DCBOOKS
Malayalam News Literature Website

ഭീമ കൊരേഗാവ് സംഘര്‍ഷം: ആനന്ദ് തെല്‍ത്തുംബഡേ അറസ്റ്റില്‍

ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആനന്ദ് തെല്‍ത്തുംബഡേയെ പുണെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ വിമാനത്താവളത്തില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അറസ്റ്റ്. സുപ്രീം കോടതി തെല്‍തുംദെയ്ക്ക് അറസ്റ്റില്‍ നിന്നും നല്‍കിയ പരിരക്ഷ നിലനില്‍ക്കെയാണ് പൊലീസ് നടപടി.

കേസില്‍ ആനന്ദ് തെല്‍ത്തുംബഡേയുടെ പങ്കാളിത്തം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്ന് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. തെല്‍ത്തുംബഡേയെ അറസ്റ്റ് ചെയ്തതായി പുണെ പോലീസ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ശിവജി പവാര്‍ അറിയിച്ചു.

ഭീമ കൊരേഗാവ് സംഘര്‍ഷവുമായും അതിനുമുന്നോടിയായി എല്‍ഗാര്‍ പരിഷദ് എന്ന പേരില്‍ നടന്ന ദളിത് കൂട്ടായ്മയുമായും ബന്ധമുണ്ടെന്നാരോപിച്ച് മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ റോണ വില്‍സണ്‍ ഉള്‍പ്പെടെ അഞ്ചുപേരെ ജൂണില്‍ പുണെ പോലീസ് അറസ്റ്റുചെയ്തിരുന്നു.ഇതിനൊപ്പം ആനന്ദ് തെല്‍ത്തുംബഡേയുടെ ഗവോയിലെ വസതിയില്‍ റെയ്ഡ് നടത്തുകയും മാവോവാദി ബന്ധം ആരോപിച്ച് കേസെടുക്കുകയും ചെയതിരുന്നു.

നേരത്തെ കാഞ്ച ഐലയ്യ, അരുന്ധതി റോയ് തുടങ്ങി സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ ആനന്ദിനെതിരെയുള്ള പൊലീസ് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ആനന്ദ് തെല്‍ത്തുംബഡേയ്ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചാതണെന്ന് ആരോപിച്ച് അംബേദ്കര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ആധുനിക ഇന്ത്യയുടെ  ശില്പികള്‍’ എന്ന വിഷയത്തില്‍ ‘അംബേദ്കർ‘ എന്ന  പ്രഭാഷണം നടത്താനിരുന്നത് ആനന്ദ് തെല്‍ത്തുംബഡേയായിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ടതിനാല്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

Comments are closed.