DCBOOKS
Malayalam News Literature Website

അഴീക്കോട് ജയന്തി സാഹിത്യോത്സവം തുടങ്ങി

സുകുമാര്‍ അഴീക്കോടിന്റെ ജയന്തിയാഘോഷത്തിന് ഇന്നലെ കോട്ടയം ഡി സി ഓഡിറ്റോറിയത്തില്‍ തുടക്കമായി. അഴീക്കോട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മെയ് 10,11 തീയതികളിലായയാണ് അഴീക്കോട് ജയന്തി സാഹിത്യോത്സവം നടക്കുന്നത്.

നിരവധി പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കവിസദസ്സോടുകൂടി പരിപാടികള്‍ ആരംഭിച്ചു. വൈകിട്ട് 5 മണിക്ക് മതം, മതേതരത്വം, ജനാധിപത്യം എന്ന വിഷയത്തില്‍ അഴീക്കോട് സ്മാരകപ്രഭാഷണം നടത്തി. ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷതയും ഡോ. പോള്‍ മണലില്‍ ആമുഖവും നിര്‍വഹിച്ചു. എം.എന്‍. കാരശ്ശേരി മുഖ്യപ്രഭാഷകനായ ചടങ്ങില്‍ ജസ്റ്റിസ് കെ.ടി. തോമസിന്റെ വൈദ്യന്‍ ചികിത്സിക്കുന്നു ദൈവം സൗഖ്യമാക്കുന്നു എന്ന പുസ്തകവും എം.എന്‍. കാരശ്ശേരിയുടെ അഴീക്കോട് മാഷ് എന്ന പുസ്തകവും പ്രകാശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് 2.30തോടുകൂടി ബഷീറിന്റെ മാന്ത്രികപ്പൂച്ച അരനൂറ്റാണ്ട് എന്ന വിഷയത്തില്‍ സെമിനാര്‍ ആരംഭിച്ചു. ഡോ. പോള്‍ മണലില്‍ അദ്ധക്ഷനാകുന്ന സെമിനാറില്‍ പ്രൊ. കെ.എസ്. ഇന്ദു, ഡോ. എസ്. പ്രീതന്‍, എം. പത്മകുമാരിയമ്മ, അഡ്വ. രാജി പി. ജോയ്, രമണി അമ്മാള്‍, ഡോ. വി.ടി. ജലജകുമാരി, എം. അമ്പിളി, നാസര്‍ ഇബ്രാഹിം, വിനയശ്രീ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് അഴീക്കോട് സ്മാരക പ്രഭാഷണവും ഡോ. സി.ജെ. റോയ് രചിച്ച സുകുമാര്‍ അഴീക്കോട്, പ്രൊഫ. തോമസ് കുരുവിള എഡിറ്റ് ചെയ്ത അഴീക്കോടിന്റെ മതേതരഭാരതം പ്രഭാഷണങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.

 

Comments are closed.