സാഗര ഗര്‍ജ്ജനത്തില്‍ വീണലിഞ്ഞ ഫലിതങ്ങള്‍ !

sukumar

ഹാസ്യം ഒരു റബ്ബര്‍വാളുപോലെയാണ് രക്തംചീന്താതെ ഒരഭിപ്രായം രേഖപ്പെടുത്താന്‍ അത് നിങ്ങളെ സഹായിക്കും.“- മേരിഹേര്‍ഷ്

അതേ.. നര്‍മ്മം എന്നത് എല്ലാവരെയും ചിരിപ്പിക്കുമെങ്കിലും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യും. മറ്റുള്ളവര്‍ക്കുള്ള ഒരു കൊടുവാളടി കൂടിയാണ് പലപ്പോഴും ഫലിതം. നേര്‍ക്കുനേര്‍ ശബ്ദംഉയര്‍ത്താതെ..നയപരമായുള്ള പണികൊടുക്കല്‍..! ഈ റബ്ബര്‍വാളുപയോഗിച്ച് അഭിപ്രായപ്രകടനം നടത്തിയ വ്യക്തികളില്‍ പ്രധാനിയാണ് സുകുമാര്‍ അഴിക്കോട്. ബുദ്ധിയുടെ ഒരു വിശിഷ്ടചലനമാണ് നര്‍മ്മം എന്നാണ് അഴിക്കോട് മാഷിന്റെ പക്ഷം. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ ദുഃഖം ജീവിതത്തോടൊപ്പമുള്ളതാണ്. മനുഷ്യന്‍ ആത്മരക്ഷയ്ക്ക് നിര്‍മ്മിച്ചതാണ് ചിരി. ഇതു വികസിപ്പിക്കണം. ബുദ്ധി ഏകമാനമായിപ്പോയതുകൊണ്ടാണ് നമ്മില്‍ ചിരിയുണരാത്തത്. ചിരിയുടെ സാഫല്യം എന്നുപറയുന്നത് ശത്രുക്കളെ ചിരിപ്പിക്കലാണ്. നര്‍മ്മബോധമില്ലാത്തതിന്റ ഫലമാണ് പല സംഘര്‍ഷങ്ങളുടെയും ഉറവിടം..!

azheekod-phalthangalതന്റെ ഈ കാഴ്ചപ്പാടുപോലെയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും ഉൗര്‍ന്നുവീഴുന്ന ഫലിതബിന്ദുക്കളും. പ്രഗത്ഭനായ വാഗ്മി എന്ന് പേരുകേട്ട അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളിലും ഉണ്ടാകും കേള്‍വിക്കാരെ ചിരിപ്പിക്കുന്ന പരിഹാസം ഒളിപ്പിച്ചുവച്ച ഫലിതങ്ങള്‍. മാഷിന്റെ പ്രഭാഷണശൈലി പ്രത്യേകതയാര്‍ന്നതായിരുന്നു. കേള്‍വിക്കാരെ വശീകരിച്ച് വലിച്ചടുപ്പിച്ച് കൂടെ നിര്‍ത്തുന്ന ആ ശൈലി ഒന്നു വേറെതന്നെയായിരുന്നു. തന്റെ അഭിപ്രായം ഒരു മറയുമില്ലാതെ വെട്ടിത്തുറന്നു പറയാന്‍ ഒരു മടിയും കാട്ടാത്ത പ്രസംഗകനായിരുന്നു അദ്ദേഹം. എതിരാളിയെ അരിഞ്ഞു വീഴ്ത്തുന്നതിനുള്ള തന്റേടവും അദ്ദേഹം നിര്‍ലോഭം കാട്ടിയിരുന്നു. വികെഎന്‍ ശൈലിയില്‍ പറഞ്ഞാല്‍ പ്രഭാഷണത്തെ അദ്ദേഹം സുകുമാരകലയാക്കി മാറ്റി.

പ്രസംഗവേദികളിലെ അതികാനായ, ആള്‍ക്കൂട്ടത്തിലെ തേജസ്വിയായ കാണികളെയും കേള്‍വിക്കാരെയും ചിരിയിലമര്‍ത്തിയ സുകുമാര്‍ അഴീക്കോടിന്റെ ലിതബിന്ദുക്കള്‍ ശേഖരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് അഴിക്കോട് ഫലിതങ്ങള്‍.

ചിരിയിലൂടെ ചിന്തിപ്പിച്ച് ചിന്തയിലൂടെ ചിരിപ്പിച്ച് മലയാളക്കരയില്‍ വലിയ ചലനങ്ങളുണ്ടാക്കിക്കടന്നുപോയ മലയാളത്തിന്റെ മഹാനായ മാഷ്, ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘സാഗരഗര്‍ജ്ജനത്തിന്റെ മാറ്റൊലി’യില്‍ നിന്നും പിറന്നുവീണ ഇരുന്നൂറോളം ഫലിതങ്ങളുടെ സമാഹാരമാണ് അഴീക്കോട് ഫലിതങ്ങള്‍.

ഡോ സുകുമാര്‍ അഴീക്കോട് അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ പ്രയോഗിച്ച ഫലിതങ്ങള്‍ സമാഹരിച്ച് ജയപ്രകാശ് പെരിങ്ങോട്ടുകുറുശി തയ്യാറാക്കി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അഴീക്കോട് ഫലിതങ്ങള്‍ ഇപ്പോള്‍ രണ്ടാമത് പതിപ്പില്‍ എത്തിയിരിക്കുകയാണ്.

Categories: Editors' Picks, LITERATURE