ഇസ്ലാം കഥപറയുമ്പോള്‍

May 17, 2012 · Posted in Authors, Books · 1 Comment 

ആധുനികസമൂഹം ഒരുതരം മതഭ്രാന്താണ് പ്രകടമാക്കുന്നത്. വാക്കിലും പ്രവൃത്തികളിലും ഇതു ദൃശ്യവുമാണ്. എന്താണ് ഇതിന്റെ കാരണം? അണികളെ സജ്ജരാക്കുന്ന ത്വരയോടൊപ്പം മതബോധം നല്‍കാന്‍ ഒരു മതവും ശ്രദ്ധചെലുത്തിക്കാണുന്നില്ലാ എന്നതുതന്നെ. ഇസ്‌ലാമാണ് ഇന്നു ലോകത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മതം. ഇസ്‌ലാമികരാഷ്ട്രങ്ങളില്‍ ഇന്ന് അസ്വസ്ഥതകള്‍ പുകഞ്ഞുയരുന്നു. ഭരണാധികാരികള്‍ ഇസ്‌ലാമിനെ വെടിഞ്ഞ് സ്വാര്‍ത്ഥതയെ പുണര്‍ന്നു എന്നതിന്റെ പ്രത്യക്ഷോദാഹരണമായി ഇതിനെ കാണാം. മതബോധത്തിന്റെ കുറവുതന്നെയാണ് ഇവിടെയും പ്രകടമാകുന്നത്.ഒരു മനുഷ്യന്‍ തന്റെ സഹജീവിയോട് പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് ഖുര്‍ആനും പ്രവാചകരും വളരെ വ്യക്തമായിത്തന്നെ പഠിപ്പിക്കുന്നുണ്ട്. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ അകാരണമായി വധിക്കുന്നത് മനുഷ്യസമൂഹത്തെ മുഴുവന്‍ വധിക്കുന്നതിനു തുല്യമാണ് എന്നാണ് മതാധ്യാപനം. അതിനുള്ള ശിക്ഷ അവന്‍ അനുഭവിക്കേണ്ടതായും വരും.

പുല്ലമ്പാറ ഷംസുദ്ദീന്‍ സമാഹരിച്ച  ഇസ്‌ലാമിക ചരിത്രകഥകള്‍ ഒരിക്കല്‍ മനസ്സിരുത്തി വായിച്ചാല്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള ഒരു സാമാന്യബോധം ആരിലും ഉരുത്തിരിയും എന്ന കാര്യം ഉറപ്പാണ്. മൂസാ (മോശ) നബിയുടെ കാലഘട്ടം മുതലിങ്ങോട്ടുള്ള ചരിത്രസംഭവങ്ങളാണ് ഇസ്ലാമിക ചരിത്രകഥകള്‍ എന്ന സമാഹാരത്തിലെ പ്രതിപാദ്യവിഷയം. ഇസ്‌ലാമിന്റെ നീതി, ഭരണാധിപര്‍ പാലിക്കേണ്ട നിഷ്ഠകള്‍, പണ്ഡിതന്മാര്‍ പാലിക്കേണ്ട സാമൂഹികമര്യാദകള്‍ എന്നിങ്ങനെ ഇസ്‌ലാമിനെ അടുത്തറിയാന്‍ ഉപകരിക്കുന്ന ഒട്ടനവധി വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദ്യവിഷയങ്ങളാണ്. മനുഷ്യസമൂഹത്തില്‍ എങ്ങനെ നീതിയും ദയയും സാഹോദര്യവും പുനഃസ്ഥാപിക്കാം എന്നതിനെക്കുറിച്ചാണ് ഈ സമാഹാരത്തില്‍ മുഖ്യമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. മനുഷ്യര്‍ക്കിടയില്‍ വഞ്ചനയും അനീതിയും നടമാടുകയാണെങ്ങും. മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം മനുഷ്യമനസ്സുകളില്‍ വര്‍ഗീയത വിഷംചീറ്റുകയാണ്. അതില്‍നിന്നും കേരളീയ മതങ്ങളൊന്നും മുക്തമല്ല. എന്തിനാണിതൊക്കെ എന്നു ചോദിച്ചാല്‍ ഒരാള്‍ക്കും ശരിക്കുത്തരം നല്‍കാന്‍ സാധിച്ചെന്നും വരില്ല. മനുഷ്യമതങ്ങള്‍ ഹിംസയല്ല സഹോദരസ്‌നേഹമാണ് പ്രകടമാക്കുന്നത് എന്നു പലരും അറിയുന്നുമില്ല. ഇവിടെയാണ് മതങ്ങളെക്കുറിച്ചുള്ള അജ്ഞത പ്രകടമാവുന്നത്. അറിവില്ലാത്തത് പഠിക്കാന്‍ ശ്രമിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഇന്നു സമൂഹത്തിലുള്ളൂ.

ഒരു മനുഷ്യനോ കുടുംബമോ അയലത്തു പട്ടിണി കിടക്കുമ്പോള്‍ , അതു കണ്ടതായിപ്പോലും ഭാവിക്കാതെ, വയറുനിറച്ചുണ്ണുന്നവന്‍ എന്റെ സമുദായത്തില്‍പെട്ടവനല്ലാ എന്നാണ് പ്രവാചകബോധനം. അയല്‍വാസി ക്രിസ്ത്യാനിയായാലും മുസ്‌ലിമായാലും ഹിന്ദുവായാലും ജൂതനായാലും സമമാണ്. ഇതിലൊന്നുംപെടാത്ത മറ്റൊരു മതക്കാരനായാലും ശരി, അവനും അയല്‍വാസിയുടെ പട്ടികയില്‍തന്നെ. മനുഷ്യനെ മുഴുവന്‍ സഹോദരന്മാരായി കാണുകയും സഹോദരസ്‌നേഹം സമൂഹത്തില്‍ ഊട്ടി ഉറപ്പിക്കുകയുമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഓരോ വ്യക്തിയും അവരവരുടെ മതനിയമങ്ങളും ചിട്ടകളും പഠിക്കുക എന്നതു മാത്രമേ ഇന്നത്തെ ദുരവസ്ഥയ്‌ക്കൊരു പരിഹാരമായുള്ളൂ.മനുഷ്യര്‍ പരസ്പരം സഹോദരന്മാരാണെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുകയും സ്‌നേഹിക്കാന്‍ പഠിക്കുകയും ഹീനവിചാരങ്ങളില്‍നിന്നു വിട്ടുനില്ക്കുകയുമാണ് നല്ല നാളേക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. നേതാക്കളെ അന്ധമായി അനുസരിക്കുന്നതിനു മുന്‍പ് നിര്‍ദ്ദേശങ്ങള്‍ വിചിന്തനത്തിനു വിധേയമാക്കുന്നതും നല്ല ശീലമാണ്. പുസ്തകത്തില്‍നിന്നും ഒരു കഥ:

സര്‍വ്വാധിപന്റെ നീതി

പര്‍വ്വതത്തിന്റെ താഴ്‌വാരത്താണ് ഇപ്പോള്‍ മൂസാനബി. അല്ലാഹുവിന്റെ     കല്പന അനുസരിച്ച് എത്തിയതാണവിടെ, വേദഗ്രന്ഥമായ തൗറാത്ത് ഏറ്റുവാങ്ങാന്‍ . അല്പമകലെ ഒരു തെളിനീര്‍പ്പുഴ. പര്‍വ്വതത്തിന്റെ ഓരം ചേര്‍ന്ന് അതു കുണുങ്ങിയൊഴുകുന്നു. അധികം ദൂരത്തല്ലാതെ പുഴക്കടവ്. കുളിക്കാനും കുടിക്കാനും വെള്ളമെടുക്കുന്നത് അവിടെനിന്നാവും. അകലെനിന്നും കടവിലേക്കു തെളിഞ്ഞുകിടക്കുന്ന നടപ്പാത. അങ്ങിങ്ങ് വന്‍മരങ്ങളും കുറ്റിച്ചെടികളും. നോക്കിനിന്നപ്പോള്‍ കൗതുകം തോന്നി. മനോഹരമായ പ്രകൃതി. സ്രഷ്ടാവായ അല്ലാഹുവിന്റെ കലാവൈഭവത്തിന്റെ പ്രത്യക്ഷമായ തെളിവുകളാണൊക്കെ. ഏറെനേരം നോക്കിനിന്നുപോയി മൂസാനബി.

ദൂരെനിന്നും ഒരു കുതിര പാഞ്ഞുവന്ന് കടവോരത്തു നിന്നു. കുതിരക്കാരന്‍ താഴെ ഇറങ്ങി. കൈയിലെ പണക്കിഴി മരച്ചുവട്ടില്‍ വച്ചു പുഴയിലേക്കു നടന്നു. കൈകാലുകളും മുഖവും കഴുകി ക്ഷീണം മാറ്റി. തോളില്‍ തൂങ്ങിക്കിടന്ന തോല്‍പ്പാത്രമെടുത്തു വെള്ളം നിറച്ചു.തിരികെ വന്ന ആ മനുഷ്യന്‍ നേരേ കുതിരപ്പുറത്തു കയറി. കുതിരയെ ഓടിച്ചുവന്ന വഴിതന്നെ അയാള്‍ മടങ്ങിപ്പോയി.പണസഞ്ചി അയാള്‍ മറന്നു.കഷ്ടം തോന്നി മൂസാനബിക്ക്. ഓര്‍മ്മവരുമ്പോള്‍ തിരിച്ചെത്തുമായിരിക്കും. കടവ് അടുത്തായിരുന്നെങ്കില്‍ ഓര്‍മ്മപ്പെടുത്താമായിരുന്നു.

അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു ആട്ടിടയന്‍ ആടുകളെയും തെളിച്ചുകൊണ്ട് അവിടെയെത്തി. അയാളും ദാഹമകറ്റിയത് പുഴവെള്ളത്തില്‍.വെള്ളം കുടിച്ചുകഴിഞ്ഞ് കരയ്‌ക്കെത്തിയ ആടുകള്‍ ചിതറിപ്പരന്നു. കുറ്റിച്ചെടികളുടെ ഇലകള്‍ തേടുകയായിരുന്നു അവ. ഇടയന്‍ ഇത്തിരി ഒന്നു വിശ്രമിക്കാന്‍ മരച്ചുവട്ടില്‍ വന്നു.

ഒരു പണക്കിഴി!

അയാള്‍ ചുറ്റും നോക്കി. ആരുമില്ല. കൈയിലെടുത്തു ഭാരം നോക്കി. വീണ്ടും ഒന്നുകൂടി ചുറ്റും നോക്കി. അവിടെങ്ങും ആരെയും അവന്‍ ക്യുില്ല. ഉള്ളില്‍ കിളിര്‍ത്ത സന്തോഷം മുഖത്തൊന്നു മിന്നി. വേഗം കുപ്പായത്തിനുള്ളില്‍ അതു തിരുകി ഒളിപ്പിച്ചു. വേഗം വടി കൈയിലെടുത്ത് ആടുകളെ ആട്ടിത്തെളിച്ചു. കാര്യമറിയാത്ത ആടുകള്‍ തല്ലുകൊള്ളാതിരിക്കാന്‍ തമ്മിലിടിച്ചു വേഗം നടന്നു.മൂസാനബി ഒന്നൂറിച്ചിരിച്ചു.

പണത്തിന്റെ വില!

അതു സ്വന്തമാക്കാനുള്ള ആവേശം!ഒരു കുന്നിന്‍ചെരിവിലൂടെ ആടുകള്‍ അപ്രത്യക്ഷമായി. ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ആട്ടിടയനും. അയാളുടെ മനസ്സിലിപ്പോള്‍ ആയിരം പുതുപുത്തന്‍ പ്രതീക്ഷകള്‍ തളിരിടുകയാവും! ഇല്ലാത്തവന് അല്പം അധികമുണ്ടായാല്‍ അതും ആമോദത്തിനു വക തന്നെ.മൂന്നാമതൊരാള്‍കൂടി ആ പുഴക്കടവിലേക്കു നടന്നടുക്കുന്നതു മൂസാനബി കണ്ടു.ഒരു വിറകുവെട്ടുകാരന്‍. തലയില്‍ വിറകിന്റെ ചുമട്. അയാള്‍ ആ മരച്ചുവട്ടില്‍ വന്നു വിറക് ഇറക്കിവച്ചു. തളര്‍ന്നുപോയിരുന്നു അയാള്‍ . പ്രായാധിക്യത്തിന്റെ പരവേശം അയാളില്‍ വ്യക്തമായിരുന്നു.മരച്ചുവട്ടിലിരുന്ന് അയാള്‍ കുപ്പായമഴിച്ചു. അതുതന്നെ വിശറിയാക്കി അയാള്‍ ആഞ്ഞാഞ്ഞുവീശി. ഒഴുകാന്‍ തുടങ്ങിയ വിയര്‍പ്പുതുള്ളികള്‍ അയാള്‍ കൈവിരല്‍കൊണ്ടു വടിച്ചെറിഞ്ഞു.

ക്ഷീണം അല്പമൊന്നാറിയപ്പോള്‍ അയാള്‍ പുഴയിലേക്കു നടന്നു. വസ്ത്രങ്ങളഴിച്ച് അലക്കിവിരിച്ചിട്ട് അയാള്‍ മുങ്ങിക്കുളിച്ചു. തിളയ്ക്കുന്ന വെയില്‍. കുളികഴിഞ്ഞപ്പോള്‍ വസ്ത്രങ്ങളുണങ്ങി.അയാള്‍ വിറകുകെട്ടിനടുത്തേക്കു നടന്നു. നല്ല ഭാരമുണ്ടായിരുന്നു വിറകുകെട്ടിന്. ഒറ്റയ്ക്കുയര്‍ത്താന്‍ പെട്ടെന്നു കഴിഞ്ഞില്ല.അതാ ആദ്യം ക്യു കുതിരക്കാരന്‍ പാഞ്ഞുവരുന്നു. അയാള്‍ കുതിരയുടെ കടിഞ്ഞാണ്‍ വലിച്ച് ഒറ്റക്കുതിപ്പിന് താഴെ ചാടി. അയാളുടെ കണ്ണുകള്‍ ആ മരച്ചുവട്ടില്‍ പരതിനടന്നു. പിന്നെ വൃദ്ധനെ നോക്കി.

വിറകുകെട്ടുയര്‍ത്താന്‍ തത്രപ്പെടുകയാണ് വൃദ്ധന്‍.
”ഒന്നു സഹായിക്കാമോ?” വൃദ്ധന്‍ ചോദിച്ചു.
”പോകാന്‍ ധൃതിയാണോടാ നിനക്ക്?”
”ഉവ്വ്, ഇതു വിറ്റിട്ടുവേണം ഇന്നത്തേക്കു വകയുണ്ടാക്കാന്‍ .”
”ഉവ്വോടാ, പണക്കിഴി കിട്ടിയിട്ടും പോര അല്ലേ നിനക്ക്?”

”പണക്കിഴിയോ? ഏതു പണക്കിഴി?”
”ഭ്ഫ്! എടുക്കെടാ എന്റെ പണക്കിഴി. ഇവിടെ ഞാനതു മറന്നിട്ട് ഇത്തിരിനേരമേ ആയുള്ളൂ.”
”ഞാന്‍ ക്യുില്ലല്ലോ അത്.”
”മറ്റാരും ഇവിടെ വന്നിട്ടുണ്ടാവില്ല. അതിനുള്ള നേരമായില്ലല്ലോ.”
”ഞാനെടുത്തിട്ടില്ല.” വൃദ്ധന്‍ സത്യം പറഞ്ഞു.
”നീയതു തിരികെ തരുന്നുണ്ടോ?”
”ഞാന്‍ സത്യമാ പറഞ്ഞത്.”
”നിന്റെ ഒരു സത്യം.” കുതിരക്കാരനു കോപം വന്നു. കൈനിവര്‍ത്തി ഒറ്റ അടി. അടി കൃത്യമായിത്തന്നെ കൊണ്ടു. കൊണ്ടപാടേ മുഖം തിരിഞ്ഞു. ഒരു വിറയോടെ അയാള്‍ നിലത്തുവീണു. ഒന്നു പിടയ്ക്കുന്നതേ കുതിരക്കാരന്‍ ക്യുുള്ളൂ. കൈകാല്‍ വലിച്ചുനിവര്‍ത്തി നിശ്ചലം.
നടുങ്ങിപ്പോയി കുതിരക്കാരന്‍

. ഒരാളെ തച്ചുകൊന്ന കൊലപാതകിയായിരിക്കുന്നു താന്‍! പൊടുന്നനേ അയാള്‍ ചുറ്റും നോക്കി. പിന്നെ ഒറ്റക്കുതിപ്പിനു കുതിരപ്പുറത്തു വീണു. കുതിര നിലം തൊടാതെ തിരികെ പാഞ്ഞു.നൂറു ദീനാറിന് ഒരു കൊല! അതോ തെളിവുകള്‍പോലും തേടാതെ.

ഇവിടെ ശരിക്കും ഞെട്ടിയത് മൂസാനബിയാണ്. ഞാന്‍ നീതി മാത്രമേ ചെയ്യൂ എന്നാണ് റബ്ബ് പറയുന്നത്. പക്ഷേ, ഇവിടെ കണ്ടതെന്താണ്. മോഷ്ടിച്ചത് ഒരാള്‍. അതിന്റെ പേരില്‍ ശിക്ഷയേറ്റു വാങ്ങിയതു മറ്റൊരാള്‍. ഇതെന്തു നീതി!

”ഹേ, മൂസാ! ഞാന്‍ ഇവിടെ ചെയ്തതു തീര്‍ത്തും നീതിതന്നെയാണ്.” അല്ലാഹുവിന്റെ അറിയിപ്പ് ഉടനുണ്ടായി.
”എങ്ങനെ?” ചോദിക്കാതിരിക്കാനായില്ല പ്രവാചകന്.
”കുതിരക്കാരന്റെ പിതാവ് ആട്ടിടയന്റെ പിതാവില്‍നിന്നും നൂറു ദീനാര്‍ വായ്പ വാങ്ങിയിരുന്നു. അതു തിരികെ കൊടുക്കാന്‍ മകനെ ശട്ടം കെട്ടുകയും ദീനാര്‍ ഏല്പിക്കുകയും ചെയ്തിരുന്നു. മകന്‍ അതു തിരികെ കൊടുത്തില്ല. ആട്ടിടയന്റെ പിതാവ് മരണപ്പെട്ടപ്പോള്‍ അതോടെ ബാദ്ധ്യത തീര്‍ന്നു എന്നയാള്‍ കരുതി. പക്ഷേ, ഞാനതു മറക്കില്ലല്ലോ മൂസാ, അവകാശിക്ക് ആ പണം എത്തിച്ചുകൊടുക്കുകയാണ് ഞാന്‍ ചെയ്തത്.”

”അതിന്റെ പേരില്‍ ഒരു നിരപരാധി കൊല്ലപ്പെട്ടല്ലോ റബ്ബേ. അതു നീതിയാവുന്നതെങ്ങനെ?”
”അനീതിയെന്ന് മനുഷ്യര്‍ക്കു പ്രത്യക്ഷത്തില്‍ തോന്നുന്നതൊക്കെ അനീതിയായിക്കൊള്ളണമെന്നില്ല. എല്ലാം അറിയുന്നവന്‍ ഞാന്‍ മാത്രമാണ്. വിറകുവെട്ടുകാരന്‍ കുതിരസവാരിക്കാരന്റെ പിതാവിനെ ഇതേ സ്ഥലത്തു വച്ചുതന്നെ ഇതേപോലെ തല്ലിക്കൊന്നു. അന്ന് അതാരും കണ്ടില്ലെന്നയാള്‍ കരുതി. എല്ലാം കാണുന്നവനാണ് റബ്ബ് എന്നയാള്‍ ഓര്‍ത്തതേ ഇല്ല. കൊലയ്ക്കു കൊലതന്നെയാണ് മൂസാ ഭൂമിയിലെ ശിക്ഷ. അതു ഞാന്‍ അവകാശിയെക്കൊണ്ടുതന്നെ ചെയ്യിച്ചു.”

”എന്നോടു മാപ്പാക്കിയാലും റബ്ബേ. നിന്റെ രഹസ്യങ്ങളൊന്നും അറിവില്ലാത്തവനാണ് ഈ മൂസാ. നീ സര്‍വ്വജ്ഞനാണ്. നീ എനിക്ക് ജ്ഞാനം നല്കി അനുഗ്രഹിക്കേണമേ!”

ആരാണ് കുലംകുത്തി? ആരാണ് കുടുംബക്കാരന്‍ ?

