പത്തുനാള്‍ നീണ്ടുനിന്ന സാഹിത്യോത്സവത്തിന് തിരശ്ശീലവീണു

bks-dc

ബഹ്‌റൈന്‍ കേരളീയസമാജവും ഡി സി ബുക്‌സും സംയുക്തമായി നടത്തിവന്ന നാലാമത് പുലസ്തകോത്സവും സാംസ്‌കാരികോത്സവവും സമാപിച്ചു. മെയ് 27 ന് വൈകിട്ട് കേരളീയം സമാജം ജൂബിലിഹാളില്‍ നടന്ന വര്‍ണ്ണാഭമായ സംഗീതവിരുന്നോടെയാണ് പത്ത് നാള്‍ നീണ്ടുനിന്ന സാഹിത്യോത്സവത്തിന് തിരശ്ശീല വീണത്. മെയ് 17ന് എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ ശശിതരൂര്‍ ഉദ്ഘാടനംചെയ്ത പുസ്തകമേള വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് ദേശീയ അന്തര്‍ദേശീയ ശ്രദ്ധനേടിയിരുന്നു. പ്രശസ്ത എഴുത്തുകാരായ വന്ദന ശിവ, ബി എസ് വാരിയര്‍, ഡോ കെ എസ് രവികുമാര്‍, കവി മുരുകന്‍ കാട്ടാകട, മനോജ്കുറൂര്‍ എന്നിവരുടെ സാന്നിദ്ധ്യവും പുസ്തകമേളയുടെ മാറ്റുകൂട്ടിയിരുന്നു.

ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും പങ്കെടുത്ത കരിയര്‍ ഗൈഡന്‍സ് ശില്പശാല, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി നടത്തിയ പ്രശ്‌നോത്തരി മത്സരം, കഥാകവിതാ മത്സരം, സാഹിത്യക്യാമ്പ് എന്നിവയും പ്രവാസ എഴുത്തുകാരുടെ പുസ്തകപ്രകാശനചടങ്ങും എല്ലാം പുസ്തകമേളയെ ശ്രദ്ധേയമാക്കുന്നതിന് സഹായിച്ചു. കൂടാതെ പ്രശസ്തരുടെ സന്ദര്‍ശനവും പുസ്തകമേളയെ ധന്യമാക്കി.