അന്ധതയെ വെളിച്ചമാക്കിയ ബിന്ദുവിന്റെ പുസ്തകപ്രകാശനം ആഘോഷമാക്കി ദുബായ്

binduഇങ്ങനെയൊരു പുസ്തക പ്രകാശനം ദുബൈയുടെ ചരിത്രത്തിൽ ആദ്യമായായിരിക്കും. കുടുംബസമേതം ഒഴുകിയെത്തിയവർ പുസ്തകം ഏറ്റുവാങ്ങാൻ മാത്രം എത്തിയവരായിരുന്നില്ല. മൂന്നു പതിറ്റാണ്ടോളം നീളുന്ന ജീവിത പരീക്ഷണങ്ങളെ മനസ്സിെൻറ കരുത്തുകൊണ്ട് അതിജീവിക്കുന്ന ഒരു എഴുത്തുകാരിക്ക് എല്ലാ അർഥത്തിലും പിന്തുണയും ഐക്യദാർഢ്യവും അറിയിക്കാനുള്ള വരവായിരുന്നു അത്. അക്ഷരസ്നേഹികളുടെ നിറഞ്ഞ സാന്നിധ്യത്തിൽ ദുബായിൽ താമസിക്കുന്ന അന്ധ കവയിത്രി, കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ബിന്ദു സന്തോഷിൻ്റെ കഥാ–കവിതാ സമാഹാരമായ വാക് സ്ഥലിയുടെ പ്രകാശനമാണ് പൊതു സമൂഹം ഏറ്റെടുത്തത് ആഘോഷമാക്കിയത്.

യുഎഇയിലെ കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ ഹംദ അൽ മുർ മുഹൈരിക്ക് കോപ്പി നൽകി മാധ്യമപ്രവർത്തകനും ദുബായ് മുനിസിപ്പാലിറ്റി മുൻ ഉദ്യോഗസ്ഥനുമായ മാ അൽ എെനൈൻ പ്രകാശനം നിർവഹിച്ചു. വിധി തുടരെ പരീക്ഷിച്ചപ്പോഴും അതിനെതിരെ പോരാടി വിജയം കണ്ട കവയിത്രി പോരായ്മകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ള പ്രചോദനം നൽകുന്നതായി അദ്ദേഹം പറഞ്ഞു.

‘അക്ഷരക്കൂട്ടം’ കൂട്ടായ്മ ഏതാനും ആഴ്ചകൾ മുമ്പ് മാത്രം തീരുമാനിച്ചതായിരുന്നു അവരുടെ രചനകൾ ഉൾകൊള്ളിച്ച് ഒരു പുസ്തകം ഇറക്കാൻ. പിന്നീട് ആ ഉദ്യമം പ്രവാസലോകത്തെ നൂറോളം സംഘടനകളും കൂട്ടായ്മകളും വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ഏറ്റെടുത്തു. പുസ്തകം വാങ്ങി ബിന്ദു സന്തോഷിനോടുള്ള കരുതലിൽ ചേർന്നുനിൽക്കാൻ എല്ലാവരും മത്സരിച്ചു. കേരളത്തിൽ നിന്ന് അച്ചടിച്ച് കൊണ്ടുവന്ന പുസ്തകങ്ങളെല്ലാം ഒറ്റദിവസം വിറ്റു തീർന്നു.

ആയിരകണക്കിന് പുസ്തകങ്ങൾക്കാണ് ഇതിനകം ഒാർഡർ ലഭിച്ചത്. ഹാളിലുള്ള മുഴുവൻ പേരോടും നിന്ന് കരഘോഷം മുഴക്കി ബിന്ദുവിന് ആദരവ് അർപ്പിക്കാൻ ഹംദ അൽ മുർറ് അൽ മുഹൈരി ആഹ്വാനം ചെയ്തത് സദസ്സ് സസന്തോഷം അനുസരിച്ചു. പലരും നേരത്തെ തന്നെ പുസ്തകങ്ങൾ ബുക്ക് ചെയ്തു. തിരുവനന്തപുരത്തെ പാപ്പിറസ് ബുക്സ് ആണ് ബിന്ദു സന്തോഷിൻ്റെ 47 കവിതകളും 99 മിനിക്കഥളുമടങ്ങിയ ‘വാക്സ്ഥലി’ പ്രസിദ്ധീരിച്ചത്.  പുസ്തകങ്ങൾ വിറ്റ് ലഭിക്കുന്ന സംഖ്യയിലൂടെ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ചെറുപ്പത്തിലേ അക്ഷരങ്ങളുമായി കൂട്ടുകൂടിയ ബിന്ദു സന്തോഷ് പത്തൊമ്പതാം വയസിൽ വിവാഹിതയായി, ഗർഭിണിയായിരിക്കെ ചികിത്സിച്ച ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഇവരുടെ രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെടുത്തുകയായിരുന്നു. തുടർന്ന് യുഎഇയിലെത്തിയ ബിന്ദു കവിതയിലും കഥയിലുമാണ് ആശ്വാസം കണ്ടെത്തിയത്.

പിന്നീട് വൃക്ക രോഗത്തിന് അടിപെട്ടതോടെ ഭാരിച്ച ചികിത്സാ ചെലവുകൾ കുടുംബത്തെ കടക്കെണിയിലാഴ്ത്തി. തുടർന്ന് അക്ഷരക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മ ഇവരെ സഹായിക്കാനായി പുസ്തകം പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു.

 

Categories: HIGHLIGHTS

Related Articles