May 16, 2012 · Posted in Uncategorized · 70 Comments 

ഇടതുപക്ഷത്തിന് ഇതു പ്രതിസന്ധികളുടെ കാലമാണ്. വി എസ് എന്നും പിണറായി എന്നും പേരുള്ള ഇരു രാഷ്ട്രീയ പക്ഷങ്ങളായി വിഭജിക്കപ്പെട്ടിരുന്ന സി. പി. എമ്മിന് ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാതെ വയ്യ. വിജയിക്കുന്നത് ആരെന്നല്ല, ഏത് രാഷ്ട്രീയ സമീപനം എന്നാണ് ലോകം ഉറ്റു നോക്കുന്നത്. എന്‍ . എം പിയേഴ്‌സന്റെ വിലയിരുത്തല്‍ :

വീണ്ടും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച കാലത്ത് അതിന്റെ കാന്‍വാസ് സാര്‍വ്വദേശീയമായിരുന്നു. ‘സാര്‍വ്വദേശീയ തൊഴിലാളികളേ നിങ്ങള്‍ സംഘടിക്കുവിന്‍’ എന്നാണ് മാര്‍ക്‌സ് പറഞ്ഞത്. അതൊരു ആഗോള കാഴ്ചപ്പാടായിരുന്നു. മുതലാളിത്തത്തിന്റെ ചെറുപ്പകാലത്തുതന്നെ മാര്‍ക്‌സ് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തെ വിലയിരുത്തിയതും വിഭാവനം ചെയ്തതും ഭാവിയുടെ പ്രസ്ഥാനമെന്ന1 നിലയ്ക്കുതന്നെയായിരുന്നു. അന്ന് നിലനിന്ന പ്രസ്ഥാനത്തില്‍ ഭാവിയുടെ മുഖം ദര്‍ശിക്കാന്‍ ശ്രമിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പത്തൊമ്പതാം നൂറ്റാണ്ടില്‍ ദേശരാഷ്ട്രങ്ങള്‍ പുരോഗമനപരമായ അതിന്റെ ചരിത്രദൗത്യം പൂര്‍ത്തീകരിച്ചുകൊണ്ടിരുന്ന സമയത്തുതന്നെ പുതിയതായി രൂപപ്പെട്ട ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ അതിന്റെ പരിപാടിയിലെ സങ്കുചിത ദേശീയവാദത്തിന്റെ പേരില്‍ അതിനിശിതമായി മാര്‍ക്‌സ് വിമര്‍ശിക്കുകയുണ്ടായി, 1875-ലെ ഗോദാ കോണ്‍ഗ്രസ്സില്‍വച്ചായിരുന്നു വിമര്‍ശനം. ഗോദാ പ്രോഗ്രാം ഊന്നല്‍ കൊടുത്തത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ സാര്‍വ്വദേശീയസാഹോദര്യത്തിനായിരുന്നു. സ്വന്തം രാജ്യത്ത് ബൂര്‍ഷ്വാസിക്കെതിരെ പോരാടിക്കൊണ്ട് തൊഴിലാളിവര്‍ഗ്ഗം മോചനം നേടുന്നത് സാര്‍വ്വദേശീയ സാഹോദര്യം സ്ഥാപിക്കുന്നതിന് വേണ്ടിയാണെന്ന് മാര്‍ക്‌സ് വ്യക്തമാക്കിയിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്‌സ് സൂചിപ്പിച്ച പല കാര്യങ്ങളും അടര്‍ത്തിയെടുത്തുകൊണ്ട് എഡ്വേര്‍ഡ് മോര്‍ട്ടിമറെപ്പോലുള്ള2 വലതുപക്ഷ സാമ്പത്തിക വിദഗ്ദ്ധര്‍ ആഗോളവത്കരണമെന്നത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോതന്നെ പറഞ്ഞ കാര്യങ്ങളാണെന്ന് ചൂണ്ടിക്കാണിക്കാന്‍വരെ തയ്യാറായി.

സോവിയറ്റ് റഷ്യയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്ന് വീണപ്പോഴും ഇത്തരം ഒരു ആക്ഷേപത്തിന് മാര്‍ക്‌സിസം വിധേയമായിരുന്നില്ല. സ്വതന്ത്ര വിപണിയുടെ പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കാന്‍ മാര്‍ക്‌സിനെ ഇതിന് മുമ്പാരും ഇതുപോലെ ഉദ്ധരിച്ചിട്ടില്ല. മാര്‍ക്‌സിസ്റ്റ്ചിന്ത പലതരം വെല്ലുവിളികള്‍ക്ക് വിധേയമായപ്പോഴും അതിന് അതിന്റെ വ്യതിരിക്തമായ വ്യക്തിത്വം നഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ സൈദ്ധാന്തികപദ്ധതിയുടെ ഏറ്റവും വലിയ പോരായ്മയായി പലരും ചൂണ്ടിക്കാട്ടിയത് വര്‍ഗ്ഗസമരത്തിന്റെ ഊന്നലില്‍ സംഭവിച്ച തകരാറാണ്. മുതലാളിത്തത്തെ തുറന്നുകാട്ടുന്നതിലും അതിന്റെ മനുഷ്യവിരുദ്ധവും ജനവിരുദ്ധവുമായ കാര്യപരിപാടികള്‍ വെളിപ്പെടുത്തുന്നതിലും മാര്‍ക്‌സിസം വിജയിച്ചു. എന്നാല്‍ ഇന്ന് എല്ലാ ഔദ്യോഗിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും വര്‍ഗ്ഗസമരത്തെ കൈവിട്ടു. ഇത് ആ പാര്‍ട്ടികള്‍ക്ക് സംഭവിച്ച പ്രത്യയശാസ്ത്ര വ്യതിയാനമാണ് കാണിക്കുന്നത്. എല്ലാക്കാലത്തേക്കാളും വര്‍ഗ്ഗസമരത്തിന്റെ തീവ്രത വര്‍ദ്ധിച്ച കാലമാണിത്. ആഗോളമൂലധനത്തിന്റെ സഞ്ചാരം വര്‍ഗ്ഗസമരത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കയാണ്. 1848-ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കിയ സമയത്തെ വര്‍ഗ്ഗസമര പദ്ധതി അതേപടി ഇന്ന് തുടരുന്നതില്‍ അര്‍ത്ഥമില്ല. അവയെ ഇന്നത്തെ കാലത്തിന്റെ സ്വഭാവസവിശേഷതയ്ക്കനുസരിച്ച് പാകപ്പെടുത്തുകയും രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

നാളിതുവരെയുള്ള ചരിത്രം വര്‍ഗ്ഗസമരത്തിന്റേതാണെന്ന് മാര്‍ക്‌സ് സൂചിപ്പിച്ചത് കാലാതീതമായ ഒരു പ്രസ്താവനയായി ഇന്നും നിലനില്‍ക്കുകയാണ്. പക്ഷേ, അതുമാത്രമാണ് ചരിത്രം എന്ന ശാഠ്യമാണ് കുഴപ്പം. ചരിത്രത്തിന്റെ ഒരു അന്തര്‍ധാര വര്‍ഗ്ഗസമരത്തിന്റേതാണ്. അത് എല്ലാ ചരിത്രത്തെയും സ്വാധീനിക്കുന്നുണ്ട്. ഈ അര്‍ത്ഥത്തിലാണ് മാര്‍ക്‌സിന്റെ പ്രസ്താവന പ്രാധാന്യമുള്ളതാകുന്നത്. വര്‍ഗ്ഗസമരത്തിന്റെ രൂപത്തിലും ഭാവത്തിലും നിരന്തരമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും  അന്തഃസത്തയില്‍ അതിന് മാറ്റമില്ല. സമൂഹത്തിന്റെ പൊതുചരിത്രമെന്നപോലെ മുതലാളിത്തചരിത്രത്തിലും വര്‍ഗ്ഗസമരത്തിന്റെ ശക്തി തീവ്രമാണ്. അതില്‍ വിവാദപരതയും കലഹകോലാഹലങ്ങളും ഏറെയുണ്ട്. സാമൂഹിക ജീവിതത്തില്‍ മുതലാളിത്തം അതിന്റെ ഘടനകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയകാലത്തിന് ഒരുപാട് പഴക്കമുണ്ട്. മുതലാളിത്തചിന്തയുടെ പ്രമുഖ ശ്രോതസ്സായിരുന്നു ആഡംസ്മിത്ത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഹോമോസാപ്പിയന്‍സാണ് മുതലാളിത്തത്തിന് ജന്മം നല്‍കിയത്. കൈമാറ്റം എന്നത് മനുഷ്യവംശത്തിന്റെ മാത്രം പ്രത്യേകതയാണ്. ബോധപൂര്‍വ്വമായ ഒരു ഇടപെടലിന്റെ പ്രശ്‌നം അതിന്റെ പിന്നിലുണ്ടായിരുന്നു. ഒരു പട്ടി ചന്ത നടത്തുന്നതും ചരക്കുകള്‍ കൈമാറ്റം ചെയ്യുന്നതും നിരീക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ അര്‍ത്ഥം സവിശേഷ ബുദ്ധിയുടെ സാന്നിദ്ധ്യം മുതലാളിത്തപ്രവര്‍ത്തനത്തിന് ആവശ്യമാണെന്നാണ്. മുതലാളിത്തം എന്നത് ബോധപൂര്‍വ്വമായ ഒരു പ്രവൃത്തിയും പ്രക്രിയയുമാണ്. അതിന്റെ ഇതുവരെയുള്ള ചരിത്രവികാസത്തില്‍ വര്‍ഗ്ഗവൈരുദ്ധ്യവും അതിന്റെ പരിണതഫലമായ വര്‍ഗ്ഗസമരവും തത്ത്വത്തില്‍ നിലനിന്നിട്ടുണ്ട്.

സാമൂഹികബന്ധങ്ങളുടെ ആധിപത്യത്തിലാണ് മുതലാളിത്തം സ്വയം നിര്‍വ്വചിക്കപ്പെടുന്നത്. മുതലാളിത്ത സാമൂഹികബന്ധം എന്നത് അടിസ്ഥാനപരമായി തൊഴിലാളിയും മൂലധനവും തമ്മിലുള്ള ബന്ധമാണ്. മൂലധനത്തെ നിര്‍വ്വചിക്കാനും നിശ്ചയിക്കാനും ശ്രമിക്കുമ്പോള്‍ വര്‍ഗ്ഗസമരത്തിന്റെ പരികല്പന രൂപപ്പെടും. മൂലധനം സമൂഹത്തിനുമേല്‍ ആധിപത്യം ചെലുത്തുന്നത് കാണാം. ആ ആധിപത്യം മൂലധനമില്ലാത്ത മനുഷ്യരുടെമേല്‍ മൂലധനം സൃഷ്ടിക്കുന്ന അധീശത്വമാണ്. അതുകൊണ്ടാണ് അതിനെ ഒരു വര്‍ഗ്ഗസമരം എന്ന് വിശേഷിപ്പിക്കുന്നത്. പണമില്ലാത്തവനുമേല്‍ പണം അധീശത്വം പ്രഖ്യാപിക്കുമ്പോള്‍ അവന്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ അത് യുദ്ധരൂപം സ്വീകരിക്കുന്നു. ആധിപത്യത്തിന്റെ ബലതന്ത്രം എവിടെ അത് പ്രവര്‍ത്തിക്കുന്നുവോ അവിടെ അതിനെതിരെ പ്രതിപ്രവര്‍ത്തനം നടക്കും എന്നുള്ളതാണ്. അത് ഒരു പ്രകൃതിനിയമമാണ്. ആധിപത്യത്തിനും അധീശത്വത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ അവയ്‌ക്കെതിരെയുള്ള ചെറുത്തുനില്പുകളെക്കൂടി ഉള്ളില്‍ സൂക്ഷിക്കുന്നു. ചൂഷണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനും ശ്രമങ്ങളുണ്ടാകും. പ്രതിപ്രവര്‍ത്തനങ്ങളും പ്രതിരോധങ്ങളും സമരരൂപങ്ങളില്‍ പ്രത്യക്ഷപ്പെടുകയും അത് വര്‍ഗ്ഗസമരമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു.

പ്രകൃതിയിലും സമൂഹത്തിലും പ്രത്യക്ഷപ്പെടുന്ന വൈരുദ്ധ്യങ്ങള്‍ക്ക് പ്രത്യേകമായ സവിശേഷതകള്‍ നല്‍കപ്പെടുമ്പോള്‍ അതിന് ചില ഭൗതിക സ്വഭാവങ്ങള്‍തന്നെ ഉണ്ടാകുന്നു. മൂലധനം സൃഷ്ടിക്കുന്ന വൈരുദ്ധ്യത്തിന്റെ ഭൗതികരൂപമാണ് വര്‍ഗ്ഗസമരമായി രൂപം മാറുന്നത്. പലരും കരുതുന്നതുപോലെ അത് തൊഴിലാളികളുടെ ഭാഗത്തുനിന്നുള്ള വര്‍ഗ്ഗസമരം മാത്രമല്ല, മുതലാളിയുടെ ഭാഗത്തുനിന്നുകൂടിയുള്ള ഒരു വര്‍ഗ്ഗസമരമാണ്. മൂലധനത്തിന്റെ താത്പര്യത്തിന് വേണ്ടി മുതലാളി നടത്തുന്ന അക്രമങ്ങള്‍ വര്‍ഗ്ഗസമരത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കും. ആഗോളമൂലധനം ആ രീതിയില്‍ മുന്‍പത്തെക്കാളും ശക്തമായ രീതിയിലാണ് ഇപ്പോളതിന്റെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. മൂലധനശക്തികള്‍ ലാഭത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയും തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുമ്പോള്‍ തൊഴിലാളികള്‍ അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നു. ഇത് വര്‍ഗ്ഗസമരത്തിലേക്കും നിരന്തര പോരാട്ടത്തിലേക്കും വഴി തുറക്കുന്നു. മുതലാളിത്തം നടത്തുന്ന വര്‍ഗ്ഗസമരത്തെ ആരും അഭിസംബോധന ചെയ്യാറില്ല. കാരണം മുതലാളിത്ത ആധിപത്യമാണ് നിലവിലുള്ള എസ്റ്റാബ്ലിഷ്‌മെന്റ്.  അതിനെതിരെയാണ് സമരം. അതുകൊണ്ടാണ് സമരം ചെയ്യപ്പെടുന്നവര്‍ അഭിസംബോധനയ്ക്ക് വിധേയരാക്കപ്പെടുന്നത്. നിലവിലുള്ള എസ്റ്റാബ്ലിഷ്‌മെന്റിനെതിരെ നീങ്ങുന്നവര്‍ക്കാണ് പ്രസക്തി.

സി.പി.എം.ല്‍ പിണറായി വിജയനല്ല പ്രസക്തി, വി.എസ്.അച്യുതാനന്ദനാണ്. കാരണം അച്യുതാനന്ദന്‍ എസ്റ്റാബ്ലിഷ്‌മെന്റിനെതിരെ ശബ്ദിക്കുന്നു. പിണറായി വിജയന്‍ പാര്‍ട്ടി എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. സ്വാഭാവികമായും പിണറായി വിജയന്‍ ജനങ്ങള്‍ക്ക് അപ്രിയനാകുന്നു. മുതലാളിത്ത വര്‍ഗ്ഗസമരം ലിബറല്‍ സിദ്ധാന്തങ്ങളിലൂടെ പരക്കുന്നു. അതിനെതിരെ അണിനിരക്കുന്ന തൊഴിലാളികളുടെ സമരം കലാപത്തിന്റെയും വിപ്ലവത്തിന്റെയും രൂപങ്ങള്‍ സ്വീകരിക്കുന്നു. കഴിഞ്ഞ മുപ്പതു വര്‍ഷത്തെ ചരിത്രം ആഗോളമൂലധനത്തിന്റെ അക്രമം തീവ്രമാക്കിയ ചരിത്രമാണ്. ലോകത്താകമാനം ആഗോളമൂലധനം തൊഴിലാളികളെയും ദരിദ്രജനവിഭാഗത്തെയും കടന്നാക്രമിച്ച് കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജനകീയ സമരങ്ങള്‍ എല്ലായിടത്തും ദുര്‍ബലമായി. കലാപങ്ങളും വിപ്ലവങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. അല്ലെങ്കില്‍ അവയുടെ സ്വഭാവത്തിന് അപഭ്രംശം സംഭവിക്കുകയും അത് ഇല്ലാതാവുകയും ചെയ്തു. കലാപങ്ങളും വിപ്ലവങ്ങളും ജനങ്ങളില്‍ അന്യവത്ക്കരിക്കപ്പെട്ടു. പ്രത്യയശാസ്ത്രപരമായ ഈ ആധിപത്യത്തിനും മൂലധനശക്തികളുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായിരുന്നു. ഇങ്ങനെ സംഭവിച്ചതിന് ഒരു മുഖ്യ കാരണം കഴിഞ്ഞ 30 വര്‍ഷംകൊണ്ട് വര്‍ഗ്ഗസമരത്തിന്റെ കേന്ദ്രപ്രമേയത്തിന് മാറ്റം സംഭവിച്ചതാണ്.

വര്‍ഗ്ഗസമരത്തിന്റെ കേന്ദ്രം ഇപ്പോള്‍ പണമാണ്. ലോകത്തിന്റെ പല ഭാഗത്തും മൂലധനശക്തികള്‍ ഇപ്പോള്‍ അക്രമോത്സുകമായ മുന്നേറ്റമാണ് നടത്തുന്നത്. സ്വത്തവകാശത്തിന്റെ രീതിതന്നെ മാറി. പ്രാദേശിക ജനത പരമ്പരാഗതമായി നേടിയ അവകാശങ്ങള്‍പോലും മുതലാളിത്തശക്തികള്‍ പിടിച്ചെടുത്തു. മൂലധനത്തിന്റെ പുതിയ അധിനിവേശങ്ങളിലൂടെയാണ് അത് നടന്നത്. മത്സ്യമേഖലയിലും മൃഗസംരക്ഷണ രംഗത്തും കാര്‍ഷികമേഖലയിലും ആരോഗ്യമേഖലയിലും പ്രാദേശിക ജനത പരമ്പരാഗതമായി സ്വാംശീകരിച്ചുവച്ചിരുന്ന നാട്ടറിവുകള്‍ ആഗോളമൂലധന ശക്തികള്‍ സ്വന്തമാക്കി. ഇതിന് അവര്‍ ഉപയോഗിച്ചത് പേറ്റന്റ് നിയമം എന്ന കൗശലമാണ്. ആഗോളമൂലധനത്തിന്റെ അന്താരാഷ്ട്ര ഉപകരണമാണ് ലോകവ്യാപാരസംഘടന. മുതലാളിത്തം സ്വയം നവീകരിച്ച് വര്‍ഗ്ഗസമരത്തെ മൂര്‍ച്ചയുള്ളതാക്കി. അതിനാല്‍ ഇതിനെ പ്രതിരോധിക്കാന്‍ തൊഴിലാളിവര്‍ഗ്ഗം അതിന്റെ സംഘടനാസംവിധാനത്തെയും പ്രത്യയശാസ്ത്ര ഉപകരണങ്ങളെയും പുതുക്കിപ്പണിയണം. ഇതിനു കഴിയാത്തതുകൊണ്ടാണ് നീണ്ട കാലത്തിന്റെ ഉറക്കം അവരെ ബാധിച്ചത്.

(എന്‍ എം പിയേഴ്‌സണ്‍ന്റെ ‘ആഗോളവത്ക്കരണവും മാര്‍ക്‌സിസവും’ എന്ന പുസ്തകത്തില്‍നിന്നും)

 

ജീവിതം ഒരു തീറ്റമത്സരമാക്കരുത്!!

May 15, 2012 · Posted in Authors, Books · 15 Comments 

ജീവിതശൈലീരോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം തെററായ ആഹാരരീതിയാണ്. ക്യാനസര്‍ ഉള്‍പ്പടെയുള്ള മാരകരോഗങ്ങള്‍ നമ്മള്‍ വരുത്തിവയ്ക്കുന്നാണ് എന്നു പറഞ്ഞാലും തെറ്റല്ല. ‘സമയിമില്ല’ എന്ന പല്ലവി നമ്മെ ഫാസ്റ്റഫുഡ് റസ്റ്റോറന്റുകളുടെ അടിമയാക്കി. ഫലമോ, പൊണ്ണത്തടിയും നിത്യരോഗവും. ആരോഗ്യത്തിലും രോഗത്തിലും ഭക്ഷണക്രമത്തിലുള്ള പങ്കിനെക്കുറിച്ച്പ്രസിദ്ധ ആയുവേദ ഡോക്ടര്‍ . ചി മുരളി മനോഹര്‍ ‘ആയുര്‍വേദം എല്ലാവര്‍ക്കും’ എന്  പുസ്തക്ത്തില്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ആയുര്‍വേദത്തിന്റെ പ്രാഥമികപാഠങ്ങള്‍പ്പോലും അറിയാത്ത വായനക്കാരെ ഉദേദേശിച്ചു രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം.

