ശ്രീശാന്തിന് തിരിച്ചടി : വിലക്ക് നീക്കില്ലെന്ന് വീണ്ടും ബിസിസിഐ

sreeshanthഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മലയാളി താരം എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ. വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതുതായി ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.

2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന ഒത്തുകളിച്ചുവെന്നാരോപിച്ച് ശ്രീശാന്തിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിനെ തുടര്‍ന്ന് ബിസിസിഐ സസ്‌പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കെസിഎ ഭാരവാഹികളായ ടിസി മാത്യുവും കെ അനന്തനാരായണനും പങ്കെടുത്ത ബിസിസിഐ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് രാഹുല്‍ ജോഹ്‌രി ശ്രീശാന്തിന് ഔദ്യോഗികമായി കത്തയച്ചിരുന്നു. ശ്രീശാന്തിന് പുറമേ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളായിരുന്ന അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ താരങ്ങള്‍ക്കും ബിസിസഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.പിന്നീട് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ട് ഡല്‍ഹി ഹൈകോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ വിലക്ക് തുടരുന്നതിനിടെയാണ് ശ്രീശാന്ത് ഹൈകോടതിയെ സമീപിച്ചത്.

Categories: LATEST NEWS

Related Articles