില്‍ ചെയ്യുന്നവരുടെ അവകാശങ്ങള്‍ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905ല്‍ സമരം ഒത്തുതീര്‍പ്പായി. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ്‌ പിന്നീടു കേരളത്തിലുടനീളം കര്‍ഷത്തൊഴിലാളി മുന്നേറ്റത്തിന്‌ ഊര്‍ജ്ജം പകര്‍ന്നത്‌. വര്‍ഗ സിദ്ധാന്തവും പ്രത്യയശാസ്ത്ര പൊലിമയുമൊന്നും കടന്നു വരാത്ത കാലത്താണ്‌ അയ്യന്‍കാളി ചരിത്രം സൃഷ്ടിച്ചത്‌.

ജാതീയമായ ഉച്ചനീചത്തങ്ങളുടെ ഭാഗമായി അധഃസ്ഥിത സ്ത്രീകള്‍ മാറുമറച്ചുകൂടാ എന്നൊരു വിചിത്ര നിയമം കേരളത്തില്‍ നിലനിന്നിരുന്നു.
കര്‍ഷകത്തൊഴിലാളി സമരത്തില്‍ നിന്നും ലഭിച്ച ഊര്‍ജ്ജവുമായി അയ്യന്‍കാളി ഈ അനീതിക്കെതിരെ പോരാടാനുറച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകള്‍ മുലക്കച്ചയണിഞ്ഞു നടക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ തിരസ്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കള്‍ ഇതു ധിക്കാരമായി കരുതി. അയ്യന്‍കാളിയെ അനുസരിച്ച സാധുജനങ്ങളെ അവര്‍ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകള്‍ മാടമ്പിമാര്‍ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ മുലകള്‍ അറുത്തുകളഞ്ഞു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഏറ്റവും ക്രൂരമായ മര്‍ദ്ദനമുറകള്‍ അരങ്ങേറിയത്‌. അവരില്‍ നിന്നും പ്രത്യാക്രമണവുമുണ്ടായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങള്‍ കലാപഭൂമികളായി.

സവര്‍ണ്ണമാടമ്പിമാരെ വെല്ലുവിളിച്ച് വിപ്‌ളത്തിന്റെ വില്ലുവണ്ടിയോടിച്ച അയ്യന്‍കാളിയുടെ സംഭവബഹുലമായ ജീവിതകഥ ഡി.സി. ബുക്‌സ് പുറത്തിറക്കിയിരിക്കുന്നു. കുന്നുകുഴി എസ്. മണിയും പി. എസ്. അനിരുദ്ധനും ചേര്‍ന്നു രചിച്ച മഹാത്മാ അയ്യന്‍കാളി അടിമകളുടെ പടത്തലവന്റെ അറിയപ്പെടാത്ത ചരിത്രം അനാവരണം ചെയ്യുന്നു. തിരുവനന്തപുരത്തെ വെങ്ങാനൂരില്‍ അടിമകളുടെ ചോരവീണ മണ്ണില്‍ പിറന്നു വീണ അയ്യന്‍കാളി തന്റെ സമുദായത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ ആശയപരവും കായികപരവുമായിരുന്നു. ആശയസമരം കൊണ്ട് പിടിച്ചു നില്‍ക്കാനാവില്ലെന്ന ഘട്ടം വന്നപ്പോഴാണ് ചോരയ്ക്ക് ചോര എന്ന മുദ്രവാക്യത്തിലേക്ക് അയ്യന്‍കാളി തിരിഞ്ഞത്. അതാകട്ടെ അവര്‍ണ്ണരും സവര്‍ണ്ണരും തമ്മിലുള്ള രക്തരൂക്ഷിതമായ കലാപമായി മാറി.  ആ കലാപത്തിന്റെ കനലുകളില്‍ നിന്നും അവര്‍ണ്ണസമുദായം ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു.