ആരോഗ്യത്തിലും രോഗത്തിലും ഭക്ഷണക്രമത്തിനുള്ള പങ്ക്

ഒരു ആഹാരപദാര്‍ത്ഥം നമ്മുടെ വായില്‍വയ്ക്കുന്ന അവസരത്തില്‍ നമുക്ക് അനുഭവവേദ്യമാവുന്ന വികാരമാണ് അതിന്റെ രുചി അഥവാ രസം. രസങ്ങള്‍ ആറുതരത്തിലുണ്ട്.

 പോഷകപ്രദവും തൃപ്തിദായകവുമായ ഏതു ഭക്ഷണത്തിനും പൊതുവേ പറഞ്ഞാല്‍ , മധുരരസമുണ്ട്. മധുരപദാര്‍ത്ഥങ്ങളുടെ ഉപയോഗം ശരീരത്തില്‍ കഫത്തിന്റെ ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നു–എന്നുവച്ചാല്‍ ജലദോഷം, (കൊഴുപ്പു വര്‍ധിക്കുന്നതുവഴി) അമിതഭാരം, സ്ഥിരോത്സാഹം, കായികബലം എന്നിവ. മധുരഭക്ഷണത്തിന് സാത്വികഗുണമുണ്ട്. ശോധന സുഗമമാക്കുന്ന ഇവ മൂത്രവര്‍ധകവുമാണ്. വാതകോപത്തിന്റെ സൂചനയായ മനഃക്ഷോഭവും വേവലാതിയുമുണ്ടോ നിങ്ങള്‍ക്ക്? എങ്കില്‍ മധുരം നിങ്ങളെ ശാന്തരാക്കും. കൂടാതെ, പിത്താഗ്നിയെ ശമിപ്പിക്കുന്ന മധുരം ഒരു ബുദ്ധിവര്‍ധിനിയായി കരുതപ്പെടുന്നു. എന്നുവച്ച് പഞ്ചസാരയുടെ അമിതോപയോഗം സ്ഥിരത പ്രദാനം ചെയ്യുന്നില്ല; അതു കഫത്തെ വര്‍ധിപ്പിച്ച് ആലസ്യമുളവാക്കുന്നു.

അതിമധുരം അത്യാര്‍ത്തിയും വികാരപാരവശ്യവും സൃഷ്ടിക്കുന്നു. ഇത് മനംപിരട്ടലുണ്ടാക്കുന്നു. കൂടിയ തോതില്‍ മധുരം കഴിക്കുന്നത് പൊണ്ണത്തടി, വിശപ്പില്ലായ്മ, ശ്വസനേന്ദ്രിയരോഗങ്ങള്‍, ഗോയിറ്റര്‍, ലിംഫ്മുഴകളുടെ വികാസം, പ്രമേഹം, വിരശല്യം മുതലായവയ്ക്കു കാരണമാകുന്നു. കഫത്തിന്റെ ഏതുതരത്തിലുമുള്ള അസന്തുലിതാവസ്ഥയില്‍ മധുരം കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണം. ചോറ്, പരിപ്പ്, ശര്‍ക്കര, പഞ്ചസാര, പാല്‍, തേന്‍, കിഴങ്ങുവര്‍ഗങ്ങള്‍, മുട്ട, മാങ്ങ, വാഴപ്പഴം, ആപ്രിക്കോട്ട് എന്നിവ മധുരാഹാരത്തിനുദാഹരണങ്ങളാണ്.

2.     പുളിരസം: പുളിരുചിയുള്ള മരുന്നും ആഹാരവും വിശപ്പിനെ ഉദ്ദീപിപ്പിക്കുകയും ആഹാരത്തിനു രുചി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അവ വായുവിനെ പുറന്തള്ളി ദഹനക്കുറവിനെ ചെറുക്കുന്നു. ആഹാരം കട്ടിയാകാതിരിക്കുന്നതിന് ഇവ ഉപയോഗിക്കാം. പുളിരസമുള്ള ഭക്ഷണം കഴിക്കുന്നത് ഉന്മേഷദായകമാണ്. എങ്കിലും ഇവയുടെ അമിതോപയോഗം ദാഹം വര്‍ദ്ധിപ്പിക്കും. ഇതാവട്ടെ പിത്താധിക്യത്തിന്റെ ഒരു ലക്ഷണമാണ്. ഇത് നെഞ്ചിലും തൊണ്ടയിലും എരിച്ചിലിനു കാരണമാകുന്നു. ഈ അഗ്നിയെ ശമിപ്പിക്കുന്നതിന് ഉയര്‍ന്ന അളവില്‍ വെള്ളം കുടിക്കേണ്ടതാണ്. ഇത് ക്രമേണ നീര്‍ക്കെട്ടിനും വീക്കത്തിനും വഴിയൊരുക്കും. പിത്തത്തിന്റെ തീവ്രഗുണങ്ങളായ തീക്ഷ്ണബുദ്ധിയും യുക്തിപരതയും പുളിരുചിയുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ വര്‍ദ്ധിക്കുന്നു. എന്നാല്‍ അധികരിച്ച പിത്തത്തിന് അമര്‍ഷവും അസൂയയുമായാണ് ബന്ധം. അനീമിയ, രക്തസ്രാവം, തലചുറ്റല്‍, ദൃഷ്ടിവൈകല്യങ്ങള്‍ എന്നിവ പുളിരസമുള്ള ആഹാരത്തിന്റെ അമിതമായ ഉപയോഗംമൂലമുണ്ടാകുന്ന സാമാന്യരോഗങ്ങളാണ്. പുളിയുള്ള ഭക്ഷ്യവസ്തുക്കള്‍ക്കുദാഹരണമാണ് ഓറഞ്ച്, തക്കാളി, നാരങ്ങ എന്നിവ.

3.     ലവണരസം: ഉപ്പ് കഫത്തെയും പിത്തത്തെയും വര്‍ധിപ്പിക്കുന്നു. കുറഞ്ഞ അളവിലുള്ള ഉപ്പിന്റെ ഉപയോഗം ഭക്ഷണത്തെ ആസ്വാദ്യമാക്കുകയും ഉമിനീരിന്റെയും ആമാശയരസങ്ങളുടെയും പ്രവാഹമുണ്ടാക്കുകയും ചെയ്യുന്നു. കൂടിയ അളവിലുള്ള ഉപ്പ് ഭക്ഷണക്കൊതി നിയന്ത്രിക്കല്‍ ശ്രമകരമാക്കുന്നു. ഉയര്‍ന്ന അളവില്‍ ഭക്ഷണം കഴിക്കുന്നതിനു വഴിയൊരുക്കുന്ന ഉപ്പ് കൊഴുപ്പ് വര്‍ദ്ധിക്കാനും അമിതഭാരത്തിനും ഇടയാക്കുന്നു. ശരീരഭാരം കൂട്ടാനും ഷണ്ഡത്വം, നരച്ച മുടി, അകാലത്തിലുള്ള ചുളിവുകള്‍, മുടികൊഴിച്ചില്‍, രക്തസ്രാവം, ചര്‍മരോഗങ്ങള്‍, ആമാശയരോഗങ്ങള്‍ എന്നിവയ്ക്കും ഉപ്പ് കാരണമാകുന്നു. ഉപ്പിന്റെ അമിതോപയോഗം കൊതിയോടും അനിയന്ത്രിതമായ ആര്‍ത്തിയോടുമാണ് പൊതുവേ ബന്ധപ്പെട്ടിരിക്കുന്നത്. ലവണരസമുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ക്കുദാഹരണമാണ് അച്ചാറുകളും പപ്പടവും.

4.     എരിവ് (കടുരസം): ചൂടുള്ളതും മസാല കലര്‍ന്നതുമായ ഭക്ഷണം എരിച്ചിലും (പിത്താധിക്യത്തിന്റെ താപനഫലം) ദാഹവും (വാതാധിക്യത്തിന്റെ ഫലം) സൃഷ്ടിക്കുന്നു. ശരീരത്തെ ഉദ്ദീപിപ്പിക്കുന്ന അത് വിയര്‍പ്പ്, കണ്ണീര്‍, ഉമിനീര്‍, കഫം എന്നീ ദ്രവങ്ങളുടെ സ്വതന്ത്രപ്രവാഹത്തിനു വഴിയൊരുക്കുന്നു. അങ്ങനെ ദഹനം വര്‍ധിക്കുകയും ശരീരകലകളിലെ നീര് പുറത്തുപോയി ശുദ്ധവുമാവുന്നു. ഇത്തരം ഗുണങ്ങളുണ്ടെന്നിരിക്കിലും എരിവ് അമിതമായുപയോഗിച്ചാല്‍ ദൂഷ്യഫലം ചെയ്യും. വേവിക്കാത്ത മുളക് തിന്നുന്നത് ചുണ്ടുകള്‍ വീര്‍ക്കുന്നതിനും ചര്‍മ്മം പൊള്ളുന്നതിനും ഷണ്ഡത്വത്തിനുപോലും ഇടയാക്കും. മസാല കലര്‍ന്ന ഭക്ഷണത്തിന്റെ അമിതോപയോഗം ദാഹവും തലചുറ്റലും ആകുലതയും സൃഷ്ടിക്കുന്നു.

5.     കയ്പ് (തിക്തരസം): കൂടുതല്‍ തൃപ്തിദായകമായ ഭക്ഷ്യരുചികള്‍ക്കായുള്ള കൊതി വര്‍ധിപ്പിക്കുന്നവയാണ് തിക്തരസമുള്ള ഭക്ഷണവസ്തുക്കള്‍. അത് ദഹനത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നു. പിത്താധിക്യം കാരണമായി ശരീരത്തില്‍ വിഷാംശം, എരിച്ചില്‍, ചൂട്, ചൊറിച്ചില്‍ എന്നിവയുണ്ടായാല്‍ ഉപയോഗിക്കാവുന്ന ഉത്തമൗഷധമാണ് കയ്പുരസം (ഉദാഹരണത്തിന്, ക്വയിനയുടെ പട്ട ജ്വരശമകമാണ്). തിക്തരസത്തിന്റെ അമിതോപയോഗം വാതത്തെ വര്‍ധിപ്പിക്കുന്നു. ഇത് വിശപ്പില്ലായ്മ, ഭാരനഷ്ടം, തലവേദന, സ്ഥിരതയില്ലായ്മ, വരണ്ട ചര്‍മം, ബലക്ഷയം, വായ വരള്‍ച്ച മുതലായ വാതസംബന്ധിയായ രോഗവിശേഷങ്ങളിലേക്കു നയിക്കും. തിക്തരുചിയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് ഉദാഹരണമാണ് പാവയ്ക്ക, മഞ്ഞള്‍, വശളച്ചീര, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ.

. ഭക്ഷണം കഴിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍
ചീഞ്ഞഴുകിയ ഇന്ധനമുപയോഗിച്ച് ഭക്ഷണം പാകം ചെയ്യരുത്.
പാതി ചൂടാക്കിയ ഭക്ഷണം കഴിക്കരുത്.
ശരിക്കും പാകമാകാത്തതോ അധികം പഴുത്തതോ അസാധാരണ വ്യതിയാനങ്ങളുള്ളതോ ആയ ഭക്ഷണസാധനങ്ങള്‍ കഴിക്കരുത്.
മൂത്രതടസ്സമനുഭവപ്പെടുമ്പോഴും വിശപ്പില്ലാത്തപ്പോഴും ദീര്‍ഘനേരം ഉപവസിക്കുമ്പോഴും ആഹാരം കഴിക്കരുത്.
ജനങ്ങള്‍ തിങ്ങിനിറഞ്ഞ ഇടങ്ങളില്‍വച്ച് ഭക്ഷണം കഴിക്കരുത്.
ഭക്ഷണം കഴിക്കുന്നതിനു 15 മിനിറ്റ് മുമ്പ് അര ടീസ്പൂണ്‍ ഇഞ്ചി ചുരണ്ടിയതും ഒരു നുള്ള് ഉപ്പും ചവച്ചുതിന്നുന്നത് വിശപ്പുവര്‍ധിക്കാന്‍ സഹായിക്കും.
ഭക്ഷണം, പ്രത്യേകിച്ച് കട്ടിയുള്ള ആഹാരസാധനങ്ങള്‍ നന്നായി ചവച്ചരയ്ക്കണം.
ഭക്ഷണം കഴിച്ചതിനുശേഷമേ കഴിവതും തൈരോ മോരോ കഴിക്കാവൂ.

ഭക്ഷണം രുചിയുള്ളതും അപ്പോള്‍ തയ്യാറാക്കിയതും കാഴ്ചയില്‍ ഭംഗിയുള്ളതുമായിരിക്കണം.
ഭക്ഷണം അധികം ചൂടോ തണുപ്പോ ഉള്ളതാവരുത്.
ഭക്ഷണം കഴിക്കുന്നതിന് കുറഞ്ഞത് 15 മിനിറ്റെങ്കിലും മുമ്പു വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഭക്ഷണശേഷം കുടിക്കുന്ന വെള്ളവും കുറഞ്ഞ അളവിലേ ആകാവൂ. എന്നാല്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതില്‍ തെറ്റില്ല. കട്ടിയുള്ള ആഹാരം പരിമിതമായ അളവിലേ കഴിക്കാവൂ. രാത്രിയില്‍ കട്ടിയുള്ള ഭക്ഷണം കഴിക്കരുത്. ഉറങ്ങാന്‍ കിടക്കുന്നതിന് ഏകദേശം 2–3 മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കുന്നതാണുചിതം. അത്താഴശേഷം അല്പനേരം നടക്കുന്നത് നല്ലതാണ്.

ആഹാരശേഷം കായികവും മാനസികവുമായ അമിതാധ്വാനം ഒഴിവാക്കണം. ശരിയായ ദഹനത്തിന് അല്പനേരം വിശ്രമിക്കുന്നതു നന്നായിരിക്കും.

ആഹാരസമയത്ത് ആമാശയത്തിന്റെ മൂന്നിലൊന്നുഭാഗമേ ആഹാരം നിറയ്ക്കാവൂ; മൂന്നിലൊന്നു ഭാഗത്ത് ദ്രാവകങ്ങള്‍; മൂന്നിലൊന്നു ഭാഗം ശൂന്യമായി ഇടണം. ഇത് ശരിയായ ദഹനത്തിനും ഉദരത്തിലെ വായുസഞ്ചാരത്തിനും മാനസികവ്യക്തതയ്ക്കും സഹായകമാണ്.

ആഹാരസമയത്ത് ആഹാരം മൃദുവാക്കുന്നതിന് നന്നായി ചവച്ച് അവ ഉമിനീരുമായി കലരുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷണസമയത്തോ അതിനെ തുടര്‍ന്നോ ഐസിട്ട വെള്ളം കുടിക്കാന്‍പാടില്ലെന്നാണ് ആയുര്‍വേദമതം. തണുത്ത വെള്ളം അഗ്നിയെയും ദഹനത്തെയും മന്ദഗതിയിലാക്കുന്നു. അല്പാല്പമായി ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തിനു സഹായകമാണ്. ഒരു കപ്പ് ലസ്സി, ഇഞ്ചിയും മല്ലിയിലയും ചേര്‍ത്ത മോര് ഇവയിലേതെങ്കിലും ഇഷ്ടമാണെങ്കില്‍ കഴിച്ചുകൊണ്ട് ഭക്ഷണം അവസാനിപ്പിക്കാവുന്നതാണ്.

നിഘണ്ടുക്കള്‍ – പ്രകൃതിയുടെ കണ്ണാടി..

May 14, 2012 · Posted in Books · 2 Comments 

ക്ലാസ്സ്മുറികള്‍ പോലും ആവശ്യമില്ലാത്ത ഒരു വിദ്യാഭ്യാസപദ്ധതി രൂപ്പെട്ടുവരുന്ന കാലത്താണ് നാം ഇന്നു ജീവിക്കുന്നത്. മരണം  വരെം മനുഷ്യന്‍ ഒരു വിദ്യാര്‍ഥി തന്നെയാണ്. അടിസ്ഥാനപരമായി നമ്മള്‍ പാഠങ്ങള്‍ പഠിക്കുന്നത് പ്രകൃതിയില്‍ നിന്നുതന്നെയല്ലേ..ഒരര്‍ഥത്തില്‍ പ്രകൃതിയുടെ ഒരു മിനിയേച്ചര്‍ രൂപം തന്നെയാണ് നിഘണ്ടുവും. വളരെ വിപുലമായ ഒരാശയം ഉള്‍ക്കൊള്ളുന്ന നിഘണ്ടുവിന്റെ  പ്രാധാന്യം നാം വേണ്ടരീതിയില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് സംശയമാണ്.

ഒരു ഭാഷയുടെ അടിസ്ഥാനം വ്യാകരണമാണ്. എന്നാല്‍ അടിസ്ഥാനശില വ്യാകരണമായിരിക്കുമ്പോഴും ഭാഷ ഉപയോഗിക്കണെങ്കില്‍ വാക്കുകള്‍ കൂടിയേ കഴിയൂ. ഒരു ഭാഷയുടെ ശബ്ദസംഘാതത്തെ ജീവസ്സുറ്റതാക്കുന്നതും നിലനിലനിര്‍ത്തുന്നതും നിഘണ്ടുക്കള്‍ തന്നെ. ഒരു ഭാഷയുടെ വികാസവും ആ ഭാഷ സംസാരി്ക്കുന്ന സമൂഹത്തിന്റെ  സംസ്‌കാരസമ്പത്തും അളന്നറിയാനുള്ള ഏറ്റവും നല്ല തോത് ആ ഭാഷയിലെ നിഘണ്ടുക്കളാണ്. ഭാഷ വികസി്ക്കുന്നതോടൊപ്പം ഭാഷയുടെ ചൈതന്യവും ആശയസംവഹനക്ഷമതയും ഉള്‍ക്കൊള്ളുന്ന പുതിയ നിഘണ്ടുക്കള്‍ ഉണ്ടായിക്കൊണ്ടിരുന്നാല്‍ മാത്രമേ സമൂഹത്തിന്റെ ഒരു മിനിയേച്ചറായി നിലനില്‍ക്കാന്‍ നിഘണ്ടുവിന് കഴിയൂ. ആധുനിക ഭാരതീയഭാഷകളുടെ കൂട്ടത്തില്‍ ഇക്കാര്യത്തില്‍ അഭിമാനിക്കാവുന്നത് മലയാളത്തിനും തമിഴിനും മാത്രമാണ്.

ഒരു സംസ്‌കാരസമ്പന്നമായ സമൂഹത്തിന് പരസ്പരം കൈമാറ്റം ചെയ്യപ്പെടേണ്ട ആശയങ്ങളുടെ വ്യാപ്തി വലുതായിരിക്കും. പുതിയ സങ്കല്‍്പങ്ങളും സങ്കേതങ്ങളും സമൂഹം സ്വാംശീകരിച്ചുകൊണ്ടേയിരി്ക്കുന്നു. സമൂഹഘടനയുടെ സങ്കീര്‍ണ്ണത വര്‍ദ്ധിക്കുമ്പോള്‍ അവയെക്കുറിക്കാന്‍ പുതിയ പ്രയോഗങ്ങളും  പദങ്ങളും ഭാഷയില്‍ രൂപം കൊള്ളും. ഏതൊരു സമൂഹത്തിന്റെ ഭാഷയിലും കേള്‍ക്കുന്നവനു മനസ്സിലാകാത്ത ഒട്ടനവധി വാക്കുകള്‍ ഉണ്ടാകും. ഇവിടെയാണ് നിഘണ്ടുക്കളുടെ ഉത്തരവാദിത്തം. ടെക്‌നോളജിയില്‍ ഒരു നിശ്ചിതകാലം കൊണ്ട് നിലനില്‍ക്കുന്ന അവസ്ഥയില്‍ പൂര്‍ണ്ണമായ മാറ്റം ഉണ്ടാകുന്നതുപോലെ തന്നെ ഭാഷയിലെ പദങ്ങള്‍ക്കും ഒരു നിശ്ചിതകാലം കൊണ്ട് അര്‍ഥസങ്കോചമോ അര്‍ഥവ്യാപ്തിയോ ഉണ്ടാവുക സ്വാഭാവികം. ഈ മാറ്റം നിഘണ്ടുക്കളും പകര്‍ത്തിക്കൊണ്ടിരിക്കും.  ഒരു നല്ല വിദ്യാര്‍ഥി എന്നാല്‍ അയാള്‍ നല്ലരീതിയില്‍ നിഘണ്ടു ഉപയോഗിക്കുന്ന ആള്‍ എന്നും ഒരര്‍ഥമുണ്ട്. ഒരു സമൂഹത്തിലെ നല്ലതും ചീത്തയുമെല്ലാം നിഘണ്ടുവിലുണ്ടാകും.

