DCBOOKS
Malayalam News Literature Website

ഒബാമക്ക് ജന്മദിനാശംസകള്‍

അമേരിക്കയുടെ നാല്‍പ്പത്തിനാലാമത് പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമ 1961 ആഗസ്റ്റ് 4-ന് ഹവായിയിലെ ഹൊണോലൂലുവിലാണ് ജനിച്ചത്. ഒബാമയ്ക്കു രണ്ടു വയസ് മാത്രമുള്ളപ്പോള്‍ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തി. അച്ഛന്‍ കെനിയയിലേക്കു മടങ്ങുകയും ചെയ്തു. അമ്മയുടെ രണ്ടാം വിവാഹശേഷം ജക്കാര്‍ത്തയിലേക്കു പോയ ഒബാമ പത്താം വയസുവരെ അവിടെയാണു പഠിച്ചത്. പിന്നീട് ഹൊണോലൂലുവില്‍ തിരിച്ചെത്തി അമ്മയുടെ കുടുംബത്തോടൊപ്പം വളര്‍ന്നു. ഒബാമയ്ക്ക് 21 വയസുള്ളപ്പോള്‍ പിതാവ് കെനിയയില്‍ വച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

തന്റെ ബാല്യയൗവനങ്ങളെക്കുറിച്ച് ‘അച്ഛന്‍ നല്‍കിയ സ്വപ്നങ്ങള്‍’ (Dreams from My Father) എന്ന പേരില്‍ ഒബാമ 1995-ല്‍ ഒരു ഓര്‍മ്മപുസ്തകമിറക്കി. ബഹുവംശ പൈതൃകം ഒബാമയില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രസ്തുത പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. വെള്ളക്കാരിയായ അമ്മയുടെയും ബന്ധുക്കളുടെയും ഇടയില്‍ കറുത്തവനായി വളര്‍ന്ന തന്റെ ബാല്യകാലത്ത് ബഹുവംശപൈതൃകം വലിയ പ്രശ്‌നമായിരുന്നില്ലെന്ന് ഒബാമ പറയുന്നു. എങ്കിലും ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള അച്ഛനെക്കുറിച്ചുള്ള ചിന്ത അലട്ടിയിരുന്നു. അസ്തിത്വത്തെക്കുറിച്ചുള്ള സങ്കീര്‍ണ്ണമായ സംശയങ്ങള്‍ മൂലം കൗമാരകാലത്ത് കൊക്കെയ്ന്‍, മാരിജുവാന തുടങ്ങിയ ലഹരികള്‍ക്ക് അടിമയായിരുന്നതായും അദ്ദേഹം പുസ്തകത്തില്‍ തുറന്നു പറയുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കൊളംബിയ സര്‍വകലാശാലയില്‍ നിന്നും രാഷ്ട്രതന്ത്രശാസ്ത്രത്തില്‍ ബിരുദം നേടി. രാജ്യാന്തരബന്ധങ്ങളായിരുന്നു ഐച്ഛികവിഷയം. 1985ല്‍ ഷിക്കാഗോയിലെത്തിയ ഒബാമ പ്രാദേശിക ദേവാലയങ്ങളുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടക്കാരനായി പ്രവര്‍ത്തിച്ചു.

1988ല്‍ ഹവാര്‍ഡ് ലോ സ്‌കൂളില്‍ നിയമ പഠനത്തിനു ചേര്‍ന്നു. 1990 ഫെബ്രുവരിയില്‍ ഹാര്‍വഡ് ലോ ജേണലിന്റെ കറുത്തവര്‍ഗക്കാരനായ ആദ്യ എഡിറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഒബാമ ദേശീയശ്രദ്ധ നേടി. ഹവാര്‍ഡിലെ പഠനശേഷം ഷിക്കാഗോയില്‍ തിരിച്ചെത്തിയ അദ്ദേഹം ഒരു നിയമസ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. 1993 മുതല്‍ 2004-ല്‍ ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടും വരെ ഷിക്കാഗോ സര്‍വകലാശാലയുടെ നിയമപഠനകേന്ദ്രത്തില്‍ ഭരണഘടനാനിയമങ്ങള്‍ പഠിപ്പിച്ചിരുന്നു. 2009-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു.

Comments are closed.