DCBOOKS
Malayalam News Literature Website

വര്‍ഗ്ഗീസ് കുര്യന്റെ ജന്മവാര്‍ഷികദിനം

ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായിരുന്നു മലയാളിയായ വര്‍ഗ്ഗീസ് കുര്യന്‍. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉത്പ്പാദകരാജ്യമായി മാറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം ഇന്ത്യന്‍ ക്ഷീരവികസന ബോര്‍ഡിന്റെ സ്ഥാപകനും ആദ്യ ചെയര്‍മാനുമായിരുന്നു. ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയര്‍മാനായി ഇദ്ദേഹം 34 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്ന വിശേഷണവും നേടിക്കൊടുത്തു.

1921 നവംബര്‍ 26ന് കോഴിക്കോടായിരുന്നു വര്‍ഗ്ഗീസ് കുര്യന്റെ ജനനം. കര്‍ഷകരുടെ ഉടമസ്ഥതയില്‍ ഏതാണ്ട് മുപ്പതോളം സ്ഥാപനങ്ങള്‍ ഇദ്ദേഹം ആരംഭിച്ചിട്ടുണ്ട്. വളരെ മികച്ച രീതിയിലുള്ള ഭരണനിര്‍വ്വഹണമാണ് ഈ ഓരോ സ്ഥാപനങ്ങളേയും മുന്‍ നിരയിലെത്തിച്ചത്. അമുല്‍ എന്ന തുടക്ക കമ്പനിയെ ലോകവിപണിയുടെ മുന്‍ നിരയിലെത്തിച്ചത് ഇദ്ദേഹത്തിന്റെ കഠിനപ്രയത്‌നമാണ്. അമുലിന്റെ വിജയം രാജ്യത്തൊട്ടാകെ ആവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി കുര്യനെ നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ചെയര്‍മാനാക്കി. ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ ലോകത്തിലെ തന്നെ മികച്ച ഒരു സഹകരണ സംരംഭമായി കണക്കാക്കപ്പെടുന്നു, അതിലുപരി ലക്ഷക്കണക്കിനു കുടുംബങ്ങളെ അത് ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും കരകയറ്റി നല്ലൊരു ജീവിതമാര്‍ഗ്ഗം നല്‍കുകയുണ്ടായി.

നിരവധി ബഹുമതികള്‍ക്കുടമയാണ് വര്‍ഗ്ഗീസ് കുര്യന്‍. 1999-ല്‍ രാജ്യം അദ്ദഹത്തിന് പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 1965-ല്‍ പത്മശ്രീ, 1966-ല്‍ പത്മഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1989-ലെ വേള്‍ഡ് ഫുഡ് പ്രൈസ് ലഭിച്ചത് വര്‍ഗീസ് കുര്യനായിരുന്നു. 1963-ല്‍ രമണ്‍ മാഗ്‌സസെ അവാര്‍ഡും നേടി. 2012 സെപ്റ്റംബര്‍ 9-ന് ഗുജറാത്തില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Comments are closed.