ഒരു പദസഞ്ചയം എന്നതിലുപരിയായി ആഗമികവും വിവരണാത്മകവുമായ ഭാഷാശാസ്ത്രതത്വങ്ങളെ ആസ്പദമാക്കി ഉണ്ടാക്കുന്ന അര്‍ത്ഥവിവരണഗ്രന്ഥങ്ങളാണ് പൊതുവേ നിഘണ്ടുഗണത്തില്‍പ്പെടുന്നത്.
1846-ല്‍ ബെഞ്ചമിന്‍ ബെയ്‌ലിയും 1872-ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടും രചിച്ച ദ്വിഭാഷാ നിഘണ്ടുക്കളാണ് 19-ാം നൂറ്റാണ്ടില്‍ മലയാളഭാഷയില്‍ ഉണ്ടായിരുന്ന നിഘണ്ടുക്കള്‍ . ദ്വിഭാഷാസാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്ക് സമ്പര്‍ക്കഭാഷയിലേക്കുള്ള പ്രവേശം എന്ന വ്യക്തമായ ലക്ഷ്യം ഈ നിഘണ്ടുക്കള്‍ക്കുണ്ടായിരുന്നു. നിഘണ്ടുപ്രവേശകങ്ങള്‍ (Entry words) പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാനാകും. 1900-നും 1950-നും ഇടയിലുണ്ടായ പ്രധാന മലയാള നിഘണ്ടു ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ ‘ശബ്ദതാരാവലി’ ആണ്. വ്യാകരണഗ്രന്ഥങ്ങളില്‍ ‘കേരളപാണിനീയം‘ ജനകീയമായതുപോലെ നിഘണ്ടുക്കളില്‍ ജനകീയമായത് ‘ശബ്ദതാരാവലി‘യാണ്.  പ്രധാന പദങ്ങള്‍ , വ്യാകരണ വിഭാഗസൂചന, അര്‍ത്ഥവിവരണം — എന്ന ഘടനയാണ് ഈ നിഘണ്ടുവിനുള്ളത്. കൂടുതല്‍ പരിഷ്‌കരണത്തോടുകൂടി ഡി സി ബുക്‌സ് ഈ  നിഘണ്ടു അടുത്തകാലത്തായി പ്രസിദ്ധീകരിച്ചു. രാമലിംഗം പിള്ളയുടെ ഇംഗ്ലിഷ് ഇംഗ്ലിഷ് മലയാളം നിഘണ്ടുവും ഏറെ പ്രചാരം സിദ്ധിച്ച നിഘണ്ടുവാണ്.

മലയാള മൂലഭാഷയ്ക്ക് തത്തുല്യമായ ഇംഗ്ലിഷ് പദങ്ങള്‍ കണ്ടെത്തുന്ന കാര്യത്തില്‍ നിഘണ്ടുകാരന്മാര്‍ ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. (ഈ നിഘണ്ടുവിന്റെ ആമുഖം കാണുക). ”അതില്‍ പ്രധാനം 1. പടിഞ്ഞാറന്‍ സാഹിത്യചിന്ത നിരവധി പുതിയ പദങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ജര്‍മ്മന്‍ , ഫ്രഞ്ച് തുടങ്ങിയ ഭാഷകളില്‍ രൂപംകൊണ്ട്, ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടവയാണ് അവയിലധികവും. അവയെ ഇംഗ്ലിഷില്‍നിന്ന് മലയാളത്തിലേക്ക് നമ്മുടെ എഴുത്തുകാര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വ്യത്യസ്ത എഴുത്തുകാര്‍ വ്യത്യസ്തരീതിയിലാണ് ഈ ഇംഗ്ലിഷ് വാക്കുകള്‍ക്ക് മലയാളം അര്‍ത്ഥം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അത്തരം വാക്കുകളൊക്കെ കണ്ടുപിടിച്ച് ചേര്‍ക്കുവാന്‍ ഈ നിഘണ്ടു ശ്രമിച്ചിട്ടുണ്ട്. പല സാഹിത്യസിദ്ധാന്തങ്ങളുമായും നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്ന ആ വാക്കുകള്‍ക്ക് മലയാളാര്‍ത്ഥം എഴുതുമ്പോള്‍ നന്നായി വിശദീകരിക്കേണ്ടിവരും എന്നതിനാല്‍ മലയാളവാക്കും സമാനമായ ഇംഗ്ലിഷ് വാക്കും മാത്രേ ചേര്‍ത്തിട്ടുള്ളു. 2. ഈ നിഘണ്ടുവില്‍ ചില പദങ്ങള്‍ക്ക് മലയാളം അര്‍ത്ഥം കൊടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. കാരണം രണ്ടാണ്. ഒന്ന്, അര്‍ത്ഥം കൊടുക്കേണ്ടതില്ലാത്തവിധം പരിചയങ്ങളാണ് ഇവ. രണ്ട്, മലയാളം അര്‍ത്ഥം കൊടുക്കുക ബുദ്ധിമുട്ടാണ്.”

ഇതില്‍നിന്ന് മനസ്സിലാക്കുവാന്‍ പറ്റുന്ന കാര്യം നിഘണ്ടുവിലെ അര്‍ത്ഥപ്രതിപാദനം ക്ഷിപ്രസാദ്ധ്യമല്ല എന്നാകുന്നു. നേരിട്ട് ഒറ്റപ്പദം ലക്ഷ്യഭാഷയായ ഇംഗ്ലിഷില്‍ കൊടുക്കാനാകാത്തത് അതുകൊണ്ടാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അര്‍ത്ഥം വിശദീകരിക്കാനേ കഴിയൂ. പലപ്പോഴും ദ്വിഭാഷാ നിഘണ്ടുക്കളിലും ബഹുഭാഷാ നിഘണ്ടുക്കളിലും കൃത്രിമ അര്‍ത്ഥവിവരണം വരുന്നത് അതുകൊണ്ടാണ്. ഇത്തരം കാര്യങ്ങളിലും നിഘണ്ടുനിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കണം. ഒപ്പം പറയേണ്ട മറ്റൊന്നുകൂടിയുണ്ട്. ഒരു നിഘണ്ടു ഒരു സാംസ്‌കാരിക ഉല്‍്പന്നമാണ്. ഒരു സമൂഹത്തിന്റെ കണ്ണാടിയും.

ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള ഡിസി ബുക്‌സ്‌ ഡിക്‌ക്ഷനറികള്‍ ഇപ്പോള്‍ വന്‍വിലക്കുറവില്‍ സ്വന്തമാക്കുവാന്‍ അവസരം.. മെയ്‌മാസം 20 മുല്‍ ആരംഭിച്ച നിഘണ്ടുമേള ജൂണ്‍15വരെയുണ്ടാകും.

ദേര്‍ വാസ് എ ബഫലോ സോള്‍ജെര്‍

May 12, 2012 · Posted in Authors, Books · 21 Comments 

മനോജ് കുറൂര്‍

ബോബ് മെര്‍ലി എന്ന വിഖ്യാതഗായകന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 31 വര്‍ഷം തികയുന്നു. സംഗീതഗവേഷകനും അധ്യാപകനും വാദ്യകലാകാരനുമായ മനോജ് കൂറൂരിന്റെ അനുസ്മരണം

Get up, stand up: stand up for your rights!
Get up, stand up: don’t give up the fight!

1980 സെപ്റ്റംബര്‍ 23. പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ ബോബ് മാര്‍ലി തന്റെ അവസാനസംഗീതപരിപാടിയിലെ അവസാനഗാനം പാടുകയാണ്. പതിവുപോലെ രോഷവും വേദനയും ആവേശവും കലര്‍ന്ന ശബ്ദത്തിലെ ഭാവഭേദങ്ങള്‍ മുഖത്തും പടരുന്നു. മെലിഞ്ഞുനീണ്ട ഉടല്‍ താളാത്മകമായി ഉയര്‍ന്നു താഴുന്നു. ഗിറ്റാറിലെ വിരലുകളും കയറുപോലെ പിരിച്ചിട്ട നീണ്ട മുടിയും ആ ചടുലചലനങ്ങളെ പൂരിപ്പിക്കുന്നു. തെരുവുഗായകനെ ഓര്‍മ്മിപ്പിക്കുന്ന അലസവേഷം നിരന്തരമായ യാത്രയെത്തന്നെ പ്രതീകവത്കരിക്കുന്നു. ഇടയ്ക്കിടെ മുന്നോട്ടു നീട്ടുന്ന കൈയുകള്‍ തന്നോടൊപ്പം ചേരാന്‍ പ്രേക്ഷകരെ ആഹ്വാനം ചെയ്യുന്നു. ‘വോ യൊയൊയോ’ എന്നുറക്കെപ്പാടി അവരതേറ്റെടുക്കുന്നു. കാരണം അവര്‍ക്കത് സംഗീതം മാത്രമല്ല, ഒരു വംശം പിന്നിട്ടുപോന്ന സഹനത്തിന്റെ ഓര്‍മ്മപ്പെടുത്തലും അതിജീവനത്തിനായുള്ള സമരത്തിന്റെ തയ്യാറെടുക്കലുമാണ്.
അടിമത്തത്തിലൂടെ, കോളനിഭരണത്തിലൂടെ കടന്നുവന്ന ഒരു നാടിന്റെ സംഗീതത്തിലൂടെയുള്ള ഉയര്‍ത്തെഴുന്നേല്പുകൂടിയാണ് ജമൈക്കന്‍ ഗായകനായ ബോബ് മാര്‍ലിയുടെ മാസ്മരികമായ അവതരണങ്ങളിലൂടെ സംഭവിച്ചത്. അദ്ദേഹം പ്രതിനിധീകരിച്ച സ്‌കാ, റോക്ക്‌സ്റ്റെഡി, റെഗ്ഗെ എന്നീ സംഗീതശൈലികളെയാകട്ടെ സാമൂഹികരാഷ്ട്രീയസാഹചര്യങ്ങളില്‍നിന്നു വേര്‍പെടുത്തി സാങ്കേതികമായി മാത്രം നിര്‍വചിക്കാനുമാവില്ല. വ്യക്തിജീവിതവും സംഗീതവും രാഷ്ട്രീയവും  അത്രമേല്‍ ഇഴചേര്‍ന്നിരിക്കുന്നതിനാലാവാം ജമൈക്കന്‍ സംഗീതത്തിലെയെന്നല്ല, മുഖ്യധാരാസംഗീതത്തിലെതന്നെ ഏറ്റവും പ്രധാനഗായകരിലൊരാളായി ബോബ് മാര്‍ലി വിലയിരുത്തപ്പെടുന്നത്. മരിച്ചിട്ട് മുപ്പതാണ്ടുകളാകുമ്പോഴും അദ്ദേഹത്തിന്റെ ജനപ്രീതി കുറയുകയല്ല, നിരന്തരം കൂടുകയാണു ചെയ്യുന്നത്. 2010 ഓഗസ്റ്റില്‍ സി. എന്‍. എന്‍. നടത്തിയ കണക്കെടുപ്പില്‍ അഞ്ച് ആഗോളതാരങ്ങളിലൊരാളായി ബോബ് മാര്‍ലി തെരഞ്ഞെടുക്കപ്പെട്ടത് ഒടുവിലത്തെ ഉദാഹരണം. മരണശേഷം മാത്രം പുറത്തുവന്ന ‘ബഫലോ സോള്‍ജിയര്‍’ എന്ന ഗാനത്തിനു ലോകമെങ്ങും ലഭിച്ച പ്രചാരംതന്നെ സമീപകാലത്തും അദ്ദേഹത്തിനുള്ള ജനകീയതയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്നുണ്ട്.
പ്രതിഷേധത്തിന്റെ സ്വരവും താളവും

Buffalo soldier, dreadlock rasta
There was a
Buffalo soldier in the heart of America
Stolen from Africa, brought to America
Fighting on arrival, fighting for survival
അമേരിക്കയിലെ ആദിമനിവാസികളെ പുറത്താക്കി ആ നാടിനെ വെളുത്തവരുടെ

സ്വന്തമാക്കാനുള്ള നൂറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിനിടയില്‍ 1866 ല്‍ രൂപം കൊടുത്ത സായുധസേനയുടെ ഭാഗമായിരുന്നു ബഫലോ സൈനികര്‍. ആഫ്രിക്കയില്‍നിന്ന് അടിമകളായി കൊണ്ടുവന്ന കറുത്തവരാണ് അവര്‍. അധിനിവേശകരുടെ വേട്ടമൃഗങ്ങളായിരിക്കെത്തന്നെ ഇരകളുമായവര്‍. ബോബ് മാര്‍ലിയുടെ ഗാനത്തിലെ ആദ്യവരികളില്‍ത്തന്നെ ആ അടിമജീവിതത്തിന്റെയും ഉള്ളിലടക്കപ്പെട്ട പോരാട്ടവീര്യത്തിന്റെയും ഹ്രസ്വചരിത്രമുണ്ട്. അമേരിക്കയില്‍ മാത്രമല്ല യൂറോപ്യന്‍ നാടുകളിലും കരീബിയന്‍ ദ്വീപുകളിലുമൊക്കെ ആഫ്രിക്കയില്‍നിന്നുള്ള കറുത്തവര്‍ അടിമവേലയ്ക്കു നിയോഗിക്കപ്പെട്ടു. സ്വന്തം സംസ്‌കാരത്തില്‍നിന്നും പുതിയ യജമാനന്മാരുടെ സംസ്‌കാരത്തില്‍നിന്നും അവര്‍ ഒരേ സമയം അന്യവത്കരിക്കപ്പെട്ടു. ഇത്തരത്തില്‍ നഷ്ടമായ സ്വത്വചിഹ്നങ്ങളെ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ റോക്ക്‌സ്റ്റെഡി, റെഗ്ഗെ എന്നീ സംഗീതശൈലികളുടെ മുന്‍ഗാമിയായ സ്‌കാ സംഗീതം പ്രചാരം നേടിയത്. 1960 കളില്‍ത്തന്നെ പ്രസിദ്ധ ജമൈക്കന്‍ പോപ് സംഗീതജ്ഞന്‍ പ്രിന്‍സ് ബസ്റ്റര്‍ പറഞ്ഞു:

“എന്റെ സംഗീതം പ്രതിഷേധത്തിന്റെ സംഗീതമാണ്. ജമൈക്കയിലെ കോളനിഭരണത്തിനുകീഴില്‍ ഞങ്ങളനുഭവിച്ച അടിമത്തത്തിനും വര്‍ഗപരമായ മുന്‍വിധികള്‍ക്കും വംശീയതാവാദത്തിനും അസമത്വത്തിനും സാമ്പത്തികമായ വിവേചനത്തിനും അവസരനിഷേധത്തിനും അനീതിക്കും എതിരേയുള്ള പ്രതിഷേധത്തിന്റെ സംഗീതം. ആഫ്രിക്കയില്‍ രാജാക്കന്മാരും രാജ്ഞിമാരുമായിരുന്നു ഞങ്ങളുടെ പൂര്‍വികര്‍. അവരെ അടിമകളാക്കി കപ്പലില്‍ ജമൈക്കയിലേക്കു കൊണ്ടുവന്നു. ഇവിടെ ഞങ്ങളുടെ സ്വന്തം പേരുകളില്‍നിന്ന്, ഭാഷയില്‍നിന്ന്, സംസ്‌കാരത്തില്‍നിന്ന്, ദൈവത്തില്‍നിന്ന്, മതത്തില്‍നിന്നൊക്കെ ഞങ്ങള്‍ അഴിച്ചുമാറ്റപ്പെട്ടു. പക്ഷേ സംഗീതം ആഫ്രിക്കയുടെ ആത്മാവാണ്. അതിന്റെ ചോദനയും ഡി. എന്‍. എ. യും പാരമ്പര്യവുമാണ്. അതിനെ അവര്‍ക്കു കീഴ്‌പ്പെടുത്താനായില്ല. റോക്ക്‌സ്റ്റെഡി, റെഗ്ഗെ എന്നിവയ്ക്കു ജന്മം നല്കിയ, ഞങ്ങളുടെ ജീവിതശൈലിതന്നെയായ സ്‌കാ എന്ന ജമൈക്കന്‍ സാംസ്‌കാരികവിപ്ലവത്തെ സാധ്യമാക്കിയത് അതാണ്.”

സംഗീതശൈലിയെന്ന നിലയില്‍ ലളിതമാണ് റെഗ്ഗെ. മിക്കപ്പോഴും 4/4 പോലെ സാര്‍വത്രികമായ പ്രചാരം നേടിയ താളത്തിലെങ്കിലും റിഥം ഗിറ്റാറിലോ പിയാനോയിലോ സിന്തസൈസറിലോ അതിലെ ഓഫ് ബീറ്റുകള്‍ക്കു നല്കുന്ന ഊന്നലുകള്‍ ഗാനത്തെ ചടുലവും നാടകീയവുമാക്കുന്നു. നാലു ബീറ്റുകളുള്ള താളത്തിന്റെ ഒന്നും മൂന്നും ബീറ്റുകള്‍ക്കു പ്രാധാന്യം നല്കുന്ന യൂറോപ്യന്‍ ക്ലാസ്സിക്കല്‍ സംഗീതത്തിന്റെയും രണ്ടും നാലും ബീറ്റുകള്‍ക്ക് ഊന്നല്‍ നല്കുന്ന അമേരിക്കന്‍ റോക്ക് ആന്‍ഡ് റോള്‍ സംഗീതത്തിന്റെയും രീതികളില്‍നിന്നു ഭിന്നമായി മൂന്നാമത്തെ ബീറ്റില്‍ നല്കുന്ന ഊന്നല്‍ റൂട്ട്‌സ് റെഗ്ഗെ സംഗീതത്തിന്റെ അടിസ്ഥാനപരമായ സവിശേഷതയാണ്. ‘വണ്‍ ഡ്രോപ്പ് റിഥം’ എന്ന ഈ സങ്കേതത്തോടുള്ള ആഭിമുഖ്യം ‘വണ്‍ ഡ്രോപ്പ്’ എന്ന ഗാനത്തില്‍ ബോബ് മാര്‍ലിതന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം ഈ സങ്കേതത്തിനു നല്കുന്ന സാമൂഹികമാനങ്ങള്‍ നോക്കുക:
Feel it in the one drop;
And we’ll still find time to rap;
We’re makin’ the one stop,
The generation gap;
Now feel this drumbeat
As it beats within,
Playin’ a riddim,
Resisting against the system, ooh-wee!