പതിനാറ് അധ്യായങ്ങളിലായാണ് അയ്യന്‍കാളിയുടെ ജീവിതവും പോരാട്ടങ്ങളും അനാവരണം ചെയ്യുന്നത്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ കേരളത്തില്‍ കീഴാളസമൂഹം അനുഭവിച്ച  ദുരന്തജീവിതമാണ് ആ ഗ്രന്ഥത്തിന്റെ ആദ്യത്തെ അധ്യായത്തില്‍ അനാവരണം ചെയ്യുന്നത്. പിന്നീടുള്ള അധ്യായങ്ങളില്‍ അയ്യന്‍കാളിയുടെ ആശയപ്രപഞ്ചവും ആശയസമരത്തില്‍ നിന്നും കായികസമരത്തിലേക്കുള്ള പരിവര്‍ത്തനവും അനാവരണം ചെയ്യുന്നു. വായനക്കാര്‍ക്ക് ആകാംക്ഷ ജനിപ്പിക്കുന്ന വിധത്തിലാണ് ഓരോ അധ്യായവും എഴുതിയിരിക്കുന്നത്. തരിശുഭൂമി സമരം, കല്ലമാല സമരം,  വില്ലുവണ്ടിയിലേറിയുള്ള വിപ്‌ളവം, പ്രജാസഭയിലെ മെമ്പറെന്ന നിലയില്‍ നടത്തിയ പോരാട്ടങ്ങള്‍ എന്നിങ്ങനെ എല്ലാ അധ്യായവും ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്തുന്നു.

അയ്യങ്കാളിയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മറ്റ് വിപ്‌ളവകാരികളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അയ്യന്‍ങ്കാളി-

Biography of Ayyankali
അടിമകളുടെ പടത്തലവന്റെ അറിയപ്പെടാത്ത ചരിത്രം

ശ്രീനാരായണഗുരുസംവാദം വിവരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. രണ്ട് യുഗപുരുഷന്മാര്‍ തമ്മിലുള്ള കണ്ടുമുട്ടലിനിടയിലെ രഹസ്യങ്ങള്‍ ഗ്രന്ഥകര്‍ത്താക്കള്‍ കണ്ടെത്തിയിരിക്കുന്നു. നീണ്ട കാലത്തെ ഗവേഷണത്തിനുശേഷമാണ് ഈ പുസ്തകം തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്ന ഭാഗമാണിത്.

അയിത്തമനുഭവിച്ചിരുന്ന കുട്ടികള്‍ക്ക്‌ വേണ്ടി സ്വന്തം കൈകൊണ്ട്‌ നിര്‍മ്മിച്ച വെങ്ങാനൂര്‍ ചാവടിനടയിലുള്ള സ്കൂളിനോടു ചേര്‍ന്ന മുറിയില്‍ 1941 ജൂണ്‍ 18ന്‌ ദിവംഗതനാകുമ്പോള്‍ അദ്ദേഹത്തിന്‌ 77 വയസ്സായിരുന്നു. തിളക്കമാര്‍ന്ന ഓര്‍മകള്‍ ബാക്കിയാക്കിപ്പോയ അയ്യന്‍കാളിയെക്കുറിച്ച്‌ മലയാളികള്‍ പോലും നന്നായി അറിഞ്ഞിട്ടില്ല, പിന്നെയല്ലേ മറുനാട്ടുകാര്‍. ആ കുറവ്‌ നികത്താന്‍ ബിജെപി പദ്ധതി ആവിഷ്കരിച്ചത്‌ ഏറെ പ്രശംസ ഏറ്റുവാങ്ങുന്നതാണ്‌. 1967ല്‍ ശ്രീനാരായണ ഗുരുദേവനെ ഭാരതത്തിനു പരിചയപ്പെടുത്താന്‍ ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളന നഗറിന്‌ ഗുരുദേവന്റെ പേര്‌ നല്‍കി. ചരിത്രം ആവര്‍ത്തിക്കുന്നു. ഇപ്പോള്‍ അയ്യന്‍കാളിയെയും. കുടുംബ മഹിമയോ കലാലയ ബിരുദങ്ങളോ അവകാശപ്പെടാനില്ലാത്ത ഈ മഹാത്മാവിനെ കാലമെത്ര കഴിഞ്ഞാലും ആദരപൂര്‍വം ഓര്‍മിക്കപ്പെടുമെന്നു തീര്‍ച്ച.

Related Posts