DCBOOKS
Malayalam News Literature Website

പി. പത്മരാജന്റെ ജന്മവാര്‍ഷികദിനം

മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു പി. പത്മരാജന്‍ (മേയ് 23, 1945 -ജനുവരി 24, 1991). ഒരിടത്തൊരു ഫയല്‍വാന്‍ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ (1986), നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986), തൂവാനത്തുമ്പികള്‍ (1987), മൂന്നാം പക്കം (1988) അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസുകള്‍ ആയി കണക്കാക്കപ്പെടുന്നു. 1991ല്‍ പുറത്തിറങ്ങിയ ഞാന്‍ ഗന്ധര്‍വ്വന്‍ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം.

1945 മേയ് 23ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തില്‍ അനന്തപത്മനാഭപിളളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു. കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരന്‍, പ്രഹേളിക, പുകക്കണ്ണട എന്നിവ.

കഥാരചനയിലെ വൈഭവം നോവല്‍രചനയിലേയ്ക്ക് പത്മരാജനെ ആകര്‍ഷിച്ചു. 1971ല്‍ എഴുതിയ നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ ഏറെ ശ്രദ്ധേയമായി. ആ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും ഈ കൃതിയിലൂടെ പത്മരാജന്‍ നേടി. പിന്നീട് വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകള്‍ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്. പെരുവഴിയമ്പലം, രതിനിര്‍വ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകള്‍.

1975ല്‍ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തില്‍ ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവര്‍ത്തി സിനിമയുടെ ചുക്കാന്‍ പിടിച്ച ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലൂടെ സംവിധായകനായ പത്മരാജന്‍ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുള്‍പ്പെടെ മുപ്പത്തിയാറ് തിരക്കഥകള്‍ രചിച്ചു. ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.

ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24ആം തീയതി രാവിലെ അവിടുത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 46 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ചലച്ചിത്രലോകത്തെ വളരെയധികം ഞെട്ടിച്ച ആ വേര്‍പാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിയ്ക്കുന്നു.

Comments are closed.