സഹനത്തില്‍നിന്നു സംഗീതത്തിലേക്ക്

1945 ഫെബ്രുവരി ആറാം തീയതി ജമൈക്കയിലെ സെയ്ന്റ് ആന്‍ പാരിഷിലുള്ള നയന്‍ മൈല്‍സിലാണ് റോബര്‍ട്ട് നെസ്റ്റാ മാര്‍ലി എന്ന ബോബ് മാര്‍ലി ജനിച്ചത്. ബ്രിട്ടീഷ് നാവികസേനയില്‍ ക്യാപ്റ്റനായിരുന്ന നോര്‍വല്‍ സിന്‍ക്ലയര്‍ മാര്‍ലിയുടെയും ഗായികയും എഴുത്തുകാരിയുമായ സിഡെല്ല ബുക്കറുടെയും പുത്രന്‍. അറുപതിനടുത്തു പ്രായമുണ്ടായിരുന്ന വെളുത്ത വര്‍ഗക്കാരനായ പിതാവും പതിനെട്ടു വയസ്സു മാത്രമുണ്ടായിരുന്ന കറുത്തവളായ മാതാവും തമ്മിലുള്ള ദാമ്പത്യത്തിന് ആയുസ്സുണ്ടായില്ല. കുട്ടിയുടെ ജനനത്തിനു ശേഷം സിഡെല്ലയെ ഉപേക്ഷിച്ച പിതാവ് ജമൈക്കയുടെ തലസ്ഥാനമായ കിങ്സ്റ്റണിലേക്കു പോയി. 1955 ല്‍ അദ്ദേഹം അന്തരിച്ചു. ബോബ് മാര്‍ലിയുടെ ബാല്യം ദുരിതപൂര്‍ണമായിരുന്നു. സാമ്പത്തികപ്രതിസന്ധിയിലായ അമ്മ കച്ചവടവും വീട്ടുവേലയും ചെയ്താണ് അന്നൊക്കെ പിടിച്ചുനിന്നത്. തുടര്‍ന്ന് ബോബ് മാര്‍ലിയും മാതാവും തൊഴിലന്വേഷിച്ച് അമ്പതുകള്‍ക്കൊടുവില്‍ വെസ്റ്റ് കിങ്സ്റ്റണിലുള്ള ട്രെഞ്ച്ടൗണിലെത്തിയെങ്കിലും രോഗവും അക്രമവും ദാരിദ്ര്യവും നിറഞ്ഞ അന്തരീക്ഷത്തിലാണ് അവര്‍ക്കു ജീവിക്കേണ്ടിവന്നത്.
എങ്കിലും ബോബ് മാര്‍ലിയുടെ സംഗീതജീവിതം സജീവമാകുന്നത് ഇവിടെയാണ്. പില്ക്കാലത്ത് ബണ്ണി വെയ്‌ലര്‍ എന്ന പേരില്‍ പ്രസിദ്ധനായ ബണ്ണി ലിവിങ്സ്റ്റണ്‍ (1947-) എന്ന ബാലനുമായുള്ള സൗഹൃദം സംഗീതത്തിലുള്ള താല്പര്യം കൂടുന്നതിനിടയാക്കി. അയല്‍വാസിയായ ബണ്ണിയുമൊത്ത് അദ്ദേഹം ഫാറ്റ് ഡോമിനോ, റേ ചാള്‍സ്, ലൂയി ജോര്‍ദാന്‍ തുടങ്ങിയവരുടെ സംഗീതവുമായി കൂടുതല്‍ അടുത്തു. ഇക്കാലത്ത് സ്‌കൂള്‍ പഠനം ഉപേക്ഷിച്ച ബോബ് മാര്‍ലി ഉപജീവനത്തിനായി വെല്‍ഡിങ് ജോലിയെയാണ് ആശ്രയിച്ചത്. അതേ സമയംതന്നെ സംഗീതപഠനത്തിനായി അദ്ദേഹം ബണ്ണിയുമൊരുമിച്ച് പ്രസിദ്ധ ജമൈക്കന്‍ ഗായകനായ ജോ ഹിഗ്‌സി(1940-1999)ന്റെ കീഴില്‍ പരിശീലനം നേടി. അവിടെവച്ചാണ് അവരിരുവരും പീറ്റര്‍ ടോഷു(1944-1987)മായി പരിചയപ്പെടുന്നത്. താമസിയാതെ മൂവരും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ടീനേജേഴ്‌സ് എന്നൊരു സംഗീതസംഘത്തിനു രൂപം നല്‍കുകയും ചെയ്തു. വേഴ്‌സ്, കോറസ്, ബ്രിഡ്ജ് തുടങ്ങിയ ഗാനഘടകങ്ങളുടെ സംയോജനത്തെക്കുറിച്ച് ജോ ഹിഗ്‌സില്‍നിന്നു പഠിച്ച ബോബ് മാര്‍ലി ഗാനരചനയിലും മികവു പ്രകടിപ്പിച്ചു.
1960 കളിലെ ജമൈക്കന്‍ യുവത്വത്തിന് സംഗീതം ഒരു രക്ഷാമാര്‍ഗമായിരുന്നു. അവരിലേറെയും വിദ്യാഭ്യാസമോ തൊഴിലോ ഇല്ലാത്തവര്‍. പൂര്‍ണമായും അരാഷ്ട്രീയവത്കരിക്കപ്പെട്ടവര്‍. അധികാരത്തിനും വ്യസ്ഥാപിതത്വത്തിനെയും എതിര്‍ക്കുമ്പോള്‍ത്തന്നെ വ്യാപകമായ കുറ്റകൃത്യങ്ങളിലൂടെ പൊതുസമൂഹത്തിനെതിരെയും നിലയുറപ്പിച്ചവര്‍. ‘റൂഡ് ബോയ്’ സംസ്‌കാരം എന്നറിയപ്പെടുന്ന ഈ ജമൈക്കന്‍ പ്രതിഭാസത്തിന്റെ പ്രയോക്താക്കളെയാണ് അന്നത്തെ സംഗീതത്തിനു സംബോധന ചെയ്യേണ്ടിയിരുന്നത്. സ്‌കാസംഗീതത്തിനു പ്രചാരം ലഭിച്ചുകൊണ്ടിരുന്ന അറുപതുകളുടെ തുടക്കത്തില്‍ കലാവാസനയുള്ള കൗമാരപ്രായക്കാര്‍ പലരും സംഗീതരംഗത്തെ ആശ്രയിച്ചു. കൗമാരകാലത്തുതന്നെ ചില ഹിറ്റ് ഗാനങ്ങളിലൂടെ പ്രാദേശികമായ പ്രശസ്തി നേടിയിരുന്ന ജിമ്മി ക്ലിഫ് ആണ് ബോബ് മാര്‍ലിയുടെ സംഗീതപ്രതിഭ കണ്ടെത്തിയത്. ടീനേജേഴ്‌സ് ബാന്‍ഡിന്റെ സംഗീതം ആലേഖനം ചെയ്യാന്‍ വിസമ്മതിച്ച ലെസ്‌ലി കോങ് എന്ന സംഗീതനിര്‍മ്മാതാവിനെ ബോബ് മാര്‍ലിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ വീണ്ടും പ്രേരിപ്പിച്ചത് ക്ലിഫ് ആണ്. അങ്ങനെ 1962 ല്‍ കോങ്ങിന്റെ ബെവര്‍ലീസ് എന്ന ലേബലില്‍ ബോബ് മാര്‍ലിയുടെ ‘ജഡ്ജ് നോട്ട്’, ‘വണ്‍ കപ്പ് ഓഫ് കോഫി’, ‘ടെറര്‍’ എന്നീ ഗാനങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടെങ്കിലും ‘ടെറര്‍’ പുറത്തുവന്നില്ല. നീതിനിഷേധത്തിനെതിരായ ‘ജഡ്ജ് നോട്ട്’ എന്ന ഗാനം റോബര്‍ട്ട് മാര്‍ലി എന്ന പേരിലും പ്രണയം പ്രമേയമാക്കിയ ‘വണ്‍ കപ്പ് ഓഫ് കോഫി’ ബോബി മാര്‍ഷല്‍ എന്ന പേരിലുമാണ് പുറത്തിറങ്ങിയത്. വിപണനത്തിലോ റേഡിയോ അവതരണത്തിലോ ഒന്നും വേണ്ടത്ര ശ്രദ്ധ കിട്ടാത്തതിനാല്‍ രണ്ടു ഗാനങ്ങള്‍ക്കും ജനപ്രീതി ലഭിച്ചില്ല. തുടര്‍ന്ന് ബോബ് മാര്‍ലി ലെസ്‌ലി കോങ്ങുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ടീനേജേഴ്‌സ് എന്ന സംഘത്തിലേക്കുതന്നെ മടങ്ങുകയും ചെയ്തു.

സംഗീതത്തിലൂടെ ഒരു വിമോചനപദ്ധതി

1979 ലെ സര്‍വൈവല്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ രാഷ്ട്രീയപ്രേരിതമായ ഗാനസമാഹാരമാണ്. ‘സോ മച്ച് ട്രബ്ള്‍ ഇന്‍ ദ വേള്‍ഡ്’, ‘സിംബാബ്‌വേ’, ‘ടോപ് റാങ്കിങ്’, ‘ബാബിലോണ്‍ സിസ്റ്റം’, ‘സര്‍വൈവല്‍’, ‘ആഫ്രിക്കാ യുണൈറ്റ്’, ‘വണ്‍ ഡ്രോപ്പ്’, ‘റൈഡ് നാറ്റി റൈഡ്’, ‘ആംബുഷ് ഇന്‍ ദ നൈറ്റ്’, ‘വേക്ക് അപ് ആന്‍ഡ് ലിവ്’ എന്നീ ഗാനങ്ങള്‍ അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളോടു നേരിട്ടുതന്നെ ബന്ധപ്പെടുന്നു. പാശ്ചാത്യലോകത്തിലെ അടിച്ചമര്‍ത്തപ്പെട്ട കറുത്തവരുടെ നേതാവായിത്തന്നെ ഈ ആല്‍ബത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നു. ആഫ്രിക്കയുടെ ഏകീകരണത്തിനും സിംബാബ്‌വേയുടെ മോചനത്തിനും ഇതരരാജ്യങ്ങളിലുള്ള ആഫ്രിക്കന്‍ വംശജരുടെ സമാധാനത്തിനും ആവശ്യപ്പെടുന്നു. മൂന്നു ഘട്ടമായി നിറവേറ്റേണ്ട പ്രായോഗികമായ ഒരു പ്രവര്‍ത്തനപദ്ധതിതന്നെ മുന്നില്‍ക്കണ്ടുകൊണ്ടാണ് അദ്ദേഹം സര്‍വൈവല്‍ എന്ന ആല്‍ബം തയ്യാറാക്കിയത്. നാനൂറു വര്‍ഷത്തെ അടിച്ചമര്‍ത്തലില്‍നിന്നുള്ള അതിജീവനത്തിന്റെ സന്ദേശമാണ് അതിലുള്ളത്. രണ്ടാം ഘട്ടത്തെ അപ്‌റൈസിങ് (1980) എന്ന അടുത്ത ആല്‍ബം പ്രതിനിധീകരിക്കുന്നു. കറുത്തവരുടെ ഐക്യവും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടവുമാണ് അതിന്റെ സന്ദേശം. ‘കുഡ് യൂ ബീ ലവ്ഡ്’, ‘റിഡംപ്ഷന്‍ സോങ്’ എന്നീ അതിപ്രശസ്തഗാനങ്ങള്‍ ഈ ആല്‍ബത്തിന്റെ ഭാഗമാണ്. ജമൈക്കന്‍ വംശജനും കറുത്തവരുടെ അന്തര്‍ദ്ദേശീയനേതാവുമായിരുന്ന മാര്‍കസ് ഗാവേയുടെ ഒരു പ്രസംഗമാണ് ‘റിഡംപ്ഷന്‍ സോങ്ങി’നാധാരം. ആഫ്രിക്കന്‍ വംശജരെല്ലാം ഐക്യത്തോടെ സ്വദേശത്തുതന്നെ താമസിക്കുന്നതിനെ വിഭാവനം ചെയ്യുന്ന മൂന്നാം ഘട്ടം കണ്‍ഫ്രണ്ടേഷന്‍ (1983) എന്ന ആല്‍ബത്തിലാണ് പൂര്‍ത്തിയാകുന്നത്. ‘ചാന്റ് ഡൗണ്‍ ബാബിലോണ്‍’, ‘ബഫലോ സോള്‍ജിയര്‍’, ‘മിക്‌സ് അപ് മിക്‌സ് അപ്’, ‘ബ്ലാക്ക്മാന്‍ റിഡംപ്ഷന്‍’, ‘ട്രെഞ്ച്ടൗണ്‍’, ‘സ്റ്റിഫ്‌നെക്ക്ഡ് ഫൂള്‍സ്’, ‘ഐ നോ’, ‘രാസ്താമാന്‍ ലിവ് അപ്’ എന്നീ ഗാനങ്ങളിലൂടെ ശ്രദ്ധേയമായ ഈ ആല്‍ബം പക്ഷേ ബോബ് മാര്‍ലിയുടെ മരണശേഷമാണ് പുറത്തുവന്നത്.

സംഗീതത്തിലൂടെ ബോബ് മാര്‍ലി വിഭാവനം ചെയ്ത രാഷ്ട്രീയമായ പ്രവര്‍ത്തനപദ്ധതി ഭാഗികമായെങ്കിലും യാഥാര്‍ത്ഥ്യമാകുന്നതു കാണാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. ‘സിംബാബ്‌വേ’ എന്ന ഗാനത്തിന്റെ സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ സ്വീകരിച്ച ആ രാജ്യത്തെ സ്വാതന്ത്ര്യസമരസൈനികര്‍ തങ്ങളുടെ പ്രകടനങ്ങളില്‍ അതുപയോഗിച്ചു

സംഗീതത്തിലൂടെ ഒരു വിമോചനപദ്ധതി

ആഗോളമായ സ്വീകാര്യതയുള്ളപ്പോഴും അദ്ദേഹത്തിന്റെ വ്യക്തിപരവും സംഗീതശൈലീപരവുമായ ചില കാര്യങ്ങള്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. അന്തര്‍ദ്ദേശീയരംഗത്ത് അദ്ദേഹം കറുത്തവരുടെയും രാസ്തഫാരിയന്‍ പ്രത്യയശാസ്ത്രത്തിന്റെ സംഗീതരൂപമായ റെഗ്ഗെയുടെയും പ്രതീകമായിരിക്കുമ്പോള്‍ ജന്മദേശമായ ജമൈക്കയില്‍നിന്നാണ് ഏറെ വിമര്‍ശനങ്ങളുണ്ടായിട്ടുള്ളത് എന്നതു കൗതുകകരമാണ്. വംശപരമായിത്തന്നെയുള്ള വെളുപ്പിന്റെ കലര്‍പ്പാണ് മറ്റു റെഗ്ഗെ ഗായകരെക്കാള്‍ ബോബ് മാര്‍ലിയെ ജനപ്രിയനാക്കിയതെന്നു പീറ്റര്‍ ടോഷ് കരുതിയിരുന്നു. എഴുപതുകളുടെ പകുതിയോടെ അന്തര്‍ദ്ദേശീയരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായപ്പോള്‍ സംഗീതശൈലിയില്‍ അദ്ദേഹം റെഗ്ഗെയെ ഇതരപോപ് ശൈലികളെന്നപോലെ കലര്‍പ്പുകള്‍ക്കു വിധേയമാക്കിയെന്നും ആ സംഗീതത്തിന് അന്നത്തെ ജമൈക്കന്‍ റെഗ്ഗെ സംഗീതത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ലോയ്ഡ് ബ്രാഡ്‌ലി ചൂണ്ടിക്കാണിക്കുന്നു. വിവാദപരമായ നിരവധി പ്രണയബന്ധങ്ങളുണ്ടായിരുന്ന ബോബ് മാര്‍ലിക്ക് രാസ്തഫാരിയന്‍ ഗാനങ്ങളെക്കാള്‍ പ്രണയഗാനങ്ങളിലായിരുന്നു കമ്പമെന്നും വിമര്‍ശനമുണ്ടായിട്ടുണ്ട്. താന്‍ ഏതെങ്കിലും വംശത്തിന്റെമാത്രം വക്താവല്ലെന്നും മനുഷ്യരാശിയുടെ സമത്വവും സ്‌നേഹവുമാണ് തന്റെ സംഗീതത്തിന്റെ ലക്ഷ്യമെന്നും വിമര്‍ശനങ്ങളെ ലാക്കാക്കി ബോബ് മാര്‍ലി മറുപടിയും പറഞ്ഞിട്ടുണ്ട്.

മനോജ് കുറൂര്‍
മനോജ് കുറൂര്‍

വ്യക്തിപരമോ ശൈലീപരമോ ആയ വിശുദ്ധിവാദങ്ങള്‍ മാറ്റിവെച്ചാല്‍ വംശം, നിറം, ഭാഷ എന്നിവയെ മറികടക്കുന്ന സ്വീകാര്യത ബോബ് മാര്‍ലിക്കുണ്ടായിരുന്നു എന്നതില്‍ സംശയമില്ല. സംഗീതാവിഷ്‌കാരത്തിന്റെ എല്ലാ ഘടകങ്ങളിലുമുള്ള അനിതരസാധാരണമായ വൈദഗ്ദ്ധ്യവും പ്രതിഭയും അദ്ദേഹത്തിനുണ്ടായിരുന്നു. ഗാനരചന, സംഗീതരചന, ആലാപനം എന്നിവയില്‍ മാത്രമല്ല, വിവിധവാദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പ്രഗല്ഭനായിരുന്നു അദ്ദേഹം. ഇതിലൊക്കെ പ്രധാനമായ ഒരു കാര്യമുണ്ട്.  സൗന്ദര്യശാസ്ത്രപരമായി മികച്ചതായിരിക്കെത്തന്നെ രാഷ്ട്രീയമായ പ്രസക്തിയുണ്ടായിരിക്കുക, ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെതന്നെ ജനലക്ഷങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുക- അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണത്. ലോകക്രമങ്ങളും സംഗീതശൈലികളുമെല്ലാം അതിവേഗം മാറിയിട്ടും ബോബ് മാര്‍ലിയുടെ സംഗീതം ഇപ്പോഴും ആകര്‍ഷകമായി തുടരുന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ല.

(ജൂണില്‍ പുറത്തിറങ്ങുന്ന ‘നിറപ്പകിട്ടുള്ള നൃത്തസംഗീതം’ എന്ന പുസ്തകത്തില്‍നിന്നും.. ലേഖനത്തിന്റെ പൂര്‍ണ്ണഭാഗം പുസ്തകത്തില്‍ വായിക്കാം)

വിരാട്പുരുഷനെപ്പോലൊരു കവി

May 11, 2012 · Posted in Authors, Books · 14 Comments 

ഇരിക്കുമ്പോള്‍ കേശവന്‍
ചത്താല്‍ കൊശവന്‍
ഇങ്ങനെയുണ്ടൊരു രാഷ്ട്രീയം പൊളി
പൊളിപ്പന്‍ രാഷ്ട്രീയം

സ്റ്റാലിന്‍ പോയി ലെനില്‍ പോയി
പോയേക്കാമിനി മാര്‍ക്‌സുമേ

രാഷ്ട്രീയന്‍ ജനിച്ചതിനുശേഷം കുളിച്ചിട്ടില്ല
പല്ലുതേക്കുകപോലും ചെയ്തിട്ടില്ല
അതിനാല്‍
അവനടുത്തുവരുമ്പോള്‍ നാറുന്നു
വായ തുറക്കുമ്പോള്‍ വല്ലാതെ നാറുന്നു

ഇന്നിന്റെ രാഷ്ട്ട്രീയ പരിതോവസ്ഥയെ 30വര്‍ഷങ്ങള്‍ക്കു മുമ്പ് കവിതയില്‍ കോറിയിട്ട മഹാനുഭാവന്റെ 85ാം പിറന്നാളാണിന്ന്. ഓമനത്തം തുളുമ്പുന്ന വാക്കുകള്‍ , പൂമ്പൊടി പോലെ മൃദുവായ വികാരങ്ങള്‍ , ലഹരി പകരുന്ന സംഗീതം ഇവയൊന്നും കുഞ്ഞുണ്ണിക്കവിതകള്‍ക്കില്ല. മിക്കവാറും അവ കുപ്പിച്ചില്ലുപോലെ മുര്‍ച്ചയുള്ളതാണ്. കാല്പനികത്വത്തന്റെ വര്‍ണ്ണപ്പൊലിമ അവയ്ക്ക് അവകാശപ്പെടാനില്ല. എന്നാല്‍ ഇത്രയേറെ ആത്മപരത കാല്പനിക കവികളില്‍പ്പോലും ദുര്‍ലഭമാണ്. കാല്പനികകവി സ്വന്തം മനസ്സില്‍ ഉദിച്ചുയര്‍ന്ന നിമിഷങ്ങളുടെ ദീപ്തിയില്‍ ജീവിക്കുന്നവനാണ് എങ്കില്‍ , കുഞ്ഞുണ്ണി മാസ്റ്ററോളം കാല്പനികനായ ഒരാള്‍ കവികളുടെ കൂട്ടത്തില്‍ നമുക്കില്ല.

കുഞ്ഞുണ്ണിക്കവിതയിലെ ദര്‍ശനം ഒരു വലിയ അളവോളം അതിലെ സാമൂഹ്യചിന്തയുമായി കൂടിക്കുഴഞ്ഞു കിടക്കുന്നു. നിസ്സംഗതയും സിനിസിസവും നര്‍മ്മബോധവുമാണ് അടിയൊഴുക്കുകള്‍ എന്നു സൂക്ഷിച്ചുനോക്കിയാല്‍ അറിയാം. തീരെ വളക്കൂറില്ലാത്ത മണ്ണില്‍ വളര്‍ന്നതിനാലാവാം എന്ന മുഖവുരയോടെ ഒരിക്കല്‍ മാഷ് എഴുതി’ അഗാധമായ സ്‌നേഹം, നിഷ്‌കാമമായ സ്‌നേഹം, നിഷ്‌കളങ്ക സ്‌നേഹം- ഇതൊന്നും എനിക്ക് ആരോടുമില്ല. എന്നോടുമില്ല’ കവിയെപ്പോലെ ഇതു തുറന്നുപറയാന്‍ ആരും ധൈര്യപ്പെടുന്നില്ല എന്നതല്ലേ സത്യം? കാമുകിയുടെ തുടുത്ത ചുണ്ടില്‍ അമര്‍ത്തി ചുംബിക്കവേ,’എന്‍ ചുണ്ടിലൊട്ടിടയ്ക്കൂറിയ മാധുരി നിന്‍ ചുണ്ടിനുള്ളതോ ലിപ്‌സ്റ്റിക്കിനുള്ളതോ’ എന്ന ചോദ്യം മനസ്സില്‍ ഉയരുന്ന സാഹചര്യത്തില്‍ എന്തു സ്‌നേഹം, എന്തു ഭക്തി?

