DCBOOKS
Malayalam News Literature Website

ശങ്കരാചാര്യരെ കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ ജീവചരിത്രഗ്രന്ഥം

ഭാരതത്തിലെ മഹാനായ ദാര്‍ശനികന്‍ ശങ്കരാചാര്യരെ കുറിച്ച് രചിച്ചിട്ടുള്ള സമഗ്രവും ആധികാരികവുമായ ജീവചരിത്രമാണ് എസ്. രാമചന്ദ്രന്‍ നായര്‍ രചിച്ച ആദിശങ്കര ഭഗവത്പാദര്‍. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്‌കാരം നല്‍കിയ ശങ്കരാചാര്യര്‍ നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയന്‍ കൂടിയാണ്.

കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചര്‍ച്ചകളിലേര്‍പ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവന്‍ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇവയില്‍ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളായിരുന്നു. വേദാന്ത തത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരന്‍ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയില്‍ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.

ഐതിഹ്യത്തിനും ചരിത്രത്തിനും തുല്യ പ്രാധാന്യം നല്കി രചിക്കപ്പെട്ടിരിക്കുന്ന ഈ ജീവചരിത്രകൃതി ചരിത്രപഠിതാക്കള്‍ക്കും ആത്മീയാന്വേഷകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. ശ്രീ ശങ്കരാചാര്യര്‍ രചിച്ച പ്രധാന സ്‌ത്രോത്ര കൃതികളും അഷ്ടകങ്ങളും കൃതിയില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

എസ്. രാമചന്ദ്രന്‍ നായര്‍: 1942-ല്‍ കന്യാകുമാരിക്കടുത്ത് കുളച്ചല്‍കോന്നക്കോട്ട് ജനിച്ചു. പിതാവില്‍ നിന്നും വേദാന്തം, ജ്യോതിഷം തുടങ്ങിയ പല വിഷയങ്ങളിലും ചെറുപ്പത്തില്‍ത്തന്നെ ജ്ഞാനം നേടി. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അരുണാചല അക്ഷരമണമാല, തീര്‍ത്ഥയാത്രയ്ക്കായി പുണ്യക്ഷേത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ നാല്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Comments are closed.