അഗ്‌നി 5 മിസൈല്‍ പരീക്ഷണം വിജയകരം

agni-5

ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെല്‍ അഗ്നി 5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ വീലര്‍ ദ്വീപില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു പരീക്ഷണം നടന്നത്.ആണവ വാഹക ശേഷിയുള്ള അഗ്നി – 5ന്റെ നാലാമത്തെ വിക്ഷേപണമായിരുന്നു ഇത്. 2012 ഏപ്രിലിലാണ് ഇന്ത്യ ആദ്യമായി അഗ്നി അഞ്ച് പരീക്ഷിച്ചത്.
അഗ്‌നി അഞ്ച് മിസൈലിന് നിലവിലെ ശേഷി വച്ച് ഇന്ത്യയുടെ ഏതു കോണില്‍ നിന്നു വിക്ഷേപിച്ചാലും ചൈനയുടെ വടക്കന്‍ മേഖലകളില്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്.

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള മത്സരത്തിൽ പ്രതിരോധ രംഗത്ത് മേധാവിത്വം നേടിയെടുക്കാന്‍ അഗ്‌നി അഞ്ച് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. അഗ്നി ശ്രേണിയിലെ മറ്റ് മിസൈലുകളില്‍ നിന്ന് വ്യത്യസ്തമായി അഗ്നി- 5ല്‍ ഗതിനിര്‍ണയത്തിനും ആയുധശേഖരത്തിനും, എഞ്ചിനിലും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്.ഇതോടെ അണ്വായുധ വാഹകരായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ള വമ്പന്‍ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം നേടി.

5,000 കിലോമീറ്റര്‍ ദൂരപരിധിയുളള അഗ്‌നി-5ന് 17 മീറ്റര്‍ നീളവും 2 മീറ്റര്‍ വിസ്താരവുമാണുള്ളത്. 50 ടണ്‍ ഭാരവാഹക ശേഷിയും മിസൈലിനുണ്ട്. ഒരു ടണ്ണിലധികം ഭാരമുള്ള ആണവ പോര്‍മുനയും വഹിക്കാന്‍ സാധിക്കും. കനിസറ്റ്‌റുകളില്‍ ഒളിപ്പിച്ച് കൊണ്ടുപോവുമ്പോള്‍ ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് സ്ഥാനം കണ്ടെത്താനാവില്ലെന്നതും അഗ്നി-അഞ്ചിന്റെ സവിശേഷതയാണ്.

Categories: GENERAL, LATEST NEWS

Related Articles