‘കപട ലോകത്തിന്‍ കാപട്യം
സകലരും കണ്ടതാണെന്റെ പരാജയം’

എന്ന സത്യം മൂര്‍ച്ചയേറിയതാണ്. സമൂഹത്തിന്റെ കൊള്ളരുതായ്മകള്‍ വ്യക്തിവിദ്വേഷരഹിതമായി തുറന്നടിക്കുകയാണ് ഈ കവി പലപ്പോഴും ചെയ്യുന്നത്. അമ്പു കൊള്ളത്തവരില്ല കുരുക്കളില്‍ എന്നു പറഞ്ഞതുപോലെ, ഈ മൊട്ടുസൂചികള്‍ എവിടെയൊക്കെയോ കുത്തിത്തറയ്ക്കുന്നു.

‘ആറു മലയാളിക്ക് നൂറു മലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല’

‘ഇന്ത്യാക്കാരില്ലാത്തൊരു രാജ്യമുണ്ടുലകത്തില്‍
ഇന്ത്യയെന്നൊരു രാജ്യം’

രാഷ്ട്രീയം എന്ന പേരില്‍ ഒരു കവിതസമാഹാരം മുപ്പതുവര്‍ഷങ്ങള്‍ക്കു മമ്പേ മാഷിന്റേതായി പുറത്തുവന്നിരുന്നു. തന്റെ ഒതുങ്ങിയ ജീവിത്തിനുചുറ്റും കാണുന്ന ഉപജീവന രാഷ്ട്രീയത്തെപ്പറ്രി ഒരു ശുദ്ധ കാരണവരുടെ ശുണ്ഠിയോടെ, പരുഷഭാവത്തില്‍ അദ്ദേഹം പറയും. ഈ പറച്ചില്‍ ഒരു വ്യക്തിയെ ലക്ഷ്യമാക്കിക്കൊണ്ടല്ല എന്നതിനാല്‍ ചിലര്‍ക്ക് അത് നീരസപ്രദമായി തോന്നും. പണ്ടും വിരൂപന് കണ്ണാടി ആഹ്ലാദം നല്കുന്ന വസ്തുവായരുന്നില്ലല്ലോ.

‘പട്ടി പെറും പാര്‍ട്ടി പിളരും
പൊളിറ്റിക്‌സ് ഇങ്ങനെയെന്നും
പൊളിയാനെന്തു കാരണം
പൊളിയാവുക കാരണം
പ്ലേഗു പരന്നാലുണ്ട് നിവൃത്തി
ഫ്്‌ളാഗുപരന്നാലില്ല നിവൃത്തി’

ഈ വെളിപാടുകള്‍ നമ്മെ ചിരിപ്പിക്കും എന്നു തീര്‍ച്ചയാണ്്. പക്ഷേ ആ ചിരി നമ്മെ ആത്മനിന്ദയില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നില്ലേ?

‘ജന്‍മമൊന്നുംകൂടി വേണമെനിക്കെങ്കി
ലായതും കേരളത്തില്‍ത്തന്നെവേണമെ
ന്നാണെങ്കിലീശ്വര
ന്യൂനപക്ഷത്തിലാക്കിടാന്‍ കനിയണേ’

മതം മയക്കു മരുന്നാണെങ്കില്‍
രാഷ്ട്രീയം കറക്കു മരുന്നാണ്’

ഇത്രകാലം നമ്മള്‍ മുഷ്ടികൊണ്ടിടിച്ചിട്ടും
ഇങ്കുലാബെന്ന വാക്കു മലയാളമായില്ല
ഇങ്കു    ലാബിലും
സിന്ത    ബാദിലും
ഇന്ത്യ    തോട്ടിലും’

തന്റെ നിയോഗത്തെക്കുറിച്ച് ഇത്രയധികം ബോധ്യമുണ്ടായിരുന്ന ഇതുപോലൊരു കവി ഭാഷയിലുണ്ടായിട്ടില്ല. ‘കര്‍ത്താവേ, എനിക്കുള്ള കുരിശ് ഇത്ര ചെറുതോ! എന്ന് ആത്മസംതൃപ്തിയോടെ, മന്ദഹാസത്തോടെ ചോദിക്കുന്ന ഈ വാമനന്‍ തന്നില്‍ ഒതുക്കിയുരുന്നത് വിരാട്പുരുഷനെയാണ്. വിനീതനായി അദ്ദേഹംപറയുകയും ചെയ്യും

‘കുഞ്ഞുണ്ണിക്കൊരു മോഹം എന്നും കുഞ്ഞായിട്ടുരമിക്കാന്‍
  കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു കവിയായിട്ടു മരിക്കാന്‍ ‘

കുഞ്ഞാവുക എന്നാല്‍ നിഷ്‌കളങ്കതയുടെ മൂര്‍ത്തീമദ്ഭാവം ആവുക എന്നാണര്‍ഥം. ഈശ്വരനാവുക എന്നുതന്നെ. ഇത്രയേറെ പ്രയാസമുള്ള മറ്റെന്തുണ്ട്, മനുഷ്യനാവുകപോലും വിഷമമായ നമ്മുടെ ലോകത്തില്‍

“കണക്കാണ് ലോകത്തിന്റെ സ്പന്ദനം”

May 10, 2012 · Posted in Authors, Books · 4 Comments 

ആടുതോമായോട് ചാക്കോ മാഷ് ‘കണക്കാണ് ലോകത്തിന്റെ സ്പന്ദനം’ എന്നു പറയുമ്പോള്‍ ഏറെചിരിച്ചവരാണ് നാം. എന്നാല്‍ ഈ പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളിലും കാണപ്പെടുന്ന ഏക വിഷയമാണ് ഗണിതം. നമ്മുടെ കുട്ടികളില്‍ ബഹുഭൂരിപക്ഷത്തിനും ശാസ്ത്രവിഷയങ്ങള്‍ അന്യമാകുന്നതിന് പ്രധാന കാരണം കണക്കിനോടുള്ള ഭയമാണ്.  അടിസ്ഥാനമുറപ്പിക്കാതെ ചൂരല്‍ക്കഷായത്തിലൂടെ ഗുണനപ്പട്ടിക പഠിപ്പിച്ചു തുടങ്ങുന്ന അധ്യാപകര്‍തന്നെയാണ് ഇതിനു പ്രധാന കാരണക്കാര്‍ . ഗണിതം വിരസമല്ല, രസകരമാണ് എന്നു ബോധ്യപ്പെടുത്തുന്ന ഒരു വ്യത്യസ്തനായ അധ്യാപകന്‍ സംസാരിക്കുന്നു. പള്ളിയ ശ്രീധരന്‍ . നൂറുകണക്കിനു ഗണിതപ്പുസ്തകങ്ങള്‍ , വരണ്ട കണക്കുകളല്ല മറിച്ച് കളിയിലൂടെ കണക്കിന്റെ മര്‍മ്മം കാണിച്ചുതരുന്ന പുസ്തകങ്ങള്‍ എഴുതുന്ന എഴുത്തുകാരന്‍. സി പി ചന്ദ്രന്‍ പള്ളിയറ ശ്രീധരനുമായി നടത്തിയ അഭിമുഖം

2012 വര്‍ഷം ദേശീയഗണിതശാസ്ത്രവര്‍ഷമായി ആഘോഷിക്കപ്പെടുകയാണല്ലോ. ഗണിതശാസ്ത്രവിഷയത്തില്‍ നൂറോളം പുസ്തകങ്ങള്‍ രചിച്ച താങ്കള്‍ ഈ വര്‍ഷാചരണത്തെ എങ്ങനെ വിലയിരുത്തുന്നു?

ഗണിതശാസ്ത്രത്തെ ശാസ്ത്രങ്ങളുടെ ശാസ്ത്രം എന്നും ശാസ്ത്രങ്ങളുടെ റാണി എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്്. ഈ പ്രസ്ഥാവന ഗണിതശാസ്ത്രത്തിന്റെ യഥാര്‍ത്ഥപ്രാധാന്യം വ്യക്തമാക്കുന്നില്ല എന്ന് പറയാം. ഈ പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളിലും കാണപ്പെടുന്ന ഏകവിഷയമാണ് ഗണിതം. ലോകത്തില്‍ നൂറുകണക്കിന് വിഷയങ്ങളു്യുെങ്കിലും, മറ്റൊരു വിഷയത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത വലിയ പ്രാധാന്യമാണിത്. കമ്പ്യൂട്ട് എന്നാല്‍ കണക്ക് കൂട്ടുക എന്നും ഡിജിറ്റ് എന്നാല്‍ അക്കം എന്നുമാണര്‍ത്ഥം. കണക്കുകൂട്ടല്‍ യന്ത്രം വികസിപ്പിച്ചാണ് മനുഷ്യന്‍ കമ്പ്യൂട്ടറിലെത്തിയത്. കമ്പ്യൂട്ടര്‍ ഗണിതത്തിന്റെ സംഭാവനയെന്നതുപോലെ ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗണിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ സര്‍വമേഖലകളിലും കമ്പ്യൂട്ടറിന്റെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും സ്വാധീനം കാണാം.  പത്രങ്ങള്‍, സിനിമ, ടെലിവിഷന്‍, ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍,  ലാപ്്‌ടോപ്പ്, സ്റ്റുഡിയോ, വിഷ്വല്‍ മീഡിയ, ബാങ്കിങ്,റെയില്‍വെ തുടങ്ങി നമ്മുടെ നിത്യജീവിതത്തിലെ ഏത് കാര്യത്തിലും കമ്പ്യൂട്ടറിന്റെയും ഡിജിറ്റല്‍സാങ്കേതികവിദ്യയുടെയും സ്വാധീനം കാണാം. ഇത്രയും പ്രാധാന്യമുള്ള ഗണിതത്തിന് നിര്‍ഭാഗ്യവശാല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിക്കാണുന്നില്ല. ഈ സാഹചര്യത്തില്‍ 2012 വര്‍ഷം ഗണിതശാസ്ത്രവര്‍ഷമായി ആചരിക്കുന്നത്  ഉചിതമാണ്. ഗണിതത്തിന്റെ പ്രാധാന്യം ഒരു പരിധിവരെയെങ്കിലും ബോധ്യപ്പെടുത്താന്‍ ഇതുകൊണ്ട് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.

താങ്കളുടെ നൂറാം പുസ്തകം സെഞ്ച്വറി ഈയിടെ പ്രസിദ്ധീകരിക്കപ്പട്ടല്ലോ. ഈ അപൂര്‍വനേട്ടത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?

$  നൂറു പുസ്തകങ്ങള്‍ രചിച്ചു എന്നത് വലിയ നേട്ടമായി തോന്നുന്നില്ല. പക്ഷേ, ഏറ്റവും പ്രധാനപ്പെട്ട, അതേസമയം ഏറ്റവും വിരസമായി അറിയപ്പെടുന്ന അഥവാ അനുഭവപ്പെടുന്ന ഒരു വിഷയത്തില്‍ നൂറോളം പുസ്തകങ്ങള്‍ രചിക്കപ്പെടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. മറ്റൊരു ഇന്ത്യന്‍ ഭാഷയിലും ഈ വിഷയത്തില്‍ ഇത്രയും പുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടില്ല എന്നറിയുമ്പോള്‍ കൂടുതല്‍ അഭിമാനം തോന്നുന്നു.

ഗണിതം പൊതുവെ വിരസമായ ഒരു വിഷയമായാണ് അറിയപ്പെടുന്നത്. ഈ വിരസമായ ഒരു വിഷയത്തില്‍ താങ്കള്‍ ഗ്രന്ഥരചനയില്‍ എത്തിപ്പെടാനുണ്ടായ സാഹചര്യം വിശദമാക്കാമോ ?

$  ഒരു അധ്യാപകനാകുന്നതിനു മുമ്പ് ഞാന്‍ ധാരാളം കഥകളെഴുതിയിരുന്നു.  ഒരു ഗണിതശാസ്ത്രാധ്യാപകന്‍ എന്ന നിലയില്‍ കുട്ടികള്‍ക്ക് കണക്കിനോടുള്ള വിഷമം എനിക്ക് നേരിട്ട് ബോധ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ കണക്ക് വിരസമായ വിഷയമല്ലെന്നും, കണക്കിലെ രസകരമായ കാര്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ കണക്ക് രസകരമായിരിക്കും എന്ന് എനിക്ക് തോന്നി. പക്ഷേ, അക്കാലത്ത് ഗണിതപുസ്തകങ്ങള്‍ വളരെ വിരളമായിരുന്നു. ഒരു എളിയ ശ്രമമെന്ന നിലയില്‍ ഗണിതത്തിലെ രസകരമായ വസ്തുതകള്‍ വിശദമാക്കിക്കൊണ്ട് ഞാന്‍ ചില ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. ഇവ നന്നായി സ്വീകരിക്കപ്പെട്ടു. ഇവ പുസ്തകരൂപത്തില്‍ സമാഹരിക്കാന്‍ സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ആദ്യപുസ്തകം പ്രകൃതിയിലെ ഗണിതം 1979ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അക്കാലത്ത് കണ്ണൂരില്‍ താമസിച്ചിരുന്ന പ്രശസ്തശാസ്ത്രഗ്രന്ഥകാരന്‍ ഡോ. കെ. ഭാസ്‌കരന്‍ നായര്‍ വളരെ അഭിനന്ദിക്കുകയും ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. ഈ കൊച്ചുപുസ്തകം സംസ്ഥാന വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും , എന്നെ പാഠപുസ്തകകമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി  അധ്യാപകര്‍ക്ക് ക്ലാസ് എടുക്കുവാനുള്ള ചുമതലയും അധികൃതര്‍ എന്നെ ഏല്‍പിച്ചു. അങ്ങനെ കേരളത്തിന്റെ എല്ലാ ജില്ലകളിലും ഹൈസ്‌കൂള്‍ – പ്രൈമറി അധ്യാപകര്‍ക്ക് ക്ലാസ്സ് എടുക്കുവാനുള്ള ചുമതല ലഭിച്ചു. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ കണക്ക് പഠിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഇത് ഗ്രന്ഥരചനയെ വളരെയേറെ സഹായിച്ചു.

സാഹിത്യശാഖ എന്ന നിലയില്‍ ഗണിതസാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു?

കുറേ ഗണിതഗ്രന്ഥങ്ങള്‍ രചിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. പൊതുവെ കുട്ടികള്‍ വെറുക്കുന്ന ഒരു വിഭാഗമാണ് കണക്ക് പുസ്തകം.  അത്തരം കുറെ പുസ്തകങ്ങള്‍ രചിച്ചതുകൊണ്ട് കാര്യമില്ല. വായനക്കാരെ കണക്കിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കണം. കഥ, കവിത, നാടകം, ജീവചരിത്രം, റഫറന്‍സ് ഗ്രന്ഥങ്ങള്‍ എന്നിവയൊക്കെ ഒരു സാഹിത്യശാഖയ്ക്ക് ആവശ്യമാണ്. ഇങ്ങനെ വ്യത്യസ്തമായ വിഭാഗത്തില്‍ ഇതേ വിഷയത്തില്‍ ഞാന്‍ രചന നടത്തിയിട്ടുണ്ട

ജോലിയില്‍നിന്നും സ്വയം വിരമിച്ചാണല്ലോ താങ്കള്‍ ഗ്രന്ഥരചനയില്‍ ശ്രദ്ധിക്കുന്നത്. ഇങ്ങനെ നേരത്തേ വിരമിച്ച സാഹചര്യം എന്തായിരുന്നു?

$  കൂടുതല്‍ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടതോടെ ഈ രംഗത്ത് പരമാവധി സേവനം നടത്താന്‍ താല്‍പര്യമുണ്ടായി. അധ്യാപകജോലിയും, എഴുത്തും ഒന്നിച്ച് കൊണ്ടുപോകുമ്പോള്‍  ധാരാളം പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. സാമ്പത്തികമായി വലിയ നഷ്ടം നേരിടേമ്ടിവരുന്നുവെങ്കിലും ഈ രംഗത്ത് പരമാവധി സംഭാവന ചെയ്യാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ട്. ആറു വര്‍ഷം മുമ്പെ ജോലിയില്‍നിന്ന് വിരമിച്ചിരുന്നില്ലെങ്കില്‍ നൂറു പുസ്തകം എന്ന അപൂര്‍വനേട്ടം കൈവരിക്കാന്‍ കഴിയുമായിരുന്നില്ല.

കുട്ടികള്‍ക്ക് പഠിക്കാനുളള വിഷയങ്ങളില്‍ ഏറ്റവും പ്രയാസപ്പെട്ട വിഷയമായാണ് കണക്ക് അറിയപ്പെടുന്നത്. കണക്കിലാണെങ്കില്‍ താങ്കള്‍ ഇന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസവകുപ്പ്  താങ്കളുടെ പുസ്തകങ്ങള്‍ക്ക് അര്‍ഹമായ പരിഗണന തന്നിട്ടുണ്ടോ?

  എന്റെ ഒരു പുസ്തകമോ, ഒരു ലേഖനംപോലുമോ ഇന്നു വരെ ഒരു പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല. പല പദ്ധതികളില്‍ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കപ്പെടുമ്പോഴും അര്‍ഹമായ പരിഗണന കിട്ടാറില്ല. എന്റെ പുസ്തകങ്ങള്‍ മാത്രമല്ല മറ്റു ഗണിതപുസ്തകങ്ങളും അര്‍ഹമായ രീതിയില്‍ പരിഗണിക്കാറില്ല. സര്‍ക്കാരും വേമ്ടത്ര പ്രോത്സാഹനം നല്‍കിക്കാണുന്നില്ല. പ്രപഞ്ചത്തിലെ ഏതു കാര്യത്തിലും വളരെ പ്രധാനമായ  ഗണിതശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് സംസ്ഥാനത്ത് ഒരു വകുപ്പോ കോര്‍പ്പറേഷനോ ഉളളതായി അറിവില്ല. കശുവണ്ടി, കയര്‍ , മുള എന്നിവയുടെയെല്ലാം വികസനത്തിന് ബോര്‍ഡും കോര്‍പ്പറേഷനുമൊക്കെയുണ്ട്.

ഗണിതശാസ്ത്രപുസ്തകങ്ങളോട്  മലയാളി വായനാസമൂഹത്തിന്റെ പ്രതികരണമെന്താണ്?

$  മലയാളി വായനാസമൂഹം എന്റെ പുസ്തകങ്ങള്‍ക്ക് നല്ല സ്വീകരണം തരുന്നുണ്ട്. കുട്ടികളില്‍നിന്നും അധ്യാപകരില്‍ നിന്നും കിട്ടുന്ന പ്രതികരണങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ഏത് വിലപ്പെട്ട അവാര്‍ഡിനേക്കാളും വിലമതിക്കാവുന്ന പ്രതികരണങ്ങള്‍ .  പക്ഷേ, പല കാരണങ്ങളാലും യഥാസമയം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നില്ല. ഇപ്പോള്‍ ഭൂരിഭാഗം  പുസ്തകങ്ങളും ഔട്ട് ഓഫ് പ്രിന്റാണ്.

ഗണിതം രസകരമായി പഠിപ്പിക്കുവാന്‍ നമ്മുടെ പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് തോന്നിയിട്ടുണ്ടോ?

$  പന്ത്രണ്ടിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഔദ്യോഗികമായി അധ്യാപനം മതിയാക്കിയ ഒരാളാണ് ഞാന്‍ . ഇപ്പോഴുള്ള പാഠ്യവസ്തുക്കളുമായോ, പഠനരീതിയെപ്പറ്റിയോ എനിക്ക് യാതൊരു അറിവുമില്ല. അറിയാത്ത ഒരു കാര്യത്തെപ്പറ്റി ഞാനെന്തു പറയാന്‍

ചെകുത്താന്‍ കയറിയ നാട്

May 9, 2012 · Posted in Books · 40 Comments 

പത്രങ്ങളും വാര്‍ത്താചനലുകളും ഒട്ടൊരു ഭീതിയോടെമാത്രമേ നമുക്കു തുറക്കാന്‍ കഴിയൂ. തലയില്ലാത്ത ഉടലുകളുടെ ചിത്രങ്ങള്‍ അച്ചടിച്ചു കാണേണ്ടിവരുന്ന അവസ്ഥയെ എന്തു പേരിട്ടു വിളിക്കും. നരഭോജികളുടേതിന് സമാനമായ മാനസികാവസ്ഥയിലേക്ക് മലയാളി സമൂഹം പുരോഗമിക്കുകയാണോ?  കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച ഒരു കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മാധ്യമങ്ങളില്‍ നിറയുന്നത് പതിന്നാലുവയസ്സുകാരന്‍ തന്റെ സഹപാഠിയുടെ തലയറുത്തു കൊലപ്പെടുത്തിയ വാര്‍ത്തകളാണ്.

