മുടി തഴച്ചുവളരാന്‍ ചില വിദ്യകള്‍
On 4 Dec, 2012 At 05:22 AM | Categorized As Women

Beautiful hairമുഖം എത്ര മനോഹരമായാലും തലമുടിക്കുവേണ്ട സംരക്ഷണം നല്കിയില്ലെങ്കില്‍ നമ്മുടെ സൗന്ദര്യത്തിന് ആരും വേണ്ടത്ര വില കല്പിക്കില്ല. തലമുടി നമ്മുടെ ശരീരത്തിന്റെ കിരീടമാണ്. നമ്മുടെ ഉപേക്ഷകാരണം തലമുടി മോശമായ അവസ്ഥയിലായാല്‍ അല്ലെങ്കില്‍ മുടി ശരിയായി പരിപാലിച്ചില്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ടു എന്നു കണക്കാക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. മുടി ഏതു തരത്തിലുള്ളതാണ് എന്നു നിശ്ചയിക്കേണ്ടത് അവശ്യംതന്നെ. എങ്കിലേ അതിനനുസൃതമായ പരിചരണം അവയ്ക്കു നല്കുവാന്‍ നമുക്കു കഴിയൂ.
നാലു തരത്തിലുള്ള മുടികള്‍
1. സാധാരണമുടി 2. എണ്ണമയമുള്ള മുടി 3. വരണ്ടമുടി 4. ഇവ രണ്ടിന്റെയും (2,3) സ്വഭാവത്തോടുകൂടിയതരം മുടി. ഒരു ടിഷ്യൂപേപ്പറിന്റെ സഹായത്താല്‍ മുടിയുടെ തരം നിശ്ചയിക്കാവുന്നതാണ്. ആദ്യം തലമുടി ഷാമ്പൂ ഉപയോഗിച്ചു വൃത്തിയായി കഴുകി ഉണക്കുക. അടുത്ത ദിവസം ഒരു ടിഷ്യൂപേപ്പര്‍കൊണ്ടു തലയുടെ മദ്ധ്യഭാഗത്തും ചെവികള്‍ക്കു പിന്നിലും അമര്‍ത്തുക. ടിഷ്യൂപേപ്പറില്‍ എണ്ണമയം കണ്ടാല്‍ നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയാണെന്നു മനസ്സിലാക്കാം. മറിച്ചാണെങ്കില്‍ വരണ്ടമുടി അഥവാ ഉണങ്ങിയ മുടി ആണെന്നര്‍ത്ഥം.
സാധാരണ ചര്‍മ്മമാണു നിങ്ങളുടേതെങ്കില്‍ സാധാരണമുടിയായിരിക്കും നിങ്ങളുടേത് എന്നതാണു വിദഗ്ധരുടെ വിശ്വാസം. എണ്ണമയമുള്ള ത്വക്കിനുടമകള്‍ എണ്ണമയമുള്ള മുടിയോടുകൂടിയവരും. നിങ്ങളുടെ തല എണ്ണമയമുള്ളതും വരണ്ടതുമാണോ? എങ്കില്‍ നിങ്ങളുടെ മുടി ഈ രണ്ടു സ്വഭാവത്തോടും കൂടിയതായിരിക്കും. സാധാരണമുടി തിളക്കമാര്‍ന്നതും കൈകാര്യംചെയ്യാന്‍ സുഗമമായതും ആയിരിക്കും. അല്പദിവസം ഇവ പറന്നു കിടക്കുമെങ്കിലും ചീകി ഒതുക്കിയാല്‍ ഒരാഴ്ചയോളം ഭംഗിയായി ഒതുങ്ങിയിരിക്കുകയും ചെയ്യും. എണ്ണമയമുള്ള മുടിയില്‍ ഷാമ്പൂ തേച്ചു കുളിച്ചാല്‍ ഒന്നുരണ്ടു ദിവസംവരെ ഭംഗിയായി ഒതുങ്ങിയിരിക്കും. എന്നാല്‍ ഉടന്‍തന്നെ ഈ അവസ്ഥ മാറിയെന്നുമിരിക്കും. ഇത്തരം മുടിയുള്ളവരുടെ തലയില്‍ താരന്‍ കടന്നുകൂടാന്‍ സാധ്യതകള്‍ ഏറെയാണ്.
വരണ്ടമുടിയില്‍ ഷാമ്പൂ പ്രയോഗിച്ചാല്‍ സംരക്ഷണം വളരെ പ്രയാസമാകും. മുടിയുടെ ഭംഗി നഷ്ടപ്പെട്ട് അവയുടെ അഗ്രം വരണ്ടുപോകുന്നതിനും പിളരുന്നതിനും ഇടയാക്കും. തലയും വരണ്ടിരിക്കും. ചിലപ്പോള്‍ ചൊറിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. വരണ്ടമുടി പൊട്ടാനും എളുപ്പമാണ്. നാലാംതരത്തിലുള്ള മുടിക്കു വരണ്ടമുടിയുടെയും എണ്ണമയമുള്ള മുടിയുടെയും പ്രത്യേകതകള്‍ കാണും. തലയോടുചേര്‍ന്നുള്ള മുടി എണ്ണമയമുള്ളതും അറ്റം വരണ്ടുമിരിക്കും. ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ മുടി ഭംഗിയാകുന്നു. എങ്കിലും അഗ്രം ഭംഗിയുള്ളതാകണമെന്നില്ല. ഇത്തരം മുടി ചീകിയൊതുക്കുവാന്‍ അത്ര എളുപ്പമല്ല. അറ്റം പിളരാന്‍ സാധ്യതയുണ്ട്. കട്ടികുറഞ്ഞതും മങ്ങിയനിറത്തോടുംകൂടിയ മുടിയായിരിക്കും ഇക്കൂട്ടര്‍ക്ക്. ഈ അവസ്ഥയില്‍ ഷാമ്പൂ വീണ്ടും ഉപയോഗിക്കേണ്ടതായിവരുന്നു. തദവസരത്തില്‍ മുടിയുടെ ഭംഗി വീണ്ടെടുക്കുവാന്‍ സാധിക്കുന്നു.
ഇനി ഓരോതരം മുടിയും സംരക്ഷിക്കുന്നതെങ്ങനെയെന്നു പരിശോധിക്കാം:

