2016 ല്‍ പുറത്തിറങ്ങിയ മികച്ച 6 നോവലുകൂടി

novelsഡി സി ബുക്‌സ് നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ സോണിയാ റെഫീക്കിന്റെ ഹെര്‍ബേറിയം അടക്കം ആറുനോവലുകള്‍ക്കൂടി 2016ല്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. മലയാളസാഹിത്യത്തില്‍ സ്ഥിരമായ ഇരിപ്പിടം സ്വന്തമാക്കിയ ലബ്ധപ്രതിഷ്ടരായ എഴുത്തുകാരുടെ രചനകള്‍ക്കൊപ്പം തന്നെ പരിഗണിക്കാവുന്നതാണ് ഇവയെല്ലാം. ആഖ്യാനത്തിന്റെയും പ്രമേയത്തിന്റെയും സവിശേഷതകൊണ്ട് ശ്രദ്ധിക്കപ്പെട്ട ആ നോവലുകളെ പരിചയപ്പെടാം..

ഹെര്‍ബേറിയം
herberioumദുബായ് നഗരത്തിലെ ഫ്‌ളാറ്റെന്ന ഒരിത്തിരി ചതുരത്തില്‍ നിന്ന് പ്രകൃതിയുടെ ജൈവികതയിലേക്ക് ഇറങ്ങിച്ചെന്ന ഒരു ഒന്‍പതു വയസ്സുകാരന്റെ കണ്ണിലൂടെയാണ് സോണിയ റഫീഖ് ഹെര്‍ബേറിയം എന്ന നോവല്‍ എഴുതിയിരിക്കുന്നത്. കഥാപാത്രസൃഷ്ടിയിലും രചനാതന്ത്രത്തിലും മികവുപുലര്‍ത്തുന്ന സോണിയയുടെ ഹെര്‍ബേറിയം സ്വാഭാവിക പ്രകൃതത്തില്‍നിന്ന് അകന്നുപോയ ഒരു തലമുറയെ സ്വാഭാവികമായിത്തന്നെ പ്രകൃതിയിലേക്കു മടക്കിയെത്തിക്കുന്നതിന്റെ മനോഹരമായ ചിത്രീകരണമാണ്. കൂടാതെ പ്രകൃതിയോടുള്ള സമരസപ്പെടല്‍ വെറും പുറംപൂച്ച് വാചകങ്ങളില്‍ ഒതുക്കാതെ നല്ല നിലയില്‍ അനുഭവപ്പെടുത്തിത്തരാന്‍ ഈ കൃതിക്കാവുന്നുണ്ട്. പ്രകൃതിയില്‍ നിന്നും ജൈവികതയില്‍ നിന്നും അകന്നുമാറി തന്നിലേക്കുതന്നെ ഒതുക്കപ്പെടുന്ന പുതിയ തലമുറയെക്കുറിച്ച് ഈ നോവല്‍ നമ്മെ വേവലാതിപ്പെടുത്തുകയും ഒപ്പം നമ്മുടെ കുട്ടികള്‍ക്കും പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്‌കാരം സ്വരൂപിക്കാനാവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇറങ്ങിയ നാള്‍ബുതല്‍ ബെസ്റ്റ് സെല്ലറാണ് ഈ കൃതി.

ഗീതാഞ്ജലി
2016ലെ ഡി സി സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട ഷബിത എം കെ യുടെ ആദ്യ geethanjaliനോവലാണ് ഗീതാഞ്ജലി. ബന്ധങ്ങളുടെയും അവസ്ഥകളുടെയും വിചിന്തനത്തിന്റെ കഥയാണ് ഗീതാഞ്ജലി പറയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയുടെ ഒരു തൂലികാ സുഹൃത്തുമായുള്ള കത്തിടപാടുകളിലൂടെ ആനുകാലിക കേരളത്തിന്റെ, അല്ലെങ്കില്‍ ഇന്ത്യയുടെ വിവിധ അവസ്ഥകളിലേക്കുള്ള എത്തി നോട്ടമാണ് ഈ നോവലിന്റെ അന്തസത്ത. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍, അതില്‍ സംവിധാനങ്ങളുടെ അനാസ്ഥ, സദാചാര പോലീസിംഗ്, അധിനിവേശവും കമ്പോളവല്‍ക്കരണവും, വിവാഹ ബന്ധങ്ങളുടെ കെട്ടുറപ്പില്ലായ്മ ഇങ്ങനെ നിരവധി വിഷയങ്ങളെ ഈ നോവല്‍ അഭിസംബോധന ചെയ്യുന്നുണ്ട്.