കുട്ടികള്‍ നന്‍മയുടെ ഉറവിടങ്ങളാണ്. വളരുന്ന സാഹചര്യമാണ് അവരെ കുറ്റവാളികളാക്കുന്നത് എന്നൊരു കാഴ്ച്ചപ്പാട് ഇപ്പോഴും നിലനില്‍ക്കുന്നു. തികച്ചും ശരിയായ കാഴ്ച്ചപ്പാടാണിതെന്ന് ഇന്നധികംപേരും വിശ്വ്‌സിക്കുന്നില്ല. സ്വന്തം മനസ്സാക്ഷിയുടെ മുന്നില്‍ കുറ്റബോധമില്ലാത്തവരെന്നും വളര്‍ന്ന സാഹചര്യംകൊണ്ട് കുറ്റവാളികളായിത്തീര്‍ന്നവരെന്നും രണ്ടു വിഭാഗമായി ക്രിനമിനോളജിയില്‍ കുറ്റവാളികളെ വര്‍ഗ്ഗീകരിക്കുന്നുണ്ട്.

മാതാപിതാക്കളുടെയും കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെയും അച്ചടക്കമില്ലാത്തതും മാതൃകാപരമല്ലാത്തതുമായ പെരുമാറ്റംകൊണ്ടും അശ്രദ്ധമായ പരിപാലനംകൊണ്ടും കുട്ടികള്‍ വഴിതെറ്റിപ്പോവുക എന്നത് സാധാരണയായി കണ്ടുവരുന്ന സംഗതിയാണ്. മദ്യപിച്ചും അല്ലാതെയും കുടുംബാംഗങ്ങള്‍ വീട്ടിനകത്തും പുറത്തും കയ്യാങ്കളി നടത്തുന്നത് കുട്ടികളില്‍ സംഘര്‍ഷപൂരിതമായ മാനസികാവസ്ഥ സൃഷ്ടിക്കുകയും അതവരെ മാനസിക അരക്ഷിതാവസ്ഥയിലേക്കും വിവേചനമില്ലാത്ത പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുകയും ചെയ്തുവരുന്നുണ്ട്.

പലപ്പോഴും ദാരിദ്ര്യമാണ് കുറ്റകൃത്യങ്ങളുടെ മാതാവ് എന്നു പറയാറുണ്ടെങ്കിലും ദരിദ്രകുടുംബങ്ങളിലെ ധാരാളം കുട്ടികള്‍ നല്ല സ്വഭാവത്തോടെ വളര്‍ന്നുവരുന്നുണ്ട്. ദാരിദ്ര്യത്തിനു കുറ്റവാസനയുമായി നേരിട്ട് ബന്ധമില്ലെന്ന് മനശാസ്ത്രജ്ഞന്‍മാര്‍ അടിവരയിട്ടു പറയുന്നു. പക്ഷേ, ദാരിദ്ര്യത്തില്‍ നിന്നുളവാകുന്ന ദുരവസ്ഥ പലരേയും കുറ്റകൃത്യങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നു എന്നതാണ് വാസ്തവം.

കുട്ടികളില്‍ ദുര്‍വാസനകള്‍ വളര്‍ന്നു വരാനുള്ള പ്രധാന കാരണം മാതാപിതാക്കള്‍ക്ക് കുട്ടികളുമായി ആശയവിനിമയം കുറഞ്ഞുവരുന്നു എന്നതാണ്. മാതാപിതാക്കള്‍ രണ്ടുപേരും തൊഴിലെടുത്ത് ജീവിക്കുമ്പോള്‍ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ മക്കളുമായി സല്ലാപത്തിനു സമയം കിട്ടാതെ പോകുന്നു. ഇതു കുട്ടികളെ അന്തര്‍മുഖരാക്കുകയും, ഏകാന്തയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇപ്പറഞ്ഞതൊന്നും മാതൃകാരപരമായ ശക്ഷയില്‍നിന്നും രക്ഷപ്പെടുവാനുള്ള കാരണങ്ങളാകുന്നില്ല. മാധ്യമങ്ങളെ വിശ്വസിക്കാമെങ്കില്‍ കുട്ടികള്‍ തമ്മിലുള്ള നിസ്സാര സൗന്ദര്യപ്പിണക്കമാണ് ദാരുണമായ കൊലപാതകത്തിലേക്കു നയിച്ചത്. ഹോളിവുഡ്ഡ് സിനിമകളാണ് തനിക്കു മാര്‍ഗ്ഗനിര്‍ദ്ദേശമായതെന്നു പ്രതിയെന്നു സംശയിക്കുന്ന കുട്ടി പറയുമ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ ആരെന്നു നാം തിരിച്ചറിയണം. മലയാളിയുടെ മാറുന്ന ജീവിതസാഹചര്യങ്ങളും ഉഭഭോഗാസക്തിയും നരകവാതില്‍ക്കലേക്കാണ് നമ്മെ ആനയിക്കുന്നതെന്ന് ഈ സംഭവങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നു.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകമെടുത്താലും മൂലകാരണം ഇതുതന്നെ. രാഷ്ട്രീയമായ കാരണങ്ങള്‍ അവിടെ നില്‍ക്കട്ടെ. പണംകിട്ടാന്‍ കൊലപാതകം ചെയ്യുന്ന കൊട്ടേഷന്‍ മാനസികാവസ്ഥ മലയാളിക്കെങ്ങനെയുണ്ടായി? ചതിക്കാനും മത്സരിക്കാനും നുണപറയാനും വേണ്ടിവന്നാല്‍ വകവരുത്താനും മടിക്കാത്ത മനസ്സാക്ഷി എന്നൊന്നില്ലാത്ത സമൂഹമായി നമ്മള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.ടി വിയിലെയും സിനിമകളിലെയും രക്തച്ചൊരിച്ചിലുകളും വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്ന വീഡിയോ ഗെയിമുകളും പുതിയതലമുറയില്‍ ചെലുത്തുന്ന സ്വാധീനമല്ലേ രാഷ്ട്രീയത്തിലും സമൂഹത്തിലും വര്‍ദ്ധിച്ചുവരുന്ന മനഃസ്സാക്ഷിയില്ലായ്മയുടെ പുതിയമുഖത്തില്‍ പ്രതിഫലിക്കുന്നത്!

ജീസസ് ഇന്‍ ബ്ലൂ ജീന്‍സ്

May 8, 2012 · Posted in Authors, Books · 4 Comments 

യേശുക്രിസ്തുവിന്റെ നേതൃഗുണങ്ങളെ ഒരു സി ഇ ഒ എന്ന നിലയില്‍ വിലയിരുത്തി തരംതിരിച്ച് അവതരിപ്പിച്ച “ജീസസ് സി ഇ ഒ” അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ പുസ്തകമാണ്. ലോറി ബെത് യാനസ് എന്ന എഴുത്തുകാരി അതോടെ ആഗോള എഴുത്തുകാരിയായിമാറി. തന്റെ സിദ്ധികള്‍ക്കൊണ്ട് യേശു എങ്ങനെയാണ് തന്റെ സംഘത്തെ പരിശീലിപ്പിച്ചത് , എങ്ങനെ അവരെ ലക്ഷ്യബോധമുള്ളവരാക്കി എന്ന് വളരെ ലളിതമായി നമുക്ക് മനസ്സിലാക്കിത്തരുന്നു ഈ പുസ്തകം. ഈ പരമ്പരയില്‍പ്പെട്ട മറ്റൊരു പുസ്തകമാണ് ‘ജീസസ് ഇന്‍ ബ്ലൂ ജീന്‍സ്’. ലക്ഷക്കണക്കിനു പ്രതികള്‍ വിറ്റഴിഞ്ഞ പുസ്തകമാണിത്. യേശുവിന്റെ ഉദ്‌ബോധനങ്ങളിലൂടെ നമ്മുടെ വ്യക്തിജീവിതത്തില്‍ വിജയവും ഉത്കൃഷ്ടതയും ആര്‍ജ്ജിക്കുന്നതിനുള്ള നിരവധി വഴികള്‍ ഇതു നമുക്ക് വെളിപ്പെടുത്തിത്തരുന്നു. നമുക്കുകൂടി അനുകരിക്കാവുന്ന ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം ഒരുക്കിയിരി്ക്കുന്നത്. പുസ്തകത്തിലെ ഒരു ലേഖനം വായിക്കാം

അവന്‍ വേണ്ടവിധം തയ്യാറെടുത്തു

എനിക്കു പത്തു വയസ്സുള്ളപ്പോഴാണ്. ഒരു ദിവസം സ്‌കൂളില്‍നിന്നു വീട്ടിലെത്തിയപ്പോള്‍ എന്റെ ഓമനയായ താറാവ് ഹാരിയറ്റ് മുങ്ങിച്ചത്തിരുന്നതായി ഞാന്‍ കണ്ടു. അവള്‍ മുങ്ങിച്ചത്തതുമാത്രമല്ല പ്രശ്‌നം. പിന്‍മുറ്റത്ത് ഞാനവള്‍ക്കു സ്‌നേഹപൂര്‍വം ഒരുക്കിയിരുന്ന കുളത്തിലാണ് ചത്തിരിക്കുന്നത്. അവളുടെ മരണത്തില്‍ എന്റെയത്രതന്നെ എന്റെ രക്ഷിതാക്കള്‍ സങ്കടപ്പെടുകയും അമ്പരക്കുകയും ചെയ്തു. അതിനാല്‍ അവര്‍ ഞങ്ങളുടെ മൃഗഡോക്ടറെ വിളിച്ചുവരുത്തി. ”ഇതൊരു കൊലപാതകമായിരുന്നോ, ആത്മഹത്യയായിരുന്നോ?” ജഡത്തെനോക്കി ഞങ്ങള്‍ ചോദിച്ചു. ”രണ്ടുമല്ല.” വെള്ളം നിറഞ്ഞ അവളുടെ കൊച്ചുശരീരം ഉയര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ”ഈ താറാവ് വേണ്ടവിധം സ്വയം തയ്യാറെടുത്തില്ല. നോക്കൂ, തങ്ങളുടെ ചിറകുകള്‍ക്കടിയില്‍ ഉത്്പാദിപ്പിക്കപ്പെടുന്ന വെള്ളം കടക്കാത്ത ഒരു സവിശേഷ എണ്ണകൊണ്ട് താറാവുകള്‍ക്കു സ്വയം ആവരണം ചെയ്യേണ്ടതുണ്ട്. ചില കാരണങ്ങളാല്‍ ഇവളതു ചെയ്തില്ല. അതിനാല്‍ അവള്‍ നീന്താനാരംഭിച്ചപ്പോള്‍ , ചിറകുകള്‍ വെള്ളം ആഗിരണം ചെയ്തു. ഒരു കല്ലുപോലെ താഴുകയും ചെയ്തു.”

വള്ള’ത്തിന്റെ’ അല്ലാതിരുന്നിട്ടും വെള്ള’ത്തില്‍’ ആവാന്‍ തങ്ങള്‍ക്കു സഹായകമായ ഒരു അതുല്യ എണ്ണയെ ആശ്രയിക്കുന്ന താറാവുകള്‍ എപ്രകാരമാണോ, അതേപ്രകാരം നമ്മളും ലോക’ത്തിന്റെ’ അല്ലാതിരുന്നിട്ടും ലോക’ത്തില്‍’ ആയിരിക്കാന്‍വേണ്ടി ഒരു തയ്യാറെടുപ്പ് എണ്ണകൊണ്ട് സ്വയം ആവരണം ചെയ്യേണ്ടതുണ്ട്. ദൈവത്തിനോട്–അതേപോലെ ദൈവത്തിലേക്കും–നാം ആരാണെന്ന സന്തുലിതമായ ഓര്‍മപ്പെടുത്തലുകളും പ്രാര്‍ത്ഥനയും സ്‌തോത്രവുംകൊണ്ട് ദിവസേന നാം സ്വയം ആവരണം ചെയ്യേണ്ടിയിരിക്കുന്നു.

യേശു വേണ്ടവിധം തയ്യാറെടുത്തു. വിശുദ്ധഗ്രന്ഥങ്ങളില്‍ ആഴ്ന്നിറങ്ങിക്കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് ഞാന്‍ കരുതുന്നു–വിശേഷിച്ച് ദൈവസ്‌നേഹത്തെയും ഉദാത്തമായ ഉന്നത ദൈവനിയോഗത്തെയും കുറിച്ചു സംസാരിക്കുന്ന വിശുദ്ധഗ്രന്ഥങ്ങള്‍. ”ഞാന്‍ കര്‍ത്താവില്‍ അത്യധികം സന്തോഷിക്കും. എന്റെ ആത്മാവ് എന്റെ ദൈവത്തിന്‍ ആഹ്ലാദിച്ചു തിമര്‍ക്കും; കാരണം, മണവാളന്‍ ശിരോമാല്യം അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങള്‍ അണിയുന്നതുപോലെയും അവന്‍ എന്നെ രക്ഷയുടെ ഉടയാടകള്‍ ഉടുപ്പിച്ചിരിക്കുന്നു. ധര്‍മിഷ്ടതയുടെ അങ്കി ധരിപ്പിച്ചിരിക്കുന്നു.”
ഏശയ്യാ 61:10

‘ദൈവത്തിന്റെ മുഴുവന്‍ രക്ഷാകവചവും ധരിക്കാന്‍’ പൗലോസ് നമ്മെ താക്കീതു ചെയ്തു.

 ലോറി ബെത് യാനസ്
ലോറി ബെത് യാനസ്

നിഷേധാത്മകശക്തികള്‍കൊണ്ടു നിറഞ്ഞ ഒരു ലോകത്തിലേക്കു നാം ഒരുമ്പെട്ടിറങ്ങവേ നമുക്ക് ഉപകരിക്കുന്ന ഒരു രക്ഷാകവചം അണിയേണ്ടത് ആവശ്യമാണ്. സൂര്യാഘാതമില്ലാതെ കടല്‍തീരത്തേക്കു പോകുന്നതു സ്വപ്നം കാണാതിരിക്കുന്ന നമ്മില്‍ പലരും പ്രാര്‍ത്ഥന കൂടാതെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പിന്നിടും. ‘ഫുള്‍ എസ്റ്റീം എഹഡ്’ എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥകര്‍ത്രിയായ ഡയാനേ ലൂമന്‍സ് തുടക്കത്തില്‍തന്നെ വിസ്മയകരമായ ഒരു മാനസിക പഠനം അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ മകള്‍ ജൂലിയയോടൊപ്പം ചേര്‍ന്നെഴുതിയതാണ് ഈ പുസ്തകം. മകളുടെ തലമുടി നൂറ് ആവര്‍ത്തി ചീകുമ്പോള്‍ ഓരോ ആവര്‍ത്തിയിലും അവര്‍ മകളോടു മന്ത്രിക്കും: ‘മകള്‍ എത്ര സുന്ദരിയും മൗലികതയുള്ളവളും അനുപമയും ഫലിതപ്രിയയും മനക്കരുത്തുള്ളവളും സര്‍ഗശക്തിയുള്ളവളും’ ആണെന്ന്. ഈ പ്രക്രിയയ്ക്കിടയില്‍ പലപ്പോഴും പെണ്‍കുട്ടി ഉറക്കത്തിലേക്കു വഴുതിവീഴുമെങ്കിലും അമ്മ പറഞ്ഞ ഓരോ വാക്കുകളും അവള്‍ കേട്ടിട്ടുണ്ടെന്ന് മുഖത്തെ ഭാവത്തില്‍നിന്നു വ്യക്തമാണ്. തന്റെ മകളെ പരിപൂര്‍ണ സ്‌നേഹംകൊണ്ടു വേണ്ടവിധം തയ്യാറെടുപ്പുനടത്തി ഡയാനേ ലൂമന്‍സ് ഒരു കാര്യം ഉറപ്പുവരുത്തി: പെണ്‍കുട്ടി ഒരു നിഷേധാത്മക ലോകത്തെ അഭിമുഖീകരിക്കുമ്പോള്‍ വിഷാദത്തിന്റെയോ ആത്മസന്ദേഹത്തിന്റെയോ ആയ ഒരു കുളത്തില്‍ മുങ്ങി മരിക്കാനിടയില്ല.

‘ജീസസ് സി.ഇ.ഒ.’യുടെ പ്രോത്സാഹനാര്‍ത്ഥം എന്റെ പ്രഥമഗ്രന്ഥപര്യടന പരിപാടിയ്ക്ക് ഞാന്‍ ഒരുമ്പെടാനിരുന്നപ്പോള്‍, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നു നിരവധി പേരോട് ഞാനാവശ്യപ്പെട്ടു. ഞാന്‍ യാത്ര പുറപ്പെട്ടതിന്റെ തലേന്ന് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ജറുസലേമില്‍നിന്ന് അല്പം വിശുദ്ധജലം കൊണ്ടുവന്നിരുന്നു. ”ദൈവത്തെക്കുറിച്ചുള്ള ചിന്തകള്‍ നീ ചിന്തിക്കട്ടെ” എന്നു പറഞ്ഞ് അവരെന്റെ നെറ്റിത്തടത്തില്‍ ജലാഭിഷേകം ചെയ്തു. പിന്നീടവര്‍ എന്റെ ചുണ്ടുകളില്‍ ജലാഭിഷേകം ചെയ്തുകൊണ്ടു പറഞ്ഞു: ”ദൈവത്തിന്റെ വാക്കുകള്‍ നീ സംസാരിക്കട്ടെ.” അവരെന്റെ ഹൃദയത്തിന്മേല്‍ കുരിശടയാളം വരച്ചുകൊണ്ടു പ്രാര്‍ത്ഥിച്ചു: ”ദൈവത്തിന്റെ സ്‌നേഹം നിനക്ക് തോന്നട്ടെ.” കണ്ണുതുറന്നപ്പോള്‍ ഞാന്‍ ”തയ്യാറെടുത്തതായി” എനിക്ക് അനുഭവപ്പെട്ടു. അവരുടെ പ്രാര്‍ത്ഥനകളും ആശീര്‍വാദങ്ങളും എന്നെ എണ്ണകൊണ്ടു മൂടിയിരുന്നു.

ചോദ്യം
എല്ലാ ദിവസവും നിങ്ങളുടെ മനസ്സിനും ഹൃദയത്തിനും ആത്മാവിനും എന്തു സംരക്ഷണാവരണമാണ് നിങ്ങള്‍ പുരട്ടിയത്?
ചോദ്യം
ഏതു വിശുദ്ധഗ്രന്ഥങ്ങളാണ് നിങ്ങളുടെ അഭിഷേകതൈലം?
ചോദ്യം
വാക്കുകള്‍കൊണ്ട് നിങ്ങള്‍ ആരെയാണ് ‘വെള്ളം കടക്കാത്തത്’ ആക്കുന്നത്? ഏതു വാക്കുകളാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്?
ചോദ്യം
സ്വയം തയ്യാറെടുക്കാന്‍ മറ്റ് ഏതു വിശുദ്ധഗ്രന്ഥങ്ങളാവാം യേശു ഉപയോഗിച്ചിട്ടുണ്ടാവുക?

