ജോണ്‍സന്റെ ചരമവാര്‍ഷിക ദിനം

 

aug-18പ്രസിദ്ധ മലയാള സംഗീത സംവിധായകനായിരുന്ന ജോണ്‍സണ്‍ 1953 മാര്‍ച്ച് 26ന് തൃശ്ശൂരിലെ നെല്ലിക്കുന്നില്‍ ആന്റണി – മേരി ദമ്പതികളുടെ മകനായി ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ജോണ്‍സണ്‍ പാശ്ചാത്യ ശൈലിയില്‍ വയലിന്‍ അഭ്യസിച്ചു. 1968ല്‍ വോയ്‌സ് ഓഫ് ട്രിച്ചൂര്‍ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു.

1978ല്‍ ആരവം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം ആദ്യമായി ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 1981ല്‍ ആന്റണി ഈസ്റ്റുമാന്‍ സംവിധാനം ചെയ്ത ഇണയെത്തേടി എന്ന സിനിമയിലെ ഗാനങ്ങള്‍ക്കാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിര്‍വഹിച്ചത്. തുടര്‍ന്നാണ് ഭരതന്റെ പാര്‍വതി എന്ന ചിത്രത്തിന് ഈണം നല്കിയത്.

പത്മരാജന്‍ ചിത്രങ്ങളായ കൂടെവിടെ, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ്, അപരന്‍, ഞാന്‍ ഗന്ധര്‍വന്‍ എന്നിവയിലെ ഈണങ്ങളിലൂടെ ഇദ്ദേഹം ശ്രദ്ധ നേടി. രണ്ടു തവണ ദേശീയ പുരസ്‌കാരവും അഞ്ചു തവണ കേരളസംസ്ഥാന പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചു. 2011 ഓഗസ്റ്റ് 18ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു.

Categories: TODAY