  • സാധാരണമുടിക്ക് : ആഴ്ചയില്‍ ഒരിക്കല്‍ ഷാമ്പൂ ഉപയോഗിച്ചു കഴുകുക. തലയില്‍ അല്പം ഷാമ്പൂ തേച്ച് വിരലഗ്രമുപയോഗിച്ചു നന്നായി ഉരസുക. ഇങ്ങനെചെയ്യുന്നതിനാല്‍ ഷാമ്പൂ മുടിയുടെ അറ്റംവരെ എത്തുന്നതിനു സഹായകമാകും. മുടിയുടെ അഗ്രം ആവശ്യമില്ലാതെ ഉരസരുത്. ഒരു കപ്പ് ചൂടുവെള്ളത്തില്‍ 2 മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്തു നന്നായടിച്ചു തലയില്‍ ഒഴിച്ചു നന്നായി തിരുമ്മി പിടിപ്പിക്കുക. ഒരു പോളിത്തീന്‍ബാഗുകൊണ്ടു കേശമാകെ മൂടി 10 മിനിറ്റ് കാത്തിരിക്കുക. അതിനുശേഷം ചെറു ചൂടുവെള്ളം കൊണ്ട് മുടി കഴുകുക. എന്നിട്ട് ഷാമ്പൂതേച്ചു കഴുകുക.
  • എണ്ണമയമുള്ള മുടിക്ക്: തലമുടി ഒട്ടിപ്പിടിക്കുന്നതുമാതിരി കാണുമ്പോള്‍ 3 ദിവസത്തില്‍ ഒരിക്കല്‍ മുടി നന്നായി കഴുകുക. കഴുകിയില്ലെങ്കില്‍ മുഖത്തു ചെറിയ പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ആകയാല്‍ കൂടുതല്‍നാള്‍ മുടി കഴുകാതിരിക്കരുത്. നാരങ്ങാചേര്‍ത്തിട്ടുള്ള ഷാമ്പൂവേണം ഉപയോഗിക്കുവാന്‍. ഇതു തേക്കുമ്പോള്‍ തല നന്നായി മസാജ് ചെയ്യണം. മുടി അവസാനമായി കഴുകുമ്പോള്‍ വെള്ളത്തില്‍ അല്പം വിനാഗിരി ഒഴിച്ച് അത് ഉപയോഗിക്കുക. മുടി വൃത്തിയാക്കുവാനിത് ഉപകരിക്കും. ഇത്തരം മുടിക്കാര്‍ക്ക് ഡ്രൈ ഷാമ്പൂ ആണ് ഉത്തമം. നിങ്ങളുടെ തലമുടി പല വിഭാഗങ്ങളായി തിരിക്കുക. മുള്‍ട്ടാണിമിട്ടി പൗഡര്‍ ഓരോ വിഭാഗങ്ങള്‍ക്കിടയ്ക്കും വിതറുക. നന്നായി തിരുമ്മിപ്പിടിപ്പിച്ച് 10 മിനിറ്റ് ഇരിക്കുക. വൃത്തിയുള്ള ഒരു ചീപ്പ് ഉപയോഗിച്ചു നന്നായി ചീകുക. തലയിലെ എണ്ണമയവും ചെളിയും മറ്റും മുള്‍ട്ടാണിമിട്ടി വലിച്ചെടുക്കുന്നു. ഇക്കൂട്ടര്‍ ആഴ്ചയിലൊരിക്കല്‍ ഷാമ്പൂ ഉപയോഗിക്കുക. ഇതിനുശേഷം ഒരു കണ്ടീഷണറും ഉപയോഗിക്കുക. താഴെപ്പറയുന്നതു നല്ല ഒരു കണ്ടീഷണര്‍ ആണ്.