ലീബിന്റെ ചിശാചുക്കള്‍
leebinte-pisachukkalപൂര്‍ണ്ണമായും ഭാവനയുടെ കാന്‍വാസില്‍ വരച്ചിട്ട ഒരു ഭ്രമാത്മകചിത്രം പോലെ അനുഭവപ്പെടുന്ന കൃതിയാണ് നീനു അന്‍സാര്‍ രചിച്ച ലീബിന്റെ പിശാചുക്കള്‍. 1650 മുതല്‍ 1810 വരെയുള്ള കാലയളവാണ് ലീബിന്റെ പിശാചുക്കള്‍ എന്ന നോവലിന്റെ പശ്ചാത്തലം. ഫോര്‍ട്ടുകൊച്ചി മുതല്‍ മതിലകം വരെ നീണ്ടുപരന്നു കിടന്നിരുന്ന പഴയ യൂദസമൂഹത്തില്‍ നിറഞ്ഞാടിയ പ്ലമ്മേനപ്പാട്ടുകളില്‍ ഒരുപാട് പാതിവ്രത്യക്കഥകളും മദാലസാദുരന്തങ്ങളും വാഴ്ത്തിപ്പാടുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് ലീബിന്റെ കഥ. 1943ല്‍ അടക്കം ചെയ്യപ്പെട്ട ആമോസു മുത്തശ്ശി യദ്ദീശു ഭാഷയില്‍ കുറിച്ചിട്ട കിസ്തകളില്‍ ഒന്ന്. ആ കഥയുടെ പുനരാഖ്യാനമാണ് ഡി സി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഈ നോവല്‍.

പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍
നൂറ്റാണ്ടുകള്‍ക്കുമുമ്പ് യമനില്‍ നിന്നും കേരളത്തില്‍ എത്തിച്ചേര്‍ന്ന രണ്ട് സഹോദരന്മാരുടെയും pallivepile-kothikallukalഅവരുടെ വംശപരമ്പരയുടെയും കഥയിലൂടെ ചില ചരിത്രവസ്തുതകള്‍ പറയുകയാണ് സമദ് രചിച്ച പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍ എന്ന നോവല്‍. കച്ചവടത്തിനു മാത്രമായാണ് അറേബ്യക്കാര്‍ കേരളത്തിലെത്തിയതെന്ന പൊതുധാരണയെ തിരുത്തിക്കൊണ്ട് അറിവിന്റെ വാഹകരായും കൂടുതല്‍ അറിവന്വേഷിച്ചുമായിരുന്നു ആ വരവെന്ന് നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രേമവും പ്രേമഭംഗവും ഭാഗ്യനിര്‍ഭാഗ്യങ്ങളും നെറികേടുകളും ചതിയും വിശ്വാസവഞ്ചനയും ഒക്കെ എല്ലാ കാലത്തും സമാനമാണെന്ന് നോവല്‍ കാട്ടിത്തരുന്നു. യമനില്‍ നിലനിന്നിരുന്ന പ്രാചീന വിദ്യാഭ്യാസമുറകള്‍ മുതല്‍ പ്രാചീന കേരളത്തിലെ സമൂഹക്രമം വരെ പഠിച്ചാണ് സമദ് പള്ളിവൈപ്പ്പിലെ കൊതിക്കല്ലുകളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മുമ്പ് കൊച്ചി, തിരുവിതാംകൂര്‍ അതിര്‍ത്തി രേഖപ്പെടുത്താനായി സ്ഥാപിച്ചിരുന്ന കൊ.തി എന്ന് കൊത്തിവെച്ച കല്ലുകള്‍ പിന്നീട് കൊതിക്കല്ലുകളായ ചരിത്രം മുന്‍നിര്‍ത്തിയാണ് പുസ്തകത്തിന് പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍ എന്ന് പേരിട്ടിരിക്കുന്നതുപോലും.

