ക്രിസ്തുമസ് അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പരിശീലനകളരി സംഘടിപ്പിക്കുന്നു.

binale-2

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്രിസ്തുമസ് അവധിക്കാലത്ത് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പരിശീലനകളരി സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ കലാവബോധം വളര്‍ത്തുന്നതിനു തുടങ്ങിയ ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ(എബിസി) ആഭിമുഖ്യത്തിലാണ് പരിപാടി. കൊച്ചി – മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ വേദികളില്‍ ഒന്നായ ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ ഡിസംബര്‍ 26 തിങ്കളാഴ്ച മുതല്‍ 28 വരെ മൂന്നു ദിവസത്തേക്കാണ് പരിശീലന കളരി. ഈ പരിശീലന കളരിയില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ പ്രധാന ബിനാലെ വേദിയായ ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ പ്രദര്‍ശനത്തിനും വെയ്ക്കുന്നുണ്ട്.

പന്ത്രണ്ടു പതിമൂന്നും വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലന കളരിയില്‍ പ്രവേശനം. മൂന്നു ദിവസങ്ങളിലായി രാവിലെ 9.30 മുതല്‍ 3.30 വരെയായിരിക്കും വിദഗ്ധര്‍ പങ്കെടുക്കുന്ന പരിശീലനക്കളരി നടക്കുന്നത്. ആദ്യഘട്ടത്തില്‍ 35 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കാനുദ്ദേശിക്കുന്നത്. അതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുകയാണെങ്കില്‍ ഡിസംബര്‍ 29 മുതല്‍ വീണ്ടും ത്രിദിന പരിശീലന കളരി നടത്തുമെന്ന് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പരിപാടിയുടെ തലവന്‍ മനു ജോസ് പറഞ്ഞു.

എല്ലാ കുട്ടികളിലും കലാഭിരുചി ഒളിഞ്ഞു കിടപ്പുണ്ട്. വരയ്ക്കാനറിയാത്ത കുട്ടികളെക്കൂടി ദൃശ്യകലയുടെ മാന്ത്രികത പഠിപ്പിക്കാനാണ് എബിസി തയ്യാറെടുക്കുന്നതെന്ന് മനു ജോസ് പറഞ്ഞു. ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ ആദ്യഘട്ടത്തില്‍ തന്നെ സംസ്ഥാനത്തുടനീളമുള്ള 5000 വിദ്യാര്‍ത്ഥികളിലേക്ക് എത്താനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ വിവിധ സ്‌കൂളുകളിലായി പരിശീലന കളരികള്‍ എബിസി സംഘടിപ്പിച്ചു വരുന്നു. അതേ മാതൃകയില്‍ തന്നെയാണ് ബിനാലെയിലെ പരിപാടി സംഘടിപ്പിക്കുന്നതെന്നും മനു ജോസ് ചൂണ്ടിക്കാട്ടി.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ധന്യ(+91-9072622012), സോനു(+91-9562704925) എന്നിവരുമായി ബന്ധപ്പെടുക.

Categories: GENERAL, LATEST NEWS