നഷ്ടങ്ങളോടുള്ള സമരസപ്പെടല്‍ : ക്യാന്‍സറിനെ അതിജീവിച്ച ലാന്‍സ് ആംസ്‌ട്രോങ്ങിന്റെ ആത്മകഥ

cycle

സൈക്ലിങ് രംഗത്ത് ലോകോത്തര ചാമ്പ്യന്‍ ഷിപ്പായ ടൂര്‍ ഡി ഫ്രാന്‍സില്‍ തുടര്‍ച്ചയായി ഏഴുതവണ വിജയം നേടിയ ചാമ്പ്യനാണ് ലാന്‍സ് ആംസ്‌ട്രോങ്. പ്രശസ്തിയുടെയും കായികക്ഷമതയുടെയും ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തെ കാന്‍സര്‍ എന്ന മഹാരോഗം പിടികൂടിയത്. അതും വൃഷണങ്ങളെ ബാധിക്കുന്ന അപൂര്‍വ്വമായ അര്‍ബുദം. അത്യന്തം വിസ്മയകരമായി അതിനെ അതിജീവിച്ച് വീണ്ടും കായികരംഗത്ത് തിരിച്ചുവരികയും കിരീടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു ആ അസാധാരണമനുഷ്യന്‍. തളരാത്ത പോരാട്ടവീര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഉദാഹരണമാണ് ലാന്‍സ് ആംസ്‌ട്രോങ്ങിന്റെ ജീവിതകഥ. ഇത് സൈക്കിള്‍യാത്രയല്ല (ജീവിതത്തിലേക്കുള്ള എന്റെ മടക്കയാത്ര ) എന്ന ആത്മകഥയുടെ പ്രസക്തിയും അതുതന്നെ.

ലാന്‍സ് ആംസ്‌ട്രോങ് തന്റെ ഇരുപത്തി അഞ്ചാം പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ചോര ഛര്‍ദ്ദിച്ച് അവശനാകുന്നത്. തുടര്‍ന്നു നടന്ന മെഡിക്കല്‍ പരിശോധനകളില്‍ വൃഷണത്തെ ബാധിക്കുന്ന അര്‍ബുദവും അത് ശ്വാസകോശത്തിലേക്ക് പടര്‍ന്നുപിടിക്കുകയാണെന്നും കണ്ടെത്തിയത്. തനിക്കിനി ഒരിക്കലും മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ലല്ലോ എന്ന ദുഃഖത്തെ തൂത്തെറിഞ്ഞ് ജീവിതം തിരികെപിടിച്ച അദ്ദേഹം ക്യാന്‍സര്‍ എന്ന മഹാമാരിയെപ്പോലും വെല്ലുവിളിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യാനാകും എന്നു ജീവിച്ചു കാട്ടിത്തരികയായിരുന്നു. ടൂര്‍ ജേതാവ് എന്നറിയുന്നതിനെക്കാള്‍ താന്‍ ഇഷ്ടപ്പെടുക ക്യാന്‍സറിനെ അതിജീവിച്ചവന്‍ എന്നറിയപ്പെടാനാണ് എന്നാണ് അദ്ദേഹം സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്.