ശയ്യാനുകമ്പ
sayyanikambaനാല്പതുകളിലെത്തിയ വില്ലേജ് ഓഫീസറായ ആനന്ദ് വര്‍ഗീസിന്റേയും ചുംബനസമരത്തിനിടയില്‍ പരിചയപ്പെട്ട അക്ഷര മേനോന്റേയും ഇടയില്‍ വളര്‍ന്ന അസാധാരണമായ ബന്ധത്തിന്റെ കഥ പറയുന്ന നോവലാണ് രവിവര്‍മ്മ തമ്പുരാന്‍ രചിച്ച ശയ്യാനുകമ്പ. മധ്യവയസ്സിലെത്തിയവരുടെ ജീവിതത്തെ വേട്ടയാടുകയും അതിനെ തകിടം മറിക്കുകയും ചെയ്‌തേക്കാവുന്ന മിഡ്‌ലൈഫ് ക്രൈസിസ് എന്ന പ്രഹേളികയുടെ വിവിധ സങ്കീര്‍ണ്ണതകള്‍ പങ്കുവയ്ക്കുകയും ഒപ്പം ദയാവധം, ലൈംഗിക സമത്വം തുടങ്ങിയ സമകാലിക വിഷയങ്ങളുടെ വേറിട്ട കാഴ്ചകള്‍ വരച്ചിടുകയും ചെയ്യുന്നു ഈ പുസ്തകം. കൂടാതെ സമകാലിക സാമൂഹിക അന്തരീക്ഷത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന പുതുസമരരീതികളുടെ മറുവശം തേടുകയും അതോടൊപ്പംതന്നെ മധ്യവര്‍ഗ്ഗ മലയാളി പുരുഷന്‍ നേരിടുന്ന ലൈംഗിക അസമത്വത്തത്തെയും രവിവര്‍മ്മ തമ്പുരാന്‍ ശയ്യാനുകമ്പയില്‍ വരച്ചു കാട്ടുന്നു.

ആവര്‍ത്തന പുസ്തകം
ഡി സി നോവല്‍ കാര്‍ണിവല്‍ അവാര്‍ഡിന് പരിഗണിക്കപ്പെട്ട ‘ഞങ്ങളുടെ മഞ്ഞപ്പുസ്തകം’ എന്ന avarthanaനോവലിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നുവന്ന അശോകന്റെ ഏറ്റവും പുതിയ നോവലാണ് ആവര്‍ത്തന പുസ്തകം. ചതുപ്പിന്റെ സ്വഭാവമുള്ള താഴ്‌നിലമായ ദാലിലെ നികൃഷ്ടജീവികളായി കണ്ടിരുന്ന ദലിതരുടെ ജീവിതവും തുടര്‍ന്ന് പരിവര്‍ത്തനത്തിലൂടെ വന്നുചേര്‍ന്ന ഗുണദോഷങ്ങളും അവരുടെ ജീവിതാഭിലാഷങ്ങളെയും വിശ്വാസങ്ങളെയും ചരിത്രത്തിന്റെ അവധാനതയോടെ രേഖപ്പെടുത്തുന്ന പുസ്തകമാണിത്. മതപരിവര്‍ത്തനം വലിയ ചര്‍ച്ചകള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്ന ഈ അവസരത്തില്‍ ഏറെ പ്രസക്തമായ നോവലാണ് ആവര്‍ത്തന പുസ്തകം.

2016 ലെ മറ്റ് മികച്ച നോവലുകളക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്‌ചെയ്യുക…