ശകുന്തളാ ദേവിയുടെ ചരമവാര്‍ഷികദിനം

21

പ്രസിദ്ധ ഇന്ത്യന്‍ ഗണിതശാസ്ത്രപ്രതിഭയായ ശകുന്തളാ ദേവി 1929 നവംബര്‍ 4 ന് നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ജനിച്ചു. സര്‍ക്കസ് താരമായിരുന്ന പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകള്‍ പ്രദര്‍ശിപ്പിച്ച ശകുന്തളാദേവിയുടെ ഗണിതശാസ്ത്രപാടവം മൂന്നാം വയസ്സില്‍ തന്നെ പ്രകടമായി.

ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകള്‍ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അദ്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്‌നാട്ടിലെ അണ്ണാമല സര്‍വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു. 1977ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്‍ഡിനകമാണ് ഉത്തരം നല്‍കിയത്. 201 അക്ക സംഖ്യയുടെ 23ആം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂണ്‍ 13ന് ലണ്ടനിലെ ഇമ്പീരിയല്‍ കോളേജില്‍ രണ്ടു പതിമൂന്നക്ക സംഖ്യകളുടെ ഗുണനഫലം ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ട് കണ്ടെത്തിയ ശകുന്തളാ ദേവി ഗിന്നസ്ബുക്കില്‍ ഇടം നേടി.

എവേക്കന്‍ ദ ജീനിയസ്സ് ഇന്‍ യുവര്‍ ചൈല്‍ഡ് (നിങ്ങളുടെ കുട്ടിയിലെ പ്രതിഭയെ ഉണര്‍ത്തു), ബുക്ക് ഓഫ് നമ്പേഴ്‌സ്, ഇന്‍ ദി വണ്ടര്‍ലാന്‍ഡ് ഓഫ് നമ്പേഴ്‌സ്, പെര്‍ഫക്ട് മര്‍ഡര്‍, ആസ്‌ട്രോളജി ഫോര്‍ യു, ഫിഗറിങ്: ദി ജോയ് ഓഫ് നമ്പേഴ്‌സ്, സൂപ്പര്‍ മെമ്മറി: ഇറ്റ് കേന്‍ ബി യുവേഴ്‌സ് ആന്‍ഡ്, മാത്തബിലിറ്റി : എവേക്കന്‍ ദി മാത്ത് ജീനിയസ്സ് ഇന്‍ യുവര്‍ ചൈല്‍ഡ്, വണ്ടര്‍ലാന്‍ഡ് ഓഫ് നമ്പേഴ്‌സ്, പസില്‍സ് ടു പസില്‍സ് യു, മോര്‍ പസില്‍സ് ടു പസില്‍സ് യു (ഗണിതസമസ്യകള്‍) തുടങ്ങിയവയാണ് അവരുടെ പ്രമുഖ കൃതികള്‍. ബാഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് 2013 ഏപ്രില്‍ 21ന് ശകുന്തളാദേവി അന്തരിച്ചു.

Categories: TODAY