DCBOOKS
Malayalam News Literature Website

കാര്‍ഷിക, ഗ്രാമീണ, ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ബജറ്റ് പ്രഖ്യാപനം

കാര്‍ഷിക, ഗ്രാമീണ, ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൊതുസമ്പൂര്‍ണ ബജറ്റ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 500 കോടി അനുവദിച്ചു. കാര്‍ഷികമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 22,000 കോടിരൂപ ബജറ്റില്‍ നീക്കിവെച്ചു. കാര്‍ഷിക ഉത്പാദനവും വരുമാനവും ഇരട്ടിയാക്കുമെന്ന് ബജറ്റില്‍ പറയുന്നു. 50 ശതമാനം ലാഭം ഉറപ്പാക്കി ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കും. കാര്‍ഷിക വിപണിയുടെ വികസനത്തിന് 2000 കോടിയുടെ അഗ്രിമാര്‍ക്കറ്റ് ഡവലപ്‌മെന്റ് ഫണ്ടും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കാര്‍ഷികഗ്രാമീണ മേഖലകളുടെ വളര്‍ച്ചയാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. പത്തുകോടി പാവപ്പെട്ട കുടംബങ്ങള്‍ക്ക് വര്‍ഷം തോറും അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണ് ബജറ്റിന്റെ കാതല്‍. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കുടുംബത്തിന് ചികിത്സയ്ക്കായി അഞ്ച് ലക്ഷം വരെ അനുവദിക്കും. ഇതിന്റെ പ്രയോജനം 50 കോടി ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ പദ്ധതിയാണിതെന്ന് ധനമന്ത്രിപറഞ്ഞു. ഒന്നരലക്ഷം പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്ത് തുടങ്ങുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി.

ആരോഗ്യസുരക്ഷാ കേന്ദ്രങ്ങള്‍ക്കായി 1,200 കോടി രൂപ നീക്കിവെച്ചു. പുതുതായി 24 ജില്ലാ ആശുപത്രികള്‍ വികസിപ്പിച്ച് മെഡിക്കല്‍ കോളെജുകളാക്കി മാറ്റും. മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളെജ് എന്ന നിലയില്‍ ഈ പദ്ധതി വികസിപ്പിക്കും. ക്ഷയരോഗികള്‍ക്ക് പോഷകാഹാരത്തിന് 600 കോടി നീക്കിവെച്ചു. ആരോഗ്യരംഗത്ത് മുന്നേറ്റം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍. ഈ പദ്ധതിയിലൂടെ ഇതുവരെ ആറു കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. രണ്ട് കോടി ശൗചാലയങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പാവപ്പെട്ട വീട്ടമ്മമാരെയും ബജറ്റില്‍ പരിഗണിച്ചിട്ടുണ്ട്. ഉജ്ജ്വലയോജനയില്‍ ഉള്‍പ്പെടുത്തി പാവപ്പെട്ട എട്ട് കോടി വീട്ടമ്മമാര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കും. സ്ത്രീശാക്തികരണത്തിന്റെ ഭാഗമാണ് ഈ പദ്ധതി. നാലുകോടി പാവപ്പെട്ട വീടുകളില്‍ സൗജന്യമായി വൈദ്യുതി ലഭ്യമാക്കും.

Comments are closed.