ഇതേ പുരാഹിതന്മാർ പീഡിപ്പിക്കുന്ന പെൺകുട്ടികൾക്ക്‌ വേണ്ടി എത്ര വിശ്വാസികൾ തെരുവിലിറങ്ങി ? ബെന്യാമിന്റെ ഫേസ്ബുക് പോസ്റ്റ്

 

benyamin

അന്ത്യഅത്താഴ ചിത്രം വികലമാക്കിയെന്നാരോപിച്ച് മലയാള മനോരമ പത്രത്തിനെതിരെ ഉയരുന്ന പ്രതിഷേധപ്രകടനങ്ങൾക്ക് കുറിക്കു കൊള്ളുന്ന പ്രതികരണവുമായി പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ രംഗത്ത്.

” സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ചു തെരുവിലിറങ്ങിയ അച്ചന്മാർക്കും വിശ്വാസികൾക്കും അരമനയിൽ നിന്ന് കൊടുക്കുന്ന കടുക്ക വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കണമെന്നും , ഇതേ പുരാഹിതന്മാർ പീഡിപ്പിക്കുന്ന പെൺകുട്ടികൾക്ക്‌ വേണ്ടി എത്ര വിശ്വാസികൾ എത്ര വട്ടം തെരുവിലിറങ്ങി എന്ന് ആരായുമ്പോൾ അറിയാം വിശ്വാസികളുടെ കാപട്യമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ ബെന്യാമിൻ കുറിച്ചു.

മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാ പോഷിണിയുടെ ഡിസംബർ ലക്കത്തിൽ ടോം വട്ടക്കുഴി വരച്ച ചിത്രം പ്രസിദ്ധീകരിച്ചതോടു കൂടിയാണ് മനോരമ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. അർദ്ധനഗ്നയായ കന്യാസ്ത്രീയെ ഉൾപ്പെടുത്തി യേശുക്രിസ്തുവിന്റെ അന്ത്യ അന്താഴത്തെ അനുസ്മരിപ്പിച്ച ചിത്രം വികലമാക്കി എന്ന് കാട്ടി പ്രതിഷേധമുയർന്നപ്പോൾ മനോരമ ചിത്രം പിൻവലിച്ച് ക്ഷമാപണവും നടത്തിയിരുന്നു. എന്നാൽ വിവാദങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. ചിത്രം ക്രൈസ്തവരെ അവഹേളിക്കുന്നവയാണെന്ന് ആരോപിച്ച് ഹൈറേഞ്ച് മേഖലയിൽ കനത്ത പ്രതിഷേധവും ഉയർന്നു.

bahs_1_1

ബെന്യാമിൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ.

‘മാതാഹരി എന്ന നർത്തകി അവരുടെ അന്ത്യകാലത്ത് ഒരു കന്യാസ്ത്രീ മഠത്തിൽ എത്തി നൃത്തം ചെയ്തതായി ഒരു കഥയുണ്ട്. അതിനെ ആസ്പദമാക്കിയാണ് ടോം വട്ടക്കുഴി ഒരു ചിത്രം വരച്ചത്. അതിൽ ഒരു സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ച് തെരുവിലിറങ്ങിയ അച്ചന്മാർക്കും വിശ്വാസികൾക്കും അരമനയിൽ നിന്ന് കൊടുക്കുന്ന കടുക്ക വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഭയോട് അഭ്യർത്ഥിക്കുന്നു. ഇതേ പുരാഹിതന്മാർ പീഡിപ്പിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി എത്ര വിശ്വാസികൾ എത്ര വട്ടം തെരുവിലിറങ്ങി എന്ന് ആരായുമ്പോഴാണ് ഇവന്റെയൊക്കെ കാപട്യം പുറത്തു വരിക. വിശ്വാസികളാണത്രേ. കഷ്ടം.. !’