ലഹരി നുരയുന്ന ‘കള്ളെഴുത്തുകള്‍’

 

barbreiyans-2

മദ്യം ഒന്നിനും ഉത്തരമല്ല. പക്ഷെ എല്ലാ ചോദ്യങ്ങളെയും അത് മായ്ച്ച് കളയുന്നു.
മധുചഷകമേ, ഞാനിപ്പോള്‍ പാതി മാത്രമാണ്. നീ വേണം അത് പൂരിപ്പിക്കാന്‍.
നല്ല മനുഷ്യര്‍ കുടിക്കുമ്പോള്‍ മാത്രമാണ് മദ്യം മഹത്തരമാവുന്നത്.
നിന്നോടുള്ള പ്രണയത്തെ ഞാന്‍ ഊതിപ്പെരുപ്പിക്കുന്നത് കള്ളിലൂടെയാണ്. കുടിക്കരുതെന്ന് നീ പറയുമ്പോള്‍ എനിക്ക് ചിരി വരുന്നത് അതുകൊണ്ടാണ്.
അമ്പലത്തിനും പള്ളിക്കുമിടയില്‍ ഒഴിഞ്ഞൊരു സ്ഥലമുണ്ടെങ്കില്‍ അവിടെയൊരു മധുശാല സ്ഥാപിക്കുക. അവിടെനിന്നും ഉയരുന്നത് മതനിരപേക്ഷതയുടെ സംഗീതമായിരിക്കും.

മദ്യശാലകള്‍ ലഹരിക്കൊപ്പം കഥകള്‍ കൂടി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇടമാണ്. മദ്യത്തിന്റെ ലോകം ചലിച്ചുകൊണ്ടേയിരിക്കുന്നു. പച്ചയോടെ മനുഷ്യരെ ആസ്വദിക്കാന്‍ ഇതിലും നല്ലൊരു ലോകം വേറെയുണ്ടാവില്ല. അത്തരത്തില്‍ ചില കഥകളും മനുഷ്യരെയും പരിചയപ്പെടുത്തുന്ന പുസ്തകമാണ് മാധ്യമ പ്രവര്‍ത്തകനും സംവിധായകനുമായ മണിലാല്‍ രചിച്ച ബാര്‍/ബേറിയന്‍സ് മദ്യവും മലയാളികളും.

barberiyansമലയാളിയെ ലഹരിയുടെ ആസക്തിയില്‍ പെടുത്തിയ മദ്യത്തിന്റെ കഥകളാണ് ബാര്‍ബേറിയന്‍സ് മദ്യവും മലയാളിയും എന്ന പുസ്തകം പറയുന്നത്. മദ്യത്തില്‍ മയങ്ങിയവരും മദ്യത്തെ മയക്കിയവരുമായ ഒരുപാട് പേരുടെ കഥകള്‍ ഇതില്‍ കടന്നുവരുന്നു. കുടില്‍ തൊട്ട് കൊട്ടാരം വരെയുള്ളിടങ്ങളില്‍ ജീവിക്കുന്ന മദ്യ’പ്രതിഭ’കളുടെ കഥകള്‍ നര്‍മ്മമധുരമായി ഈ പുസ്തകത്തില്‍ മണിലാല്‍ അവതരിപ്പിക്കുന്നു. മലയാളിയുടെ ജീവിതത്തില്‍ മദ്യത്തിന്റെ പങ്ക് എത്രത്തോളമാണെന്ന് ഇവ നമ്മോട് വിളിച്ചുപറയുന്നു.

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 60 വര്‍ഷം തികയുന്ന അവസരത്തില്‍ നാം എവിടെനില്‍ക്കുന്നു എന്ന് അന്വേഷിക്കുന്ന കേരളം 60 എന്ന പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ബാര്‍/ബേറിയന്‍സ് മദ്യവും മലയാളിയും പ്രസിദ്ധീകരിച്ചിരിക്കുന്നത്. രസകരമായ ഈ കുറിപ്പുകള്‍ പൊതുസമൂഹത്തിന്റെ ആസക്തികളെയും സ്വപ്നങ്ങളെയും ജീവിതാവബോധത്തെയും കാണിച്ചുതരികയും ലഹരിയുടെ അരാജകവഴികളുടെ സ്വാതന്ത്ര്യം എന്തെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു.

ഫിലിം സൊസൈറ്റി പ്രവര്‍ത്തകനായി സാമൂഹ്യജീവിതം ആരംഭിച്ച മണിലാല്‍ പ്രിന്റ് ഇലക്‌ട്രോണിക് സ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുകയും നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മാര്‍ജാരന്‍ ആണ് ആദ്യ പുസ്തകം.

Categories: LITERATURE