ithuരണ്ടാനച്ഛന്റെ പീഡനങ്ങളെയും അമ്മയെ ആശ്രയിച്ചുള്ള ജീവിതത്തിന്റെ പരാധീനതകളും അടക്കം അത്യന്തം ദുരിതംനിറഞ്ഞ ഒരു ബാല്യകാലത്തെ ഉല്ലംഘിച്ചാണ് ലാന്‍സ് ആംസ്‌ട്രോങ് തന്റെ കരിയര്‍ സൈക്ലിങ്ങിലാണെന്ന് കണ്ടെത്തി അതിലേക്കിറങ്ങിയത്. വിജയിക്കാത്തവനുവേണ്ടി അത്യദ്ധ്വാനം ചെയ്യാന്‍ ആരാണ് തയ്യാറാവുക എന്ന ചോദ്യമായിരുന്നു അദ്ദേഹത്തിന്റെ പരിശീലകനും അമേരിക്കന്‍ സൈക്ലിംങ് രംഗത്തെ അതികായനുമായിരുന്ന ജിം ഓക്കോവിക്‌സ് ലാന്‍സിന്റെ മുന്നില്‍ വച്ചത്. ആ ചോദ്യത്തെ മുഖവിലയ്‌ക്കെടുത്ത് പൂര്‍ണ്ണസമര്‍പ്പണം ചെയ്തകഥയും ആര്‍ക്കും പ്രചോദകമാകുന്ന രീതിയില്‍ അദ്ദേഹം ഈ പുസ്തകത്തില്‍ വര്‍ണ്ണിക്കുന്നു.

സംഭവബഹുലമായ മത്സരവിജയങ്ങള്‍ക്കിടയില്‍ ഒരു കല്ലുകടിപോലെ കടന്നുവന്ന ക്യാന്‍സറിനോട് ‘നിങ്ങള്‍ തിരഞ്ഞെടുത്ത ശരീരം തെറ്റിപ്പോയിരിക്കുന്നു. ഞാന്‍ നിങ്ങളെ ഇവിടെനിന്നു പിഴുതെറിയും” എന്നു യുദ്ധംപ്രഖ്യാപിച്ചവനായിരുന്നു ലാന്‍സ് ആംസ്‌ട്രോങ്. അതുമാത്രമല്ല, തനിക്കിനി മത്സരിക്കാനാകുമോ, കുട്ടികളുണ്ടാകുമോ തുടങ്ങിയ ഒട്ടേറെ ആശങ്കകളെയും മനസ്സില്‍നിന്നും ആട്ടിയകറ്റേണ്ടതുണ്ടായിരുന്നു. ഒടുവില്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും കുറെയൊക്കെ തരണം ചെയ്ത് മത്സരിക്കാനിറങ്ങി വിജയം വരിച്ചപ്പോള്‍ കാന്‍സര്‍ മരുന്നുകള്‍ ലാന്‍സിന്റെ കായികശേഷിയെ സഹായിച്ചു എന്നായി ആരോപണം. ഒടുവില്‍ അതിനെയും തരണംചെയ്ത് ടൂര്‍ ഡി ഫ്രാന്‍സില്‍ വിജയംവരിച്ചുകൊണ്ട് ലാന്‍സ് തിളങ്ങി.

ലാന്‍സ് ആംസ്‌ട്രോങിന്റെ ആത്മകഥയുടെ ഒരു സവിശേഷത കാന്‍സര്‍ തനിക്കെന്തൊക്കെ നഷ്ടപ്പെടുത്തി എന്ന വിലാപമല്ല ആ രചന എന്നതാണ്. മറിച്ച് ആര്‍ബ്ബുദം തനിക്കെന്തൊക്കെ നല്‍കി എന്ന് പലഭാഗങ്ങളിലും അദ്ദേഹം വാചാലനാകുന്നുണ്ട്. നഷ്ടങ്ങളോട് എങ്ങനെ സമരസപ്പെടണമെന്നുതന്നെ പഠിപ്പിച്ചതും അര്‍ബ്ബുദമാണെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. മാത്രമല്ല ജീവിതത്തെ വീണ്ടും ഔന്നത്യങ്ങളിലേക്കു നയിക്കത്തക്കവിധം ആ സമരസപ്പെടല്‍ എങ്ങനെയായിരിക്കണമെന്ന് ഈ പുസ്തവും പറഞ്ഞുതരുന്നു. അതെ, അതാണ് ലാന്‍സ് ആംസ്‌ട്രോങ്ങിനെ, അദ്ദേഹത്തിന്റെ ജീവിതത്തെ വ്യത്യസ്തമാക്കുന്നത്.

Related Articles