ഒറ്റയാകാത്ത ഒരാള്‍

May 7, 2012 · Posted in Authors, Books · 22 Comments 

അതീതത്താല്‍ പ്രലോഭിതമാകാത്ത കഥാജീവിതമാണ് ഇപ്രാവശ്യത്തെ മുട്ടത്തുവര്‍ക്കി പുരസ്‌കാരജേതാവായ എന്‍ പ്രഭാകരന്റേത്. ഭാഷകൊണ്ടോ അനുഭൂതികൊണ്ടോ  മറയ്ക്കപ്പെടാത്ത ജീവിതപ്പരപ്പാണ് ആ കഥകളുടെ പ്രതീക്ഷ. കെ വി ജയദേവ് എന്‍ പ്രഭാകരനുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്

കാലഹരണപ്പെട്ട ആശയങ്ങളെയും വ്യക്തികളെയും സാംസ്‌കാരികമായി സംസ്‌കരിക്കണമെന്നു വാദിക്കുന്ന ഇടതുപക്ഷ രാഷട്രീയബുദ്ധിജീവികള്‍ പക്ഷേ, കൂടെ കൊണ്ടുനടക്കുന്നത് ജീവിതകാലം മുഴുവന്‍ വലതുപക്ഷരാഷ്ട്രീയം മുന്നോട്ടുവച്ച എഴുത്തുകാരെയാണ്. കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരികഭാവുകത്വത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

എന്‍ പ്രഭാകരന്‍
എന്‍ പ്രഭാകരന്‍

ഇടതുപക്ഷം പ്രചരിപ്പിച്ചിട്ടുള്ള സാഹിത്യസങ്കല്പങ്ങളിലും ആശയങ്ങളിലും കുറെ പ്രശ്‌നങ്ങളുണ്ട്. രാഷ്ട്രീയബന്ധം വേണം. സാമൂഹികവിമര്‍ശനം വേണം. കാലാകാലങ്ങളിലുണ്ടാകുന്ന സംഭവങ്ങളോടു പ്രതികരണം എന്നൊക്കെ പറയുന്നതിനെ വളരെ യാന്ത്രികമായി സ്വീകരിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്ന എഴുത്തുണ്ട്. ഇത്തരം എഴുത്തുകൊണ്ട് ചിലപ്പോള്‍ ചില സാമൂഹികപ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരമുണ്ടാവുകപോലും ചെയ്യാം. പക്ഷേ, എഴുത്തിന്റെ ഒരേയൊരു സാധ്യത, അല്ലെങ്കില്‍ പുരോഗമനപരമായ സാധ്യത അതുമാത്രമാണെന്നു പറഞ്ഞാല്‍ അങ്ങനെ പറയുന്നവര്‍പോലും അത് വിശ്വസിക്കില്ല. ‘കാളിയമര്‍ദ്ദന’വും ‘ഗജേന്ദ്രമോക്ഷ’ വും മറ്റും മഹാകവിതയാണെന്ന് ഉള്ളില്‍ ഉറപ്പിച്ചുവയ്ക്കുകയും പുറമേ മുദ്രാവാക്യകവിതയ്ക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പായിരിക്കും അതിന്റെ ഫലം. ഇപ്പോള്‍ പുരോഗമനത്തിന് മേനികൂട്ടാന്‍ അറുപഴഞ്ചന്മാരെ ചുമലിലേറ്റുന്ന മറ്റൊരു സാഹിത്യനയം രൂപീകരിക്കേണ്ടിവന്നിരിക്കുന്നതും  അതുകൊണ്ടാണ്. കലയുടെയും സാഹിത്യത്തിന്റെയും ഒരുപാട് സാധ്യതകള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ നിര്‍ബന്ധിതരായവര്‍ ചെന്നു വീഴുന്ന വലിയ ഒരിരുട്ടുകുഴിയാണ് ഈ നയം. കേരളത്തിലെ യഥാര്‍ത്ഥ ഇടതുപക്ഷസാംസ്‌കാരിക ഭാവുകത്വം ഈ ഏര്‍പ്പാടുകളുടെകൂടെയൊന്നും നില്ക്കില്ല. ഇത്തരത്തിലുള്ള സകല അടിമത്തങ്ങളില്‍നിന്നും വിഡ്ഢിത്തങ്ങളില്‍നിന്നും അകന്നു മാറിനില്ക്കാന്‍ അതിനു കഴിയും.

ഓരോ പാര്‍ട്ടിക്കും ഓരോ ജീവശാസ്ത്രമുണ്ടെന്നും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജീവശാസ്ത്രം അതിനുള്ളിലേക്ക് പുറമെനിന്ന് കാറ്റും വെളിച്ചവും കടന്നു വരുന്നതിനെ അനുവദിക്കില്ല എന്നും അങ്ങനെ അനുവദിച്ചാല്‍ കരയില്‍ പിടിച്ചിട്ട മീന്‍പോലെ പാര്‍ട്ടിതന്നെ ഉണ്ടാവില്ല എന്നും വിജയന്‍മാഷ് പറഞ്ഞിരുന്നല്ലോ. ഈ വാദത്തെ എങ്ങനെ സ്വീകരിക്കുന്നു?

കാറ്റും വെളിച്ചവും കടന്നുവരുന്നതു തടയപ്പെടാതിരുന്നതുകൊണ്ടാണ്, അല്ലെങ്കില്‍ , അത് സാധ്യമാവാതിരുന്നതുകൊണ്ടാണ് പാഠം മാസിക ഉണ്ടായത്. സുധീഷിന്റെയും വിജയന്‍മാഷുടെയും സംസാരം ഇത്ര വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയത്.പഴയകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുറമെനിന്നുള്ള ഒരു വെല്ലുവിളിയും പ്രശ്‌നമായിരുന്നില്ല. കാലം മാറി. ചെറിയ കാറ്റുകള്‍ക്ക് കൊടുങ്കാറ്റാവാനും പാര്‍ട്ടിക്കകത്തേക്കുതന്നെ ആഞ്ഞുവീശാനും പറ്റുന്ന സ്ഥിതിയുണ്ടായി. ഈ മാറ്റം നല്ലതാണ്. പാര്‍ട്ടിക്കു പുറത്തു നില്ക്കുന്ന ജനങ്ങള്‍ക്ക് പാര്‍ട്ടി സംഘടനയെക്കാള്‍ കരുത്തുണ്ടെന്നാണ് സമീപകാലാനുഭവങ്ങള്‍ തെളിയിച്ചത്. മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ അതില്‍ സന്തോഷിക്കാന്‍ വകയുണ്ടാവുമായിരുന്നില്ല.

കേരളത്തിലെ സാധാരണ വായനക്കാരുടെ ഉള്ളില്‍ സാഹിത്യത്തെക്കുറിച്ചുള്ള സങ്കല്പങ്ങളെ മാറ്റിത്തീര്‍ക്കാന്‍ മാര്‍ക്‌സിസ്റ്റ് നിരൂപണത്തിനോ പു.ക.സ. യ്‌ക്കോ എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടോ?

ജനങ്ങളുടെ ഉള്ളില്‍ ശുദ്ധസാഹിത്യത്തെപ്പറ്റിയുള്ള ഒരു സാമാന്യബോധം ഉണ്ട്. അതിനുതന്നെയാണ് മേല്‍ക്കൈ. ജീവല്‍സാഹിത്യം ശക്തമായി വിമര്‍ശിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത കാലത്ത് ഇതു താത്കാലികമായി അട്ടിമറിക്കപ്പെട്ടിരുന്നു. തകഴി, ദേവ്, ബഷീര്‍ തലമുറയുടെ സാഹിത്യജീവിതത്തിന്റെ  ആദ്യഘട്ടത്തെആണ് അതായത് നാല്പതുകളെയാണ് ഞാന്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്. അതുകഴിഞ്ഞ് പിന്നെ ഒരു മുന്നോട്ടുപോക്ക് ഉണ്ടായില്ല. പു.ക.സ.കുറെ പ്രവര്‍ത്തനരേഖകള്‍ ഉണ്ടാക്കി എന്നല്ലാതെ അതൊന്നും ആഴത്തിലൊരു സ്വാധീനവും ഉണ്ടാക്കിയില്ല. ഇടതുപക്ഷക്കാര്‍ക്കിടയില്‍ സുകുമാര്‍ അഴീക്കോടിന് കിട്ടുന്ന വമ്പിച്ച സ്വീകാര്യതതന്നെ ഇതിനു തെളിവാണ്. സൈദ്ധാന്തികതലത്തിലോ അനുഭവങ്ങളുടെ തലത്തിലോ വൈകാരികമായിപ്പോലുമോ മാര്‍ക്‌സിസത്തോട് ആത്മബന്ധമുള്ളതിന്റെ യാതൊരടയാളവും കാണിക്കാത്ത പ്രസംഗകനാണ് സുകുമാര്‍ അഴീക്കോട്. തങ്ങളുടെ വേദിയിലേക്ക് അദ്ദേഹത്തെ ആനയിക്കുമ്പോള്‍ വലിയ ഒരു മാര്‍ക്‌സിസ്റ്റാചാര്യനെയോ, മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രകാരനെയോ കൊണ്ടുവരുന്നു എന്ന അവസ്ഥയിലാണ് ഇടതുപക്ഷക്കാര്‍. ഇത് ദയനീയമാണ്.

മലയാളത്തിലെ മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രകാരന്മാര്‍ പ്രചരിപ്പിച്ച സാഹിത്യസങ്കല്പങ്ങള്‍ക്ക് അടിസ്ഥാനപരമായി മറ്റെന്തെങ്കിലും പരിമിതി താങ്കള്‍ കാണുന്നുണ്ടോ?

വായനക്കാരെ എഴുത്തുകാരാക്കുക എന്നു പറയുന്നതില്‍ അടങ്ങിയിട്ടുള്ള ഒരാശയം അതായത് കലാനിര്‍മ്മാണത്തിന് അവകാശമില്ലാത്തവര്‍ അല്ലെങ്കില്‍ സാഹിത്യരചനയ്ക്ക് പറ്റാത്തവര്‍ എന്ന മട്ടില്‍ അകറ്റി  നിര്‍ത്തപ്പെട്ടവരെ സാഹിത്യത്തിലേക്ക് കൊണ്ടുവരിക എന്ന ആശയം ജീവത്സാഹിത്യകാലം മുതല്‍ പുരോഗമനവാദികള്‍ മുറുകെ പിടിക്കുന്നതാണ്. അതില്‍ ഒരുപാട് ശരികളുണ്ട്. കലയുടെ സാമൂഹികതയെക്കുറിച്ചുള്ള വളരെ ഉയര്‍ന്ന ഒരു ബോധമുണ്ട്. അതേ സമയം കലാനിര്‍മ്മാണവും സാഹിത്യരചനയുമൊക്കെ ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന പണിയാണെന്ന മട്ടില്‍ ഒരു സാഹിത്യസങ്കല്പം രൂപപ്പെടുന്നതിന് അത് കാരണമായിട്ടുണ്ട്. പുരോഗമന സാഹിത്യമെന്ന പേരില്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്ന സാഹിത്യത്തിന് ഞാന്‍ കാണുന്ന ഏറ്റവും വലിയ പ്രശ്‌നം അതില്‍ മനുഷ്യന്റെ സര്‍ഗ്ഗാത്മക അധ്വാനത്തിനു വേണ്ടത്ര ആദരവ് കിട്ടുന്നില്ല എന്നതാണ്. അധ്വാനത്തെ മാറ്റി നിര്‍ത്തുന്ന ഒന്നിനെ കൊണ്ടാടുന്നത്, എളുപ്പപ്പണികളെ അതിന്റെ പുറത്ത് ഞാത്തിയിടുന്ന വിപ്ലവത്തൊങ്ങലുകളുടെ പേരില്‍ കൊണ്ടാടുന്നത് തെറ്റാണ്. പുരോഗമനപ്രസ്ഥാനക്കാര്‍ ജീവിതത്തിലായാലും  കലയിലായാലും ഏറ്റവുമധികം ആദരിക്കേണ്ടത് അധ്വാനത്തെയാണല്ലോ. ഒരു കലാസൃഷ്ടിയില്‍ അത് നിര്‍മ്മിക്കുന്ന ആളുടെ മനസ്സുകൊണ്ടുള്ള സമര്‍പ്പണവും ക്രിയേറ്റീവായ അധ്വാനവും എത്രത്തോളമുണ്ട് എന്നതു പ്രശ്‌നംതന്നെയാണ്.

കേരളം ഇന്നനുഭവിക്കുന്നതായി താങ്കള്‍ക്ക് തോന്നുന്ന രാഷ്ട്രീയ-സാമ്പത്തിക-ദാര്‍ശനിക പ്രതിസന്ധികള്‍ എന്തൊക്കെയാണ്?

സാമ്പത്തിക പ്രതിസന്ധിയുടെ വിശദാംശങ്ങളൊന്നും എനിക്കറിയില്ല. പല വിദഗ്ദ്ധന്മാരുടെയും അപഗ്രഥനങ്ങള്‍ വായിച്ചപ്പോള്‍ അവര്‍ക്കും വളരെ ഭാഗികമോ അപൂര്‍ണ്ണമോ ആയ ധാരണകളേ ഉള്ളൂ എന്നു മനസ്സിലായി. പിന്നെ രാഷ്ട്രീയവും ദാര്‍ശനികവുമായ പ്രതിസന്ധി. ഇതും ബഹുമുഖവും സങ്കീര്‍ണ്ണവുമാണ്. എല്ലാറ്റിനെക്കുറിച്ചും കൃത്യമായ ധാരണ സ്വരൂപിക്കുക എളുപ്പമല്ല. എങ്കിലും ചില കാര്യങ്ങളിലെങ്കിലും നമുക്ക് വ്യക്തത ഉണ്ടായേ പറ്റൂ. ഉദാഹരണത്തിന്, ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ അമേരിക്കയ്ക്ക്  തുറന്നു കൊടുക്കണം എന്നു പറയുമ്പോള്‍ നമ്മുടെ രാജ്യസുരക്ഷയുടെ കാര്യങ്ങളില്‍ അമേരിക്ക ഉത്തരവുകളിറക്കുമ്പോള്‍ അതിനെ നിസ്സംശയം എതിര്‍ക്കാന്‍ നമുക്കു കഴിയണം. വിദേശ ഏജന്‍സികള്‍ പണം നല്കി സ്വത്വരാഷ്ട്രീയം പോലുള്ള സംഗതികളെ വിവിധ ഏജന്‍സികള്‍ വഴി പ്രോത്സാഹിപ്പിക്കുമ്പോള്‍ ആ പണം കൈപ്പറ്റാതിരിക്കാനുള്ള, ഫണ്ട് സംസ്‌കാരത്തെ അപ്പാടെ തള്ളിപ്പറയാനുള്ള ആര്‍ജ്ജവം നമുക്കു വേണം. അതുപോലും ഇല്ലാതാവുന്നു എന്നതാണ് സങ്കടം. എനിക്ക് ജീവിക്കാനുള്ള പണം തരുന്നു. അതുകൊണ്ട് ഞാന്‍ സ്വവര്‍ഗ്ഗരതിക്കാരുടെ സംഘടനയ്ക്ക് പാംഫ്‌ലെറ്റെഴുതിക്കൊടുക്കുന്നു. നിങ്ങള്‍ മദ്യപന്മാരുടെ ഒരു സംഘടനയുണ്ടാക്കി.  കുറച്ചു പണം തന്നാല്‍ നിങ്ങള്‍ക്കും എഴുതിത്തരാം എന്നു പറയുന്നതിലെ രാഷ്ട്രീയം കടുപ്പംതന്നെയാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയം സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഉള്ളിലും നുഴഞ്ഞു കയറി മേല്‍ക്കൈ നേടിയിരിക്കുന്നു എന്നതാണ് കേരളത്തിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പ്രധാന കാരണം. ഈ നന്മ, വികസനം എന്നിവയെപ്പറ്റിയൊക്കെ ബഹുരാഷ്ട്ര മുതലാളിത്തം  ഉത്പാദിപ്പിക്കുന്ന സങ്കല്പങ്ങള്‍ ജനങ്ങളെക്കൊണ്ട് സ്വീകരിപ്പിക്കുന്ന ഏജന്റ്‌സ് മാത്രമായിരിക്കുന്നു രാഷ്ട്രീയപ്പാര്‍ട്ടികള്‍ .

മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രം എന്ന ബൃഹദാഖ്യാനംതന്നെ അപ്രസക്തമായി എന്ന വാദത്തോടു യോജിക്കുന്നുണ്ടോ?

മാര്‍ക്‌സിസം ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍തന്നെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. തീര്‍ച്ച. അതല്ലാതെ കേരളത്തിലോ മറ്റെവിടെയെങ്കിലുമോ മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിക്കുന്ന പാര്‍ട്ടികളുടെ പ്രായോഗിക പ്രവര്‍ത്തനത്തില്‍ മാത്രമല്ല. പ്രശ്‌നം. മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടിതന്നെ വിദേശകമ്പനികളെ ക്ഷണിച്ചുകൊണ്ടുവരാനും മുതലാളിത്തരീതിയിലുള്ള സ്ഥാപനങ്ങള്‍ സ്വയം ആരംഭിക്കാനും ഒക്കെ പരസ്യമായി തിടുക്കപ്പെടുന്നത് അത്തരം പാര്‍ട്ടികള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തികളുടെ ധനമോഹത്തിന്റെയോ ധാര്‍മ്മികാധപ്പതനത്തിന്റെയോ പ്രശ്‌നമല്ല. ഈ ചരിത്രഘട്ടത്തിന്റെ ഒരു പങ്കുകൂടി അതിലുണ്ട്. അതിന്റെ അര്‍ഥം മാര്‍ക്‌സിയന്‍ പ്രയോഗത്തെ പുതിയ കാലത്തിനനുസരിച്ച് അതായത് മാര്‍ക്‌സിന് വിഭാവനം ചെയ്യാന്‍ കഴിയാതിരുന്ന ഈ പുതിയ ഭൗതിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പുനര്‍വ്യാഖ്യാനം ചെയ്യേണ്ടതുണ്ട് എന്നുതന്നെയാണ്. മാറുക എന്നത് മറ്റെല്ലാറ്റിനുമെന്നതുപോലെ മാര്‍ക്‌സിസത്തിനും ബാധകമാണ്. മാറ്റം അടിമത്തത്തിലേക്കുള്ള വഴിയാവരുത് എന്നുമാത്രം. ഈവക കാര്യങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ഇടതുപക്ഷക്കാര്‍ കഴിഞ്ഞ പല ദശകങ്ങളായി ചര്‍ച്ച ചെയ്തുവരുന്നുണ്ട്. ഒരു ചര്‍ച്ചയും വേണ്ട മാര്‍ക്‌സിസം മാര്‍ക്‌സിസംതന്നെ എന്നും മാര്‍ക്‌സിസം സത്യമാണ് കാരണം അതു ശാസ്ത്രമാണ് എന്നും മറ്റും പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ മാര്‍ക്‌സിസത്തിന്റെതന്നെ അന്തസ്സത്തയ്ക്കു നിരക്കാത്ത ഒരു നിലപാടുണ്ട്.

സാഹിത്യത്തിന്റെയും മാനവികവിഷയങ്ങളുടെയും അധ്യാപനം കോളജുതലത്തില്‍ വലിയ പ്രതിസന്ധിയിലാണെന്നു പറഞ്ഞു കേള്‍ക്കുന്നുണ്ട്. അത് എത്രത്തോളം ശരിയാണ്?

കടുത്ത പ്രതിസന്ധിയുണ്ട്. അധ്യാപകരുടെയോ വിദ്യാര്‍ത്ഥികളുടെയോ നിലവാരക്കുറവോ സിലബസ്സോ ഇന്റേണല്‍ അസ്സസ്‌മെന്റോ ഒന്നുമല്ല യഥാര്‍ത്ഥ പ്രശ്‌നം.
സാഹിത്യവും മാനവിക വിഷയങ്ങളുമൊക്കെ ഗൗരവപൂര്‍ണ്ണമായ പരിഗണന നേടണമെങ്കില്‍ കേവല കച്ചവട താത്പര്യങ്ങള്‍ക്ക് അപ്പുറത്ത് മറ്റു പലതും സജീവമായി നിലനില്‍ക്കുന്ന ഒരു സമൂഹം വേണം. ജീവിതാനന്ദത്തെക്കുറിച്ചുതന്നെ ആഴമേറിയ അനേകം പരികല്പനകള്‍ ചിലപ്പോള്‍ പ്രത്യക്ഷത്തില്‍ വളരെ അധോമുഖമായവപോലും പൊതുബോധത്തെ സ്വാധീനിക്കുന്ന ഒരവസ്ഥ. ഇന്നതില്ല. പകരം വിപണിയും മത്സരവുമായിരിക്കുന്നു. സര്‍വ്വത്തിനും നിയാമകം. ഏതു വിഷയത്തിന്റെയും പഠനവും അധ്യാപനവും മൂല്യനിര്‍ണ്ണയവുമൊക്കെ ബിസ്സിനസ് മാനേജ്‌മെന്റ് സ്റ്റൈലിലേക്കു മാറുമ്പോള്‍ സ്വതന്ത്രമായ ചിന്തയ്ക്കും അന്വേഷണങ്ങള്‍ക്കും പകരം ക്ലാസ്‌റൂം അച്ചടക്കവും ഇന്റേണല്‍ പരീക്ഷകളുടെ കൃത്യതയും പരമപ്രധാനമാവുമ്പോള്‍ സാഹിത്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ കാര്യം പരുങ്ങലിലാവും. പക്ഷേ, ഒന്നുണ്ട്. ക്ലാസ് റൂമിന്റെ പിന്തുണയില്ലെങ്കിലും സാഹിത്യത്തിനും കലാപ്രവര്‍ത്തനത്തിനും നിലനില്‍ക്കാം. മാനവിക വിഷയങ്ങളില്‍ ചിലതു സ്വാഭാവികചരമമടയും. ചിലതിന്റെയൊക്കെ കോലം മാറും. ഒരു വിഷയത്തിനും എല്ലാ കാലത്തേക്കുമുള്ള ഉള്ളടക്കവും രീതിശാസ്ത്രവും ഉണ്ടാകുന്നത് ശരിയല്ല. പക്ഷേ, വിപണി മാത്രം വിഷയമാക്കുക, ഏതു വിഷയത്തെയും മാര്‍ക്കറ്റ് ഫ്രണ്ട്‌ലിയാക്കുക എന്നത് ഔദ്യോഗികമായി പ്രോത്സാഹിപ്പിക്കപ്പെടുക. അതെന്തായാലും നല്ലതിനല്ല.

Next Page »