2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ ചൂടാക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. ഒരു പോളിത്തീന്‍ബാഗുകൊണ്ട് തലമുടി മൂടുക. ഉണങ്ങിയ ഒരു ടൗവല്‍കൊണ്ട് ഈ ബാഗ് മൂടുക. ഇങ്ങനെ അരമണിക്കൂര്‍ വച്ചതിനുശേഷം മുടി ഷാമ്പൂ ഉപയോഗിച്ചു കഴുകുക. മുടി പറന്നുകിടന്നാല്‍ ഹെയര്‍ സ്‌പ്രേ ഒഴിവാക്കുക. പകരം എതെങ്കിലും ഒരു ക്രീം കണ്ടീഷനര്‍ ഉപയോഗിച്ചതിനു ശേഷം മുടി ചീകിയൊതുക്കുക.

  • കോമ്പിനേഷന്‍ മുടിയുള്ളവര്‍ അഥവാ വരണ്ട മുടിയുടെയും എണ്ണമയമുള്ള മുടിയുടെയും സ്വഭാവമുള്ള മുടിക്കാര്‍ക്ക്: തലയിലെ ചൊറിച്ചില്‍ അകറ്റാനും ചെളി നീക്കംചെയ്യാനുമായി വൃത്തിയായി കഴുകുക. വരണ്ട കേശാഗ്രത്തില്‍ ഷാമ്പൂ പുരട്ടരുത്. എന്നാല്‍ മറ്റു ഭാഗങ്ങളില്‍ ഷാമ്പൂ ഉപയോഗിക്കുകയും ചെയ്യുക. അവസാനം ഒരു കണ്ടീഷനര്‍ ഉപയോഗിക്കുകയും ചെയ്യുക. വരണ്ട അഗ്രഭാഗം കൂടക്കൂടെ വെട്ടുവാന്‍ ശ്രദ്ധിക്കുക.
  • വരണ്ടമുടിക്ക്: മുടി വരണ്ടതായി തോന്നിയാല്‍ അവയുടെ തിളക്കം കുറയും. പ്രധാനപ്രശ്‌നം മുടിയുടെ അഗ്രം പിളര്‍ന്നുപോകുന്നു എന്നതാണ്. അവ പെട്ടെന്നു പൊട്ടാനും സാധ്യതയുണ്ട്. വരണ്ടമുടി കൂടക്കൂടെ ചീകേണ്ടതാണ്. ഇത്തരം മുടിക്കു പ്രത്യേകശ്രദ്ധയും പരിപാലനവും നല്‌കേണ്ടതാണ്. ചുവടേകൊടുത്തിട്ടുള്ള ചില നിര്‍ദ്ദേശങ്ങള്‍ കൈക്കൊള്ളുക:

