DCBOOKS
Malayalam News Literature Website

സലില്‍ ചൗധരിയുടെ ജന്മവാര്‍ഷികദിനം

ഇന്ത്യയിലെ പ്രഗത്ഭരായ സംഗീതസംവിധായകരില്‍ ഒരാളായിരുന്നു സലില്‍ ചൗധരി. പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം സിനിമാ ലോകത്ത് അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി. 1922 നവംബര്‍ 19ന് ബംഗാളില്‍ ആയിരുന്നു സലില്‍ ചൗധരിയുടെ ജനനം. അദേഹത്തിന്റെ പിതാവും നല്ലൊരു സംഗീതജ്ഞനായിരുന്നു. വെസ്റ്റേണ്‍ ക്ലാസിക്കല്‍ സംഗീതത്തോടുള്ള പിതാവിന്റെ താത്പര്യം സലില്‍ ചൗധരിയുടെ സംഗീതപഠനത്തെ ഏറെ സഹായിച്ചു.

1949 മുതല്‍ 42 ബംഗാളി ചിത്രങ്ങള്‍, 75 ഹിന്ദി ചിത്രങ്ങള്‍, 5 തമിഴ് ചിത്രങ്ങള്‍, 3 കന്നട ചിത്രങ്ങള്‍, 6 ഇതര ഭാഷാ ചിത്രങ്ങള്‍, 27 മലയാളചിത്രങ്ങള്‍ എന്നിവയ്ക്കു വേണ്ടി സലില്‍ ചൗധരി സംഗീതസംവിധാനം നിര്‍വഹിച്ചു. ചെമ്മീന്‍, ഏഴു രാത്രികള്‍, അഭയം, നെല്ല്, നീലപ്പൊന്‍മാന്‍, ഈ ഗാനം മറക്കുമോ, മദനോത്സവം, വിഷുക്കണി, തുമ്പോളികടപ്പുറം എന്നീ ചിത്രങ്ങളില്‍ സലില്‍ ചൗധരി സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വാസ്തുഹാര, വെള്ളം എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി പശ്ചാത്തലസംഗീതവും അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. 1995 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു സലില്‍ ചൗധരിയുടെ അന്ത്യം.

Comments are closed.