നക്ഷത്ര പരിചയം- ആയില്യം

ayilyamനക്ഷത്രഗണനയില്‍ ഒന്‍പതാമത്തെ നക്ഷത്രമാണ് ആയില്യം. കര്‍ക്കടകരാശിയില്‍ ഒമ്പതാമത് തീയതിയില്‍ ഉദിക്കുന്നു. അമ്മിക്കല്ലുപോലെ ആറുനക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആയില്യം ആകാശമദ്ധ്യത്തില്‍ വരുമ്പോള്‍ തുലാം രാശിയില്‍ മൂന്നുനാഴിക മുപ്പത്തൊന്നു വിനാഴിക ചെല്ലും. അസുരഗണവും പുരുഷയോനിയും, വെരുക് (കരിമ്പൂച്ച) മൃഗവും, നാകമരം വൃക്ഷവും ചകോരം പക്ഷിയും, അപ്പ് ഭൂതവും, ഇകാരം അക്ഷരവും മകാരം മന്ത്രാക്ഷരവുമാണ്. ആയില്യത്തിന്റെ നക്ഷത്രദേവത സര്‍പ്പമാണ്. അതുകൊണ്ട് സര്‍പ്പത്തിന്റെ പര്യായങ്ങള്‍ ആയില്യത്തിനും ചേരും. ആയില ആശ്ലേഷമെന്നും ആയില്യത്തിനു പറയും. വന്ധ്യനക്ഷത്രമാകയാല്‍ പലശുഭകര്‍മ്മങ്ങള്‍ക്കും ഈ നക്ഷത്രം വര്‍ജ്ജിക്കുന്നു. എന്നാല്‍ സര്‍പ്പം, വിഷം, ഇവ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഉത്തമമാണ്. സര്‍പ്പപൂജയ്ക്ക് ആയില്യം പ്രധാനമാണ്. കന്നിമാസത്തിലെ ആയില്യം അതിനാല്‍ മുഖ്യമായി കണക്കാക്കുന്നു. സംഹാരനക്ഷത്രമാകയാല്‍ ത്രിസ്ഫുടാദി ചിന്തനയില്‍ ആയില്യം ദോഷഫലം ചെയ്യും. പാപസഹിതങ്ങളായ ത്രിസ്ഫുടം, ചതുസ്ഫുടം, പഞ്ചസ്ഫുടം എന്നിവ ആയില്യത്തിന്റെ അന്ത്യശകത്തില്‍ വന്നാല്‍ ഒരാണ്ടിനകം മൃതിയുണ്ടാകും. അന്ത്യം പതിനഞ്ചു നാഴിക ഗണ്ഡാന്തദോഷമുണ്ട്.

ആയില്യം നാളില്‍ ജനിച്ചാല്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ധീരത സകലരംഗത്തും കാണും. ആരേയും ദ്രോഹിക്കുന്ന സ്വഭാവമായിരിക്കില്ല. ചപലപ്രവര്‍ത്തികള്‍ മൂലം അപവാദത്തിനിടയാകും. അത്യന്തം സ്വതന്ത്രബുദ്ധിയായിരിക്കും. ദുരഭിമാനം വര്‍ദ്ധിച്ചിരിക്കും. ആരേയും കണ്ണടച്ച്‌വിശ്വസിക്കുകയില്ല. വിശ്വസിച്ചാല്‍ ആത്മാര്‍ത്ഥമായിരിക്കും. അനാദൃശമായ കൗശലബുദ്ധിയുണ്ടാകും. ലുബ്ധും, ധാരാളിത്തവും കാണും. സ്‌തോഭജനകമായ രംഗങ്ങളില്‍ ശാന്തത പ്രകടിപ്പിക്കും. കലാരംഗത്ത് വളരെ ശോഭിക്കും.

പഞ്ചാംഗഫലസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ ആയില്യത്തിന്റെ ഓരോകാലിലും ജനിച്ചാലുണ്ടാകുന്ന ഫലം വിവരിക്കുന്നതിങ്ങനെയാണ്.-ഒന്നാംകാലില്‍ ജനിച്ചാല്‍ ഖ്യാതിമാനും ബഹുകര്‍മ്മകൃത്തും, സുപ്രന്നനും, ബുദ്ധിമാനും, സുന്ദരനും, ദൃഡഗാത്രനുമാകും. രണ്ടാംകാലില്‍ ജനിച്ചാല്‍ കുത്സിതനും, മലിനനും, നിന്ദ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവനും, കുബുദ്ധിയും, പരഭൃത്യനും, രോഗിയും ആകും.

മൂന്നാംകാലില്‍ ജനിച്ചാല്‍ മുമ്പോട്ടുവളഞ്ഞ ശരീരമുള്ളവനും പല്ലുകള്‍ക്ക് വിസ്താരമുള്ളവനും, മുന്‍കോപിയും, പലവിഷയങ്ങളില്‍ ജ്ഞാനിയും നിപുണനുമാണെങ്കിലും പലരേയും വെറുപ്പിക്കുന്നവനും ഉചിതകര്‍മ്മങ്ങളില്‍ ഉത്സാഹശൂന്യനും ആകും. നാലാം കാലില്‍ ജനിച്ചാല്‍ കുലനാശകനും, കാമശീലനും, നല്ലകാര്യങ്ങള്‍ പ്രതികൂലമായി അനുഭവിക്കുന്നവനും, നിന്ദ്യസ്ത്രീസക്തനും ആകും. മൂന്നാംകാലില്‍ ജനിച്ചാല്‍ മാതാവിനും നാലംകാലില്‍ ജനിച്ചാല്‍ പിതാവിനും ദോഷമുണ്ട്.

ഗണ്ഡാന്തപാദം ഉദയത്തിനോ അസ്തമയത്തിനോ, വന്നാല്‍ അധികം ദോഷമാണ്. സ്ത്രീകള്‍ ആയില്യത്തിന്റെ രണ്ടാം പാദത്തില്‍ ജനിച്ചാല്‍ ഭര്‍ത്താവിന്റെ മാതാവിന് ദോഷം ചെയ്യും. രണ്ടുകൊല്ലത്തിനകമാണ് ആയില്യത്തിന്റെ ദോഷകാലം.

Categories: ASTROLOGY, GENERAL