അംബികാസുതന്‍ മാങ്ങാടിന്റെ തിരഞ്ഞെടുത്ത കഥകള്‍

ambika

കഥയെഴുത്തിന്റെ നീണ്ട നാൽപതു കൊല്ലങ്ങൾ , 40 കഥകൾ. അംബികാസുതന്‍ മാങ്ങാടിന്റെ തിരഞ്ഞെടുത്ത കഥകളിലെ 40 കഥകളിൽ  ആധുനീക കാലത്തിന്റെ പ്രശ്നങ്ങളും , ജീവിത സംഘർഷങ്ങളും നിഴലിട്ടു നിൽക്കുന്നു. ചരിത്രവും പാരമ്പര്യവും ഇതിഹാസവും തെയ്യങ്ങളും നാട്ടനുഭവങ്ങളും അധികാരവും ആതുരത്വവും പ്രകൃതിയും  മണ്ണും പെണ്ണും കീഴാളരും എല്ലാം സവിശേഷമായ രാഷ്ട്രീയാഭിമുഖ്യത്തോടെ ഈ കഥകളിൽ  ഉയിരെടുക്കുന്നു

1974ല്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കയ്യെഴുത്ത് മാസികയില്‍ കഥയെഴുതിക്കൊണ്ടാണ് അംബികാസുതന്‍ മാങ്ങാട് എഴുത്തിന്റെ ലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. മാതാപിതാക്കൾ ചൊല്ലിയ സന്ധ്യാനാമ കീർത്തനങ്ങളിൽ മുങ്ങിക്കിടന്ന കുഞ്ഞുനാളും , ഗ്രാമത്തിലെ ഫാന്റസി നിറഞ്ഞ കുട്ടിക്കാലവും ജൈവപ്രകൃതിയുടെ അനന്തഭിന്നതകളും തെയ്യാട്ടക്കാവുകളിലെ അപൂര്‍വ്വാനുഭവങ്ങളുമെല്ലാം തന്റെ എഴുത്തിന്റെ തായ്‌വേരുകളാണ്. കയ്യെഴുത്തു മാസികയില്‍ ആദ്യമെഴുതിയ ജീവിതപ്രശ്‌നങ്ങള്‍ എന്ന കഥയുടെ പേരുപോലെ തന്റെ എല്ലാ കഥകളും നിറഞ്ഞുനില്‍ക്കുന്നത് ജീവിതപ്രശ്‌നങ്ങള്‍ തന്നെയാണെന്ന് അംബികാസുതന്‍ മാങ്ങാട് പറയുന്നു.

ambikaതിരഞ്ഞെടുത്ത കഥകള്‍: അംബികാസുതന്‍ മാങ്ങാട് എന്ന ഈ പുസ്തകത്തിലേക്ക് കഥകള്‍ തിരഞ്ഞെടുത്തത് എം.ആര്‍.മഹേഷാണ്. അംബികാസുതന്റെ കഥകളെക്കുറിച്ച് മഹേഷ് തയ്യാറാക്കിയ പഠനവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ചെറുകഥയ്ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ കമേഴ്‌സ്യല്‍ ബ്രേക്ക്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമൻമാര്‍ക്ക് നേരെ വിരല്‍ ചൂണ്ടിയ ആര്‍ത്തലച്ചുപെയ്യുന്ന മഴയില്‍ ഒരു ജുമൈല, കൊലപാതകം പോലും ലൈവായി ചിത്രീകരിച്ച് കാട്ടാനുള്ള ചാനല്‍ വ്യഗ്രതയെ ചൂണ്ടിക്കാട്ടുന്ന ‘നിങ്ങള്‍ക്കും എഡിറ്റ് ചെയ്യാവുന്ന ദൃശ്യങ്ങള്‍, കടലാമകളെ സംരക്ഷിക്കുന്ന ദമ്പതിമാരുടെ കഥ പറയുന്ന നീരാളിയന്‍ തുടങ്ങിയ അംബികാസുതന്റെ പ്രശസ്തമായ കഥകളെല്ലാം തിരഞ്ഞെടുത്ത കഥകളില്‍ ഉള്‍പ്പെടുന്നു.

യഥാർഥമായ നൊമ്പരങ്ങളുടെ പ്രതിഫലനമാണ് അംബികാസുതന്‍ മാങ്ങാടിന്റെ ഓരോ കഥകളും. മറ്റാരുടെയൊക്കെയോ അനുഭവങ്ങളാണെങ്കിലും വായനക്കാരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന അവ തേങ്ങലായി  മനസ്സില്‍ തങ്ങിനില്‍ക്കും. വാക്കുകളായി പകര്‍ത്തിവച്ച ഈ കഥകളെല്ലാം യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്നതും ഓരോ കാലത്തും പുനര്‍വായന ആവശ്യപ്പെടുന്നവയുമാണ്.

കോളേജ് അധ്യാപകനായ അംബികാസുതന്‍ മാങ്ങാടിന് കാരൂര്‍, ഇടശ്ശേരി, അങ്കണം, ചെറുകാട്, അബുദാബി ശക്തി, മലയാറ്റൂര്‍, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവ അടക്കം ഇരുപത്തഞ്ചോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മരക്കാപ്പിലെ തെയ്യങ്ങള്‍ ആണ് ആദ്യനോവല്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കഥ പറയുന്ന എന്‍മകജെ മലയാളത്തിന്റെ അതിരുകള്‍ കടന്ന് കന്നഡയിലും തമിഴിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Categories: Editors' Picks, LITERATURE