DCBOOKS
Malayalam News Literature Website

ഈ സമരം എല്ലാ സ്ത്രീകള്‍ക്കും വേണ്ടി; അന്വേഷണസംഘത്തോട് നന്ദി അറിയിച്ച് കന്യാസ്ത്രീകള്‍

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടത്തിയ സമരം വിജയിപ്പിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ബിഷപ്പിനെ അറസ്റ്റ് ചെയ്ത അന്വേഷണസംഘത്തോടും പിന്തുണച്ച മാധ്യമങ്ങളോടും ജനങ്ങളോടും എല്ലാ നന്ദിയും അറിയിക്കുന്നതായി സമരത്തിന് നേതൃത്വം നല്‍കിയ കന്യാസ്ത്രീകള്‍.

ഇങ്ങനെയൊരു സംഭവത്തെത്തുടര്‍ന്ന് സംരക്ഷിക്കാന്‍ ബാധ്യതയുള്ള സഭ പോലും തള്ളിപ്പറഞ്ഞ അവസ്ഥയില്‍ ഒറ്റപ്പെട്ടുപോകുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ തീരെ പ്രതീക്ഷിക്കാത്ത രീതിയില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ ലഭിച്ചു. മരിക്കേണ്ടി വന്നാലും സത്യം കൈവെടിയരുത് എന്ന വാചകം ബൈബിളിലുണ്ട്. ആ വാചകത്തിന്റെ ബലത്തിലാണ് പിടിച്ചുനിന്നത്.

വൈകിയാണെങ്കിലും ഞങ്ങള്‍ക്ക് നീതി ലഭിച്ചു. ഇനിയൊരിക്കലും ഇങ്ങനെയുള്ള ഒരു ഫ്രാങ്കോമാരും ഉണ്ടാവരുത്. ഇനിയൊരു സ്ത്രീയും നീതി ലഭിക്കാതെ തെരുവിലിറങ്ങേണ്ടി വരരുത്. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഈ സമരം നടത്തിയതെന്നും സിസ്റ്റര്‍ ബി. അനുപമ പറഞ്ഞു.

ബിഷപ്പിന്റെ അറസ്റ്റിനെത്തുടര്‍ന്ന് 14 ദിവസമായി കൊച്ചിയിലെ സമരപ്പന്തലില്‍ നടത്തിവന്നിരുന്ന സമരം കന്യാസ്ത്രീകള്‍ ഇന്ന് അവസാനിപ്പിക്കും.

Comments are closed.