DCBOOKS
Malayalam News Literature Website

ആലങ്കോട് ലീലാകൃഷ്ണന് ജന്മദിനാശംസകള്‍

1960 ഫെബ്രുവരി 1 ന് വെങ്ങേത്ത് ബാലകൃഷ്ണന്‍ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മികുട്ടി അമ്മയുടെയും മകനായി പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തില്‍ ജനിച്ചു. 1981 ല്‍ എം.ഇ.എസ്. പൊന്നാനി കോളേജില്‍ നിന്ന് വാണിജ്യ ശാസ്ത്രത്തില്‍ ബിരുദം നേടി. ഇപ്പോള്‍ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ പെരുമ്പടപ്പ് ശാഖയില്‍ ഉദ്യോഗസ്ഥനാണ്. സ്‌കൂള്‍ പഠനകാലത്തു തന്നെ ലീലാകൃഷ്ണന്‍ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. കഥാപ്രാസംഗികനായാണ് ലീലാകൃഷ്ണന്‍ ആദ്യം പൊതുവേദിയില്‍ എത്തിയത്.

1993 ല്‍ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്റെ ‘നിളയുടെ തീരങ്ങളിലൂടെ’ എന്ന സാംസ്‌കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദര്‍ശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനാത്മക യാത്രകള്‍ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ കൂടിയാണ്. കൂടാതെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചന്‍ സ്മാരക കമ്മറ്റി അംഗമാണ് നിലവില്‍ ലീലാകൃഷ്ണന്‍. ‘ഏകാന്തം’ ഉള്‍പ്പെടെ ഏതാനും മലയാള സിനിമകള്‍ക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്. കൈരളി പീപ്പിള്‍ ടി.വിയില്‍ പ്രക്ഷേപണം ചെയ്തുവരുന്ന ‘മാമ്പഴം’ എന്ന കവിതാലാപന റിയാലിറ്റിഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് ലീലാകൃഷ്ണന്‍.

Comments are closed.