അഞ്ചുരുളിയിലേക്ക് ഒരു യാത്ര പോയാലോ

anjuruli

ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അഞ്ചുരുളി. ഇടുക്കി ഡാമിന്റെ ആരംഭം ഇവിടെ നിന്നാണ്. ഇരട്ടയാര്‍ ഡാമില്‍ നിന്നും ഇവിടേയ്ക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു. അഞ്ചുരുളി ഫെസ്റ്റ് ഇവിടെ അറിയപ്പെടുന്ന ഒരു ആഘോഷമാണ്

1974 മാര്‍ച്ച് 10ന് നിര്‍മാണം ആരംഭിച്ച അഞ്ചുരുളി ടണല്‍ 1980 ജനുവരി 30ന് ഉദ്ഘാടനം ചെയ്തു. 5.5 കിലോമീറ്റര്‍ നീളവും 24 അടി വ്യാസവുമുള്ള ടണല്‍ ഇരട്ടയാര്‍ മുതല്‍ അഞ്ചുരുളി വരെ ഒറ്റ പാറയില്‍ കോണ്‍ട്രാക്ടര്‍ പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിര്‍മിച്ചത്. രണ്ടിടങ്ങളില്‍ നിന്നും ഒരേ സമയം നിര്‍മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇരട്ടയാറില്‍ അണക്കെട്ട് നിര്‍മിച്ച് അവിടെ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയിലെ ഇടുക്കി ജലാശയത്തിലേയ്ക്ക് എത്തിക്കുന്നതാണ് പദ്ധതി. ഈ ജലാശയത്തില്‍ അഞ്ച് മലകള്‍ നിരയായി ഉരുളി കമിഴ്ത്തിയതുപോലെ ഇരിക്കുന്നതിനാല്‍ ആദിവാസികളാണ് അഞ്ചുരുളി എന്ന പേരിട്ടത്. ഇടുക്കി അണക്കെട്ടില്‍ വെള്ളം പൂര്‍ണമായി നിറയുമ്പോള്‍ ടണല്‍ മുഖത്തുവരെ വെള്ളം കയറും. അപ്പോള്‍ 1000 അടിക്കു മുകളില്‍ വെള്ളമുണ്ടാകും.

അഞ്ചുരുളി ടൂറിസ്സമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണെങ്കിലും നേരത്തെ വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് എത്തറുണ്ടായിരുന്നുള്ളു എന്നാല്‍ നിരവധി സിനിമകള്‍ ലൊക്കേഷനായതോടെ ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കൂടിയിരിക്കുകയാണ്. ഒരു പ്രവാശ്യം എത്തുന്നവര്‍ വീണ്ടും എത്തുന്ന സ്ഥലമാണിത്. ഇടുക്കി ജലാശയത്തിലെ ഉയര്‍ന്ന് നില്‍ക്കുന്ന ചെറു തുരുത്തുകളും, ഇരട്ടയാറ്റില്‍ നിന്നും ടണല്‍ വഴി ഒഴുകി വരുന്ന വെള്ളം അഞ്ചുരുളി ടണല്‍ മുഖത്തുകൂടി പുറത്തേയ്ക്ക് ചാടുന്ന ഹൃദ്യമായ കാഴ്ചയും, മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളും, വിവിധ നിറങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന മരങ്ങളും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെ മനസ്സ് കുളിര്‍പ്പിക്കുന്നു. നിരവധി മായകാഴ്ച കൊണ്ട് മനസ്സില്‍ ഇടപിടിച്ച ഇവിടേയ്ക്ക് എത്തിപെടാന്‍ ആവശ്യമായ വഴി സൗകര്യങ്ങളുടെ അപര്യാപ്തത ടൂറിസ്സം സാധ്യതകള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നു.

കട്ടപ്പനകോട്ടയം റൂട്ടില്‍ കട്ടപ്പനയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയുള്ള കാഞ്ചിയാര്‍പള്ളിക്കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് അഞ്ചുരുളി മുനമ്പ്. പള്ളിക്കവലയില്‍ നിന്നും ഒരു കിലോമീറ്റര്‍ മിച്ചം വരെയെ വാഹനത്തില്‍ പോകുവാന്‍ സാധിക്കുകയുള്ളു. അതിന് ശേഷമുള്ള അര കിലോമീറ്റര്‍ ദൂരം നടന്ന് തന്നെ വേണം പോകാന്‍. വീതിയുള്ള കാട്ടുപാതയുണ്ടെങ്കിലും ചിലയിടങ്ങളില്‍ നന്നെ വീതികുറഞ്ഞ റോഡായി മാറും. മനോഹരമായ കാനന കാഴ്ചകളും ഇടുക്കി ജലശായത്തിന്റെ വിദൂരകാഴ്ചകളും കണ്ടുള്ള നടപ്പ് ഏതൊരു സഞ്ചാരിക്കും വളരെ സുഖകരമായി തോന്നും. അപകട സാദ്ധ്യതയേറിയ സ്ഥലമായതിനാല്‍ അഞ്ചുമണിക്ക് ശേഷമുള്ള യാത്ര സുരക്ഷിതമായിരിക്കില്ല.

Categories: LIFESTYLE

Related Articles