DCBOOKS
Malayalam News Literature Website

നരേന്ദ്രഭൂഷന്റെ ജന്മവാര്‍ഷികദിനം

വേദപണ്ഡിതനും വാഗ്മിയും പ്രാസാധകനുമായിരുന്നു ആചാര്യ നരേന്ദ്രഭൂഷണ്‍. മലയാളത്തിലെ ഏക വൈദികദാര്‍ശനിക മാസികയായ ആര്‍ഷ നാദത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു (1970 മുതല്‍ 2010 വരെ 40 വര്‍ഷം). മുണ്ടന്‍ കാവില്‍ പുല്ലുപറമ്പില്‍ വീട്ടില്‍ കൃഷ്ണപിള്ളയുടേയും തങ്കമ്മയുടേയും മകനായി 1937 മേയ് 22നു ചെങ്ങന്നൂരില്‍ ആയിരുന്നു നരേന്ദ്രന്റെ ജനനം. കല്ലിശ്ശേരി ഹൈസ്‌ക്കൂളിലും ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിലും പഠനത്തിനും ശേഷം പത്രപ്രവര്‍ത്തനവും മറ്റു ജോലികളുമായി പല സ്ഥലങ്ങളില്‍ പൊയിട്ടുണ്ട്. റെയില്‍വേയിലെ അന്തസ്സുള്ള ജോലി ഉപേക്ഷിച്ചാണു അദ്ദേഹം തന്റെ മേഖലയായ വേദപഠനത്തിലേക്ക് തിരിയുന്നത്. വേദങ്ങള്‍ ഗുരുകുലരീതിയില്‍ പഠിക്കുവാന്‍ അദ്ദേഹം ഹരിയാനയിലെ ഹിസ്സാര്‍ മഹാവിദ്യാലയത്തില്‍ എത്തുകയും അവിടുത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയായി മാറുകയും ചെയ്തു.

1970 മുതല്‍ മലയാളികള്‍ വന്‍ തോതില്‍ വിദേശരാജ്യങ്ങളില്‍ ഉപജീവനത്തിനായി ചേക്കേറുവാന്‍ തുടങ്ങിയിരുന്നു. ഈ കാലഘട്ടത്തിലാണു ആചാര്യ നരേന്ദ്രഭൂഷണ്‍ വേദം അപൗരുഷേയമോ പൗരുഷേയമോ എന്ന ചോദ്യവുമായി എത്തുന്നത്. ശിബിരങ്ങള്‍, പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, പ്രബന്ധങ്ങള്‍, യജ്ഞങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ഗുരുകുലങ്ങള്‍, യാത്രകള്‍, തര്‍ക്കങ്ങള്‍, മാദ്ധ്യമചര്‍ച്ചകള്‍, വിവാദങ്ങള്‍ ഇവയിലെല്ലാം ആചാര്യ നരേന്ദ്രഭൂഷണ്‍ തന്റെ വലിപ്പത്താലല്ല കടന്നിരുന്നത്, മറിച്ച്, ചെറുപ്പം കൊണ്ടാണു തന്റെ വലിപ്പം കാട്ടിയത്. ആയിരങ്ങളുടെ സദസ്സിലും നൂറുപേരുള്ള സദസ്സിലും ഒരാള്‍ക്കു വേണ്ടിയും ഒരേപോലെ പ്രസംഗിച്ചു. രണ്ടു പേര്‍ക്ക് വേണ്ടിയും പത്തു പേര്‍ക്ക് വേണ്ടിയും ശിബിരം നടത്തി. ഒരാള്‍ക്കു വേണ്ടി ഗുരുകുലം നടത്തി. മുഖ്യധാരാപത്രങ്ങള്‍ക്കു വേണ്ടി കോളങ്ങളെഴുതുമ്പോള്‍ത്തന്നെ അവരെന്തു ധരിക്കും എന്നു നോക്കാതെ, വായനക്കാരുടെ എണ്ണം നോക്കാതെ, ആര്‍ഷ നാദമെന്ന സ്വന്തം മാസികയേക്കാള്‍ എണ്ണം കുറഞ്ഞ ദിനപ്പത്രങ്ങളില്‍ സ്ഥിരമായി കോളങ്ങളും ചോദ്യോത്തരങ്ങളും എഴുതി.

ധാരാളം കൃതികള്‍, തര്‍ജ്ജമകള്‍, വ്യാഖ്യാനങ്ങള്‍ എന്നിവ കൊണ്ട് വൈദിക സാഹിത്യത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു.സ്വാമി ദയാനന്ദസരസ്വതിയിലും അദ്ദേഹത്തിന്റെ ആര്യസമാജത്തിലും ആകൃഷ്ടനായ നരേന്ദ്രഭൂഷന്‍. സത്യാര്‍ത്ഥപ്രകാശം, വേദപര്യടനം മുതലായ ദയാനന്ദ കൃതികള്‍ ഹിന്ദിയില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു കൊണ്ട് ദയാനന്ദ ദര്‍ശനങ്ങളേയും ആര്യസമാജത്തെയും കേരളത്തിനു പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. ആര്യഭാരതി ത്രിഭാഷാ മാസിക, വേദനാദം മാസിക എന്നിവയുടെ പത്രാധിപര്‍, മലയാളത്തിലെ ഏക വൈദികദാര്‍ശനിക പ്രസിദ്ധീകരണമായ ആര്‍ഷനാദം മാസികയുടെ പ്രസാധകനും മുഖ്യ പത്രാധിപരും, ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച ഋഗ്വേദം ഭാഷാഭാഷ്യത്തിന്റെ എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

Comments are closed.