DCBOOKS
Malayalam News Literature Website

സുഖഭോഗതൃഷ്ണയുടെ പ്രതീകമായ യയാതി

ഹസ്തിനപുരിയിലെ നഹുഷ മഹാരാജാവിന്റെ രണ്ടാമത്തെ പുത്രനും വാര്‍ദ്ധക്യത്തെ വെറുത്ത് എന്നും യുവാവായി കഴിയാനാഗ്രഹിച്ച വ്യക്തിയുമായ പുരാണകഥാപാത്രമാണ് യയാതി. വ്യാസവിരചിതമായ മഹാഭാരതത്തിലെ അനേകം ഉപാഖ്യാനങ്ങളിലൊന്നായ യയാതിയുടെ കഥയ്ക്ക് ഇരുപതാനൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരില്‍ ഒരാളായിരുന്ന വി.എസ്. ഖാണ്ഡേക്കര്‍ എന്ന വിഷ്ണു സാഖറാം ഖാണ്ഡേക്കര്‍ ചമച്ച ഉജ്ജ്വലഭാഷ്യമാണ് യയാതി എന്ന നോവല്‍.

മഹാഭാരതത്തിലെ ശാകുന്തള കഥയ്ക്ക് കാളിദാസന്‍ സ്വന്തം ഭാഷ്യം ചമച്ച് കൂടുതല്‍ സുന്ദരമാക്കിയതു പോലെയാണ് വി.എസ്.ഖാണ്ഡേക്കര്‍ സ്വന്തം മകന്റെ യൗവ്വനം ദാനം വാങ്ങിയ മഹാരാജാവിന്റെ കഥ പറഞ്ഞത്. പരാക്രമിയും വിലാസലോലനും ലമ്പടനുമായ യയാതി, നിസ്വാര്‍ത്ഥതയുടെയും നിസ്തുല ത്യാഗത്തിന്റെയും പ്രതിരൂപമായ ശര്‍മിഷ്ഠ, ഭര്‍ത്താവിനും കാമുകനും മദ്ധ്യേ ചാഞ്ചാടുന്ന മനസ്സിനെ ഞെരുക്കിക്കഴിയുന്ന അഹങ്കാരിയും പ്രതികാര ദാഹിയുമായ ദേവയാനി, ത്യാഗമയവും ഉദാത്തവുമായ ജീവിതത്തിന്റെ പ്രതീകമായ കചന്‍ തുടങ്ങിയവരെയാണ് വായനക്കാരന് ഇതില്‍ കാണാന്‍ സാധിക്കുന്നത്.

യയാതി‘ മഹാഭാരത്തില്‍ നിന്നുള്ള ഒരേടാണെങ്കിലും അതിന്റെ പുനരാഖ്യാനം ജീവിതത്തിന്റെ സനാതന സുഖ ദുഃഖങ്ങളുടേയും വിവിധ വികാരങ്ങളുടേയും ഭൂമികയായാണു നമുക്ക് കാണാന്‍ കഴിയുക.വാല്‍സല്യം, ദയ..,കാമം, ക്രോധം,പ്രതികാരം ,ഭ യം ത്യാഗം സര്‍വോപരി ജീവിത സത്യങ്ങള്‍ ഇവയുടെ സമ്മോഹന സംഗമമാണു യയാതിയെ വായിക്കുമ്പോള്‍ നമ്മുടെ അന്തഃരംഗം അറിയുക. തിന്നുക ,കുടിക്കുക, രസിക്കുക എന്നതിലുപരി മനുഷ്യജന്മത്തിനു മറ്റു ചില മഹത്തായ ലക്ഷ്യങ്ങളുണ്ടെന്നു നമ്മളെ മനസ്സിലാക്കിപ്പിക്കുന്നു. ചെറുതും വലുതുമായ അറുപത്തിരണ്ട് അദ്ധ്യായങ്ങളുള്ള മഹത്തായ ഒരു സൃഷ്ടിയാണു യയാതി. ആത്മകഥാ ശൈലിയാണു കഥ പറയുന്നതില്‍ അവലംബിച്ചിട്ടുള്ളത്.

1958-1967 കാലഘട്ടങ്ങളില്‍ രചിക്കപെട്ട മികച്ച കൃതിക്കുള്ള പുരസ്‌കാരം യയാതിയിലൂടെ ശ്രീ ഖാണ്ഡേക്കറെ തേടിയെത്തി. 1960ല്‍ സാഹിത്യ അക്കദമി അവാര്‍ഡും മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ അവാര്‍ഡും ലഭിച്ചതിനു പിറകെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി ആദ്ദേഹത്തെ തിരഞ്ഞെടുത്തു. ശേഷം പത്മഭൂഷണ്‍ ബഹുമതിയും നല്‍കി ഭാരത സര്‍ക്കാര്‍ ഖാണ്ഡേക്കറെ ആദരിച്ചു. 1974 ല്‍ ജ്ഞാനപീഠം പുരസ്‌കാരം കിട്ടിയതോടെ ഭാരതമൊട്ടുക്കും അദ്ദേഹത്തിന്റെ ‘യയാതി’ സാഹിത്യ നഭസ്സിലെ ധ്രുവനക്ഷത്രമായി തിളങ്ങി. ഇതോടെ യയാതി മറ്റ് ഭാഷകളിലേക്ക് തര്‍ജ്ജമചെയ്യപ്പെട്ടു.

1980ലാണ് യയാതി ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ തന്നെ അനുവാചകാംഗീകാരം ഏറെ നേടിയ യയാതി മലയാളത്തില്‍ രചിക്കപ്പെട്ട ഒരു നോവലെന്ന പോലെ സ്വീകരിക്കപ്പെട്ടു. പ്രൊഫ. പി. മാധവന്‍പിള്ളയാണ് യയാതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. 2002ലാണ് യയാതിയ്ക്ക് ആദ്യ ഡി സി പതിപ്പിറങ്ങിയത്. പതിനാറാമത് ഡിസി പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

മനഃശ്ശാസ്ത്രവും തത്വചിന്തയും കാവ്യവും മനോഹരമായി കോര്‍ത്തിണക്കിയാണു ഈ ഉല്‍കൃഷ്ട കൃതി എഴുതപെട്ടിട്ടുള്ളത്. നോവലിന്നാധാരമായ വിഷയം പൗരാണികമാണെങ്കിലും സമകാലികമാണെന്ന് പറയാം. വൈവിധ്യമാര്‍ന്ന പ്രകൃതിയും അതിലും ഭിന്നപ്രകൃതങ്ങളായ മനുഷ്യ ജീവിതങ്ങളും അവരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എല്ലാം ചേര്‍ന്നു മനോഹരമായ ഒരു അതിശയമായി ‘യയാതി‘ നമുക്ക് മുന്നില്‍ വിരാജിക്കുന്നു.

Comments are closed.