കേരളത്തിന്റെ വര്‍ത്തമാനം – വി എസ്സാണ് താരം

March 18, 2011 · Posted in Books 

ഇടതുപക്ഷം പോലും വ്യകതികേന്ദ്രീകൃതമാകുന്ന രാഷ്ട്രീയകാലാവസ്ഥയാണിന്ന്. അച്യുതാനന്ദനും പിണറായിയും ബലാബലംനോക്കുമ്പോള്‍ ലോപം സംഭവിക്കുന്നത് പ്രസ്ഥാനത്തിനാണ്. കേരളത്തിന്റെ വര്‍ത്തമാനത്തില്‍ പുതിയ വാര്‍ത്താമാനങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ സമകാലികതയെ സ്പര്‍ശിക്കുന്നതില്‍ നമ്മുടെ സാഹിത്യകാരന്‍മാര്‍ പൊതുവെ വിമുഖരാണ്. മലയാളത്തിലെ ഈ മുഖ്യധാരാ എഴുത്തുനീതീയ്‌ക്കെതിരെയുള്ള ധീരമായ ഒരു ചുവടുവയ്പാണ് പി. സുരേന്ദ്രന്റെ ‘ഗ്രീഷ്മമാപിനി’ എന്ന നോവല്‍.

ഗ്രീഷ്മമാപിനി വായിച്ചുതുടങ്ങുന്ന ഏതൊരാളുടെയും മനസ്സില്‍ സി.കെ എന്ന കഥാപാത്രത്തിന്റെ  അപരരൂപമായി തെളിഞ്ഞുവരുന്ന ഒരാളുണ്ട്. അത് നമ്മുടെ വി.എസ്സ് തന്നെ.. വി എസ്സ് ഇല്ലായിരുന്നുവെങ്കില്‍ സി കെ എന്ന കഥാപാത്രം തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന ബോധ്യം വായനക്കാരില്‍ ജനിപ്പിച്ചുതന്നെയാണ് നോവല്‍ മുന്നേറുന്നത്. ജനജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാനപ്രശ്‌നങ്ങളില്‍ വി എസ്സ് നടത്തിയ ഇടപെടലുകളും അവയുടെ രാഷ്രീയപാഠങ്ങളും ഓര്‍മ്മിപ്പിച്ചുകൊണ്ടുതന്നെയാണ് സി.കെ യുടെ ജീവിതചിത്രം നോവലിസ്റ്റ് വരച്ചുവയ്ക്കുന്നത്. ഒപ്പം പറയേണ്ട മറ്റൊന്നുണ്ട്. ‘ഗ്രീഷ്മമാപിനി’ ഇന്നിന്റെ രാഷ്്ട്രീയഭൂപടത്തിന്റെ രേഖാചിത്രമല്ല, മറിച്ച് ഒരു ബഹുവര്‍ണ്ണ ചിത്രം തന്നെയാണ്

സോഷ്യലിസ്റ്റ് പ്രസ്താനത്തിന്റെ ഐതിഹാസികമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സി.കെ യെ സ്മൃതിനാശം ആരോപിച്ച് ഏകാന്തതടവിനു ശിക്ഷിക്കുന്നു.അദ്ദേഹത്തിന്റെ തീക്ഷ്ണവും തീവ്രവുമായ ഓര്‍മ്മകള്‍ ബധ്യതയായിത്തീര്‍ന്നപ്പോഴാണ് പാര്‍ട്ടി അത്തരമൊരു നിലപാട് സ്വീകരിച്ചത്. വൃദ്ധനും ഏകാകിയുമായ സി.കെയുടെ ഓര്‍മ്മകളില്‍ നിറയെ സഹനവും സമരവും നിറഞ്ഞ നാള്‍വഴികളാണുള്ളത്. ഒരിക്കല്‍ താന്‍ സമരജ്വാലകള്‍ ഉയര്‍ത്തിവിട്ട ഭൂപ്രദേശങ്ങളില്‍നിന്ന് ശാപങ്ങളും വിലാപങ്ങളും അദ്ദേഹത്തെത്തേടിവരുന്നു. സഖാവ് വി എസ്സ് അച്യുതാനന്ദന്റെ പോരാട്ടങ്ങളും അപായകരമായ നിശ്ശബ്ദതയുമാണ് ഗ്രീഷ്മമാപിനിയെന്ന നോവല്‍ സാധ്യമാക്കുന്നത്. പൊള്ളിക്കുന്ന വായനാനുഭവം നല്‍കുന്ന രാഷട്രീയ ദാര്‍ശനിക സംവാദങ്ങളുടെ പുസ്തകം. അതാണ് ഗ്രീഷ്മമാപിനി.

സഞ്ജീവ് എസ്സ് പിള്ള

Related Posts