വെളിച്ചെണ്ണയോ ഒലീവെണ്ണയോ ഉപയോഗിച്ചു മുടി നന്നായി തിരുമ്മുക. ഇത് ആഴ്ചയില്‍ 2 തവണയെങ്കിലും ചെയ്യുക. ശിരോചര്‍മ്മത്തില്‍ വിരലുകളുപയോഗിച്ചു വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഇനി തിളച്ചവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവ്വല്‍കൊണ്ടു മുടിക്കിടയില്‍ ആവി കയറ്റുക. ഈ ടവ്വല്‍ തലയില്‍ നന്നായി കെട്ടിവയ്ക്കുകയാണു ചെയ്യേണ്ടത്. ഇത് 6-8 തവണ ആവര്‍ത്തിക്കുക. ഇങ്ങനെ ചെയ്യുന്നതുമൂലം എണ്ണ നേരിട്ടു മുടിയുടെ റൂട്ടിലേക്കു പോകുകയും ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യും. സെബേഷ്യസ് ഗ്ലാന്റുകള്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കുകയും മുടിക്കു സ്വാഭാവികമായ തിളക്കം കൈവരിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നു. ഹോട്ട് ടവ്വല്‍ പരിചരണത്തിനുശേഷം മുടി മുട്ടചേര്‍ത്തു തയ്യാറാക്കിയ ഷാമ്പൂ ഉപയോഗിച്ചു കഴുകുക. മൂന്നു മാസത്തില്‍ ഒരിക്കല്‍ മുടിയുടെ അഗ്രം വെട്ടിനിരപ്പാക്കേണ്ടതാണ്. ദിവസവും ഷാമ്പൂ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇതു മുടി കൂടുതല്‍ വരളാന്‍ ഇടയാക്കും.
വരണ്ടമുടിക്കാര്‍ വളരെ അത്യാവശ്യമുള്ളപ്പോള്‍മാത്രമേ മുടിയില്‍ കളര്‍ ഇടാവൂ. കാരണം ഇതും മുടി കൂടുതല്‍ വരണ്ടതാക്കാന്‍ സാഹചര്യമൊരുക്കും. അര കപ്പ് പാലില്‍ ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതു നന്നായി അടിക്കുക. ഈ മിശ്രിതം മുടിയിലും ശിരോചര്‍മ്മത്തിലും തേച്ചുപിടിപ്പിക്കുക. ഇനി വീര്യംകുറഞ്ഞ ഷാമ്പൂ ഉപയോഗിച്ചു കഴുകിക്കളയുക. ആഴ്ചയില്‍ 2 തവണ ഇങ്ങനെ ചെയ്യുക. ഹെന്ന ഉപയോഗിക്കുമ്പോള്‍ വരണ്ടമുടിയുള്ളവര്‍ ഒരു കാര്യം ശ്രദ്ധിക്കുക. ഹെന്ന മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്ത് ഇളക്കിയശേഷം ഉപയോഗിക്കുക. അല്ലെങ്കില്‍ മുടി വളരെ വരണ്ടതായി കാണപ്പെടും.
മുടി ചീകുമ്പോള്‍
മുടി നന്നായി ഉണങ്ങിയതിനുശേഷമേ ചീകാവൂ. നനവോടെ മുടി ചീകുമ്പോള്‍ മുടിയുടെ അറ്റം വിണ്ടുകീറാന്‍ സാധ്യതയുണ്ട്. ആദ്യം തല താഴേക്കാക്കി ശിരോചര്‍മ്മംമുതല്‍ താഴേക്കു ചീകുക. മുടി ചീകുമ്പോള്‍ തല മുമ്പോട്ടാക്കി ചെരിച്ചുപിടിക്കുക. ഇതു തലയിലേക്കുള്ള രക്തചംക്രമണം കൂട്ടുകയും മുടിവളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യും. മുടി ചീകുന്നതുമൂലം മുടിയില്‍ സ്വാഭാവികമായുണ്ടാകുന്ന എണ്ണ മുടിയുടെ അറ്റംവരെയെത്തുകയാണു ചെയ്യുന്നത്.

കടപ്പാട്: 100 ബ്യൂട്ടി ടിപ്‌സ് / ഇന്ദു നാരായണന്‍

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 8 = 12