അത്തം നക്ഷത്രത്തില്‍ ജനിച്ചാല്‍ …?

 

athamനക്ഷത്രഗണനയില്‍ 13-ാമത്തെ നാളാണ് അത്തം. വാനഗോളങ്ങളുടെ മദ്ധ്യരേഖയ്ക്കു തെക്ക് 53 ഡിഗ്രിയില്‍ സ്ഥിതിചെയ്യുന്ന ഈ താരാഗണം ഭൂമദ്ധ്യരേഖയില്‍ നിന്ന് 37 ഡിഗ്രി വടക്കുമാറി കാണപ്പെടുന്നു. സൂര്യമണ്ഡലത്തില്‍ നിന്ന് നൂറ്റിമുപ്പത് പ്രകാശവര്‍ഷം, ദൂരെയാണിത് നില്‍ക്കുന്നത്. ആവനാഴിപോലെ അഞ്ചുനക്ഷത്രങ്ങളാണ് അത്തം. ഇതുച്ചയില്‍ വരുമ്പോള്‍ ധനുരാശിയില്‍ ഒരു നാഴിക നാല്പത്തിരണ്ടുവിനാഴിക ചെല്ലും. ഉദയം കന്നിരാശിയിലെ ഇരുപത്തിനാലാമത്തെ ഡിഗ്രിയിലാണ്. സുര്യന്‍ ദേവനാകയാല്‍ സൂര്യന്റെ പര്യായങ്ങളെല്ലാം അത്തത്തിനു യോജിക്കും. സ്ത്രീയോനി, ദേവഗണം, അഗ്നിഭൂതം, മഹേശ്വരന്‍ ഭൂതദേവത, പോത്ത് മൃഗം, അമ്പഴം വൃക്ഷം, കാക്ക പക്ഷി. ആയതിനാല്‍ അത്തം നാളുകാര്‍ ഇവയെ ബഹുമാനിക്കണം. അത്തം നാളില്‍ യാത്ര, വിദ്യാരംഭം, വിവാഹം, ഭൂഷണാഡംബരാദി ധാരണം, ഗൃഹാരംഭം, പ്രതിഷ്ഠാദികള്‍ തുടങ്ങിയ പല ശുഭകര്‍മ്മങ്ങളും ചെയ്യാം.

കാല്‍(പാദ) ദോഷമുള്ള നാളാണിത്. ആദ്യത്തെ കാല്‍ പിതാവിനും രണ്ടാം കാല്‍ മാതുലനും, മൂന്നാം കാല്‍ തനിക്കും, നാലാം കാല്‍ മാതാവിനും ദോഷം ചെയ്യും. നക്ഷത്രപക്ഷമനുസരിച്ച് ജന്‍മദശ ചന്ദ്രന്റെയാണ്. അത്തം നാളില്‍ ജനിച്ചാല്‍ സകലകാര്യങ്ങളിലും ജിജ്ഞാസുവായിരിക്കും. എല്ലാ രംഗത്തും കുലീനത പാലിക്കും. സ്വന്തംകാര്യങ്ങള്‍ ഒരു ചിട്ടയായി നടത്തും. ആഡംബരങ്ങളില്‍ ഒരു നിഷ്ഠ ഉണ്ടായിരിക്കില്ല. ഉള്ളതുവെടിപ്പായി സൂക്ഷിക്കും. ശുചിത്വത്തിലും പരിസരശുചീകരണത്തിലും വളരെ ശ്രദ്ധാലുവാണ്. ഉത്സാഹശീലമാണ് ജീവിത വിജയം വരുത്തുന്നത്. ശുദ്ധഹൃദയനായിരിക്കും. അന്യര്‍ക്ക് ഉപകാരം ചെയ്യുമെങ്കിലും തിരിച്ചുകിട്ടുന്നത് കബളനമായിരിക്കും. എങ്കിലും ദ്വേഷബുദ്ധിയുണ്ടായിരിക്കുകയില്ല.

വശ്യമായ മുഖഭാവവും, പെരുമാറ്റവും മൂലം പൊതുജനവിശ്വാസം എളുപ്പത്തില്‍ സമ്പാദിക്കുവാന്‍ കഴിയും. വണക്കബുദ്ധിയും, ശാന്തശീലവും, ജന്‍ മ സിദ്ധഗുണങ്ങളായിരിക്കും. ഭാഗ്യവും നിര്‍ഭാഗ്യവും അതിന്റെ മൂദ്ധന്യാവസ്ഥയില്‍ അനുഭവിക്കേണ്ടിവരും. പ്രവര്‍ത്തി മണ്ഡലത്തില്‍ നീതിയും സത്യസന്ധതയും പാലിക്കും. അധികാരസ്ഥാനത്തല്ലെങ്കില്‍ ഉദ്യോഗം വിജയിക്കുകയില്ല. മദ്ധ്യസ്ഥ തീരുമാനം ചെയ്യാനും, വിവാദങ്ങള്‍ തീര്‍ക്കുവാനും, തക്ക വാക്പ്രൗഢികാണും. യൗവ്വനമദ്ധ്യം വരെ പുരോഗതി കാണുന്നില്ലെങ്കിലും അതുകഴിഞ്ഞ് വളരെ ഐശ്വര്യത്തിലെത്തും. വിദേശത്തു താമസിക്കാനാണ് അധികവും ഇഷ്ടം. സ്ത്രീകള്‍ അത്തം നക്ഷത്രത്തില്‍ ജനിച്ചാല്‍ അധികം ഉത്തമമാണ്. പെത്തം പൊന്നത്തമാണ്.

Categories: ASTROLOGY, GENERAL

Related Articles