DCBOOKS
Malayalam News Literature Website

നവതിയുടെ നിറവില്‍ നോം ചോംസ്‌കി

ഭാഷാശാസ്ത്രജ്ഞന്‍, ചിന്തകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ പ്രഗത്ഭ വ്യക്തിത്വമാണ് നോം ചോംസ്‌കി. 1928 ഡിസംബര്‍ ഏഴിന് ഫിലാഡല്‍ഫിയയിലെ ഈസ്റ്റ് ഓക് ലെയ്‌നിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഭാഷാശാസ്ത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി കരുതപ്പെടുന്ന പ്രജനകവ്യാകരണം എന്ന സരണിയുടെ സ്രഷ്ടാവാണ് ഇദ്ദേഹം. ഔപചാരിക ഭാഷകളുടെ വിഭാഗീകരണത്തിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍വ്വചിച്ചതും ഇദ്ദേഹമാണ്. അറുപതുകളിലെ വിയറ്റ്‌നാം യുദ്ധത്തെ ശക്തമായി വിമര്‍ശിച്ചതു മുതല്‍ അമേരിക്കയുടെ വിദേശനയത്തിന്റെ വിമര്‍ശകനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വിവിധ ശാസ്ത്രമേഖലകളിലെ സംഭാവനകളേക്കാളും ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷക്കാരനായാണ് ഇദ്ദേഹം വിലയിരുത്തപ്പെടുന്നത്.

നോം ചോംസ്‌കി ആവിഷ്‌ക്കരിച്ച രചനാന്തരണ പ്രജനകവ്യാകരണം ഈ നൂറ്റാണ്ടിലെ ചോംസ്‌കിയന്‍ വിപ്ലവമായി വിശേഷിപ്പിക്കപ്പെടുന്നു. മറ്റു ഭാഷാശാസ്ത്രജ്ഞര്‍ ഭാഷാ പ്രതിഭാസങ്ങളെ വിവരിച്ചപ്പോള്‍ ചോംസ്‌കി അവയെ വിശദീകരിക്കുവാന്‍ ധൈര്യം കാട്ടി. എല്ലാത്തരം വാക്യഘടനകളെയും പ്രതിനിധാനം ചെയ്യുന്ന നിയമവ്യവസ്ഥ കണ്ടത്തലായിരുന്നു ചോംസ്‌കിയുടെ ആദ്യലക്ഷ്യം. ഘടനാത്മക ഭാഷാ ശാസ്ത്രത്തിന്റെ തന്ത്രങ്ങളെ മെച്ചപ്പെടുത്തുവാനുള്ള തീവ്രയത്‌നമാണ് ചോംസ്‌കിയെ മുന്നോട്ട് നയിച്ചത്.

2001-ല്‍ കേരള സന്ദര്‍ശനത്തിനിടെ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഐ.എസ്.ഐ ചാരനെന്നാരോപിച്ച് കൊല്ലത്തു വച്ച് തടയാന്‍ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. മാധ്യമങ്ങളുടെ നിലപാടുകളെ ശാസ്ത്രീയമായി അപഗ്രഥിച്ചുകൊണ്ട് അവയുടെ ഭരണകൂടത്തോടുള്ള ആശ്രിതത്വം തുറന്നുകാണിച്ചതാണ് ചോംസ്‌കിയുടെ പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്.

Comments are closed.