എ ആര്‍ റഹ്മാന്‍ മലയാള ഗാനം കോപ്പിയടിച്ചതോ..? വിവാദം കൊഴുക്കുന്നു

rahmanലോകമെമ്പാടും ആസ്വാദകരുള്ള റഹ്മാന്‍ സംഗീതം കോപ്പിയടി വിവാദത്തിന്റെ നിഴലിലെത്തിയിരിക്കുകയാണിപ്പോള്‍. ഓസ്‌കര്‍ ജേതാവായ എ.ആര്‍.റഹ്മാന്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ പുതിയ തമിഴ് ചിത്രത്തിനായി ഒരുക്കിയ ഗാനം മലയാളത്തില്‍ നിന്നും കോപ്പിയടിച്ചതാണെന്നാണ് പുതിയ ആരോപണം. കാര്‍ത്തി നായകനാകുന്ന ‘കാട്രു വെളിയിടൈ’ എന്ന ചിത്രത്തിലെ സരട്ടു വണ്ടിയിലെ എന്നുതുടങ്ങുന്ന ഗാനത്തിന് നാല് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ബ്രേക്കിംഗ് ന്യൂസ് ലൈവ് എന്ന മലയാളചിത്രത്തിലെ തന്നക്കും താരോ എന്ന ഗാനവുമായി സാമ്യമുണ്ടെന്നാണ് ചിലരുടെ കണ്ടെത്തല്‍. കാവ്യാമാധവന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് മലയാളത്തിന്റെ സ്വന്തം മോഹന്‍ സിത്താരയാണ്. മോഹനസിത്താരയുടെ ഈ ഗാനം റഹ്മാന്‍ കോപ്പിയടിച്ചതാണെന്നാണ് ആരോപണം.

മണിരത്‌നംറഹ്മാന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം എന്നും ആസ്വാദക മനസില്‍ ഇടംനേടിയവയാണ്. ‘റോജ’ എന്ന ചിത്രത്തില്‍ തുടങ്ങിയെ മണിരത്‌നം റഹ്മാന്‍ കൂട്ടുകെട്ട് ഇന്ന് 25ാം ചിത്രമായ കാട്രു വെളിയിടൈയില്‍ എത്തി നില്‍ക്കുകയാണ്. അതാകെട്ടെ കോപ്പിയടി വിവാദത്തില്‍പെട്ടത് കല്ലുകടിയായിരിക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്ന വിവാദത്തോട് മോഹന്‍ സിത്താരയോ റഹ്മാനോ മണിരത്‌നമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കാട്രു വെളിയിടൈയിലെ വിവാദ ഗാനത്തിന് വരികളെഴുതിയത് വൈരമുത്തുവാണ്. റഹ്മാന്റെ സഹോദരി എ.ആര്‍.റെയ്ഹാന, ടിപ്പു നിഖിത ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലളിത സംഗീതത്തില്‍ പുറത്തിറങ്ങിയ ഗാനത്തിന് വളരെയേറെ സ്വീകാര്യതയും ലഭിച്ചു കഴിഞ്ഞു. അതിനിടെയാണ് വിവാദം തലപൊക്കിയത്.

Categories: MUSIC