DCBOOKS
Malayalam News Literature Website

ശരത്കുമാര്‍ ലിംബാളെയുടെ മറ്റൊരു ആഖ്യായിക കൂടി മലയാളത്തില്‍..

‘അക്കര്‍മാശി’,’ഹിന്ദു’, ‘ബഹുജന്‍’ തുടങ്ങിയ പ്രശസ്ത രചനകളിലൂടെ ശ്രദ്ധേയനായ മറാഠി നോവലിസ്റ്റും കവിയുമായ ശരത്കുമാര്‍ ലിംബാളെയുടെ മറ്റൊരു ആഖ്യായിക കൂടി മലയാളത്തില്‍.  ‘Zund’ എന്ന മറാഠിനോവലാണ് ‘അവര്‍ണന്‍’ എന്ന പേരില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നത്. വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ പി കെ ചന്ദ്രന്‍.

ഈശ്വരനാണോ നിയമമാണോ വലുത്.? പാരമ്പര്യമാണോ വലുത് അതോ ഭരണഘടനയോ ? വ്യവസ്ഥിതിയെക്കാളും വലുതോ പുരോഗതി ജാതിവ്യവസ്ഥിതി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വിലങ്ങുതടിയാകുന്നതെങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മനോഹരമായ നോവലാണ് ‘അവര്‍ണന്‍’.

ദളിതനായ ആനന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ആനന്ദ് തന്റെ ജാതിപ്പേരിന്റെ സ്ഥാനത്ത് കാശികര്‍ എന്നുചേര്‍ത്തും ഔദ്യോഗികരേഖകളിലെല്ലാം ജാതിക്കോളത്തില്‍ മനുഷ്യര്‍ എന്നുചേര്‍ത്തുമാണ് ജാതീയതയ്ക്ക് മുകളില്‍ ഉയരാന്‍ ശ്രമിച്ചത്. രാന്‍മസലെയിലെ കാശിനാഥ പാഠശാലയിലേക്ക് അദ്ധ്യാപകനായി നിയമിച്ചപ്പോഴും റിസര്‍വേഷന്‍ ആനുകൂല്യങ്ങള്‍ ഉപയോഗിക്കാതെ ഓപ്പണ്‍ മെറിറ്റില്‍ മത്സരിച്ചാണ് നിയമനം നേടിയത്. അപരിചിതമായ ആ ഗ്രാമത്തില്‍ ആനന്ദ് കാശികറിന്റെ വിജ്ഞാനത്തെയും പാടവത്തെയും അംഗീകരിച്ച് അദ്ദേഹത്തെ ഒരു ഉന്നതകുലജാതനായി പരിഗണിച്ച് ആദരിക്കുമ്പോഴും തനിക്കുചുറ്റും നടമാടുന്ന ജാതിവിവേചനങ്ങള്‍ ആനന്ദിനെ ആശങ്കാകുലനാക്കുന്നു. ഒടുവില്‍ ഒരുനാള്‍ തന്റെ ജാതി സ്വയം വെളിപ്പെടുത്തിയ ആ യുവാവിനെകാത്തിനുന്നത് അത്യയന്തം ഭയാനകമായ, ദാരുണമായ ഒരു വിധിയാരുന്നു.

ഇന്ത്യന്‍ ജനപദങ്ങളെ (ഗ്രാമങ്ങളെ) ആകമാനം ഗ്രസിച്ചിരിക്കുന്ന ജാതീയതയുടെയും അതുസൃഷ്ടിക്കുന്ന ഉച്ചനീചത്വത്തിന്റെയും ഭീതിജനകമായ അവസ്ഥകളെ യാഥാതഥമായി ആവിഷ്‌കരിക്കുകയാണ് ശരത്കുമാര്‍ ലിംബാളെയുടെ ‘അവര്‍ണന്‍’.

 

Comments are closed.