DCBOOKS
Malayalam News Literature Website

85 ന്റെ നിറവില്‍ സുഗതകുമാരി

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി തുടരുന്ന കാവ്യജീവിതത്തില്‍ യാതന അനുഭവിക്കുന്നവരിലേക്കും തെരുവിലേക്കും കടന്നുചെന്ന കവയിത്രി മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിട്ടു. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിധ്യമായ സുഗതകുമാരി ടീച്ചര്‍ ജനകീയപ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി കൂടിയാണ്. മലയാളത്തിന്റെ എഴുത്തമ്മ സുഗതകുമാരി ഇന്ന് 85 ന്റെ നിറവിലാണ്‌.

പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വുമന്‍സ് കോളേജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്ന കാര്‍ത്യായനിയമ്മയുടേയും പുത്രിയായി 1934 ജനുവരി 22നാണ് സുഗതകുമാരി ജനിച്ചത്. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയ സുഗതകുമാരി തളിര് എന്ന മാസികയുടെ പത്രാധിപരായും സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായും തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും സാമൂഹിക അനീതികള്‍ക്കെതിരായും പ്രവര്‍ത്തിക്കുകയും തൂലിക പടവാളാക്കി പൊരുതുകയും ചെയ്തു. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്.

ജാഗ്രതയുടേയും സ്വപ്‌നത്തിന്റെയും ധാതുക്കളാണ് സുഗതകുമാരിയുടെ കവിതകളുടെ നിര്‍മ്മാണവസ്തുക്കള്‍. അവരുടെ കവിതകളുടെ ആദ്യഘട്ടം സ്വപ്‌നത്തിന്റേതായിരുന്നു. 1961ല്‍ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയിലും 1965ല്‍ ഇറങ്ങിയ സ്വപ്‌നമീ, പാതിരാപ്പൂക്കിളി, ഇരുള്‍ ചിറകുകള്‍, രാത്രിമഴ (1977) എന്നീ കവിതകളിലുമിത് കാണാന്‍ കഴിയും. എന്നാല്‍ എണ്‍പതുകള്‍ക്ക് ശേഷം സുഗതകുമാരിയുടെ കവിതാ പ്രതലം മാറുകയായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭവും തുടര്‍ന്നുണ്ടായ പരിസ്ഥിതി പ്രസ്ഥാനവും അവരുടെ രചനകളിലും ജീവിതത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്നിങ്ങോട്ട് രചിച്ച കാവ്യങ്ങളിലെല്ലാം വ്യസനത്തിന്റെയും ജാഗ്രതയുടേയും പ്രതിഫലനം നിഴലിച്ചുകാണാമായിരുന്നു. ജെസ്സി, മരത്തിനു സ്തുതി, തുടങ്ങിയ കവിതകളിലെല്ലാം പ്രകൃതിയേയും മനുഷ്യനേയും കുറിച്ചുള്ള ഖേദസ്വരങ്ങളാണ് മുഴങ്ങികേട്ടത്. പിന്നീടൊരു ഘട്ടത്തില്‍ കാലത്തെക്കുറിച്ചുള്ള ആകുലതകളും വാര്‍ദ്ധക്യത്തെ പറ്റിയുള്ള ചിന്തകളും കവയിത്രിയെ അലട്ടുന്നു. വാര്‍ദ്ധക്യമെന്ന കവിതയിലും മരുഭൂമി ഉച്ച എന്ന കവിതയിലും ഈ വ്യാകുലസംഘര്‍ഷങ്ങളാണ് മുന്നിട്ടുനില്‍ക്കുന്നത്.

ഇങ്ങനെ സുഗതകുമാരിയുടെ ഒട്ടുമിക്ക കവിതകളിലും ഏതെങ്കിലുമൊരു വ്യസനം ഒളിഞ്ഞിരിപ്പുണ്ടാകും. കൃഷ്ണഭക്തയായ അവര്‍ കൃഷ്ണഭക്തി തുളുമ്പുന്ന കവിതകളും രചിച്ചിട്ടുണ്ട്. കുട്ടികളോട് എന്നും സ്‌നേഹവും വാത്സല്യവും ഉള്ള സുഗതകുമാരി ബാലസാഹിത്യത്തിലും തന്റെ സംഭാവനകള്‍ നല്‍കി. വാഴത്തേന്‍, ഒരു കുലപൂവും കൂടി തുടങ്ങിയ കൃതികള്‍ കുട്ടികള്‍ക്കായ് സുഗതകുമാരി രചിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി ഇന്നും അശ്രാന്തം പരിശ്രമിക്കുന്നു.

സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം (2009), സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1980-പാതിരപ്പൂക്കള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1982-രാത്രിമഴ), ഓടക്കുഴല്‍ പുരസ്‌കാരം (1984-അമ്പലമണി), വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ് (അമ്പലമണി), 2003ല്‍ ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, 2004ല്‍ വള്ളത്തോള്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. കുടാതെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, സരസ്വതി സമ്മാന്‍ എന്നിവയ്ക്കും അര്‍ഹയായി. ഇവയ്ക്കുപുറമെ പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികള്‍. സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം എന്ന പേരില്‍ ഒരു ബൃഹദ്ഗ്രന്ഥവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടാതെ കാവു തീണ്ടല്ലെ, മേഘം വന്നുതൊട്ടപ്പോള്‍, വാരിയെല്ല് തുടങ്ങിയ ലേഖന സമാഹാരങ്ങളും അമ്പലമണി, രാത്രിമഴ തുടങ്ങി പത്ത് കവിതാ സമാഹാരങ്ങളും മൂന്ന് ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സുഗതകുമാരിയുടെ കൃതികള്‍

Comments are closed.