ഏഴാച്ചേരി രാമചന്ദ്രന് ആശാന്‍ സ്മാരക കവിതാപുരസ്‌കാരം

RAMAആശാന്‍ സ്മാരക കവിതാപുരസ്‌കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

ചെന്നൈ ആശാന്‍ സ്മാരക അസോസിയേഷന്‍ വര്‍ഷം തോറും നല്‍കിവരുന്ന ഈ പുരസ്‌കാരം മലയാളത്തില്‍ കവിതയ്ക്കുമാത്രമായുള്ള ഉയര്‍ന്ന അവാര്‍ഡാണ്. ഡോ സി ആര്‍ പ്രസാദ് ചെയര്‍മാനും ഡോ.ടി എന്‍ സതീശന്‍, ഡോ ജോളി സക്കറിയ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് ഏഴാച്ചേരി രാമചന്ദ്രനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

മലയാള കവിതാസാഹിത്യത്തെ സമ്പന്നമാക്കിയ ഒന്നാംനിര കവികളില്‍ പ്രമുഖനാണ് ഏഴാച്ചേരി രാമചന്ദ്രന്‍. വൃത്തവും താളവും ഛന്ദസ്സും ഇഴചേര്‍ത്ത് വാക്കുകളില്‍ ചന്തം നിറയ്ക്കുന്നതിനപ്പുറം പുരാവൃത്തങ്ങളിലൂടെയും ബിംബസമൃദ്ധിയിലൂടെയും അദ്ദേഹം കവിതയെ അനുവാചകര്‍ക്ക് അനുഭവവേദ്യമാക്കുന്നു. നാം നിസ്സാരമെന്നുകരുതുന്ന പല മാനുഷികപ്രശ്‌നങ്ങളും കവിയുടെ കണ്ണുകളും മനസ്സും ഒപ്പിയെടുക്കുന്നു.

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിലാണ് രാമചന്ദ്രന്‍ ജനിച്ചത്. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ പ്രൊഫഷണല്‍ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്‌കാരങ്ങള്‍ നേടി.കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. ചന്ദന മണീവാതില്പാതിചാരി എന്നുതുടങ്ങുന്ന ഗാനമുള്‍പ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചു. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Categories: AWARDS, Editors' Picks