പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും ശബ്ദമായിത്തീര്‍ന്ന കവിതകള്‍

bhoomiyude-gandham

വെറുതേ നിന്നെയോര്‍ക്കുമ്പോ-
ളോര്‍ക്കുന്നെന്നെ ഞാന്‍,
നിന്നിലൂടെയെന്നെയറിഞ്ഞ നാള്‍
എന്നില്‍ നീ നിലാവായ് നിറഞ്ഞ നാള്‍….

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും നിറവാര്‍ന്ന ഓര്‍മ്മകള്‍ മനസ്സില്‍ പൊടിയുമ്പോള്‍ അവ അറിയാതെ കവിതയായും കഥയായും വിരിയും. അവ പിന്നീട് വായിക്കുമ്പോള്‍ നാം അറിയാതെ പഴയകാലത്തിന്റെ ശീതളിമയിലേക്ക് പറന്നിറങ്ങും. പ്രണയത്തിന്റെയും കൂട്ടുകെട്ടിന്റെയും വിരഹത്തിന്റെയും ഗൃഹാതുരത്വം വീശുന്ന നാട്ടുപച്ചപ്പിന്റെ ഓര്‍മ്മകളും എല്ലാം കവിതയിലൂടെ നാം തിരികെപ്പിടിക്കും. പക്ഷേ..കവിത ഒരേ സമയം പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും ആലേഖനങ്ങള്‍ കൂടിയായിത്തീരുന്നുണ്ട്. അന്നം തുരുന്ന ഭൂമിയും ചുവടുറപ്പിക്കുന്ന ഇടങ്ങളും ചിന്തകള്‍ വിരിയിക്കുന്ന ഭാഷയും ഇവയിലൂടൊക്കെ പ്രകടമാകുന്ന സ്വത്വബോധവുമെല്ലാം നിരന്തരം ആധിപത്യത്തിനും ചൂഷണത്തിനും കീഴ്‌പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കവിത അതിനെതിരെയുള്ള ശബ്ദംകൂടി ആയിത്തീരാറുണ്ട്. പുതിയ തലമുറയിലെ എഴുത്തുാകാരെയും അസ്വസ്ഥപ്പെടുത്തുന്നത് ഇത്തരം പ്രശ്‌നങ്ങള്‍തന്നെയാണ്. കോളജ് അധ്യാപകനും സാഹിത്യ നിരൂപകനുമായ ആനന്ദ് കാവാലത്തിന്റെ ഭൂമിയുടെ ഗന്ധം എന്ന കവിതാസമാഹാരവും അടയാളപ്പെടുത്തുന്നത് ഇതുതന്നെയാണ്.

മറയുന്ന, തറിവീലയെങ്കിലും തിരക്കിടട്ടെ,
ഇത്ര ലഘുവായൊടുങ്ങുവാനാണെങ്കി,-
ലെന്തിനീ വാഴ്‌വിതിലിത്രമേല്‍ പണിപ്പെട്ടുകെട്ടിയാടണ-
മതിദുഷ്‌കരമാമീ വേഷപ്പകര്‍ച്ചകള്‍..?

bhoomiyude-ganthamമനുഷ്യജന്മത്തിലെ കാമനകളും ആഗ്രഹങ്ങളും നൊമ്പരങ്ങളുമെല്ലാം നശ്വരമാണെങ്കിലും നാമെല്ലാം പല വേഷങ്ങള്‍ കെട്ടിയാടുകയാണെന്ന് ഇവിടെ കവി വിലപിക്കുന്നു..അതേ സമയം തന്നെ പുതിയകാലത്തിന്റെ മൊബൈല്‍ കെണിയില്‍പ്പെട്ട് തന്നെ താനാക്കി മാറ്റിയ വീട്ടുകാരില്‍ നിന്നുപോലുമകന്ന് മറ്റൊരു ലോകത്ത് ഒറ്റപ്പെട്ടുപോകുന്നു എന്ന് പരിധിക്കുപുറത്ത് എന്ന കവിതയിലൂടെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. ഇങ്ങനെ പഴയകാലത്തിന്റെ ഓര്‍മ്മയും പുതിയകാലത്തിന്റെ ചതികളുമെല്ലാം കടന്നുവരുന്ന കവിതാസമാഹാരമാണ് ഭൂമിയുടെ ഗന്ധം.

ജന്മാന്തരസൗഹൃദം, ആറന്മമുളയെ അറിയുന്നതെങ്ങനെ, കാഴ്ചകള്‍ക്കപ്പുറം, ഭൂമിയുടെ ഗന്ധം, മഴയോര്‍മ്മകള്‍, സാഫല്യം, അതിര്‍ത്തിരേഖകള്‍, സെല്‍ഫി അഥവാ ആത്മരതി തുടങ്ങി അമ്പതില്‍പ്പരം കവിതകളാണ് ഭൂമിയുടെ ഗന്ധം എന്ന സമാഹാത്തിലുള്ളത്.

പഠനം, സാഹിത്യനിരൂപണം, കവിത തുടങ്ങിയ മേഖലകളില്‍ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ആനന്ദ് കാവാലം ധനുവച്ചപുരം വി ടി എം എന്‍ എസ് എസ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനാണ്.

Categories: Editors' Picks, LITERATURE