DCBOOKS
Malayalam News Literature Website

പരിസ്ഥിതിയോടിണങ്ങി കെ.എല്‍.എഫ്-2019

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ പതിപ്പ് ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ട് സമ്പന്നമായിരുന്നു. ജനകീയത കൊണ്ടും യുവജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവം ഇത്തവണ പൂര്‍ണ്ണമായും പരിസ്ഥിതിസൗഹൃദ അന്തരീക്ഷത്തിലാണ് അരങ്ങേറിയത്. പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമായിരുന്നു കോഴിക്കോട് കടപ്പുറത്തെ കെ.എല്‍.എഫ് വേദി.

എന്നും എപ്പോഴും എവിടെയും വേദികളിലെ സ്ഥിരസാന്നിദ്ധ്യമായ മിനറല്‍ വാട്ടര്‍ ബോട്ടിലുകളെ പൂര്‍ണ്ണമായും ഒഴിവാക്കിയായിരുന്നു ശുദ്ധജലവിതരണം. മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ ഒഴിവാക്കി പകരം അണുവിമുക്തമാക്കിയ ചില്ലുഗ്ലാസ്സുകളിലും ഗ്ലാസ് ബോട്ടിലുകളിലുമാണ് ഇത്തവണ കുടിവെള്ളം വിതരണം ചെയ്തത്.

കൂടാതെ, കെ.എല്‍.എഫില്‍ പങ്കെടുക്കാനെത്തിയവര്‍ക്കായി നല്‍കിയ ടാഗുകള്‍ തുണികൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. പങ്കെടുത്ത വിശിഷ്ടാതിഥികള്‍ക്ക് സമ്മാനമായി നല്‍കിയത് പ്രകൃതിയോട് ഇണങ്ങിയ, പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഭാവ ഇന്ത്യയുടെ മിലി ബാഗുകളാണ്. പ്രളയത്തില്‍ നാശോന്മുഖമായ ചേന്ദമംഗലം കൈത്തറിയെ കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ചേക്കുട്ടിപ്പാവകളും അതിഥികള്‍ക്കായി നല്‍കിയ സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.

ഐ ആം പ്ലൂറല്‍ എന്ന തലക്കെട്ടില്‍ റിയാസ് കോമു രൂപകല്പന ചെയ്ത നോട്ടുബുക്കുകളായിരുന്നു കെ.എല്‍.എഫിന്റെ മറ്റൊരാകര്‍ഷണം. ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ സമകാലിക അവസ്ഥയോടുള്ള ചില ചോദ്യങ്ങളും ഒപ്പം ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യവും ശക്തിയും വെളിവാക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങളായിരുന്നു ഇതില്‍ ഉള്‍ച്ചേര്‍ന്നിരുന്നത്.

ഇത്തരത്തില്‍ പൂര്‍ണ്ണമായും പ്രകൃതിയോടിണങ്ങിയതും പരിസ്ഥിതിസൗഹൃദവുമായ അന്തരീക്ഷത്തില്‍ അരങ്ങേറിയ നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ ഉത്സവമായി മാറുകയായിരുന്നു.

Comments are closed.